![]() |
സുരേഷ് കോടൂര്‍ |
ട്രെയിന്‍ പ്ളാറ്റ്ഫോമില്‍ വന്ന് നിന്നതിന് ശേഷമാണ് അയാള്‍ കണ്ണുതുറന്നത്. സ്റേഷനിലെത്തിയാല്‍ വിളിച്ചുണര്‍ത്തണമെന്ന് പറഞ്ഞേല്‍പ്പിച്ചിരുന്ന ആരോ ഒരാള്‍ കുലുക്കിവിളിച്ചതുപോലെ പെട്ടെന്നുണരുകയായിരുന്നു അയാള്‍. എല്ലാവരും അപ്പോഴും നല്ല ഉറക്കത്തില്‍ത്തന്നെ. ഉറക്കച്ചടവില്‍ ജനാലയിലൂടെ പുറത്തേക്ക് നോക്കി തനിക്കിറങ്ങാനുള്ള സ്റേഷന്‍ തന്നെയെന്ന് ഉറപ്പുവരുത്തി. പിന്നെ സീറ്റിനുമുകളില്‍ വെച്ചിരുന്ന തന്റെ പെട്ടിയുമെടുത്ത് വാതില്‍ക്കലേക്ക് നടന്നു. പുറത്ത് അപ്പോഴും മഴ നിന്നിട്ടില്ല. കാറ്റില്‍ വെള്ളത്തുള്ളികള്‍ തെറിച്ച് അയാളുടെ മുഖം നനഞ്ഞു. പുലര്‍ച്ചയുടെ തണുപ്പില്‍ വിറച്ചു തുടങ്ങിയപ്പോള്‍ നനഞ്ഞുകിടന്ന പ്ളാറ്റ്ഫോമിലേക്ക് പതുക്കെ അയാള്‍ ഇറങ്ങിനിന്നു. സ്റേഷന്‍ ഏറെക്കുറെ വിജനമാണ്. ഇറങ്ങാന്‍ അധികം പേരുണ്ടായിരുന്നില്ല. തീവണ്ടി അടുത്ത സ്റേഷനിലേക്കുള്ള യാത്ര തുടങ്ങുകയും, ഇറങ്ങിയവര്‍ തങ്ങളെ പ്രതീക്ഷിച്ച് എത്തിയവരുടെ കൂടെ യാത്രയാവുകയും ചെയ്തപ്പോള്‍ അയാളവിടെ തനിച്ചായി. വെളിച്ചം വീഴാന്‍ ഇനിയുമുണ്ട് സമയം. ആയ ഇരുട്ടില്‍ മഴ നനഞ്ഞ് വീട്ടിലേക്ക് നടക്കുന്നതിനെക്കുറിച്ചും അയാള്‍ ആലോചിക്കാതിരുന്നില്ല. 'തനിക്കതിനിപ്പൊ എന്താത്ര ധൃതി' എന്ന് അടുത്ത നിമിഷം തന്നെ അയാള്‍ സ്വയം തിരുത്തുകയായിരുന്നു. അമ്മിണിക്കുട്ടിയെ ഇത്ര പുലര്‍ച്ചയ്ക്ക് തന്നെ എഴുന്നേല്‍പ്പിച്ച് ബുദ്ധിമുട്ടിപ്പിക്കുന്നതെന്തി
![]() |
വര -സോമന്‍ കടലൂര്‍ |
"ഒരു ബീഡി കത്തിക്കാന്‍ ണ്ടാവ്വോ ആവോ...?''
അയാള്‍ ഒരു സിഗററ്റെടുത്ത് വയസ്സനുകൊടുത്തു. എവിടെയോ കണ്ട് മറന്നതാണല്ലോ ആ മുഖം എന്നയാള്‍ക്ക് തോന്നി.
"ഈ തണുപ്പത്ത് ഒരു ചൂട് കാപ്പി കിട്ടീര്ന്നെങ്കില്....''
