നോവലൈറ്റ്- അകലെ ഒരു ദീപം -1

ലക്ഷ്മി മേനോൻ 

തിങ്കളാഴ്ച്ച നേരം പുലർന്നു.
സതിയെ പെണ്ണുകാണാൻ വരുന്ന ദിവസമാണ്‌. അതിഥികളെ സ്വീകരിക്കാൻ വീട്ടിലെല്ലാവർക്കും ഒരേ ബഹളമാണ്‌. വെപ്രാളം മുറ്റിനില്ക്കുന്ന അച്ഛൻ എല്ലാം റെഡിയായി എന്ന മട്ടിൽ അതിഥികളേയും നോക്കി മുറ്റത്തേയ്ക്കു തന്നെ കണ്ണു നട്ടിരുന്നു.
മണി പത്തടിച്ച ശേഷം പടിയ്ക്കലൊരു ടാക്സി വന്നു നിന്നും.
അച്ഛന്റെ മുഖത്ത്‌ പ്രസന്നത ഓളം തല്ലി.
ടാക്സിയുടെ ശബ്ദം കേട്ടിട്ടാവണം അമ്മയും മുറ്റത്തേയ്ക്കിറങ്ങിവന്നു.
“അവര്‌ വന്നൂ ട്ട്വോ”. അച്ഛൻ ശബ്ദം താഴ്ത്തി അമ്മയോടു പറഞ്ഞു.
“എന്റെ ഗുരുവായൂരപ്പാ.....” അമ്മയുടെ ചുണ്ടുകൾ ശബ്ദമില്ലാതെ മന്ത്രിച്ചു.

വിരുന്നുകാരെ പൂമുഖത്തേയ്ക്കാനയിക്കുമ്പോൾ രണ്ടു വലിയ നീലക്കണ്ണുകൽ ജനാലയിലൂടെ അവരെ പിന്തുടർന്നു.
“ഹാ...! എന്തൊരു സുന്ദരൻ!” മേഖനാദം കേട്ട മയില്പ്പേട പോലെ സതിയുടെ ഹൃദയം നൃത്തം ചവിട്ടി. അവളുടെ ചുണ്ടിൽ മന്ദസ്മിതം പൊട്ടിവിരിഞ്ഞു.

ആ സന്തോഷം അധിക നേരം നീണ്ടുനിന്നില്ല്.അവളുടെ മൻസ്സിൽ ഒരു കൊടുങ്കാറ്റുയർന്നു.
“സുമുഖനായ അദ്ദേഹത്തിന്‌ ഇരുനിറം പൊലുമില്ലാത്ത ഈ കാക്കസുന്ദരിയെ ഇഷ്ടപ്പെടുന്നുവോ?” ഉത്തരം ലഭിക്കാത്ത ചോദ്യം അവളുടെ മനസ്സിൽ ആഞ്ഞടിച്ചു.വൃത്തിയായി ഒരു വശത്തേക്കു ചീകിവെച്ച സമൃദ്ധമായ മുടി! അതിനു മോടി കൂട്ടുന്ന മേൽമീശ. ശാന്തത ഓളം തള്ളുന്ന മുഖം. ഒത്ത തടിയും പൊക്കവും നല്ല തുടുത്ത നിറം. ആരും ഒറ്റ നോട്ടത്തിൽ തന്നെ സുന്ദരക്കുട്ടപ്പനെന്നു പറഞ്ഞുപോകും.
താനോ?
നീണ്ടുമെലിഞ്ഞ്‌ ഇരുനിറം പോലും ഉണ്ടെന്നു പറയുവാൻ വിഷമം. അധികവും കറുത്ത കൂട്ടത്തിൽ ഉൾപ്പെടുത്തുകയേ ഉള്ളു. പ്രത്യേകിച്ച്‌ അഭംഗിയൊന്നും പറയുവാനില്ലെങ്കിലും സുന്ദരി എന്നു പറയുവാനുള്ള യാതൊരു യോഗ്യതയും ഇല്ല. പോരാത്തതിന്‌ എല്ലായ്പ്പോഴും ശോകം തളം കെട്ടി നില്ക്കുന്ന മുഖഭാവം.

