ഡോ:സി.എൻ.എൻ. നായർ (പരിചയം)

സി.എന്‍. എന്‍. നായര്‍ 

മുരളിദാസ്‌ പെരളശ്ശേരി


ഇന്ന്‌ മനസ്സിൽ പടർന്നു പന്തലിച്ചു നിക്കുന്ന ഭാഷാസ്നേഹത്തിന്റെ വിത്തുകൾ ഓർമ്മ വെച്ച കാലം മുതൽ ഉരുവിട്ടു പഠിക്കാനായി അച്ഛൻ പറഞ്ഞുതന്ന കൊച്ചുവായിലൊതുങ്ങാത്ത കഠിനപദങ്ങളായിരുന്നു എന്ന്‌ തന്റെ ബാല്യകാലങ്ങളെ ഓർമ്മിച്ചുകൊണ്ട്‌ ഡോ"സി.എൻ.എൻ. നായർ പറയുന്നു.
അദ്ധ്യാപനവും ഇടയ്ക്കുള്ള കൃഷിപ്പണിയുമെല്ലാം കഴിഞ്ഞ്‌ വരുമ്പോൾ രാവിലെ ചൊല്ലിത്തന്ന ശ്ലോകങ്ങൾ പാടിക്കേൾപ്പിച്ചില്ലെങ്കിൽ കിട്ടുന്ന ശിക്ഷയുടെ വേദനയിൽ കോട്ടയം തമ്പുരാന്റെ ദുർഗ്രാഹ്യമായ "കിർമ്മീരവധം "പോലും മനഃപാഠമാക്കേണ്ടി വന്ന ബാല്യത്തിന്റെ കഥകളിൽ ആട്ടുതിട്ടിലിനരികിലും അടുക്കളത്തളങ്ങളിലും വിദുഷിയായ അമ്മ മൂളുന്ന ഇരയിമ്മന്തമ്പിയുടെ പദലഹരികളുണ്ട്‌. അച്ഛന്റെ വായിൽനിന്നുതിർന്നുവീഴുന്ന കഥകളിപ്പദങ്ങളും കീർത്തനങ്ങളുമുണ്ട്‌. രാമായണ-ഭാഗവത പാരായണങ്ങളുടെ ഈണങ്ങൾ അലിഞ്ഞുചേർന്ന അകത്തളങ്ങളിൽ നിന്ന്‌ ശൈശവവും ബാല്യവും പിന്നിടുമ്പോഴേക്കും മനസ്സിൽ ഇഴുകിച്ചേർന്ന ഒരു വികാരമായി സംസ്കൃതം മാറിക്കഴിഞ്ഞിരുന്നു.

"ഏറ്റുമാനൂരമ്പലത്തിലെ കളിത്തട്ടിൽ കേളി കൊട്ടുയരുമ്പോൾ തന്നെയും ചുമലിലേറ്റിനടക്കുന്ന അച്ഛന്റെ യാത്ര. കഥകളിവേഷങ്ങൾക്കു മുമ്പിൽ സ്വയം മറന്നിരിക്കുമ്പോഴും മുദ്രകളുടേയും, മേളപ്പദങ്ങളുടേയ്യും അർത്ഥം തനിക്കോതിത്തരാൻ ഭാഷാപണ്ടിതനായ അച്ഛൻ മറക്കാത്ത ഉത്സവരാത്രികൾ. "....ഒരു കഥകലി നടനാകാൻ മോഹിച്ചതിനു പിന്നിലെ ഉൾപ്പത്തിരഹസ്യങ്ങൾ കാന്തിവലിയിലെ തന്റെ വസതിയിൽ വെച്ച്‌ ഡോ"സി.എൻ.എൻ.നായർ പറയുമ്പോൾ ഇലക്ട്രിക്‌ എഞ്ചിനീയറിംഗിലും . ഇംഗ്ലീഷ്‌ സാഹിത്യത്തിലും ബിരുദവും, ബിരുദാനന്തരബിരുദങ്ങളും നേടിയ്ട്ടും ;കത്തി; കരികളോടും ;പച്ചയോടും; പച്ചമലയാളത്തോടുമുള്ള അടക്കാനാവാത്ത പ്രണയത്തിന്റെ വിട്ടുമാറാത്ത കുളിര്‌ നേർത്ത രോമാഞ്ചമായി ഇപ്പോഴും പ്രതിഫലിക്കുന്നതു പോലെ തോന്നി.