വയസ്സന്‍ ആരോടെന്നില്ലാതെ പറഞ്ഞപ്പോള്‍ അയാള്‍ കാപ്പിക്കാരനെ അരികിലേക്ക് വിളിച്ചു. ചൂടുള്ള കാപ്പി വലിച്ചുകുടിച്ച് വയസ്സന്‍ തന്നിലേക്ക് വലിഞ്ഞു. അയാള്‍ മഴയും നോക്കി വെറുതെ ബെഞ്ചിലിരുന്നു.
'വരുന്ന വിവരത്തിന് അമ്മിണിക്കുട്ടിക്ക് ഒരെഴുത്തിടണമായിരുന്നോ....? എന്തോ അങ്ങനെ തോന്നിയില്ല. വര്‍ഷങ്ങള്‍ എത്രയായെന്നുപോലും ഓര്‍മ്മയില്ല അവള്‍ക്കൊരെഴുത്തെഴുതിയിട്ട്. വരുന്നത് പോകട്ടെ, ഒന്നെഴുതിയെങ്കിലും ആകാമായിരുന്നില്ലേ ഇടക്കെങ്കിലും....?' ഒന്നിനും അയാള്‍ക്ക് ഒരുത്തരവുമില്ല. ഇങ്ങനെയൊക്കെ ആയിപ്പോയി എന്നേ അയാള്‍ക്കറിയൂ.
"അല്ലാ ഇതാരാ, നമ്മടെ മേലേടത്തെ ഗോവിന്ദന്‍കുട്ടി മേനനല്ലേ...?''
പെട്ടെന്നുണ്ടായ ആ ചോദ്യം അയാളെ ഒന്നു ഞെട്ടിച്ചുകളഞ്ഞു.
"ഇത് ഗോവിന്ദമേനനല്ലേ....'' വയസ്സന്റെ ചോദ്യം തന്നോടുതന്നെയാണെന്ന് ഉറപ്പ് വരുത്താന്‍ അയാള്‍ കുറച്ചു സമയമെടുത്തു.
"അതെ''
"മേനന് എന്നെ തിരിച്ചറിഞ്ഞില്ലാന്നുണ്ടോ...? പഴേ പോര്‍ട്ടറാ.... ആറുണ്ണി...''
അപ്പോഴയാള്‍ ആറുണ്ണിയെ തിരിച്ചറിഞ്ഞു. പോര്‍ട്ടറാറു എന്ന് കളിയാക്കി വിളിക്കുമായിരുന്ന തെക്കേപ്പറമ്പിലെ ആറുണ്ണി.
"നന്നെ എനിക്ക് പെട്ടെന്ന് മനസ്സിലായില്ല ആറുണ്ണീ.'' അയാള്‍ ക്ഷമ പറഞ്ഞു.
"സാരല്ല്യ മേന്നേ. ശ്ശി വയസ്സായില്ലേ എനിക്കിപ്പൊ... പഴേ പോലെ ഒന്നിനും വയ്യ. അത് പോട്ടെ. മേനന്‍ നാട്ടില് വന്നിട്ട് കൊറെ കാലായിരിക്ക്ണൂലോ.... എവിടായ്രുന്നൂ....''
ഉത്തരമൊന്നും പറയാതെ അയാള്‍ വെറുതെ ആറുവിനെ നോക്കിയിരുന്നു.
"മിനിക്കൂട്ടീടെ കല്ല്യാണത്തിനും കൂടെ വന്നില്ല്യാലോന്ന് അമ്മിണ്യേമ്മ എപ്പഴും പറയും....'' ആറുണ്ണി പറഞ്ഞുകൊണ്ടേയിരുന്നു. എന്താണ് മറുപടിയായി പറയേണ്ടതെന്ന് അറിയാതെ അയാള്‍ വിഷമിച്ചു.
