മദേഴ്സ്‌ ഡേ






പ്രൊ:സി.ചന്ദ്രമതി 
അതിരാവിലെ മകനും മകളും കുടുംബസമേതം എത്തിയപ്പോൾ കല്യാണിയമ്മ അമ്പരന്നു.
“ഹാപ്പി മദേഴ്സ്‌ ഡേ!”
കാറിൽ നിന്ന് ഇറങ്ങവേ   ഓരൊരുത്തരായി വിളിച്ചു പറഞ്ഞു.
അപ്പോൾ അതാണു കാര്യം!
വര-സോമന്‍ കടലൂര്‍ 
പേരക്കുട്ടികൾ അച്ഛമ്മയുടെ കവിളിൽ മുത്തം കൊടുത്തു. മകളുടെ പേരക്കുട്ടി
മനോഹരമായ ഒരു ബൊക്കെ അമ്മൂമ്മയുടെ കൈയിൽ കൊടുത്തിട്ടു പറഞ്ഞു.
“ആപ്പി ബത്ത്ഡേ റ്റു യൂ”
കൂട്ടച്ചിരി.
കഴിഞ്ഞയാഴ്ച്ച അവന്റെ രണ്ടാം പിറന്നാൾ ആഘോഷിച്ച ഓർമ്മയാകാം.
“ഒരു മുന്നറിയിപ്പുമില്ലാതെ വന്നാൽ ഞാനെന്താ ഇപ്പം തരിക?”
കല്യാണിയമ്മ സങ്കടപ്പെട്ടു.
“ഇന്ന്‌ ഫുഡ് ഒന്നും ഉണ്ടാക്കണ്ട. മാതൃദിനമല്ലെ. ഫുൾ ഡേ ഔട്ടിംഗ്‌”
ചിങ്ങമാസത്തിലെ തിരുവോണനാളിൽ മാവേലിമന്നൻ ഊരു ചുറ്റുന്നതുപോലെ
മാതൃദിനത്തിൽ   അമ്മമാർ വീട്ടിനു വെളിയിൽ കറങ്ങിനടക്കണമെന്ന്‌
നിർബ്ബന്ധമുണ്ടോ ആവോ!

“എനിക്ക്‌ ഹോട്ടൽ ഭക്ഷണം പിടിക്കത്തില്ലെന്നു ‌ നിങ്ങൾക്കറിഞ്ഞുകൂടേ?

”ഒരു ദിവസമൊക്കെ അഡ്ജസ്റ്റു ചെയ്യാം. മാതൃദിനമല്ലേ?

ഓരോ പുതിയ ആഘോഷങ്ങൾ! എത്രയായാലും ഓണവും വിഷുവും പോലെ വരില്ല
ഇതൊന്നും.
കുടുംബത്തിലെ അംഗങ്ങളെല്ലാം തറവാട്ടിൽ ഒത്തുചേരുന്ന അവസരമല്ലേ.
പെരക്കുട്ടികളോടൊപ്പം കഥ പറഞ്ഞ്‌ , പാട്ടു പാടി, പ്രായം മറക്കുന്ന
മുത്തച്ഛനും, മുത്തശ്ശിയും വീട്ടു വിശേഷങ്ങൾ കൈമാറി, അടുക്കളയിൽ ചോറും
,കറികളും തയ്യാറാക്കുന്ന സ്ത്രീകൾ.അവർക്കു വേണ്ട ഒത്താശ്ശകൾ ചെയ്തു
കൊടുത്തിട്ട്‌, വെടിയും പറഞ്ഞ്‌ പൂമുഖത്തിരിക്കുന്ന
പുരുഷന്മാർ....കൂട്ടായ്മയുടെ ആഘോഷം. അത്‌ ഇന്നത്തെ കുട്ടികൾക്ക്‌
അന്യമാണ്‌. ഏതു വിശേഷം വന്നാലും അവർ പുറത്തു പോയി ‘അടിച്ചുപൊളിക്കുന്നു’.

