സംഘര്‍ഷങ്ങളെ കീഴ്‌പ്പെടുത്തിയ സുവീര കലാവീര്യം


വിഷ്ണുമംഗലംകുമാര്‍

നിരവധി വഴിത്തിരിവുകളും തിരിച്ചടികളും തിരിച്ചറിവുകളും അഭിമുഖീകരിച്ച 
സുവീരന്റെ സംഘര്‍ഷഭരിതമായ ജീവിതം 
മറ്റൊരു സുപ്രധാന വഴിത്താരയിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. 
ആദ്യമായി സംവിധാനം ചെയ്ത  ബ്യാരി 
ദേശീയ അവാര്‍ഡ് നേടിയതോടെയാണ് ആ സിനിമയും സുവീരനും 
ദേശീയ തലത്തില്‍ ശ്രദ്ധയാകര്‍ഷിച്ചത്. 
 സമ്മര്‍ദ്ദങ്ങള്‍ക്കോ വിട്ടുവീഴ്ചകള്‍ക്കോ വഴങ്ങാതെ, 
നമുക്ക് ശരിയെന്ന് തോന്നുന്നത് സത്യസന്ധമായി ചെയ്താല്‍ ഇന്നല്ലെങ്കില്‍ നാളെ അതംഗീകരിക്കപ്പെടും എന്നുള്ള സുവീരന്റെ ദൃഢവിശ്വാസം
 ഊട്ടിയുറപ്പിച്ച സംഭവവികാസം കൂടിയാണത്.


ശിവദാസ് പുറമേരി ,ലേഖകന്‍, സുവീരന്‍
മംഗലാപുരത്തോട് തൊട്ടുകിടക്കുന്ന കടലോര മേഖലയിലെ ഒരു ജനവിഭാഗത്തിന്റെ ലിപി പോലുമില്ലാത്ത ഭാഷയായ ബ്യാരിയില്‍ ഒരു സിനിമ സംവിധാനം ചെയ്യാനിറങ്ങിയപ്പോള്‍ സുവീരനെ പരിഹസിച്ചവരുണ്ട്. പിന്‍തിരിയാന്‍   പ്രേരിപ്പിച്ചവരുണ്ട്. കരിയര്‍ തന്നെ നഷ്ട പ്പെടുമെന്നാണ് ചിലര്‍ ഉപദേശിച്ചത്. എന്നാല്‍ ആ സംസ്ക്കാരം അടക്കിവാഴുന്ന പുരുഷ മേധാവിത്വത്തിന്റെ ഉരുക്കുദംഷ്ടത്തിനുള്ളില്‍ ശ്വാസം മുട്ടി പിടയുന്ന, സ്വപ്നങ്ങള്‍ നഷ്ടപ്പെട്ട സ്ത്രീ ജന്മങ്ങളുടെ ആത്മനൊമ്പരം സ്വന്തം ഹൃദയത്തിലേറ്റുവാങ്ങിയ സുവീരന് തന്റെ കര്‍മ്മ നിയോഗത്തെപ്പറ്റി വ്യക്തമായ ധാരണയുണ്ടായിരുന്നു. തന്നെ ബ്യാരിയുടെ സംഘര്‍ഷത്തിലേക്ക് ആനയിച്ച അല്‍ത്താഫ് ഹുസൈന്‍ എന്ന യുവനിര്‍മ്മാതാവിന്റെ സാമ്പത്തികവും സംഘടനാപരവുമായ പരിമിതികള്‍ സധൈര്യം തരണം ചെയ്താണ് സുവീരന്‍ എന്ന തന്റേടിയായ കലോപാസകന്‍ ബ്യാരി പൂര്‍ത്തിയാക്കിയത്.