"അമ്മിണ്യേമ്മക്ക് ഇപ്പൊ തരക്കേടൊന്നൂല്ല്യ ട്ടോ... പഴേ പത്തായപ്പെര ഒക്കെ പൊളിച്ച് വീടൊക്കെ ഒന്ന് പുതുക്കീരിക്ക്ണൂ... ആ കുട്ടീടെ കല്ല്യാണം നടത്തേം ചെയ്തൂലോ. അവരടെ നായര് പേയേപ്പിന്നെ ഒക്കെ അവര് ഒറ്റയ്ക്കന്നെല്ലേ നടത്തിക്കൊണ്ട് വന്നത്. ഇപ്പൊ അവര്ക്ക് ഒക്കെ നന്നായിരിക്ക്ണൂന്ന് കൂട്ടിക്കൊളൂ....''
അയാളില്‍ നിന്ന് ചോദ്യങ്ങളൊന്നും ഉണ്ടാകാഞ്ഞപ്പോള്‍ വയസ്സന്‍ കുറച്ചുനേരം മിണ്ടാതെയിരുന്നു. പിന്നെ വീണ്ടും അയാള്‍ക്ക് നേരെ തിരിഞ്ഞു.
"അല്ല, മേനന്‍ ഇനി തിരിച്ച് പോണില്ല്യാന്ന്ണ്ടോ....?''
അതയാള്‍ പ്രതീക്ഷിച്ചതായിരുന്നില്ല. ശരിയുത്തരം അയാള്‍ക്ക് നിശ്ച്ചയമില്ലായിരുന്നു. എന്താണ് പറയേണ്ടതെന്നറിയാതെ അയാള്‍ കുറച്ചുനേരം വിഷമിച്ചു. പിന്നെ പതുക്കെ പിറുപിറുത്തു.
"ഇല്ല... ഇനി ഇവിടെ കൂടാന്ന് നിരീച്ച് വന്നിരിയ്ക്കാണ്....''
"അതെന്നെ നല്ലത് മേനനെ... വയസ്സ് കാലത്ത് സുഖായി നാട്ടില് കൂടാലോ... അമ്മിണ്യേമ്മക്ക് ഒരു കൂട്ടാവേം ചെയ്യും....''
കമ്പിളി ചുരുട്ടിയെടുത്ത് ആറുണ്ണി പോകാനായി എഴുന്നേറ്റപ്പോള്‍ അയാളും പതുക്കെ ബെഞ്ചില്‍ നിന്നും എഴുന്നേറ്റു. പോക്കറ്റില്‍ നിന്നും ഒരു പത്ത് രൂപ നോട്ടെടുത്ത് അയാള്‍ വയസ്സന്റെ കയ്യില്‍ വെച്ചുകൊടുത്തു.
"വരട്ടേ മേനനെ.... ന്നാ ഇനി പിന്നെ കാണാം....'' നോട്ടെടുത്ത് മടിയില്‍ തിരുകി ആറുണ്ണി വേച്ചുവേച്ച് നടന്നുപോകുന്നതും നോക്കി അയാള്‍ നിന്നു. പിന്നെ പെട്ടിയുമെടുത്ത് പ്ളാറ്റ്ഫോമിനു പുറത്തേക്ക് നടന്നു. മഴ ശമിച്ചിരുന്നു. അയാള്‍ റോഡിലിറങ്ങി പതുക്കെ നടന്നു തുടങ്ങി. റോഡില്‍ നിന്നും പഞ്ചായത്ത് പാതയിലേക്ക് തിരിഞ്ഞപ്പോള്‍ ഇരുട്ടിന് കൂടുതല്‍ കനം വെച്ചതുപോലെ. വഴിയോരത്തെ ചാലിലൂടെ കുത്തിയൊഴുകുന്ന വെള്ളത്തിന്റെ ഒച്ച ഇരുട്ടിനെ മുറിപ്പെടുത്തിക്കൊണ്ടിരുന്നു. നനഞ്ഞുചീഞ്ഞ ചപ്പിലകളില്‍ ഷൂസമര്‍ന്ന് വഴുക്കാതിരിക്കാന്‍ അയാള്‍ ശ്രദ്ധിച്ചു. ഇരുട്ടില്‍ വേലിയില്‍ മുട്ടാതെ നോക്കണം. ഓര്‍മ്മയുടെ ക്ളാവുപിടിച്ച ഓരങ്ങളില്‍നിന്നും വഴികള്‍ തിരിച്ചെടുക്കാന്‍ ശ്രമിക്കുകയായിരുന്നു അയാള്‍. ഇതിനുമുമ്പ് എപ്പോഴാണ് അവസാനം ഈ വഴി വന്നത്...? അമ്മയുടെ ആദ്യത്തെ ശ്രാദ്ധത്തിന് വന്ന് പോയതിന് ശേഷം പിന്നീടൊരിക്കല്‍ക്കൂടി വന്നത് ഓര്‍മയുണ്ട്. അന്ന് മടക്കയാത്രയ്ക്കിറങ്ങുമ്പോള്‍ അമ്മിണിക്കുട്ടിയും പടിവരെ കൂടെ വന്നിരുന്നു.