ഇന്നും അക്ഷരശ്ലോക്ക സദസ്സുകൾക്കു മുമ്പിൽ ഓടിയെത്താൻ കൊതിക്കുന്ന മനസ്സിനു പിന്നിൽ അക്ഷരശ്ലോകങ്ങളെ താരാട്ടു പാട്ടാക്കിയുറക്കിയ അമ്മയായിരുന്നുവേന്ന്‌ അഭിമാനത്തോടെ ഡോ"സി.എൻ.എൻ. നായർ പറയുന്നു.

എറ്റുമാനൂരിലെ ചാലക്കൽ (കാവുങ്കൽ) നാരായണൻ നായരിൽ നിന്നും സി.എൻ.എൻ നായരിലേക്കുള്ള വളർച്ചയുടെ പടവുകളിൽ ആശീർവ്വാദത്തിന്റെ അദൃശ്യമായ അനുഗ്രഹസ്പരശങ്ങളുമായി മാതാപിതാക്കളുടെ സാന്നിദ്ധ്യമുണ്ടായിരുന്നു എന്നു വിശ്വസിക്കുന്ന ഇദ്ദേഹം അച്ഛന്റെ മഹത്വം താനറിഞ്ഞതിൽ കൂടുതൽ മറ്റു പലരിൽ നിന്നുമാണ്‌ വളരുമ്ന്തോറും അറിയാൻ കഴിഞ്ഞതെന്നുകൂടി പറയുന്നു.

വായനാമുറിയിലെ ഗ്രന്ഥശെഖരങ്ങൾക്കിടയിൽ നിന്ന്‌ പണ്ടൊരിക്കൽ കേരളവർമ്മ വലിയകോയിത്തമ്പുരാന്റെ(കേരളകാളി
ദാസൻ)കയ്യൊപ്പോടുകൂടിയ ;സർട്ടിഫിക്കറ്റ്‌; കിട്ടിയപ്പോൾ അത്‌ തിരുവിതാംകൂറിൽ സംഘടിപ്പിച്ച ലേഖനമത്സരത്തിൽ ഒന്നാം സമ്മാനമായി അച്ഛനു കിട്ടിയതാണെന്ന്‌ മനസ്സിലായതും, പാതിരിസഭകളുടെ ;അഡ്ജസ്റ്റുമന്റുകൾ; ക്ക്‌ വഴങ്ങാതെ അദ്ധ്യാപകജോലി ഉപേക്ഷിച്ചപ്പോൾ നാട്ടുകാര സംഘടിച്ച്‌ ;മംഗളപത്രം; നൽകി എന്നറിഞ്ഞപ്പോഴും , സ്ഥലത്ത്‌ ആദ്യമായി ഒരു കോ-ഓപ്പറേറ്റീവ്‌ ബാങ്ക്‌ വന്നത്‌ അച്ഛന്റെ ശ്രമഫലമായിട്ടാണെന്നറിഞ്ഞപ്പോഴും പിതാവിലെ അസാധരണത്വം തന്നെ അത്ഭുതപ്പെടുത്തിയതായി സി.എൻ.എൻ. നായർ പറഞ്ഞു.

2001 ഒക്ടോബർ 2 നു പേരൂർ എൻ.എസ്‌.എസ്‌. കരയോഗം അതിന്റെ അശീതി ആഘോഷം (80 താം വാർഷികം)സംഘടിപ്പിച്ചപ്പോൾ . സമ്മേളനരംഗത്തിന്‌ . സി.എൻ.എൻ. നായരുടെ വന്ദ്യപിതാവിന്റെ സേവനങ്ങളെ അനുസ്മരിച്ചും, ആദരിച്ചും "എം.കെ. നില്ലകണ്ഠപ്പിള്ള നഗർ" എന്നാണ്‌ നാമകരണം ചെയ്തത്‌. തദവസരത്തിൽ അദ്ദേഹത്തിന്റെ ഛായാച്ചിത്രം കോട്ടയം എം.പി. യായിരുന്ന ശ്രീ. സുരേഷ്ക്കുറുപ്പിന്റെ സാന്നിദ്ധ്യത്തിൽ എൻ.എസ്‌.എസ്‌. ജനറൽ സെക്രട്ടറി ശ്രീ.പി.കെ. നാരായണപ്പണിക്കർ അനാച്ഛാദനം ചെയ്യുകയുണ്ടായി.


