![]() |
എം. മുകുന്ദ രാജ |
(മഹാത്മജിയെ വിഷയീകരിച്ചു ഒരിക്കലും മങ്ങലേൽക്കാത്ത മനോഹര കവിത രചിച്ച മഹാകവി വള്ളത്തോൾ പിൽക്കാലത്ത് മഹാത്മജിയുമായി നടത്തിയ ആദ്യത്തെ അഭിമുഖസംഭാഷണത്തെ അവരുടെ ദ്വിഭാഷിയായിരുന്ന ലേഖകൻ അനുസ്മരിക്കുന്നു.)
കാലം- 1927 ഒക്ടോബർ.
സ്ഥലം-
കുന്നംകുളം.
രണ്ടാമത്തെ ആഴ്ച്ചയിലൊരു ദിവസം ഉച്ചയ്ക്കു ശേഷം മഹാകവി വള്ളത്തോൾ വളരെ
ധൃതിയിൽ വന്ന് ഒരു നിധി കിട്ടിയ സന്തോഷഭാവത്തിൽ എന്നോടിങ്ങനെ പറഞ്ഞു, “
മഹാത്മാഗാന്ധി ഇന്നു തൃശൂരിലെത്തുന്നുണ്ടെന്നും മറ്റുമുള്ള വർത്തമാനം ഇന്നത്തെ
മാതൃഭൂമിയിൽ കണ്ടില്ലേ? രണ്ടു വർഷങ്ങൾക്കു മുമ്പ് അദ്ദേഹം വൈക്കം
സത്യാഗ്രഹകാലത്ത് അവിടെ വന്ന അവസരത്തി ഞാൻ അവിടെ ചെന്നുവെങ്കിലും, എന്റെ
ഗുരുനാഥന് പ്രത്യക്ഷത്തിൽ കണ്ട് കാല്ക്കൽ വടിപോലെ വീണ് സാഷ്ടാംഗം
നമസ്ക്കരിപ്പാനും, കണ്ട് സംസാരിക്കാനും ആൾത്തിരക്കു കാരണം സാധിക്കാതെ പോന്ന ഒരു
നോക്കു കാണുക മാത്രം ചെയ്ത് മടങ്ങിപ്പോരേണ്ടിവന്നത് ഓർമ്മയുണ്ടല്ലൊ.

എന്നാൽ
അതിനുള്ള പാപമോചനം ഇപ്പോൾ തൃശൂർക്കു ചെന്നാൽ സിദ്ധിക്കുമെന്ന് ആശിക്കുന്നു.
എന്താണ് അഭിപ്രായം?” ഞാനുടനെ മറുപടി പറഞ്ഞു,“ റിപ്പോർട്ട് ഞാനും കണ്ടു.
തീർച്ചയായും തൃശൂർക്കു പോയി കാണുവാൻ ശ്രമിക്കണം. ഞാനും വരാം.” ഇതേ തുടർന്ന്
പതിനാലിന് നേരത്തെ ഞങ്ങൾ തൃശൂരെത്തി. ഗവർമ്മേണ്ട് ഗസ്റ്റ് ഹൗസിലാണ് മഹാത്മജി
താമസിക്കുന്നതെന്നറിഞ്ഞ് ഉച്ചയ്ക്കു ശെഷം അവിടെ ചെന്നുചേർന്നു. അവിടെ സന്ദർശകരുടെ
വരവും പോക്കും കാരണം ഒരു വേലിയേറ്റമാണ്` കണ്ടത്. മഹാത്മജിയുടെ സെക്രട്ടറിയായി
വന്നിരുന്ന ശ്രീ സി. രാജഗോപാലാചാരി ഇരിക്കുന്ന താഴത്തെ മുറിയിൽ ചെന്ന് അദ്ദെഹത്തെ
കണ്ട് ആവശ്യം പറഞ്ഞു. മഹാകവി വള്ളത്തോളാണെന്നു അറിഞ്ഞപ്പോൾ അദ്ദേഹം വേഗം