"ഗോവിന്ദേട്ടന് ഇപ്പഴും അത്രക്ക് വയസ്സൊന്നും ആയിട്ടില്ല. ഇനീം ആവ്വോക്കെ ചെയ്യാം. വയസ്സാവുമ്പൊ ഒരു കൂട്ടെങ്കിലും ആയിക്കോട്ടേന്ന് നിരീച്ചാ മതി.....''
എത്രയോ തവണ ആവര്‍ത്തിച്ചത് അന്ന് പടിക്കല്‍ വെച്ചും അമ്മിണിക്കുട്ടി ഓര്‍മ്മിപ്പിച്ചു. താന്‍ അപ്പോഴും പ്രത്യേകിച്ചൊന്നും പറയാതെ വെറുതെ ചിരിക്കുക മാത്രം ചെയ്യുകയായിരുന്നെന്ന് അയാളോര്‍ത്തു. നാലുവയസ്സുകാരി മിനിക്കുട്ടിയെ ചേര്‍ത്ത് പിടിച്ച് തന്നെ യാത്രയാക്കാന്‍ നിന്ന് അവള്‍ പിന്നെ ഒന്നും പറഞ്ഞില്ല. അവളുടെ ഗോവിന്ദേട്ടന് ഇനി ഒരു കല്ല്യാണം ണ്ടാവല് ആലോചിക്കേണ്ടതില്ലെന്ന് അവള്‍ക്കും ബോദ്ധ്യമായിരുന്നിരിക്കണം. ഇതിനുമുമ്പ് അമ്മ നിര്‍ബദ്ധിച്ചപ്പോഴൊക്കെ മറുപടിയായി ചിരിമാത്രം നല്‍കിയിരുന്നതിന് അവളും കുറെ സാക്ഷിയായിരുന്നല്ലൊ. മരിക്കുന്നതിന് തലേ വര്‍ഷത്തെ വരവിനും അമ്മക്ക് ഇതു മാത്രമേ തന്നോട് പറയാനുണ്ടായിരുന്നുള്ളു.
"ഗോവിന്ദാ ഇനി വരുമ്പൊ അമ്മ ണ്ടാവ്വോന്ന് അറിയില്ല. നീയ്യ് ഒരു കല്ല്യാണം കഴിച്ച് കാണണം ന്ന് എനിക്ക് ശ്ശി മോഹംണ്ട്. ന്റെ വെഷമം കൊണ്ടാന്ന് കൂട്ടിക്കോ...''
ഉടുന്ന മുണ്ടിന്റെ കോന്തലകൊണ്ട് അമ്മ കണ്ണ് തുടയ്ക്കുമ്പോള്‍ വിഷമം തന്നിലേക്കും പടര്‍ന്ന് കയറിയിരുന്നു.
"നെനക്ക് വയസ്സ് കാലത്ത് ആരാ ണ്ടാവ്വാ ന്റെ കുട്ട്യേ....'' എന്ന് കരഞ്ഞ് തുടങ്ങിയപ്പോള്‍ അമ്മയെ അരികെ ചേര്‍ത്ത് പിടിച്ച് ആശ്വസിപ്പിക്കേണ്ടിവന്നു.