അദ്ദേഹവും താനും തമ്മിൽ രാവും പകലും എന്ന തരത്തിൽ ഉള്ള വ്യത്യാസം. അത്രയും ഓർത്തപ്പോൾ അവൾ നിരാശയോടെ , വിടർന്ന മോഹങ്ങളെ തഴുകി ഉറക്കി.


പൂമുഖത്തു നിന്നും ...അച്ഛന്റേയും, മറ്റൊരു മദ്ധ്യവയസ്ക്കന്റേയും സംസാരം കേൾക്കുന്നുണ്ട്‌. എന്താണ്‌ സംസാരിയ്ക്കുന്നതെന്ന്‌ ഒന്നറിഞ്ഞെങ്കിൽ....!


മനസ്സിന്നകത്ത്‌ എന്തോ ഒരങ്കലാപ്പ്‌. ആരോടും ചോദിച്ചറിയാൻ കഴിയാത്ത ഒരാവസ്ഥ.
അമ്മയുടെ അടക്കിപ്പിടിച്ച സംസാരം അടുക്കളയിൽ നിന്നാണെന്നറിഞ്ഞപ്പോൾ ശബ്ദമുണ്ടാക്കാതെ ഗോവണി ഇറങ്ങി വന്നു.

“മോളേ നീ എവിടെ പോയിരിയ്ക്കായിരുന്നു”?

ഈ ചായ ഒന്നങ്ങോട്ട് കൊണ്ടു കൊടുത്തേ“

ചായയും പലഹാരങ്ങളും വെച്ച ട്രേ സതിയുടെ നേരെ നീട്ടിക്കൊണ്ട്‌ അമ്മ പറഞ്ഞു.

”എന്റെ ഗുരുവായൂരപ്പാ...ഇതു മുടക്കമൊന്നും കൂടാതെ നടത്തിത്തരണേ...
രണ്ടു കൈയ്യും മാറത്തു വെച്ച്‌ അമ്മ നീട്ടി പ്രാർത്ഥിച്ചു. പല തവണ മകളെ ഇങ്ങിനെ ഒരുക്കി അയച്ച ഗതികേറ്റിനെക്കുറിച്ചോർത്തായിരിക്കണം, സതിയുടെ അമ്മയുടെ കണ്ണുകൾ ഈറനണിഞ്ഞു.

ഈ വന്നവരും തന്നെ ഇഷ്ടപ്പെടാതെ പോയാലോ? സതിക്കും നൂറു സംശയം ഉണ്ടാകാതിരുന്നില്ല. എന്നാലും അമ്മയേയും അച്ഛനേയും നിരാശപ്പെടുത്തേണ്ടെന്നു കരുതി മാത്രം ക്ഷണീച്ചു വരുത്തിയ മന്ദസ്മിതവുമായി അമ്മയുടെ കൈയിൽ നിന്നും ചായട്രേ വാങ്ങി പൂമുഖത്തേയ്ക്കു ചെന്നു.


വിരുന്നുകാരുടെ മുന്നിൽ തല കുനിച്ച്‌ നില്ക്കുമ്പോൾ ഹൃദയം  ശക്തിയായി മിടിയ്ക്കുന്നതു കേൾക്കാമായിരുന്നു. എല്ലാവരുടേയും മിഴികള്‍  തന്റെ നേരെയാണെന്നറിയാവുന്നതുകൊണ്ട്‌ തല പൊക്കാനും കഴിഞ്ഞില്ല.
ഒരു കാഴ്ച്ച വസ്തുവിനെപ്പോലെ നിന്നുകൊടുക്കുമ്പോൾ അവളോർത്തു,“കുറച്ചു നേരം നിന്നാലും വേണ്ടില്ല. എന്നെ ഇഷ്ടപ്പെട്ടില്ലെന്നു പറയരുതേ”.

“പേരെന്താണ്‌”?
കനത്ത നിശ്ശബ്ദതയെ ഭേദിച്ചുകൊണ്ട്‌ വന്ന ശബ്ദം അദ്ദേഹത്തിന്റെ അമ്മയുടേതായിരിക്കുമെന്ന്‌ സതി ഊഹിച്ചു.