അർദ്ധരാത്രിക്കുപോലും കുടപിടിക്കാൻ മടി കാണിക്കാത്ത അൽപ്പന്മാർക്ക്‌ പഞ്ഞമില്ലാത്ത ഈ മഹാനഗരത്തിൽ അൽപ്പം പോലും അഹന്തയില്ലാതെ വിനയവും ലാളിത്യവും കൊണ്ട്‌ നമ്മെ അത്ഭുതപ്പെടുത്താൻ ഡോ" സി.എൻ.എൻ. നായർ കഴിയുന്നതു തന്നെ ആത്മപ്രശംശയോ , അഹം ഭാവമോ പോറലേൽപ്പിക്കാത്ത വലിയ മനസ്സുള്ള ഒരച്ഛന്റെ മകനായതുകൊണ്ടായിരിക്കാം . കാരണം അഹങ്കരിക്കാൻ അനന്തമായ സാദ്ധ്യതകളുള്ള അംഗീകാരങ്ങൾ സ്വായത്തമാക്കിയൊരു മറുനാടൻ പ്രതിഭതന്നെയാണദ്ദേഹം.

കോട്ടയം ജില്ലയിൽ 1942 മാർച്ച്‌ 6 നു ചാലയ്ക്കൽ നീലകണ്ഠപിള്ളയുടേയും നെടുവ്‌ഏലിൽ മാധവിയമ്മയുടേയും മകനായി ജനിച്ച നാരായണൻ നായർ ഏറ്റവും മികച്ച വിദ്യാർത്ഥിയയായി എറ്റുമാനൂർ ഹൈസ്ക്കൂളിലും സി.എം.എസ്‌ കോളേജിലും പഠിച്ചതിനുശേഷം നാട്ടകം പോളിടെക്നിക്കിൽ നിന്നും ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ്മ ഒന്നാംക്ലാസ്സോടെ ജയിച്ചു. കൂടുതൽ പഠിക്കാനുള്ള ആഗ്രഹം അച്ഛന്റെ മരണത്തോടെ ഉപേക്ഷിച്ചു. സാമ്പത്തിക ബുദ്ധിമുട്ടു കാരണം പാമ്പാടി ജെ.ടി എസ്സിൽ അദ്ധ്യാപകനായി. 1964 ൽ അന്ന്‌ കേന്ദ്ര സർക്കാരിനു കീഴിലുള്ള 'ഓവർസീസ്‌ കമ്മ്യൂ‍ൂണിക്കേഷൻ സർവ്വീസിൽ"(ഇന്ന്‌ വി.എസ്‌. എൻ.എൽ) തെരെഞ്ഞെടുക്കപ്പെട്ടതിനുശേഷം പൂനെയിൽ നടന്ന ആരു മാസത്തെ അഖിലേന്ത്യാ പരിശീലനത്തിൽ ഒന്നാമനായി വിജയിച്ചതു ഡോ"സി.എൻ.എൻ നായരായിരുന്നു. തുടർന്ന്‌ ജോലി സ്ഥലം സ്വയം നിർണ്ണയിക്കാൻ അവസരമുണ്ടായപ്പോൾ ബോംബെയെക്കുറിച്ച്‌ ഒന്നുമറിയാതിരുന്നിട്ടും അദ്ദേഹമിവിടമാണ്‌ തെരെഞ്ഞെടുത്തത്‌. ഒരു പാട്‌ പഠിക്കാൻ മോഹിച്ച്‌ ഇടയ്ക്കെല്ലാമുപേക്ഷിക്കേണ്ടി വന്ന വിധിവൈപരീത്യത്തെ മറി കടക്കാൻ മുംബെയ്‌ നഗരം ഒരുക്കിത്തന്ന സ്വാതന്ത്ര്യം നഗരത്തിന്റെ ഏറ്റവും വലിയ സവിശേഷതയായി അദ്ദേഹം കാണുന്നു. കോസ്മോപൊളിറ്റൻ സ്വഭാവം കുറയുന്നതും ഇടുങ്ങിയ ചിന്താഗതിക്കാർ കൂടുന്നതും ഒരു ദുരവസ്ഥയായി ഇന്നു മാറുന്നതിൽ അദ്ദേഹം നിരാശനാണ്‌.

മുപ്പത്തെട്ടു വർഷം ഇന്ത്യയുടെ;എക്സ്റ്റേണൽ ടെലി കമ്മ്യൂണിക്കേഷനിൽ' ജോലി ചെയ്ത്‌ 2002 ൽ ;വി.എസ്‌.എൻ.എല്ലിന്റെ ജനറൽ മാനേജരായി സേവനമനുഷ്ഠിച്ച ശേഷം വിരമിച്ച ഡോ"സി.എൻ.എൻ. നായർ നമ്മുടെ രാജ്യത്തിന്‌ സംഭാവന ചെയ്ത മികച്ച സേവനങ്ങളിലൂടെ ഇന്ന്‌ ലോകപ്രശസ്തനായി മാറിക്കഴിഞ്ഞപ്പോൾ ചരിത്രത്തിൽ സ്ഥാനം പിടിച്ച മലയാളി മഹത്വങ്ങളിലൊന്നായി അദ്ദേഹത്തിന്റെ രചനകളും വിലയിരുത്തപ്പെടുന്നു.