"എനിക്ക് ന്റെ അമ്മിണിക്കുട്ടില്ല്യേ അമ്മെ ബടെ. പിന്നെ അമ്മേന്തിനാ പേടിയ്ക്ക്ണത്....''
പിന്നെ അമ്മ ഒന്നും പറഞ്ഞില്ല. താന്‍ പടി നടന്ന് മറയുന്നതുവരെ അമ്മയുടെ നിറഞ്ഞ കണ്ണുകള്‍ തന്നെ പിന്തുടര്‍ന്നിരുന്നെന്ന് അറിയാമായിരുന്നു. അമ്മ പറഞ്ഞതുപോലെ തന്നെയാണ് സംഭവിച്ചതും. അടുത്തതവണ വന്നത് അമ്മയുടെ ശവമെടുപ്പിനാണ്.
"മരിക്ക്ണതിന് തലേന്നും ഗോവിന്ദേട്ടന്റെ കാര്യന്ന്യാ അമ്മ പറഞ്ഞിരുന്നത്. ആ ഒരു വെഷമായിരുന്നു അമ്മക്ക് മരിക്ക്മ്പോഴും....''
അമ്മിണിക്കുട്ടി രാത്രി എപ്പോഴോ തന്നോട് പറഞ്ഞിരുന്നു. പതിനാല് കഴിഞ്ഞ് പോകാനിറങ്ങുമ്പോഴും അമ്മിണിക്കുട്ടി ഓര്‍മ്മിപ്പിച്ചു.
"അമ്മ ല്ല്യാന്ന് നിരീച്ച് ഏട്ടന്‍ ഈ വഴി മറക്ക്ര്ത്....''
"അങ്ങനെ ണ്ടാവ്വോ അമ്മിണീ.... ഈ എട്ടന് ഇനി നീ മാത്രല്ലേ ഉള്ളൂ....''
അവളെ സാന്ത്വനിപ്പിച്ച് ഇറങ്ങുമ്പോള്‍ തന്റെയും കണ്ണ് നിറഞ്ഞിരുന്നു. പിന്നെ ഒരിക്കലേ വരവുണ്ടായുള്ളു. എവിടെയൊക്കെയോ എങ്ങിനെയൊക്കെയോ ഉള്ള ജീവിതത്തിരക്കില്‍ അമ്മിണിയും വീടുമൊക്കെ വരിക്ക് പിന്നിലായിപ്പോയി. എന്തിനായിരുന്നു ഒറ്റയ്ക്കുള്ള ഒരു ജീവിതം ആവാമെന്ന് വെച്ചത്....? ഒരിക്കലും തനിക്ക് അതിനൊരു ശരിയുത്തരം കിട്ടിയിരുന്നില്ല. നഗര ജീവിതത്തിന്റെ തിരക്കുകള്‍....? ഉദ്യോഗത്തിന്റെ നൂലാമാലകള്‍....? അറിയില്ല.... കൌമാര വസന്തങ്ങളിലേതോ ഒരു കോണില്‍ ഏറെ മിന്നി പെട്ടെന്നണഞ്ഞ വടക്കേലെ സുമിത്ര ഒരു നിമിത്തമായിരുന്നോ....? ആവോ.... തീര്‍ച്ചയില്ല. ആയിരുന്നിരിക്കണം. അവളൊരിക്കലും നെഞ്ചില്‍നിന്ന് ഇറങ്ങുകയുണ്ടായിട്ടില്ലല്ലോ.