“സതി” സ്വാഭാവികമായ ലജ്ജയിൽ തല ഉയർത്തി മറുപടി നല്കിയപ്പോൾ അറിയാതൊരു നിമിഷം സീറ്റിലിരിക്കുന്ന അദ്ദേഹത്തിന്റെ കണ്ണുകലുമായി ഏറ്റുമുട്ടി.


ഈശ്വരാ....! തന്റെ സർവശക്തിയും അതോടെ ചോർന്നു പോകുമെന്ന്‌ തോന്നി. ഇനി ഒന്നും ചോദിക്കാതിരുന്നെങ്കിൽ....!

തന്റെ കാലുകൾ ഇടറുന്നുണ്ടോ?
തല ചുറ്റി താഴെ വീണു പോകുമോ?
ആ കണ്ണുകളിൽ തനിയ്ക്ക്‌ ദർശിക്കാൻ കഴിയാത്ത വെറുപ്പിന്റെ കരിനിഴലുകളാണോ?അല്ല, ഒരിക്കലുമല്ല.എന്നാൽ സന്തോഷമോ, സംതൃപ്തിയോ ആണോ? എന്താണ്‌ ആ ഭാവം?

ഇതുവരെ ആരുടെ കണ്ണിലും കാണാത്ത ഒരു ഭാവമാണോ അത്‌?

അല്പ്പനേരം കൂടി അവിടെ നിന്ന ശേഷം ഇനിയും ചോദ്യങ്ങലൊന്നും ഇല്ലെന്നു മനസ്സിലാക്കി അവൾ അകത്തേക്കു വലിഞ്ഞു.

ഇടനാഴിയിൽ അർത്ഥം വെച്ചുള്ള പുഞ്ചിരിയുമായി ഇളയ  അനിയത്തി ദേവി.


ആരുടെ കണ്ണിലും  നോക്കാൻ ശക്തിയില്ലാതെ ഒരഭയസ്ഥാനം നോക്കി ഒഴിഞ്ഞു നില്ക്കാൻ ആശിച്ചുകൊണ്ട്‌ മുകലിലേയ്ക്കു തന്നെ കയറിപ്പോയി.

നീലക്കണ്ണാടിയിൽ പതിഞ്ഞ തന്റെ പ്രതിബിംബം ഒരിക്കല്ക്കൂടി നോക്കിയപ്പോൾ വീണ്ടും മനസ്സിന്റെ അടിത്തട്ടിൽ ഭീതിയോടെ ആ ചോദ്യം ഉയർന്നുവന്നു.

“തന്നെ അദ്ദേഹത്തിന്‌ ഇഷ്ടപ്പെട്ടിരിക്കുമോ?
ഉള്ളതിൽ വെച്ച്‌ ഏറ്റവും നല്ല സാരിയാണുടുത്തത്‌. വെള്ള നിറമുള്ള സാരിയിൽ ഇളം നീലനിറത്തിലുള്ള കൊച്ചുപ്പൂക്കള്‍  തന്നെ കുറച്ചുകൂടി നിറമുള്ളവളാക്കിമാറ്റിയിട്ടില്ലേ?

ലൈറ്റു കളറുള്ള സാരി സ്തിക്കു നന്നായി ചേരും. അല്പ്പം മേക്കാപ്പു കൂടി ചെയ്താൽ സതി സുന്ദരി തന്നെയാണ്‌.
സഹപ്രവർത്തകയും അടുത്ത കൂട്ടുകാരിയുമായ മേഴ്സി പറയാറുള്ളതാണ്‌ . വളരെ ലളിതമായ വേഷവിധാനം ഇഷ്ടപ്പെടുന്ന സതിക്കാണെങ്കിൽ മേക്കപ്പിലാണെങ്കിൽ ഒരു ശ്രദ്ധയുമില്ല.

കുളിച്ചീറനായ മുടിയിൽ ഒരു തുളസിക്കതിർ ചൂടി , നെറ്റിയിൽ ചന്ദനപ്പൊട്ടും തൊട്ടാൽ എന്ന മട്ടാണല്ലൊ തന്റേത്‌.

അല്ലെങ്കിലും കാക്ക കുളിച്ചാൽ പൊന്നാകുമോ?പിന്നെന്തിനാണീ വേഷവിധാനവും മേക്കപ്പും?