വിദേശവാർത്താവിനിമയരംഗത്തെ ഇന്ത്യയുടെ വളർച്ചയെക്കുറിച്ച്‌ അദ്ദേഹം മൂന്നു പുസ്തകങ്ങൾ എഴുതിയ്ട്ടുണ്ട്‌."ദി ഹിസ്റ്ററി ഓഫ്‌ ഇന്ത്യാ;സ്‌ ഓവർസീസ്‌ കമ്മ്യൂണിക്കേഷനസ്‌(1987)"ബാക്ക്‌ ടു ദ ഡോട്സ്‌"(1996) എന്നിവ അന്നത്തെ കേന്ദ്രമന്ത്രിമാരായ വസന്ത്‌ സാഥെയും ബെന്നി പ്രസാദ്‌ വർമ്മയും "ദി സ്റ്റോറി ഓഫ്‌ വിദേശ്‌ സഞ്ചാർ"(2003) രത്തൻ ടാറ്റയും പ്രകാശനം ചെയ്തു. ഇന്ത്യയിൽ ആദ്യമായി എഴുതപ്പെട്ട ഈ ചരിത്രലിഖിതങ്ങൾക്കു പിന്നിലെ നിതാന്ത പരിശ്രമങ്ങളും ഏകാഗ്രതയും ഉത്തരവാദിത്വബോധവും ലോകമംഗീകരിച്ചപ്പോൾ ഈ ചരിത്രകാരൻ ഒരു മലയാളി ആണെന്നത്‌ നമുക്ക്‌ അഭിമാനത്തിന്‌ വക നൽകുന്നു.

1972-ൽ എൽഫിൻസ്റ്റൺ കോളേജിൽ നിന്നും ബിരുദമെടുത്തതിനുശേഷം 74- ൽ മുംബെയ്‌ സർവ്വകലാശാലയിൽ നിന്ന്‌ ഇംഗ്ലീഷ്‌ സാഹിത്യത്തിലും സൗന്ദര്യശാസ്ത്രത്തിലും ബിരുദാനന്തരബിരുദങ്ങൾ നേടി 1982-ൽ മുംബെയ്‌ ഗവൺമന്റ്‌ ലോ കോളേജിൽ നിന്ന്‌ എൽ.എൽ.ബി.യും ജയിച്ച്‌ 84- ൽ മുംബെയ്‌ സർവ്വകലാശാലയിൽ നിന്ന്‌ മാനേജ്‌മന്റ്‌ പോസ്റ്റ്‌ ഗ്രാജ്വേറ്റ്‌ ഡിപ്ലോമയും ഡോ: സി.എൻ. എൻ. നായർ കരസ്ഥമാക്കി. കലാസാഹിത്യരംഗത്ത്‌ ശക്തമായ ആഭിമുഖ്യമുണ്ടായിരുന്നിട്ടും മലയാളികളുടെ പൊതുവേദികളിൽ വലിയൊരു കാലത്തോളം അപരിചിതനായി മാറിയതിനു പിന്നിൽ അറിവ്‌ നേടിയെടുക്കാനുള്ള ഈ അതിയായ അഭിവാഞ്ച കാരണമായിത്തീർന്നുവേന്ന്‌ നമുക്ക്‌ കരുതാം. എന്നിരുന്നാലും പകൽ മുഴുവൻ പഠനവും രാത്രി ജോലിയുമായി നീങ്ങിയിരുന്ന കഠിനമായ നാളുകൾക്കിടയിലും സാഹിത്യവുമായി സൗഹൃദം സ്വകാര്യമായി അദ്ദേഹം നിലനിർത്തിപ്പോന്നിരുന്നു. 1966-ൽ 'മലയാള രാജ്യത്തിൽ' നീലകണ്ഠനുള്ളി ഒളശ്ശയുടെ ലേഖനത്തിന്‌ വിമർശനമെഴുതുകയും, മാതൃഭൂമി, കുങ്കുമം,വാരികകളിൽ കവിതകളും ഉപന്യാസങ്ങളുമെഴുതിയും ഡോ: സി.എൻ.എൻ. നായർ ശ്രദ്ധേയനായിക്കഴിഞ്ഞിരുന്നു.