മുകളിലേക്ക് കൂട്ടിക്കൊണ്ടു ചെന്ന് ഞങ്ങൾ രണ്ടുപേരേയും പരിചയപ്പെടുത്തി,
തിരിച്ചുപോയി. മഹാത്മജിയും സന്ദർശകരും ഖദർ വസ്ത്രം വിരിച്ച നിലത്ത് ചമ്രം പടിഞ്ഞ്
ഇരിക്കുന്നതാണ് കണ്ടത്. അദ്ദേഹവും വേരെ ചിലരും ചർക്കതിരിച്ച്` നൂലുണ്ടാക്കുകയും,
സന്ദർശകരുമായി സംസാരിക്കുകയും ചെയ്തിരുന്നു. ഞങ്ങൾ കണ്ട ഉടനെ സാഷ്ടാംഗം
നമസ്ക്കരിച്ചു. അദ്ദേഹം ഉടനെ കൈ കൊണ്ട് ആംഗ്യം കാണിച്ച് ഇരിക്കുവാൻ
നിർദ്ദേശിച്ചു. എത്രയും പ്രശാന്തമായ ഒരന്തരീക്ഷം ! ഞങ്ങൾ ഒരു വശത്തിരുന്നു.
മഹാകവിക്ക് ചെവി കേൾക്കില്ലെന്നും ഇംഗ്ളീഷ് അറിഞ്ഞുകൂടെന്നും ഞാൻ ദ്വിഭാഷിയുടെ
നിലയിൽ അദ്ദേഹത്തെ സംഗതികളെല്ലാം അപ്പപ്പോൾ മനസ്സിലാക്കുമെന്നും മുഖവുരയായി
പറഞ്ഞതിനു ശേഷം, 1925 ൽ വൈക്കത്തു ചെന്നപ്പോൾ വേണ്ടവിധം കണ്ട് വന്ദിച്ച്
സംസാരിക്കുവാൻ സാധിക്കാതെ ഇച്ഛാഭംഗത്തോടു കൂടി മടങ്ങേണ്ടി വന്ന സംഗതിയും അദ്ദെഹത്തെ
ധരിപ്പിച്ചു. അപ്പോളദ്ദെഹം പറഞ്ഞു“ വൈക്കത്തു വെച്ച് പരിചയപ്പെടാൻ സാധിക്കാത്തതിൽ
ഞാനും ഖേദിക്കുന്നു.” മുൻകൂട്ടി അറിഞ്ഞിരുന്നെങ്കിൽ ഞാൻ സൗകര്യം
ഉണ്ടാക്കുമായിരുന്നു. അതിനെപ്പറ്റി ഇപ്പോൾ വിലപിച്ചിട്ടു കാര്യമില്ലല്ലൊ.
കേരളത്തിലെ തന്നെയെന്നല്ല, ഇന്ത്യയിലെത്തന്നെ ഒരു മികച്ച ദേശീയകാവിയായ
താങ്കളെപ്പറ്റി ഞാൻ മുമ്പു തന്നെ ധാരാളം കേട്ടറിയും. ഇപ്പോൽ കണ്ട് പരിചയപ്പെടുവാൻ
സാധിച്ചതിലെനിക്ക് വലിയ കൃതാർഥതയും സന്തോഷവുമുണ്ട്."
ഇത്രയും പറഞ്ഞതെല്ലാം
അപ്പപ്പോൾ ഞാനെന്റെ ഉള്ളം കയ്യിലെഴുതി മഹാകവിയെ മനസ്സിലാക്കിയിരുന്നത് കണ്ടപ്പോൾ
മഹാത്മജി ഒരു തമാശ പൊട്ടിച്ചു, നിങ്ങൾ രഹസ്യഭാഷയിൽ എഴുതുകയാണോ എന്നെന്നോട്
ചോദിച്ചു, ” സത്യപ്രകാശത്തിൽ ഇരുട്ടിനെന്തു സ്ഥാനമാണുള്ളത്“. എന്നു ഞാനും പറഞ്ഞു.