നിലപാടിന് അംഗീകാരം സമൂഹത്തിനകത്തും പുറത്തും കലാപത്തിന്റെ ബീജവാപം നടത്താന്‍ പര്യാപ്തമായ ആ സിനിമ തിയേറ്ററുകളില്‍ എത്താതിരിക്കാനും മാധ്യമശ്രദ്ധ ആകര്‍ഷി ക്കാതിരിക്കാനും നിഗൂഢ പരിശ്രമമുണ്ടായി. പ്രതിയോഗികളുടെ താല്പര്യം പോലെ തന്നെ ലിപിയില്ലാത്ത ഭാഷയിലെ ആ കൊച്ചു സിനിമ പേരിനു റിലീസായെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല. സിനിമ പൂര്‍ത്തിയാക്കുന്നതിന് അപ്പുറത്തുള്ള കാര്യങ്ങള്‍ കലാകാരന്‍ എന്ന നിലയില്‍ തന്റെ ജോലിയുടെ പരിധിയില്‍ വരുന്ന കാര്യമല്ല എന്ന വിശ്വാസം കൊണ്ടു നടക്കുന്ന സുവീരന്‍ ബ്യാരിയുടെ പ്രയോക്താവ് ആയതുമില്ല. ബ്യാരിയുടെ ചിത്രീകരണ-ചിത്രീകരണാനന്തര വേളകളില്‍ ഒട്ടേറെ പ്രയാസങ്ങളും മാനസിക പിരിമുറുക്കങ്ങളും സുവീരന് അനുഭവിക്കേണ്ടിവന്നിട്ടുണ്ട്. എന്നാല്‍ അവയൊക്കെ അതിജീവിച്ച് സിനിമ പൂര്‍ത്തിയാക്കാന്‍ സാധിച്ചതില്‍ അദ്ദേഹം ചാരിതാര്‍ത്ഥ്യമടഞ്ഞു. പണ ത്തിന്റെ കുറവുകൊണ്ട് അവശ്യം ആവശ്യമായ ദൃശ്യ ഭംഗിയും സാങ്കേതികതികവും രംഗങ്ങള്‍ക്ക് നല്‍കാന്‍ കഴിയാതെ പോയതിലുള്ള വിഷമം അദ്ദേഹം ആ ചാരിതാര്‍ത്ഥ്യത്തിലൊളിപ്പിച്ചു. സിനിമയുടെ തുടര്‍ജോലികള്‍ ബന്ധപ്പെട്ടവര്‍ക്ക് വിട്ടുകൊടുത്തുകൊണ്ട് സുവീരന്‍ തന്റെ ജീവിതസംഘര്‍ഷത്തിലേക്ക് തിരിച്ചുനടന്നു.

ചരടുവലികളോ സ്വാധീനതന്ത്രങ്ങളോ ഇല്ലാതെയാണ് പ്രബല ഭാഷാചിത്രങ്ങള്‍ അരങ്ങു വാഴുന്ന ഇന്ത്യാമഹാരാജ്യത്ത് കഴിഞ്ഞവര്‍ഷത്തെ ഏറ്റവും മികച്ച ചലച്ചിത്രമായി ബ്യാരി തിരഞ്ഞെടുക്ക പ്പെട്ടത്. അങ്ങനെ തിരഞ്ഞെടുക്കപ്പെടാനുള്ള പുതുമയും ഗുണനിലവാരവും ബ്യാരിയ്ക്കുണ്ട് എന്നതു തന്നെയാണ് ആ ചിത്രത്തെയും അതിന്റെ സൃഷ്ടാക്കളെയും ശ്രദ്ധേയരാക്കുന്നത്. ബ്യാരിയുടെ യോഗ്യത പ്രേക്ഷകരും ശരിവെയ്ക്കുമ്പോള്‍ സുവീരന്‍ എന്ന വ്യത്യസ്തനായ സിനിമാക്കാരന്റെ ശൈലിയും കാഴ്ചപ്പാടും അംഗീകരിക്കപ്പെടുകയും ചെയ്യുന്നു. നേര്‍വഴിക്കുള്ള ആത്മാര്‍ത്ഥമായ കലാപ്രവര്‍ത്തനം മികവുള്ളതാണെങ്കില്‍ അംഗീകരിക്കപ്പെടുകതന്നെ ചെയ്യും എന്ന സുവീരന്റെ സുദൃഢനിലപാടിന് ദേശീയ അവാര്‍ഡ് ജൂറിയുടെ തീരുമാനം അടിവരയിടുകയും ചെയ്തു. ബ്യാരിയും സുവീരനും പ്രശസ്തിയുടേയും അംഗീകാരത്തിന്റെയും കൊടുമുടി കയറിക്കഴിഞ്ഞു. ബ്യാരി അതിന്റെ നിര്‍മ്മാതാവിന് സാമ്പത്തിക ലാഭം നേടിക്കൊടുക്കുകയും ചെയ്തിരിക്കുന്നു.