എല്ലാ രജകീയസുഖങ്ങളുടേയു നടുവിൽ മാനുഷികമായ ഒരു പ്രലോഭനങ്ങൾക്കും വഴങ്ങാത്ത 'ഭീഷ്മർ' എന്ന മഹാഭാരതത്തിലെ തനിക്കിഷ്ടപ്പെട്ട കഥാപാത്രത്തിന്റെ മനസ്സിലൂടെ സഞ്ചാരം നടത്തി ഇംഗ്ലീഷിൽ ആദ്ദേഹമെഴുതിയ നീണ്ട കവിത 'എ ബെഡ്‌ ഓഫ്‌ റോസസ്‌' എന്ന പേരിൽ മലേഷ്യയിൽ വെച്ച്‌ 1087- ഏപ്രിൽ 12-ന്‌ അവിടുത്തെ ഹൈക്കോടതി ജഡ്ജി ഡാറ്റോ മഹാദേവ ശങ്കർ പ്രകാശനം ചെയ്തു.പിന്നീട്‌ മുംബൈയുടെ മഹാകവി ശ്രീകൃഷ്ണരത്നം കൃഷ്ണൻ പറപ്പ‍ീയുടെ ;സങ്കര സാഗരം' ഇംഗ്ലീഷിലേക്ക്‌ മൊഴിമാറ്റം ചെയ്തു. ഇംഗ്ലീഷ്‌,ചൈനീസ്‌ ഭാഷകളിലെ ഒട്ടേറെ കവിതകൾ മലയാളത്തിലും പരിഭാഷപ്പെടുത്തിയ അദ്ദേഹം 'തർജ്ജം' രസകരമയൊരനുഭൂതി പ്രദാനം ചെയ്യുന്നതായി സാക്ഷ്യപ്പെടുത്തുന്നു.
ഇംഗ്ലീഷ്‌ സാഹിത്യത്തെ കേന്ദ്രീകരിച്ച്‌ ലോകസാഹിത്യത്തെക്കുറിച്ച്‌ തയ്യാറാക്കിയ പഠനപ്രബന്ധത്തിന്‌ 'മെഡിസിന ആൾട്റ്റർന്നേറ്റീവ്‌ മോസ്‌ കോ-കൊളംബോ' എമ്ന്ന യു.എൻ അംഗീകാരമുള്ള "ഓപ്പൺ ഇന്റർന്നാഷണൽ യൂണിവേഴ്സിറ്റി' 2007 ജനുവരി 21 ന്‌ ഡോക്ടറേറ്റ്‌ നൽകി ഡോ സി.എ. എൻ. നായരെ ആദരിച്ചു. തനിക്കു കിട്ടിയ ഈ അംഗീകാരത്തിനു പിന്നിൽ ഗവേഷണത്തിന്‌ തന്നെ ഏറെ സഹായിച്ച 'ഇന്ത്യൻ ഡവലെപ്പ്‌മന്റ്‌ ഫൗണ്ടേഷൻ' പ്രസിഡണ്ടായ ഡീ" ഇ. ആർ. കെ പിള്ളയുടെ സഹായസഹകരണങ്ങൾ കൃതജ്ഞ്തയോടെ അദ്ദേഹം ഓർക്കുന്നു.