"ഗോവിന്ദാ, അവസാനം നീ ഇവടയ്ക്കെന്നെ എത്തീ ല്ലേ....'' അയാള്‍ പെട്ടെന്ന് തിരിഞ്ഞ് നോക്കി. ഇരുട്ടില്‍ ഒന്നും വ്യക്തമായില്ല. കുറച്ചു നേരത്തേക്ക് താന്‍ മറ്റൊരു ലോകത്തായിരുന്നല്ലോ എന്ന് അയാള്‍ തിരിച്ചറിഞ്ഞു. ഇല്ല, ആരുമില്ല. മഴ പൂര്‍ണമായും നിലച്ചിരിക്കുന്നു. എങ്കിലും കാറ്റിന് തെല്ലും ശക്തികുറഞ്ഞിരുന്നില്ല. കാവിലെ കുളത്തിനരികിലൂടെ നടന്ന് അയാള്‍ വരമ്പിലേക്കിറങ്ങി കുളത്തിന്‍ കരയിലെ വളഞ്ഞുനില്‍ക്കുന്ന കൊന്നമരം ഇപ്പോഴും അവിടെതന്നെയുണ്ടോ എന്ന് വെറുമൊരു കൌതുകത്തിനായി അയാള്‍ തിരിഞ്ഞ് നോക്കി. ഉണ്ടാവാന്‍ വഴിയില്ലെന്ന് ഉറപ്പുണ്ടായിട്ടുപോലും താനും അമ്മിണിയും അപ്പുറത്തെ ഉണ്ണിയും ഗോപുവുമൊക്കെ കുളത്തിലേക്ക് കൂപ്പുകുത്തിയിരുന്ന കൊന്നമരം. കുളം കലക്കുന്ന തെമ്മാടിപ്പിള്ളേരുടെ പിന്നാലെയോടുന്ന കാര്‍ത്ത്യാന്യേമ്മ. ആ ഇരുട്ടിലും ഒരു നിമിഷം അയാള്‍ എല്ലാം മുമ്പിലെന്നപോലെ വ്യക്തമായി കണ്ടു.
വരമ്പ് കയറി മേലേടത്തേക്കുള്ള തിരിവിലേക്കിറങ്ങിയപ്പോള്‍ അയാള്‍ ഒരു നിമിഷം സംശയിച്ചുനിന്നു. പടിപ്പുരയുടെ സ്ഥാനത്ത് തുരുമ്പെടുത്ത വലിയ ഇരുമ്പ് ഗേറ്റ് മഴയില്‍ കുതിര്‍ന്ന് നില്‍ക്കുന്നു. 'അമ്മിണിക്കുട്ടി ഉറങ്ങാവ്വോ...?' അയാളൊന്ന് സംശയിച്ചു. പിന്നെ പടിയുടെ ഓടാമ്പലടിച്ച് ശബ്ദമുണ്ടാക്കി. 'അമ്മിണീ....' രണ്ടുമൂന്നു പ്രാവശ്യം നീട്ടിവിളിച്ചപ്പോള്‍ അകത്ത് ആളനക്കം കേട്ടുവെന്ന് തോന്നി. ഉമ്മറവാതില്‍ ആരോ തുറന്നു. പുറത്തെ ലൈറ്റ് തെളിഞ്ഞു. അയാള്‍ പടിതുറന്ന് മുറ്റത്തുകൂടെ പതുക്കെ നടന്നു.
"ആരാ അത്....''
അതെ, അത് അമ്മിണിക്കുട്ടി തന്നെ. ശബ്ദംകൊണ്ടയാള്‍ അമ്മിണിക്കുട്ടിയെ തിരിച്ചറിഞ്ഞു. അയാള്‍ ഉമ്മറക്കോലായിലേക്ക് കയറി. ഉറക്കച്ചടവ് മാറാത്ത മുഖവുമായി അമ്മിണിക്കുട്ടി പകച്ചുനിന്നു. കണ്ണുകള്‍ രണ്ടും തിരുമ്മി അവള്‍ ഒരു നിമിഷം അയാളെത്തന്നെ നോക്കി നിന്നു.
"ഗോവിന്ദേട്ടനോ....'' അവിശ്വാസം മുറ്റി നിന്ന അവളുടെ ഇടറിയ ശബ്ദം പുറത്തുവന്നു.
"അതെ അമ്മിണീ...., ഞാന്‍ തന്നെ....''
ഒന്നും മിണ്ടാതെ പരസ്പരം നോക്കി അവര്‍ കുറെനേരം അങ്ങനെ നിന്നുപോയി. പ്രായം ചുളിവ് വീഴ്ത്തിയ തന്റെ അമ്മിണിക്കുട്ടിയെ കാണുകയായിരുന്നു അയാള്‍.