വന്ന കാറിൽ തന്നെ അതിഥികൾ തിരിച്ചുപോകുന്നതു കണ്ടപ്പോൾ മനസ്സു മന്ത്രിച്ചു,” നിന്നെ ഇദ്ദേഹത്തിന്‌ ഇഷ്ടപ്പെട്ടില്ല“.

കാറ്‌ കണ്ണിൽ നിന്നു മറയുന്നതുവരെ ജനാലയിലൂടെ നോക്കിനിന്നു.
കുറെ കഴിഞ്ഞപ്പോൾ
അറിയാതൊരു നെടുവീർപ്പുയർന്നു.
ഏതാനും മാസങ്ങൾക്കു മുമ്പ്‌ തന്നെ കാണാൻ വന്നിരുന്ന ഒരു ചെറുപ്പക്കാരനെക്കുറിച്ചവളോർത്തു.
പ്രതീക്ഷകളോടെ കതകിന്റെ മറവിൽ ഒളിഞ്ഞു നിന്നിരുന്ന തന്റെ കാതിലേക്ക് ആ സ്ഥിരം പല്ലവി വീണു.

”ഞങ്ങൾ പിന്നീടു വിവരം അറിയിക്കാം. ചെറുപ്പക്കാരന്റെ കൂടെ  വന്നിരുന്ന കുടവയറുള്ള മനുഷ്യനാണതു പറഞ്ഞത്‌. അപ്പോൽ ചെറുപ്പക്കാരന്റെ മുഖത്തൊരു പരിഹാസച്ചിരി.


പറഞ്ഞതുപോലെ തന്നെ ഒരു മാസം കഴിഞ്ഞപ്പോൾ അവർ വിവരമറിയിച്ചു. ഈ കല്യാണ്ടഹ്തിന്‌ അവർക്കു താല്പ്പര്യമില്ലെന്നായിരുന്നു അറിയിച്ചത്`.
അന്നും കുറേ നേരം നിശ്ശബ്ദമായി കരഞ്ഞു.

വീണ്ടും പലതവണ ഒരു കാഴ്ച്ചവസ്തുവായി പലരുടെയും മുന്നിൽ പോയി നിന്നു. സൗന്ദര്യമില്ലാത്ത പെൺകുട്ടിയ്ക്കും ചിലർ ആവശ്യപ്പെട്ടത്‌ ഭാരിച്ച സ്ത്രീധനമായിരുന്നു. വന്തുക സ്ത്രീധനം ലഭിച്ചാൽ ഭാര്യയുടെ സൗന്ദര്യം വർദ്ധിക്കുമോ എന്തോ? സ്ത്രീധനം നല്കാൻ വഴിയില്ലാത്ത അച്ഛന്റെ ദൈന്യതയാർന്ന മുഖം മനസ്സിൽ തെളിഞ്ഞു നിന്നു.

ഇനി ഈ ഏർപ്പാട്‌ വേണ്ടെന്നു കരുതിയതായിരുന്നു. അപ്പോഴാണ്‌ ബോംബെയിൽ ജോലിയുള്ള ഒരുദ്യോഗസ്ഥന്റെ ആലോചന വന്നത്‌.


തന്റെ രംഗപ്രവേശം കഴിഞ്ഞ്‌ വിവരമറിയാൻ ശക്തിയായി മിടിയ്ക്കുന്ന ഹൃദയവുമായി നില്ക്കുമ്പ്പോൾ സതിയുടെ അനിയത്തി ചന്ദ്രിക പത്താം ക്ളാസ്സിലെ പരീക്ഷ എഴുതിക്കഴിഞ്ഞ്‌ ക്ഷീണിച്ച്‌ കയറിവരികയായിരുന്നു. വീട്ടിലെ അതിഥികലെക്കുറിച്ച്‌ അവൾ അജ്ഞയായിരുന്നു.




തെല്ലൊരു പരിഭ്രമത്തോടെ അവൾ അകത്തേയ്ക്കു കയറിപ്പോയി. അവൾക്കു ചായ എടുത്തുകൊടുക്കാൻ സതിയും അകത്തേക്കു പോയി.