ചാർക്കോപ്പിലെ 'കേസർ' എന്ന കെട്ടിടത്തിലെ ഡി-1 വിംഗിലെ 103-ആം നമ്പർ ഫ്ലാറ്റിൽ ഇംഗ്ലീഷ്‌, മലയാളസാഹിത്യങ്ങളുടെ ചരിത്രത്തിലേക്ക്‌ ഒരു തിരിച്ചു പോക്കു നറ്റത്താൻ അതിവിദഗ്ദ്ധമായി രൂപകൽപ്പന ചെയ്തിരിക്കുന്ന രണ്ടര അടി വീതിയും മൂന്നര ടി നീളവുമൂള്ള രണ്ടു'ഫ്രെയിമുകൾ' ഡോ.സി.എൻ.എൻ. നായർ പതിപ്പിച്ചിട്ടുണ്ട്‌. അതിഥികളെ അത്ഭുതപ്പെടുത്തുന്ന തികച്ചും മൗലികമായ ഈ കണ്ടുപിടുത്തങ്ങൾക്കു പിന്നിലെ ഗവേഷണബുദ്ധി അവിശ്വസിനീയമായി തോന്നിയേക്കാമെങ്കിലും ഭൂതകാലസത്യങ്ങളെ നേർത്ത വരകളിലൊളിപ്പിച്ച കഠിനപ്രയത്നം ചരിത്രവിദ്യാർത്ഥികൾക്കു മാത്രമല്ല , സാഹിത്യത്തെ ഇഷ്ടപ്പെടുന്ന ആർക്കും അമൂല്യമായേക്കുമെന്നതിൽ യാതൊരു സംശയവുമില്ല. ഇംഗ്ലീഷിൽ ബിരുദാനന്ത്രബിരുദത്തിന്‌ പഠിക്കുമ്പോൾ സാഹിത്യചരിത്രം എളുപ്പം ഓർമ്മ വെയ്ക്കാനായി 1974-ൽ മെനെഞ്ഞെടുത്ത 'ഗ്രാഫിക്കൽ റെപ്രേസ്റ്റേഷൻ' എന്ന ഈ ആശയം മലയാളഭാഷാചരിത്രത്തെക്കുറിച്ചു കൂടി വേണമെന്ന ചിന്തയിൽ ഏതാണ്ട്‌ നാലുവർഷത്തെ പഠനത്തിലൂടെ രൂപപ്പെടുത്തിയതാണ്‌ 'മലയാള ഭാഷാതരംഗങ്ങൾ' എന്ന സൃഷ്ടി. ഗ്രാഫ്‌ പെപ്പറിൽ വരകളുടെ ദൈർഘ്യങ്ങളിലൂടേയും നേർത്ത അക്ഷരങ്ങളിലൂടേയും സാഹിത്യചരിത്രങ്ങളുടെ വളർച്ചയും പരിണാമവും ആവിഷ്ക്കരിച്ചെടുത്തപ്പോൾ വളരെ സുഗമമായിത്തീരുന്നു. ;ടൈഡ്‌ ഓഫ്‌ ടൈംസ്‌' ലോകസാഹിത്യം പ്രതിപാദിക്കുമ്പോൾ മലയാളത്തിന്റെ ബാല്യം, പുരോഗതി, ഭാരതീയ ജ്ഞാനധാര, ആധാരശിലകൾ, തൂലികാനാമങ്ങൾ, അദ്ധ്യാത്മിക ജ്യോതിസ്സുകൾ, സാഹിത്യകാരന്മാർ, സംഘടനകൾ ,ചരിത്രത്തിന്റെ കാൽനഖേന്ദു മരീചികകൾ , ഭാഷാമഹാകാവ്യങ്ങൾ, ജ്ഞാനപീഠ ജേതാക്കൾ, കഥകളി, ഓട്ടന്തുള്ളൽ, വർത്തമാനപത്രങ്ങൾ, പ്രസിദ്ധീകരണങ്ങൾ , ഭാഷാവൃത്തങ്ങൾ, കേരളത്തിൽ നടന്ന സംഭവങ്ങൾ തുടങ്ങി മുംബൈയിലെ ചെറുതും വലുതുമായ സാഹിത്യകാരന്മാരെക്കുറിച്ച്‌ വരെ പരാമർശിക്കുകയാണ്‌ ;ഭാഷാതർംഗങ്ങളിലൂടെ'. ഉമയമ്മ റാണി മുതൽ ഉമ്മൻ ചാണ്ടി വരേയും ആദിത്യവർമ്മ മുതൽ അച്യുതാനന്ദൻ വരേയുമുള്ള ഭരണാധിപന്മാരേയും ചരിത്രത്തിന്റെ ഈ 'ഗ്രാഫിൽ' രേഖപ്പെടുത്തിയിട്ടുണ്ട്‌. എ.ഡി. 1750 മുതൽ 2000 വരേയുള്ള കേരളചരിത്രം ആവിഷ്ക്കരിക്കുന്നതിനായുള്ള പഠനം തന്റെ സ്വന്തമായ ഇംഗ്ലീഷ്‌, മലയാള സാഹിത്യങ്ങളുടെ ഗ്രന്ഥശെഖരങ്ങൾ വിപുലമാക്കാനും അദ്ദേഹത്തെ സഹായിച്ചു.