കൈമോശം വരാത്ത ഗ്രാമസത്ത കോഴിക്കോട്   ജില്ലയേയും കേന്ദ്രഭരണ പ്രദേശമായ മാഹി യെയും കൂട്ടിയോജിപ്പിക്കുന്ന അഴിയൂരാണ് സുവീരന്റെ ജന്മദേശം. എം. മുകുന്ദനും പുനത്തില്‍ കുഞ്ഞബ്ദുള്ളയും സൃഷ്ടിച്ച നവഭാവുകത്വത്തിന്റെ സുഗന്ധം പരന്നൊഴുകിയ, മാനവികതയും സഹജാപബോധവും കൈമോശം വന്നിട്ടില്ലാത്ത ഗ്രാമീണരുടെ തീരദേശം. അഴിയൂര്‍ റെയില്‍വേ ക്രോസ് കടന്ന ഉടനെ കാര്‍ ഓരം ചേര്‍ത്ത് നിര്‍ത്താന്‍ വഴികാട്ടിയായ യുവകവി ശിവദാസ് പുറമേരി പറഞ്ഞു. സുവീരന്റെ വീട്ടുപറമ്പിലേക്ക് വാഹനങ്ങള്‍ക്ക് കടന്നുചെല്ലാനാവില്ല. റെയില്‍പാളത്തിനിപ്പുറം പച്ചപുതച്ച പറമ്പോരത്തെ ഒറ്റയടിപാതയിലൂടെ ഞങ്ങള്‍ നടന്നു. കവിയും അദ്ധ്യാപകനുമായ ശിവദാസ് പുറമേരിയാണ് ബ്യാരിയിലെ ഗാനങ്ങള്‍ എഴുതിയത്. ബ്യാരിമേഖലയില്‍ താമസിച്ച്, ആ ഭാഷയും സംസ്കാരവും പഠിച്ചാണ് ഗാനരചന നടത്തിയത്. സുവീരനോടൊപ്പം ബ്യാരിയെ ഉള്‍ക്കൊള്ളാന്‍ ആദ്യം മുതലേ ശിവദാസും ഉണ്ടായിരുന്നു. മോഡമേ.......മോഡമേ.. എന്ന ഗാനം സിനിമയുടെ ഹൃദയതാളവുമായി. സുവീരന്റെ വീട്ടുമുറ്റത്താണ് ഞങ്ങള്‍ നടന്നെത്തിയത്. തന്റെ കലാജീവിതം പോലെ പരിപൂര്‍ണത അന്വേഷിക്കുന്ന ആ വീട്ടില്‍ തനി ഗ്രാമീണനായി സുവീരന്‍. കള്ളിമുണ്ട്. കുടുക്കിടാത്ത കുപ്പായം. ചീകിയൊതുക്കാത്ത മുടി. രണ്ടു ദിവസം മുമ്പ് ബാംഗ്ളൂരിലെ ഹോട്ടല്‍ മുറിയില്‍ വെച്ച് പരിചയപ്പെടുമ്പോള്‍ ജീന്‍സും സ്റോണ്‍ വാഷ്  ഷര്‍ട്ടുമണിഞ്ഞ നഗരവാസിയായിരുന്നു ഈ സംവിധായകന്‍. ദക്ഷിണ കന്നഡസം ഘം നല്കിയ സ്വീകരണത്തില്‍ പങ്കെടുക്കാനായിരുന്നു ബാംഗ്ളൂരിലെത്തിയത്. ബ്യാരിയില്‍ പ്രധാന വേഷം ചെയ്ത പ്രശസ്തനടന്‍ മാമുക്കോയ, ഛായാഗ്രാഹകന്‍ മുരളീകൃഷ്ണ, ഗാനരചയിതാവ് ശിവദാസ് പുറമേരി, സ്റില്‍ ഫോട്ടോഗ്രാഫര്‍ ഉണ്ണി അഴിയൂര്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു. നഗരശൈലി എത്ര കഠിനമായി ആലിംഗനം ചെയ്താലും സുവീരനിലെ ഗ്രാമസത്തയെ ഞെരിച്ചുകൊല്ലാനാവില്ലെന്ന് അദ്ദേഹത്തിന്റെ ഉള്ളറിയുമ്പോള്‍ നമുക്ക് ബോധ്യപ്പെടും.