ഗാന്ധിജി തുടർന്നു വള്ളത്തോളിനോടായി ”ഇന്ത്യയുടെ സ്വാതന്ത്ര്യ പ്രസ്ഥാനത്തിൽ
താങ്കളുടെ ദേശീയ ഗാനങ്ങൾക്കും കവിതകൾക്കും ഒരു വലിയ സ്ഥാനമുണ്ടെന്ന് ഞാൻ
മനസ്സിലാക്കുന്നു. എന്നെ ഗുരുനാഥനായി സ്വീകരിച്ച് കവിതയെഴുതിയിട്ടെണ്ടെന്നും
അറിയുന്നു. നിങ്ങളെല്ലാം ഖദർ ധാരികളുമാണ്.എന്നാൽ ഞാനൊന്നു ചോദിക്കട്ടെ,“താങ്കൾ
നൂൽനൂല്ക്കാറില്ലേ?”“ഇല്ലെന്നു സർലജ്ജം പറയേണ്ടിവന്നിരിക്കുന്നു. ”എന്ന് വള്ളത്തോൾ
മറുപടി പറഞ്ഞു. “ഇതേ ചോദ്യം ഞാൻ മഹാകവി ടാഗോറിനോട് ചോദിച്ചപ്പോഴും ഇതേ
മറുപടിതന്നെയാൺ` അദ്ദേഹവും പറഞ്ഞത്.മഹാന്മാർ ഒരേ രീതിയിൽ
ചിന്തിക്കുന്ന്യെന്നുണ്ടല്ലൊ. കവികൾക്ക് നൂൽനൂല്ക്കുന്നത് ഇത്ര നിഷിദ്ധമാകാൻ
എന്താൺ` കാരണം? എന്ന് മഹാത്മജി ചോദിച്ചു. അങ്ങിനെ പ്രത്യേകിച്ച് കാരണമൊന്നും
ഉണ്ടായിട്ടില്ല. കവികൾ സാധാരണ വലിയ മനോരാജ്യ്അക്കാരും മടിയന്മാരുമാണ്. അവർ
പ്രവർത്തനരംഗങ്ങളിൽ പ്രവേശിക്കുക പ്രായേണ കുറവാണ്. അവർക്ക് ആദർശശുദ്ധിയും
ആത്മാർഥതയും ഇല്ലാഞ്ഞിട്ടല്ല. പ്രവൃത്തിവിമുഖന്മാരാകുന്നത്. അവിട്ന്ന്
ഇക്കാര്യത്തിൽ എന്നെ തെറ്റിദ്ധരിക്കയില്ലെന്ന് എനിയ്ക്ക് നല്ല വിശ്വാസമുണ്ട്.
എന്ന് വള്ളത്തോൾ മറുപടി പറഞ്ഞു.
ഇത്രയും പറഞ്ഞുകഴിഞ്ഞപ്പോൾ ,
അതിവേഗത്തിൽ ഒരാൾ ധൃതി പിടിച്ച് കോണി കയറി വരുന്നതു കണ്ടു. എല്ലാവരുടേയും ശ്രദ്ധ
അങ്ങോട്ടു തിരിഞ്ഞു. വളരെ ക്ഷോഭിച്ച് കയറി വന്ന അദ്ദേഹം ഡോ:ഇ.ആർ. മേനോനായിരുന്നു.
മുകളിലെത്തിയപ്പോള്‍ , ആ ക്ഷോഭമെല്ലാം ആ പ്രശാന്തമായ അന്തരീക്ഷത്തിൽ ലയിച്ചു പോയി.
മഹാത്മജി അദ്ദേഹത്തോട് ഇരിക്കുവാൻ നിർദ്ദേശിച്ചു. ഡോ: മേനോൻ വിനയാന്വിതനായി
മഹാത്മജിയെ തൊഴുത് നമസ്ക്കരിച്ച് ഒരു ഭാഗത്തിരുന്ന് ഇങ്ങിനെ പറഞ്ഞു.