“എന്താണ്‌ ചേട്ടാ ഇന്നത്തെ പ്രോഗ്രാം?” പെങ്ങൾ ആങ്ങളയോടു തിരക്കി.
ആദ്യം... വാട്ടർ തീം പാർക്ക്‌.
“കൊള്ളാം”. മരുമക്കളും പേരക്കുട്ടികളും തീരുമാനം അംഗീകരിച്ചു. അമ്മയുടെ
അഭിപ്രായം ആരും ചോദിച്ചില്ല. എല്ലാ അർത്ഥത്തിലും മക്കൾ
വളർന്നിരിക്കുന്നു!.

രണ്ടു കാറുകളിലായി പിക്നിക് സംഘം യാത്ര തിരിച്ചു. മുപ്പതു കിലോമീറ്റർ
യാത്ര. അമ്മയ്ക്കു മടുത്തു. ദേഹമാസകലം വേദന.
കുട്ടികൾ ഉത്സാഹഭരിതരായി. വാട്ടർഗെയിംസ്‌, സ്വിമ്മിംഗ്‌...ആകപ്പാടെ അടിപൊളി.
“അമ്മ ഇറങ്ങുന്നില്ലേ?”
“തല കറക്കോമ്മ് ശ്വാസം മുട്ടുമൊക്കെയുള്ള ഞാൻ വെള്ളത്തിലിറങ്ങി എന്തു
ചെയ്യാനാ? ഞാനിവിടെങ്ങാനും ഇരുന്നോളാം”
കല്യാണിയമ്മ ഒരു സിമന്റു ബഞ്ചിൽ ഇരിപ്പിടം കണ്ടെത്തി. ക്ഷേത്രക്കുളത്തിൽ
അച്ഛൻ നീന്തൽ പഠിപ്പിച്ചത്‌, കൂട്ടുകാരികളുടെ മുന്നിൽ ഷൈൻ ചെയ്യാനായി
പായൽ നിറഞ്ഞ മറ്റൊരു കുളത്തിൽ ആമ്പൽപ്പൂ പറിക്കാനിറങ്ങി വെള്ളം
കുടിച്ചത്‌. ബാല്യകാലസ്മരണകൾ ഒഴുകിയെത്തി. .ശ്വാസം പിടിച്ച്‌ വെള്ളത്തിൽ
മുങ്ങിക്കിടക്കുന്നതും കൂട്ടുകാരോടു മത്സരത്തിലേർപ്പെടുന്നതും
ഇഷ്ടവിനോദമായിരുന്നു.മിക്കപ്പോഴും വിജയി താനായിരിക്കും.
അമ്മൂമ്മാ...തലതോർത്തി താ...“
ഇളയ പേരക്കുട്ടി അരികിലെത്തി.പിറകെ മുതിർന്ന കുട്ടികളും. ”അച്ഛമ്മേ ,
ഡ്രസ്സെടുത്തു താ.“
കല്യാണിയമ്മ അവർക്കു കഴിക്കാൻ സ്നാക്സും, പാലും കൊടുത്തു.പിന്നേയും ഏറെ
സമയം കഴിഞ്ഞു്, വിശപ്പ്‌ ‌ തുടങ്ങിയപ്പോഴാണ്‌ മക്കളും മരു മക്കളും കരയ്ക്കു
കയറിയത്‌.
”അമ്മയ്ക്കു വിശക്കുന്നോ?“ മകൻ ചോദിച്ചു.
”വയറ്റിൽ ഗ്യാസു നിറഞ്ഞു. ഇനിയൊന്നും കഴിക്കണമെന്നില്ല. “
”മദേഴ്സ്‌ ഡേ ആയിട്ട്‌ ചൂടാകരുതേ മമ്മീ“.
ഹോട്ടലിലെ എ.സി. മുറിയിൽ തണുത്ത്‌ വിറച്ച്‌ , ആഹാരത്തിനായുള്ള
കാത്തിരിപ്പ്‌. മെനുകാർഡ്‌ കൈയിൽ കൊടുത്തിട്ട്‌ മകൾ ചോദിച്ചു.
അമ്മയ്ക്കെന്താണ്‌ വേണ്ടത്‌?
കല്യാണിയമ്മ കാർഡിലൂടെ കണ്ണോടിച്ചു. ഫ്രൈഡ്‌ റൈസ്‌ ,ചിക്കൺബിരിയാണി,
ബട്ടർനാൻ, ചില്ലിചിക്കൻ...
”എനിയ്ക്കിതൊന്നും വേണ്ട. ഇത്തിരി ചോറും, തൈരും കിട്ടുമോ?“
”എന്നും ചോറല്യോ കഴിക്കുന്നേ?ഇത്രേം വല്യേ ഹോട്ടലില്‍  വന്നത്‌ ചോറു
തിന്നാനാണോ?“ പേരക്കുട്ടികൾ കളിയാക്കി.
”എനിയ്ക്കു ചോറു മതി.“
”ഇവിടെ ചോറു കിട്ടത്തില്ല.അമ്മയ്ക്കിത്തിരി ഫ്രൈഡ്‌ റൈസ്‌ കഴിക്കരുതോ?
“എന്റെ വയറ്റിന്‌ അത്‌ പിടിക്കത്തില്ലെന്നറിയില്ലേ?”
“എങ്കിൽ ചപ്പാത്തി ആയാലോ? ഡ്രൈ ചപ്പാത്തി?
”ഒരെണ്ണം മതി.“
മക്കളും പേരക്കുട്ടികളും അവരവർക്ക്‌ ഇഷ്ടപ്പെട്ട സാധനങ്ങൾ രുചിയോടെ
കഴിച്ചപ്പോൾ കല്യാണിയമ്മ ഉണക്കചപ്പാത്തി സാലഡിൽ മുക്കി തിന്നാൻ പാടു
പെടുകയായിരുന്നു.