നാൽപ്പത്തിമൂന്നു സംവത്സരങ്ങളായി മറുനാട്ടിൽ ജീവിച്ചിട്ടും ജന്മനാടിന്റെ ജനിതകശാസ്ത്രവും ഭൂമിശാസ്ത്രവും പഠിച്ച ഗവേഷണതൽപ്പരത മറ്റൊരു മലയാളിയിലും കാണാത്തതുകൊണ്ടു തന്നെ ഈ ചരിത്രങ്ങളും ചരിത്ര ശിൽപ്പിയും വേറിട്ടൊരു കാഴ്ച്ചയായി , നമ്മെ അമ്പരപ്പിക്കുകയും ആനന്ദിപ്പിക്കുകയും ചെയ്യുന്നു.
എല്ലാ പ്രയത്നങ്ങൾക്കു പ്രവർത്തനങ്ങൾക്കും പ്രേരകശക്തി ആരാണെന്ന ചോദ്യത്തിന്‌ രണ്ടാമതൊന്നാലോചിക്കാൻ സി.എൻ.എൻ. നായർക്ക്‌ സമയം വേണ്ട. ഭാര്യ-ഗൗരിക്കുട്ടി. 1975-ൽ താലികെട്ടി കൂടെ കൂട്ടിയതോടെ തണലും തലോടലുമായി മാറി, തളരുമ്പോൾ താങ്ങായി ഉയരങ്ങളിലേക്കു നയിച്ച സഹധർമ്മിണി, ഒരിക്കലുമൊരബദ്ധമാകാതെ , വിജ്ഞാനദാഹത്തിന്‌ വിഘ്നമാകാതെ , കടമ ഒരു കർമ്മമായി അനുഷ്ഠിച്ച്‌ 'കുട്ടീ' എന്നു വിളിക്കുമ്പോൽ ഒരു കുട്ടിയെപ്പോലെ ഭർത്താവിനു മുന്നിലെത്തുന്ന ഗൗരിക്കുട്ടി. രണ്ടുമക്കളുടേയും സംരക്ഷണം സ്വയമേറ്റെടുത്ത്‌ തന്റെ ശയൻസ്‌ ബിരുദത്തിന്റെ ശിക്ഷണത്തിൽ ഉയർന്ന മാർക്കുകൾ വാങ്ങാൻ സഹായിച്ച്‌`, രണ്ടു പേരേയും എം.ബി.എ. ക്കാരാക്കി മാറ്റിയ അമ്മ. മകൾ അജ്ഞലിയും ഭർത്താവും മൾട്ടിനാഷണൽ കമ്പനിയിൽ ഉന്നതൗദ്യോഗസ്ഥരാണ്‌. മകൻ അജി ഹിന്ദുസ്ഥാൻ ലിവറിൽ എരിയാ സെയിൽസ്‌ മാനേജരായി ജോലി ചെയ്യുന്നു.

ഔദ്യോഗികാവശ്യങ്ങൾക്കായി അമേരിക്ക.,ആസ്ത്രേലിയ, കാനഡ, ബ്രിട്ടൻ, സിംഗപ്പൂർ, യു.എ.ഇ. തുടങ്ങിയ ഒട്ടേറെ വിദേശരാജ്യങ്ങൾ സന്ദർശിച്ച ഡോ" സി.എൻ.എൻ.നായർ 1997-98-ൽ ബോംബെ സാഹിത്യവേദിയുടെ കൺവീനർ ആയിരുന്നു.1998-ൽപ്രഥമ വി.ടി. ഗോപാലകൃഷ്ണൻ അവാർഡ്‌ ലഭിച്ചു. സാന്താക്രൂസ്‌ എൻ.എസ്‌.എസ്സിന്റെ ലൈഫ്‌ ടൈം അച്ചീവ്‌മന്റ്‌ അവാർഡ്‌, മെഡിസിന ആൾട്ടർന്നേറ്റീവയുടെ ലോക കോൺഗ്രസ്സിൽ ;മില്ലേനിയം അവാർഡ്‌`' ഫെഡറേഷൻ ഓഫ്‌ ആൾ ഇന്ത്യാ മറുനാടൻ മലയാളി അസ്സോസിയേഷൻസ്‌(ഫെയ്മ);അവാർഡ്‌` ഓഫ്‌ എക്സലൻസ്‌ ഇൻ എസ്തറ്റിക്സ്‌' തൂടങ്ങിയ അംഗീകാരങ്ങൾ ലഭിച്ച അദ്ദേഹം ഇപ്പോൾ ഇന്ത്യൻ ഡവലെപ്പ്‌`മെന്റ്‌ ഫൗണ്ടേഷൻ ട്രസ്റ്റി-ട്രഷററാണ്‌.