“ഞാനിവിടത്തെ മുൻസിപ്പൽ ചെയർമാനായ ഡോ” ഇ.ആർ. മേനോനാണ്. ഇന്നു രാവിലെ അവിടുന്ന്
ഒല്ലൂർ റെയില്‍വേ സ്റ്റേഷനിൽ വണ്ടിയിറങ്ങിയപ്പോൾ സ്വീകരിക്കാൻ വന്നവരുടെ കൂട്ടത്തിൽ
എന്നേയും കണ്ട്` പരിചയപ്പെട്ടത് ഓർമ്മയുണ്ടാവാം. ശരി, എന്താണിത്ര ധൃതി പിടിച്ച്
ഇപ്പോൾ ഇവിടെ വരുവാൻ കാരണം എന്ന് മഹാത്മജി അന്വേഷിച്ചു. മേനോൻ പറഞ്ഞു,“അവിടുത്തെ
ഇന്നത്തെ തൃശൂർ പരിപാടികളുടെ കൂട്ടത്തിൽ അവിടുന്ന് സെന്റ് തോമസ് കോളേജിൽ ചെന്ന്
ഒരു പ്രസംഗം ചെയ്യുമെന്ന ഒരിനവും കൂടി ചേർത്താൽ കൊള്ളാമെന്ന പേക്ഷിക്കാനാണ് ഞാൻ
വന്നത്. എന്ന്. എന്റെ കാര്യപരിപാടികൾ തീർച്ചപ്പെടുത്തുന്നത് സെക്രട്ടറി ശ്രീ
സി. രാജഗോപാലാചാരിയാണ്. അദ്ദേഹത്തെക്കണ്ടു പറഞ്ഞില്ലേ? എന്നു മഹാത്മജി
ചോദിച്ചപ്പോൾ ”കണ്ടു ,പറഞ്ഞു.“അതിന് സൗകര്യമമുണ്ടാക്കാൻ പ്രയാസ മാണെന്നാണ് അദ്ദേഹം
മറുപടി പറഞ്ഞത്. ഇപ്പോൾ തന്നെ താങ്ങാവുന്നതിലധികം കാര്യങ്ങൾ നിർവഹിക്കുവാൻ
ചുമതലപ്പെട്ടിട്ടുണ്ടെന്നും ഗാന്ധിജിയുടെ ആരോഗ്യത്തിന് ഊനം തട്ടിക്കരുതല്ലൊ എന്നും
അദ്ദേഹം അഭിപ്രായപ്പെട്ടു. ”എന്ന് മേനോന്റെ മറുപടികേട്ടപ്പോൾ മഹാത്മജി
പറഞ്ഞു,“ഞാനിതിൽ നിസ്സഹായനാണെന്ന് പറയേണ്ടിയിരിക്കുന്നു" എന്ന്. ഡോ”മേനോൻ
വിട്ടില്ല. വീണ്ടും ഇങ്ങിനെ പറഞ്ഞു,“അവിടുന്നു ദയവു ചെയ്ത് ഈ അപേക്ഷ
സ്വീകരിച്ച് ഞങ്ങളുടെ ആഗ്രഹം സാധിപ്പിച്ചു തരണം. വളരെപ്പേർ കോളേജിൽ
കാത്തുനില്ക്കും. ഹരിജൻ ഫണ്ടിലേക്കും മറ്റും ധാരാളം സംഭാവനകളും ലഭിക്കും. അവിടുന്നു
തന്നെ രാജഗോപാലാചാരിയോട് ഈയൊരിനവും കൂടി പരിപാടിയിൽ ഉൾപ്പെടുത്താൻ പറയണമെന്ന് ഞാൻ