കലഹം, വിജയം
 എസ്റ്റാബ്‌ളിഷ്‌മെന്റി നോട് മാത്രമല്ല,  
സൌഹൃദത്തോടും കുടുംബത്തോടു തന്നെയും 
കലഹിച്ചാണ് സുവീരന്‍ തന്റെ കലാവ്യക്തിത്വം
സ്ഥാപിച്ചെടുത്തത്. 
അതാകട്ടെ സംഘര്‍ഷം നിറഞ്ഞ 
ഒരു സാഹസിക പ്രയാണം തന്നെയായിരുന്നു. 

മേശമേലും താഴെയും ചിതറിക്കിടക്കുന്ന പത്രമാസികകളുടെ കവറില്‍ സുവീരവിജയം ആട്ടക്കഥ യുടെ ബഹുവര്‍ണ്ണ ദൃശ്യവിന്യാസം. ദേശീയ അവാര്‍ഡ് പ്രഖ്യാപിക്കപ്പെട്ടതിനെ തുടര്‍ന്ന് സുവീരനിലെ ഉണ്മയെ കണ്ടെത്താന്‍ മത്സരിക്കുകയാണ് മാധ്യമങ്ങള്‍.സാംക്രമികരോഗം   പോലെ യാണ് ഇക്കാലത്ത് വാര്‍ത്തയെഴുത്ത്. അഭിമുഖങ്ങളോട് കലഹിച്ചും അനുഭവങ്ങള്‍ ആവര്‍ത്തിച്ചും സുവീരന്‍ മടുപ്പ് എന്ന വികാരത്തിന്റെ സമീപമെത്തിയിരിക്കുന്നു. സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി തളര്‍ന്നു കഴിഞ്ഞു. എന്നാല്‍ നാട്ടുകാരുടേയും അഭ്യുദയകാംക്ഷികളുടെയും സ്നേഹമസൃണമായ അഭ്യര്‍ത്ഥന തള്ളിക്കളയാനോ അവഗണിക്കാനോ ഗ്രാമ്യമനസ്സിന്റെ ഉടമയായ സുവീരന് കഴിയില്ല. അതുകൊണ്ടു തന്നെ അടുത്ത സിനിമയുടെ അന്വേഷണത്തില്‍ ഗൌരവമായി മുഴുകാനാവാതെ അദ്ദേഹം സ്വീകരണങ്ങളില്‍ നിന്ന് സ്വീകരണങ്ങളിലേക്ക് പായുന്നു. മാധ്യമങ്ങളുടെ അഭിമുഖങ്ങള്‍ക്ക് വിധേയനാകുന്നു. ഇത് മറ്റൊരു സാമൂഹ്യദൌത്യം.