ഒപ്പം ഗതകാല സ്മൃതികൾ....
തറവാട്ടിൽ ധാരാളം നെല്ക്കൃഷിയുണ്ടായിരുന്ന കാലം. വീട്ടിലെ ആവശ്യത്തിന്‌
നവരനെല്ല്‌ പ്രത്യേകം കൃഷി ചെയ്തിരുന്നു. വാഴയിലയിൽ ആവി പറക്കുന്ന
കുത്തരിച്ചോറ്‌. പരിപ്പും പപ്പടവും നെയ്യും ചേർത്തു കുഴച്ച്‌ ......വായിൽ
വെള്ളമൂറി. കണ്ണിൽ വെള്ളം നിറഞ്ഞു.
അമ്മ എന്തിനാ കരയുന്നേ? ചോറു കിട്ടാഞ്ഞിട്ടാണോ?
“ഞാൻ കരഞ്ഞതൊന്നുമല്ല. സാലഡിലെ പച്ചമുളകു കടിച്ചതാ.”

അമ്മ കള്ളം പറഞ്ഞതാണെന്ന്‌ മകന്‌ മനസ്സിലായി.
“ഒരു ദിവസത്തേക്ക് അമ്മ ക്ഷമിക്ക്‌”.
കല്യാണിയമ്മയുടെ ഹൃദയത്തിൽ ഒരു പൂവിതളിന്റെ മൃദുസ്പർശം അനുഭവപ്പെട്ടു.
ക്ഷമയുടെ മൂർത്തീകരണമായിരുന്നു അവരുടെ അമ്മ.
“എന്താ അടുത്ത പരിപാടി? മകൻ എല്ലാരോടുമായി ചോദിച്ചു.
”വീട്ടിൽ പോകാം , അല്ലാതെന്താ? അമ്മ പെട്ടെന്ന്‌ പ്രതികരിച്ചു.
“വേണ്ടച്ഛാ.നമുക്കു ബീച്ചിൽ പോകാം.
ഈ സമയത്താണൊ ബീച്ചിൽ പോകുന്നത്‌? വെയിലല്ലേ?
”സാരമില്ല. എത്ര നാളായി ബീച്ചിൽ പോയിട്ട്‌? പേരക്കുട്ടികൾ ചിണുങ്ങാൻ തുടങ്ങി.