"ആരാ അമ്മേ അത്....?'' ഉള്ളിലെവിടെനിന്നോ ഉറക്കത്തില്‍ നിന്നെഴുന്നേറ്റുവന്ന മിനിക്കുട്ടിയാണ് അവരെ ഉണര്‍ത്തിയത്.
"ഗോവിന്ദമാമെ നെനക്ക് മനസ്സിലായില്ല്യേ....?''
മിനിക്കുട്ടി അയാളെ നോക്കി ചിരിച്ചു.
"അമ്മാമക്ക് വര്ണ വിവരത്തിന് ഒരെഴുത്തയക്കാര്‍ന്നില്ലെ. ആരെങ്കിലും സ്റേഷനില് വര്വായിര്ന്നൂലോ....''
മിനിക്കുട്ടി പരിഭവം പറഞ്ഞു. അമ്മയുടെ പറ്റം ചേര്‍ന്ന്നിന്ന നാല് വയസ്സുകാരി ഏറെ മാറിയിരിക്കുന്നുവെന്ന് അയാളറിഞ്ഞു. വിവരമറിയിക്കാത്തതിന് അമ്മിണിക്കുട്ടിയും, കുറെ ദേഷ്യം പറഞ്ഞു. മിനിയുടെ കല്ല്യാണത്തിനെങ്കിലും പ്രതീക്ഷിച്ചുവെന്ന് പരാതി പറഞ്ഞു. അവള്‍ വാതോരാതെ വേറെയും എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു. അവള്‍ പണ്ടേ അങ്ങനെയായിരുന്നല്ലൊ എന്ന് അയാളോര്‍ത്തു. കിലുക്കാം പെട്ടി.
മിനിക്കുട്ടി കൊണ്ടുവന്ന കാപ്പികുടിച്ച് അവര്‍ ഉമ്മറത്ത് തന്നെ കുറെ നേരം ഇരുന്നു. കഴിഞ്ഞ ഏറെ വര്‍ഷങ്ങളിലെ മുഴുവന്‍ കഥകളും അമ്മിണിക്കുട്ടി ആ ഇരിപ്പില്‍ത്തന്നെ പറഞ്ഞുതീര്‍ക്കുമെന്ന് അയാള്‍ക്കുതോന്നി.
നഷ്ടപ്പെട്ടത് മുഴുവന്‍ തിരിച്ച് കിട്ടിയതിലുള്ള ആവേശത്തിലായിരുന്നു അയാളുടെ ഇനിയുള്ള ദിവസങ്ങള്‍. അമ്മിണിക്കുട്ടിയുടെ കൈകൊണ്ട് മൃഷ്ടാനം ഉണ്ടും, അകത്തളത്തിലെ പുല്ലുപായില്‍ മതിവരുവോളം ഉറങ്ങിയും അയാളത് ആഘോഷിച്ചു. അമ്മിണിക്കുട്ടിയുടെ പരിഭവങ്ങള്‍ക്കും തമാശകള്‍ക്കും കൊച്ചുകൊച്ച് കുശുമ്പുകള്‍ക്കുമൊക്കെ ചെവികൊടുത്ത് അയാള്‍ വീണ്ടും അവള്‍ക്ക് ഗോവിന്ദേട്ടനായി. വൈകുന്നേരങ്ങളില്‍ വായനശാലയിലും ഉത്സവക്കമ്മറ്റികളിലും കരയോഗത്തിലും സജീവമായി നാട്ടുകാര്‍ക്കയാള്‍ മേലേടത്ത് ഗോവിന്ദമേനോനായി. ജീവിതം പുതിയൊരു അനുഭവമാവുകയായിരുന്നു അയാള്‍ക്ക്.
അങ്ങനെ അന്നൊരുച്ചക്ക് ഊണ് കഴിച്ച് ഉമ്മറത്ത് ചാരുകസേരയിലിരുന്ന് അയാള്‍ അമ്മിണിക്കുട്ടിയെ വിളിച്ചു.