വീണ്ടും വീണ്ടും അപേക്ഷിക്കുന്നു. ഇതു കേട്ടപ്പോൾ , മഹാത്മജി ചർക്ക തിരിക്കൽ
നിർത്തി പറഞ്ഞു,”എനിക്കിതിൽ നിർബന്ധം ചെലുത്തുവാൻ പാടുണ്ടോ? രാജഗോപാലാചാരി മുതലായ
നേതാക്കന്മാരുടെ ഉത്തരവാദിത്വത്തിലും ചുമതയിലുമാണ് ഞാൻ സഞ്ചരിക്കുന്നത്`. എന്റെ
ആരോഗ്യം ഇന്ത്യയുടെ ആരോഗ്യം പോലെയാണ് ജനങ്ങൾ കണക്കക്കുന്നത്`. അതിനു ദോഷം
തട്ടിച്ചാൽ അവർ പൊതുജനങ്ങളോട് സമാധാനം പറയേണ്ടി വരും. ഞാനിതിൽ ഇടപെടുന്നത്
ശരിയല്ലെന്നു തോന്നുന്നു. “ഇതു കേട്ട് നിരാശനായ ഡോക്ടർ വല്ലാത്ത കുണ്ഠിതത്തോടു
കൂടി തൊണ്ടയിടറിക്കൊണ്ടു പറഞ്ഞു. ”കോളേജ്` അടുത്താണ്. എട്ടോ, പത്തോ മിനിട്ടു സമയമേ
വേണ്ടു. ആരോഗ്യത്തിന് ഒട്ടും ഊനം തട്ടുകയില്ല. ഇങ്ങിനെ കിണഞ്ഞുകൂടിയതു കണ്ടപ്പോൾ ,
ധർമ്മസങ്കടത്തിൽ സഗൗരവം ഗാന്ധിജി പറഞ്ഞു,“താങ്കൾ ഒരു ഡോക്ക്ടറും, ജനസമ്മതനായ ഒരാളും
ആണല്ലൊ. എന്റെ ആരോഗ്യത്തെ സബാന്ധിച്ചും നറ്റുമുള്ള ചുമതലകളെ ഇതാ താങ്കൾക്കു വിട്ടു
തരുന്നു. താങ്കൾ നിശ്ച്ചയിക്കും പോലെ ഞാൻ ചെയ്യാം. ആരോഗ്യത്തിന് ക്ഷതം തട്ടിയാൽ
ഇന്ത്യയോട് താങ്കൾ സമാധാനം പറയേണ്ടിവരുമെന്ന് ഞാൻ താക്കീതു ചെയ്യുന്നു.
ഇപ്പോൽത്തന്നെ രാജഗോപാലാചാരിയെ വിളിച്ച് ഈ സംഗതി പറഞ്ഞേക്കാം. ”എന്നു പറഞ്ഞ്
എഴുന്നേറ്റു അവിടത്തെ അന്തരീക്ഷം സ്വല്പ്പം പ്രക്ഷുബ്ധമായി.എല്ലാവരും എഴുന്നേറ്റു.
ഈ അപ്രതീക്സിതമായ സംഭവവികാസം എല്ലാരേയും കുറച്ചൊന്ന് അമ്പരപ്പിച്ചു. വികാരഭരിതനായ
ഡോക്ടർ മേനോൻ നമസ്ക്കരിച്ചു പറഞ്ഞു,“ അവിടുത്തെ സംബന്ധിച്ച ചുമതലകളേറ്റെടുക്കുവാൻ
ഞാൻ ശക്തനല്ല. അരഹനുമല്ല. ഞാനെന്റെ അപേക്ഷ പിന്വലിക്കുന്നു. എനിക്കു മാപ്പു തരണം.”