മകൻ അമ്മയുടെ മുഖത്തേക്കു നോക്കി. അവർ മൗനം പാലിച്ചു.
ബീച്ചിലെത്തിയ പാടെ കുട്ടികൾ കടലിനടുത്തേക്കു ഓടി. പിറകെ മുതിർന്നവരും.
ഇവിടിയരാൾക്ക്‌ വെള്ളം കണ്ടാൽ ഭ്രാന്താ. സൂക്ഷിച്ചു വേണേ കടലിൽ ഇറങ്ങാൻ.
സുനാമിക്കു ശേഷം കടൽ എപ്പോഴും ക്ഷോഭിച്ച മട്ടാ. മരുമകൾ മകനെ ഉപദേശിച്ചു.
കല്യാണിയമ്മ ഒരു മരത്തണലിൽ ഇരുന്നു.
“അമ്മ വരുന്നില്ലേ? തിരയിൽ കാൽ നന്യ്ക്കാൻ അമ്മയ്ക്കു വലിയ
ഇഷ്ടമായിരുന്നല്ലോ” മകൾ വിളിച്ചത്‌ അവർ കേട്ടില്ല. അവരുടെ മനസ്സിൽ ഒരു
ഭാര്യയും ഭർത്താവും രണ്ടു കുട്ടികളും ഓടിക്കളിക്കുകയായിരുന്നു. തിരകളോട്‌
കളിച്ച്‌ രസിച്ച്‌, കപ്പലണ്ടിയും കൊറിച്ച്‌ , മണല്പ്പരപ്പിലൂടെ കൈകോർത്തു
നടന്നിരുന്ന സന്തുഷ്ടകുട്ംബം. കല്യാണിയമ്മയുടെ ജീവിതത്തിലെ ഏറ്റവും
സുന്ദരമായ സായാഹ്നങ്ങൾ. അവരുടെ കണ്ണുകൾ നിറഞ്ഞു.

തിരയിൽ നനഞ്ഞു കുതിർന്ന്‌ കുട്ടികൾ എത്തി. താമസിയാതെ മാതാപിതാക്കളും
ക്ഷീണമകറ്റാനായി ഹോട്ടലിലേക്ക്‌ പോകുന്ന വഴിക്ക്‌ മൈക്കിലൂടെ ഒഴുകി വന്ന
പ്രസംഗം.;

അമ്മയുടെ മഹത്വത്തെക്കുറിച്ച്‌ ശങ്കരാചാര്യസ്വാമികൾ പറഞ്ഞിട്ടുള്ളത്‌ ഞാൻ
ഓർക്കുകയാണ്‌.“ഗർഭത്തിലിരിക്കുന്ന പത്തുമാസവും പ്രസവത്തിനുശേഷം രണ്ടു
കൊല്ലവും മക്കൾക്കുവേണ്ടി അമ്മ അനുഭവിക്കുന്ന കഷ്ടപ്പാടുകൾക്ക്‌
പ്രത്യുപകാരം ചെയ്യുവാൻ ഏതെങ്കിലും മക്കൾക്കു സാധിക്കുമോ?

”മാതൃദിന സമ്മേളനങ്ങളും തുടങ്ങിയോ?“ മകൻ അത്ഭുതപ്പെട്ടു. ”വല്ല
വനിതാസംഘടനയും ആയിരിക്കും“.

അഭിനയത്തിന്റെ ധാരാളിത്തവും ആത്മാർത്ഥതയുടെ പഞ്ഞവുമുള്ള ഇക്കാലത്ത്‌
പ്രവൃത്തിയേക്കാൾ കൂടുതൽ പ്രസംഗമാണല്ലൊ അമ്മ മനസ്സിലോർത്തു.
ചായ കുടിച്ചുകൊണ്ടിരുന്നപ്പോൾ മരുമകൻ തന്റെ ആഗ്രഹം പ്രകടിപ്പിച്ചു.
”അടുത്തുള്ള തീയേറ്ററിൽ മോഹൻലാലിന്റെ പുതിയ പടമാ കണ്ടാലോ?
അമ്മയുടെ ഭാവമാറ്റം ശ്രദ്ധിച്ച മകൾ പറഞ്ഞു,“ അച്ഛൻ മരിച്ചതിനുശേഷം അമ്മ
സിനിമ കാണാറില്ലല്ലൊ. ”
“അതിനെന്താ , ഇന്നു കണ്ടുതുടങ്ങാം. അല്ലേ അമ്മേ?