"അമ്മിണീ... എനിക്ക് നെന്നോട് ഒരു കാര്യം പറയാന്ണ്ടാര്‍ന്നു....''
"എന്താ ഏട്ടാ...., എന്നോടെന്തെങ്കിലും പറയാന്‍ ഒരു മുഖവുരെടെ ആവശ്യല്ല്യല്ലോ ഏട്ടന്....''
അമ്മിണിക്കുട്ടി അങ്ങനെ പറഞ്ഞെങ്കിലും ആല്‍പ്പം വിഷമിച്ചാണയാളുടെ വാക്കുകള്‍ പുറത്തുവന്നത്.
"അമ്മിണീ...., ഞാന്‍ ഇനി തിരിച്ച് പോണ്ടാച്ചാലോ ന്നാ നിരീക്ക്ണ്. ഇനി ഉള്ള കാലം നിങ്ങടെ ഒക്കെകൂടെ അങ്ങ്ട് കഴിയാന്ന് വിചാരിക്ക്യാ...''
പറഞ്ഞ് തീര്‍ന്നപ്പോള്‍ വലിയൊരു ഭാരം ഇറക്കിവെച്ച ആശ്വാസത്തില്‍ അയാള്‍ കസേരയില്‍ ചാരിയിരുന്നു. അമ്മിണിക്കുട്ടിയുടെ ശബ്ദത്തിനായി അക്ഷമയോടെ അയാള്‍ കാതോര്‍ത്തിരുന്നു. കുറച്ചുനേരത്തേക്ക് അമ്മിണിക്കുട്ടി പ്രതികരിക്കാതെയിരുന്നപ്പോള്‍ അയാള്‍ക്ക് തന്റെ നെഞ്ചിടിപ്പ് കൂടുന്നതുപോലെ തോന്നി. അവര്‍ക്കിടയില്‍ നിശ്ശബ്ദത വീണ്ടും കനത്തുതുടങ്ങിയപ്പോള്‍ അയാള്‍ പതുക്കെ എഴുന്നേറ്റ് അവളുടെ അടുത്ത്ചെന്നു.
"എന്താ അമ്മിണീ, നെനക്ക് എന്തെങ്കിലും അസ്കിതേണ്ടെങ്കില് എന്നോട് തൊറന്ന് പറഞ്ഞോളൂ... എനിക്ക് ഒരു കൊഴപ്പോം ഇല്ല.....''
തന്റെ ശബ്ദം ഇടറാതിരിക്കാന്‍ അയാള്‍ പരമാവധി ശ്രമിച്ചു. ഏറെനേരം അവള്‍ മിണ്ടാതെ നിന്നു. പിന്നെ പതുക്കെ അവളുടെ ചുണ്ടുകളനങ്ങി.
"ഏട്ടനൊന്നും തോന്നര്ത്. മിനിക്കുട്ട്യോട് ചോദിക്കട്ടെ. അവള് എന്താ പറയ്ണ്ന്ന് വെച്ചാ അത്പോലെ....''
പറഞ്ഞുതീര്‍ത്ത് അവള്‍ അകായിലേക്ക് നടന്നുമറഞ്ഞു. ഉമ്മറത്ത് അയാള്‍ തനിച്ചായി. സമയം സ്ഥായിയായതുപോലെ അയാള്‍ അനക്കമില്ലാതെ നിന്നു. ഉമ്മറച്ചുമരിലെ വലിയ ചില്ലിട്ട ചിത്രത്തിനുള്ളില്‍ അമ്മയുടെ കരുവാളിച്ചമുഖം അയാളുടെ കണ്ണുകളുമായി ഏറെനേരം ഉടക്കിനിന്നു. പിന്നെ പതുക്കെ ഉമ്മറത്തിന്റെ പടികളിറങ്ങവെ അയാളുടെ മനസ്സില്‍ കര്‍ക്കിടകം തിമര്‍ത്ത് പെയ്യുകയായിരുന്നു.