ഇതു കേട്ടപ്പോൾ മഹാത്മജി സ്വല്പ്പം ആലോചിച്ചു പറഞ്ഞു,“വേണ്ട, ഞാനെന്റെ സ്വന്തം
ഉത്തരവാദിത്വത്തിൽ താങ്കലുടെ ആവശ്യം നിറവേറ്റിത്തരുവാൻ സമ്മതിക്കുന്നു. ശ്രീ
രാജഗോപാലാചാരി മുതലായവരുടെ സമ്മതം ഞാൻ വാങ്ങിക്കൊള്ളാം. ഞാൻ പൊതുജനഹിതത്തിനു
വിരോധമായി ഇതുവരെ അറിഞ്ഞിട്ടൊട്ടൊന്നും ചെയ്തിട്ടില്ല. കൃത്യനിഷ്ഠയും,
സത്യനിസ്ഹ്ഠയും പാലിക്കുന്ന കൂട്ടത്തിൽ പൊതുജനഹിതത്തേയും മാനിച്ച്
പ്രവർത്തിക്ക ണമല്ലൊ. ഇത്രയുമായപ്പോൾ എല്ലാവരുടേയും മുഖങ്ങൾ തെളിഞ്ഞു. മേനോൻ വീണ്ടും
നമസ്ക്കരിച്ച് സന്തോഷാശ്രുക്കൾ പൊഴിച്ചു. മഹാത്മജി മേനോനെ
എഴുന്നേല്പ്പിച്ചിരുത്തി. സ്വല്പ്പം പ്രക്ഷുബ്ധമായ ആ അന്തരീക്ഷം അക്ഷോഭ്യനായ
മഹാത്മജിയുടെ സന്നിധിയ്‌ല് വീണ്ടും പ്രശാന്തമായി മാറി. മഹാത്മജിയുടെ
തീർപ്പനുസരിച്ച് ആ പരിപാടിയും അന്നു വൈകുന്നേരം അദ്ദേഹം നിർവഹിച്ചു.
മഹാകവിയും ഞാനും ഞങ്ങളുടെ സംഭാഷണം
പിന്നീട് തുടരാൻ ശ്രമിക്കാതെ
മഹാത്മജിയോട് വീടവാങ്ങി ഉടനെ സ്ഥലം വിട്ടു.
പിന്നീട് തുടരാൻ ശ്രമിക്കാതെ
മഹാത്മജിയോട് വീടവാങ്ങി ഉടനെ സ്ഥലം വിട്ടു.
ഈ സംഭവത്തിൽ നിന്ന്
മഹാത്മജിയുടെ
മഹാമനസ്ക്കതയും
മഹാകവിയുടെ ആർജ്ജവവും വ്യക്തിവൈശിഷ്ഠ്യവും
ഡോക്ടർ ഇ.ആർ.മേനോന്റെ
ആത്മാർഥതയും ശുദ്ധഗതിയും
തെളിഞ്ഞുകാണാം.
അന്നു രാവിലെ മഹാത്മജി ഒല്ലൂർ
വണ്ടിയിറങ്ങി എന്ന് ഇതിൽ സൂചിപ്പിച്ചുവല്ലൊ. സ്വീകരിപ്പാൻ ചെന്നവരിൽ ശ്രീ കുറൂർ
നീലകണ്ഠന്നമ്പൂതിരിപ്പാടും സ്റ്റേഷനിലുണ്ടായിരുന്നു. ഉടനെ മഹാത്മജിയും പത്നിയും
അവരൊന്നിച്ച് അടുത്ത് താലോരുള്ള വീമ്പൂർ കടലായി മനയ്ക്കൽ ചെന്ന് അവിടത്തെ
നമ്പൂതിരിപ്പാടിന്റെ പത്നിയായ അന്തർജ്ജനം സംഭാവന നലകിയ ആയിരം ക . വാങ്ങി എന്ന
സംഭവവും ഈ സന്ദർഭത്തിൽ സ്മരണീയമാണ്.
(9-6-1969 ൽ മാതൃഭൂമി ദിനപത്രത്തിൽ
വന്ന ഈ ലേഖനത്തിന്റെ സമ്പാദകൻ മുകുന്ദരാജാവിന്റെ പൗത്രനും പ്രൊഫ: എം. എസ്.
ദേവദാസിന്റെ പുത്രനുമായ വള്ളിക്കാട്ട് മോഹന്‍ ദാസ്)