“ചന്ദ്രികയെ ആണെങ്കിൽ അവർക്ക്‌ സമ്മതമാണെന്നാണു പറഞ്ഞത്‌.‘

അതിഥികൾ പോയിക്കഴിഞ്ഞപ്പോൾ വിഷണ്ണനായി അച്ചൻ അമ്മയോറ്റു പറയുന്നതു കെട്ടു. ആ വാർത്ത തന്റെ ഹൃദയത്തിലേക്ക്‌ നൂറു സൂചിമുനകൾ ഒന്നായി തുളച്ചുകയറ്റി.

”അതേതായാലും വേണ്ട. മൂത്തവൾ നില്ക്കുമ്പോൾ അനിയയത്തിയെ പറഞ്ഞയക്കുന്നത്‌ ശരിയല്ല. “താടിയ്ക്കു കയ്യൂനി അമ്മ പറഞ്ഞു.

അച്ചനും അതേ അഭിപ്രായമാണെന്ന്‌ പറയാതെ തന്നെ മനസ്സിലായി.
”അമ്മേ ചന്ദ്രിക്ടെങ്കിലും ശരിയാവുകയാണെങ്കിൽ മടിയ്ക്കാതെ നടത്തുകയാണ്‌ വേണ്ടത്‌. എവിടെ നിന്നോ കിട്ടിയ ധൈര്യവുമായി സതി അവർക്കിടയിലേക്കു ഇരങ്ങി വന്നു.

എന്താ മോളേ നീ പറയുന്നത്‌? അവൾക്കൊരു ജോലിയാവട്ടെ. എന്നിട്ടു മതി കല്യാണം. മകൾ കാണാതെ അമ്മ കണ്ണുനീർ തുടച്ചു.

അവൾക്കൊരു ജോലിയാകണമെങ്കിൽ ഇനി എത്ര കാലമെടുക്കും. അമ്മേ? എനിയ്ക്കേതായാലും നല്ലൊരു ജോലിയില്ലേ? എന്നെപ്പറ്റി നിങ്ങൾ വിഷമിക്കാതിരിക്കണം.

വിഷമിച്ചു നില്ക്കുന്ന അച്ഛനമ്മമാരെ സാന്ത്വനപ്പെടുത്തുമ്പോൾ സ്വന്തം മനസ്സിലെ വേദന അവൾ കടിച്ചമർത്തി.


പാവം അച്ഛൻ!

ഒരാളെയെങ്കിലും പറഞ്ഞയച്ചാൽ അച്ഛന്‌ എത്ര ആശ്വാസമായിരിക്കും. തന്റെ ശമ്പളവും അച്ഛനു കിട്ടുന്ന തുച്ഛമായ പെൻഷനും കൂടിയായാൽ എങ്ങിനെയെങ്കിലും വീട്ടുകാര്യങ്ങൾ നടക്കുമെന്നു മാത്രം .മിച്ചം വെക്കാൻ ഒന്നു കണുകയില്ല.

ഇരിക്കാൻ ചെറിയൊരു വീടുണ്ടാക്കിയതൊഴിച്ച്‌ അച്ഛൻ റിട്ടയർ ചെയ്തപ്പോൾ മറ്റൊന്നും ഉണ്ടായിരുന്നില്ല. പിന്നീടുള്ള സമാധാനം മൂത്ത മകളായ സതിക്ക്എങ്കിലും ഒരു ജോലി ലഭിച്ചല്ലോ എന്നാണ്‌.
ചന്ദ്രികയെ പറഞ്ഞയച്ചാൽ അത്രയെങ്കിലും തിരക്കു കുറഞ്ഞില്ലേ?അവൾക്കാണെങ്കിൽ സൗന്ദര്യത്തിനൊരു കുറവുമില്ല.

തന്റെ നിർബന്ധം കൊണ്ടു മാത്രമാണ്‌ അവസാനം അച്ഛനും അമ്മയും ആ വിവാഹത്തിന്‌ സമ്മതിച്ചത്‌. അതിനാൽ ഇന്ന്‌ അവളെങ്കിലും അല്ലലില്ലാതെ  കഴിയുന്നു .

തുടരും