സിനിമ സംവിധാനം ചെയ്യണം എന്ന ആവശ്യവുമായി തന്നെ സമീപിക്കുന്നവരുടെ എണ്ണം അനുദിനം വര്‍ദ്ധിക്കുന്നത് സുവീരനെ അത്ഭുതപ്പെടുത്തുന്നു. ഇവരൊക്കെ ഇതുവരെ എവിടെയായിരുന്നു എന്ന് അദ്ദേഹം ചിന്തിച്ചുപോകുന്നു. എല്ലാവരും ഒന്നിച്ചുവന്നാല്‍ എന്തു ചെയ്യും.? തന്റെ രീതിയില്‍ ഒരു സിനിമ പൂര്‍ത്തിയാക്കാന്‍ ചുരുങ്ങിയത് നാലുമാസം വേണം. അതിനാല്‍ പലര്‍ക്കും വാക്കുകൊടുക്കാനാവാതെ കുഴങ്ങുകയാണ് ഈ ദേശീയ അവാര്‍ഡ് ജേതാവ്. ഏതായാലും സുവീരന്‍ ഒന്നുറപ്പിച്ചിട്ടുണ്ട്. ഉടനെ സംവിധാനം ചെയ്യുന്നത് ഒരു മലയാള സിനിമയായിരിക്കും. ഉദയനാണ് താരം, കഥപറയുമ്പോള്‍ എന്നീ ചിത്രങ്ങളില്‍ ചെറിയ വേഷ ങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെന്നല്ലാതെ മലയാള സിനിമയുമായി ഗാഢബന്ധമൊന്നും സുവീരനില്ല. സിനിമയോട് അടുക്കാന്‍ ശ്രമിച്ചപ്പോഴൊക്കെ അകറ്റിയോടിക്കപ്പെടുന്ന ദുരനുഭവമാണ് ഉണ്ടായിട്ടു ള്ളത്. ആ ഹൃദയവേദനയാണ് ദേശീയ അവാര്‍ഡ് തെളിനീരില്‍ കഴുകിക്കളഞ്ഞത്.

പുത്തനുണര്‍വ്വിന്റെ പ്രതീകം അഴിയൂരിലെ പൌരമുഖ്യനും 
ആയൂര്‍വേദ ഭിഷഗ്വരനുമായിരുന്ന കെ. പി കുഞ്ഞിരാമന്‍ വൈദ്യരുടെയും 
കൌസല്യയുടെയും
 എട്ടു മക്കളില്‍ ഇളയവനാണ് സുവീരന്‍.
കറകളഞ്ഞ കോണ്‍ഗ്രസുകാരനും 
സ്വാതന്ത്യ്ര സമരസേനാനിയുമായിരുന്നു വൈദ്യര്‍. 
തന്റെ മക്കളും കോണ്‍ഗ്രസ്സുകാരായി വളരണമെന്ന് 
വൈദ്യര്‍ ആഗ്രഹിച്ചു.  
സുവീരനെ ഡോക്ടറാക്കണമെന്നായിരുന്നു 
വൈദ്യരുടെ അഭിലാഷം.

അഴിയൂര്‍  ഹൈസ്ക്കൂളില്‍ വിദ്യാര്‍ത്ഥിയായിരിക്കെ സുവീരന്‍ ആഭിമുഖ്യം കാട്ടിയത് ഇടതു പക്ഷ ത്തോടാണ്. കൂത്തുപറമ്പ് നിര്‍മ്മലഗിരി കോളേജിലും, മടപ്പള്ളി ഗവണ്‍മെന്റ് കോളേജിലും പഠിക്കു മ്പോള്‍ ആ ആഭിമുഖ്യം ദൃഢമായി. സ്ക്കൂള്‍ പഠനകാലത്ത് തന്നെ നാടകവുമായി അടുത്തു. പി. എം താജിന്റെ 'എന്നും പ്രിയപ്പെട്ട അമ്മ' എന്ന നാടകത്തിലാണ് ആദ്യം  വേഷമിട്ടത്. തുടര്‍ന്ന് നാടകങ്ങളില്‍ അഭിരമിക്കുകയായിരുന്നു.

സുവീരന്റെ ഇടതുപക്ഷാഭിമുഖ്യവും നാടകഭ്രാന്തും പിതാവിനെ കോപിഷ്ടനാക്കി. ബിരുദ പഠനാനന്തരം തൃശ്ശൂരിലെ സ്ക്കൂള്‍ ഓഫ് ഡ്രാമയില്‍ ചേരാനുള്ള സുവീരന്റെ തീരുമാനം വീട്ടില്‍ കൊടുങ്കാറ്റുയര്‍ത്തി. അഭിമാനിയും സ്നേഹസമ്പന്നനുമായ പിതാവുമായി സുവീരന് ആശയപരമായി ഏറ്റുമുട്ടേണ്ടി വന്നു. വീടുവിട്ടിറങ്ങലിലാണ് അത് കലാശിച്ചത്. സുവീരന്റെ സംഘര്‍ഷപ്രയാണം അവിടെ തുടങ്ങുന്നു. സ്ക്കൂള്‍ ഓഫ് ഡ്രാമയില്‍ നിന്ന് പുതിയ നാടകപാഠങ്ങള്‍ ഉള്‍ക്കൊണ്ടു. പിന്നീട് ഡല്‍ഹിയിലെ നാഷണല്‍ സ്ക്കൂള്‍ ഓഫ് ഡ്രാമയില്‍ ചേര്‍ന്ന് ലോകനാടകവേദിയുമായി സംവദിച്ചു. പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയില്‍ നിന്ന് പെര്‍ഫോമിങ് ആര്‍ട്ട്സില്‍ ബിരുദാനന്തര ബിരുദം നേടി.