മുംബൈയിൽ നിന്നു പോയതും നിലനിൽക്കുന്നതുമായ ഒട്ടേറെ പ്രസിദ്ധീകരണങ്ങളിൽ എഴുതുകയും. എഴുതിക്കൊണ്ടിരിക്കുകയും ചെയ്യുന്ന ഡോ: സി.എൻ.എൻ നായരുടെ വിശ്രമജീവിതം വിരസമാകുന്നില്ല. ബോംബെയിൽ നിന്നിറങ്ങുന്ന മിക്ക ഇംഗ്ലീഷ്‌ പത്രങ്ങളിലും,. വർത്തമാന രാഷ്ട്രീയ സാമൂഹിക പ്രശ്നങ്ങളിൽ അദ്ദേഹത്തിന്റെ നിലപാടുകൾ പ്രസിദ്ധീകരിക്കപ്പെടുന്നുണ്ട്‌. ഇംഗ്ലീഷ്‌ സാഹിത്യത്തിൽ നേറ്റിയെടുത്തിട്ടുള്ള അവഗാഹത്തിലൂടെ ഹിന്ദു പുരാണങ്ങളിലും യവനകഥകളിലുമുള്ള സമാനത തിരിച്ചരിഞ്ഞതിനുശേഷം ദീർഘമായൊരു താരതമ്യ പഠനത്തിന്റെ പ്രബന്ധ്രചനയിലും അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്‌. പക്ഷേ,;ടെലിഗ്രാഫിന്റെ' ഇതിഹാസമെഴുതിയ ഈ ചരിത്രാന്വേഷിയുടെ മനസ്സിനെ,. താൻ നൽകിയ ഉറപ്പു പാലിക്കാൻ കഴിയാതെ പോയതിലുള്ള നിരാശ ഇപ്പോഴും അസ്വസ്ഥമാക്കാറുണ്ട്‌.പാപ്പനം കോട്ട്‌ പ്രഭാകരന്റെ കവിതകൾ ഇംഗ്ലീഷിലേക്ക്‌ പരിഭാഷപ്പെടുത്താൻ കഴിയാഞ്ഞത്‌ , തിരക്കിന്നിടയിൽ ആവശ്യം പരിധിക്കു പുറത്ത്‌ കാത്തിരുന്നുവേൺകിലും തിരക്കൊഴിഞ്ഞപ്പോൾ ആവശ്യക്കാരൻ പരാതികൾക്കെല്ലാമകലെ മറ്റൊരു ലോകത്ത്‌ വിലയം പ്രാപിച്ചുകഴിഞ്ഞിരുന്നു.

1999 മെയ്‌ പതിനേഴിന്‌ വേൾഡ്‌ ടെലിക്കമ്മ്യൂണിക്കേഷൻ ദിനാചരണത്തോടനുബന്ധിച്ച്‌ , ശ്രീ നായരുമായുള്ള അഭിമുഖം ഏഷ്യാനെറ്റ്‌ സുപ്രഭാതം പരിപാടിയിൽ പ്രക്ഷേപണം ചെയ്യുകയുണ്ടായി. വീണ്ടും,2007 ഏപ്രിൽ 16 ന്‌ അദ്ദേഹത്തിന്റെ മലയാളഭാഷാതരംഗങ്ങളെപറ്റിയുള്ള ഒരു ഹ്രസ്വചിത്രവും പ്രക്ഷേപണം ഏഷ്യാനെറ്റു ചെയ്തിരുന്നു.

ശ്രീ നാരായണ ഗുരുദേവ വിരചിതമായ "ദൈവശതകത്തിന്റെ" ഇംഗ്ലീഷ്‌ പരിഭാഷ ഡോ നായർ നിർവ്വഹിച്ചതു മുംബൈ നെരുൾ ഗുരുദേവഗിരിയിലെ 8 മത്‌ തീർത്ഥാടന വാർഷിക സമ്മേളനത്തിൽ വെച്ച്‌ 2009 ഫെബ്രുവരി 6 നു പ്രകാശനം ചെയ്തു. 

അന്യഭാഷകൾ ഔദ്യോഗിക ജീവിതത്തിന്റെ മാതൃഭാഷകളായി മാറുന്ന മഹാനഗരത്തിന്റെ മടിയിലിരിക്കുമ്പോഴും മലയാളഭാഷയുടെ മാറിൽ മുഖം ചേർത്ത്‌ ഭൂതകാലചരിത്രങ്ങളെ ഊറ്റിക്കുടിച്ച വൈദഗ്ദ്ധ്യവും അത്‌ മറ്റുള്ളവരിലേക്ക്‌ പകർന്നു നൽകാനുമുള്ള നിസ്‌വാർത്ഥ സങ്കൽപ്പങ്ങളും ഡോ"സി.എൻ.എൻ. നായർ എന്ന മഹനീയ വ്യക്തിത്വത്തിന്റെ ;മാതൃസ്നേഹ;മായി മലയാളത്തെ സ്നേഹിക്കുന്നവർക്ക്‌ തിരിച്ചറിയാൻ കഴിഞ്ഞത്‌ നമ്മുടെ ഭാഷ അന്യമായിപ്പോകുന്നു എന്ന്‌ വിലപിക്കുന്ന അപകടകരമായ്‌ ഈ നാളുകലുടെ അനിവാര്യത കൂടിയാണെന്ന്‌ ഇവിടെ ഓർമ്മിപ്പിക്കുന്നതിനോടൊപ്പം ആ ഭാഷാസ്നേഹിയുടെ സഞ്ചാരപഥങ്ങളിൽ ഒരായിരം കുസുമങ്ങൾ അർപ്പിക്കുകയും അദ്ദേഹത്തിനും കുടുംബത്തിനും ദീർഘായുസ്സു നേരുകയും ചെയ്യുന്നു.


`.