ഇത്തവണയും കല്യാണിയമ്മ മൗനം പാലിച്ചു.ചില അവസരങ്ങളിൽ വികാരങ്ങൾ വാക്കുകൾ
ആകാതിരിക്കുന്നതാണ്‌ ഉചിതം.


തീയേറ്ററിന്റെ കെട്ടിലും മട്ടിലും ആകെ മാറ്റം. ഡിജിറ്റൽ സംവിധാനമുള്ളതിനാല്‍
ഇടിയും തൊഴിയും അട്ടഹാസവുമൊക്കെ കർണ്ണപുടങ്ങളിൽ തുളച്ചു കയറും.

ഹൃദ്രോഗിയായ കല്യാണിയമ്മയുടെ ഹൃദയം പടപടാ മിടിക്കാൻ തുടങ്ങി. ഒരു വൃദ്ധൻ
തീയേറ്ററിൽ കുഴഞ്ഞു വീണു മരിച്ച വാർത്ത മുമ്പൊരിക്കൽ പത്രത്തിൽ
വായിച്ചത്‌ അവർക്കോർമ്മ വന്നു. അങ്ങനെ വല്ലതും സംഭവിച്ചാൽ? ഈശ്വരാ !
ഒന്നും വരുത്തല്ലേ!അവർ പ്രാർത്ഥിച്ചു.

രാത്രിയിൽ വളരെ വൈകിയാണ്‌ വീട്ടിലെത്തിയത്‌. കിടക്കയില്‍  തളർന്നു
കിടക്കുന്ന അമ്മയെ നോക്കി മകൻ പറഞ്ഞു.
”ഇന്ന്‌ അമ്മയ്ക്ക്‌ ഉറക്കഗുളിക കഴിക്കാതെ ഉറങ്ങാൻ പറ്റും. “
നിലാവു പോയിമറഞ്ഞതും, സൂര്യൻ ഉദിച്ചുയർന്നതും കല്യാണിയമ്മ അറിഞ്ഞില്ല. ”

“എന്തൊരുറക്കമാ ഇത്‌! ഞങ്ങൾക്ക്‌ പോകണം.”
മകന്റെ ശബ്ദം കേട്ടാണ്‌ കണ്ണു തുറന്നത്‌. ചുറ്റിനും
പകച്ചുനോക്കിക്കൊണ്ട്‌ അവർ ചോദിച്ചു.
“പോകാനോ? എവിടെ?
”ഞങ്ങളുടെ  വീടുകളിൽ എത്തണ്ടേ? കുട്ടികൾക്ക്‌ സ്ക്കൂളിലും ഞങ്ങൾക്ക്‌
ഓഫീസിലും പോകണം.
മകൾ...
കല്യാണിയമ്മ എഴുന്നേറ്റിരുന്നു. കണ്ണുകളില്‍  നിന്ന്‌ ഉറക്കത്തിന്റെ മൂടൽ
വിട്ടുമാറിയിരുന്നില്ല.
“അമ്മ മദേഴ്സ്‌ ഡേയുടെ ഹാങ്ങോവറിലാണെന്നാ തോന്നുന്നത്‌. ”
സ്വന്തം തമാശയിൽ മകൻ ചിരിച്ചു. അമ്മയ്ക്കു ചിരി വന്നില്ല. ആയാസപ്പെട്ട്‌
എഴുന്നേറ്റ്‌, മക്കളോടൊപ്പം മുൻവശത്തെ മുറിയിലേക്ക് നടന്നു.
“അമ്മൂമ്മാ റ്റാറ്റാ..”
“ബൈ അച്ഛമ്മാ”.
കുട്ടികൾ അച്ഛനമ്മമാരോടൊപ്പം യാത്രയായി. കല്യാണിയമ്മ ഒരു കസേരയിൽ
തളർന്നിരുന്നു. ഭർത്താവിന്റെ ഫോട്ടോയ്ക്കു മുന്നിൽ, മേശപ്പുറത്ത്‌ ,
തലേദിവസത്തെ ബൊക്ക!
സമയം ഊർന്നു പൊയ്ക്കൊണ്ടിരുന്നു. ആ വലിയ വീട്ടിലെ നിശ്ശബ്ദതയിൽ അവർ
മെല്ലെ അലിഞ്ഞു ചേർന്നു......!