നാടകയാത്രയ്ക്കിടയിലാണ് നാടകാവബോധമുള്ള
 അമൃതയെ ജീവിതസഖിയാക്കിയത്. 
ഈ ദമ്പതികള്‍ക്ക് രണ്ടുപെണ്‍മക്കള്‍. 
കേകയും, ഐകയും. 
റെയില്‍വെയുടെ 
കടന്നുകയറ്റത്താല്‍ ബലാല്‍സംഗം
 ചെയ്യപ്പെട്ട കണ്ണംവെള്ളിപ്പൊയില്‍ പറമ്പിലെ 
തറവാട് പൊളിച്ചുമാറ്റി സുവീരന്‍ സ്വന്തമായൊരു വീടുപണിതു.

മുബൈയില്‍ ഭൂപന്‍കാക്കര്‍ എന്ന പ്രമുഖ ചിത്രകാരനോടൊപ്പം ഡിസൈന്‍ എക്സിക്യൂട്ടീവായി പ്രവര്‍ത്തിച്ചു. “"ക്രോസ് ഡിസ്ട്രാക്ഷന്‍'', "സൌണ്ട് മെഷീന്‍'', "മേരിയും ലോറന്‍സും'' എന്നീ ഹ്രസ്വചിത്രങ്ങള്‍ സംവിധാനം ചെയ്തു. ഫരീദാ മേത്തയുടെ കാലി സല്‍വാര്‍ എന്ന സിനിമയുടെ അണിയറയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

1977ല്‍ 'ഉടമ്പടിക്കാല'ത്തില്‍ 
തുടങ്ങി 2008 ല്‍ സി.വി ബാലകൃഷ്ണന്റെ 
"ആയുസ്സിന്റെ പുസ്തകത്തിന്'' 
തനിമയാര്‍ന്ന ദൃശ്യഭാഷ്യം ചമച്ച 
 സുവീരന്റെ നാടക സപര്യ വിപുലവും മൌലികവുമാണ്.

മാറുന്ന മലയാള സിനിമയ്ക്ക് സുവീരന്‍ തീര്‍ച്ചയായും വിലമതിക്കാനാവാത്ത മുതല്‍കൂട്ടാണ്.  മരിക്കും മുമ്പേ കുഞ്ഞിരാമന്‍ വൈദ്യന്‍ സുവീരന്റെ ധിഷണാവൈവിധ്യം തിരിച്ചറിഞ്ഞിരുന്നു. അദ്ദേഹം മനസ്സറിഞ്ഞ് അനുഗ്രഹിക്കുകയും ചെയ്തു. ആ അനുഗ്രഹം അഭിമാനമാക്കി തലയുയര്‍ത്തിപ്പിടിച്ച് നടന്നാണ്, മനസാക്ഷിയെ വഞ്ചിക്കാതെയാണ് സുവീരന്‍ ദേശീയ അവാര്‍ഡ് നേടിയെടുത്തത്.  അതുകൊണ്ടു തന്നെ ഈ അവാര്‍ഡിന് തിളക്കമേറെയാണ്. ബ്യാരി വഴിതിരിച്ചുവിട്ട സുവീരന് മലയാള സിനിമയ്ക്ക് പുത്തന്‍ ഉണര്‍വ് പകര്‍ന്നേകാനുള്ള അനുഭവസമ്പത്തും ക്രിയാശേഷിയും ഉണ്ട്.