മോചനം


ഇന്ദിരാബാലൻ

നിറവിന്റെ മടിത്തട്ടിൽ
സൂചിമുനകൾ തറച്ചു
മണിമാളികയിലെ കനത്ത
ഏകാന്തത ഭീകരസത്വമായി
ഇരുട്ടിന്റെ കടവിൽ
വീണ നിലാവുപോലെ
ബോധമണ്ഡലത്തിൽ
കയറി വന്ന മയില്‍പ്പീലികൾ
ഇറങ്ങിപ്പോയി....കാടിന്റെ അഗാധതയിലേക്ക്
വര-സോമന്‍ കടലൂര്‍ 
കൃഷ്ണമുടിയിലെ വെള്ളിയലുക്കുകൾ
വേടന്റെയമ്പേറ്റ് നിലം പതിച്ചു
വർത്തമാനത്തിന്റെ
സമസ്യകൾ വിദൂരപർവതരേഖ പൊലെ
ഓടക്കുഴലിന്റെ മുഗ്ദ്ധനാദത്തിലും
വ്യഥിത ലയന തരംഗങ്ങൾ
മനസ്സ്‌ തീ പിടിച്ച ചിറകു പോലെ പിടഞ്ഞു
ഓർമ്മയുടെ അവിൽപ്പൊതി
അഴിച്ച്‌ ഇളംകാറ്റിന്റെ
മർമ്മരത്തിനായ്‌ കാതോക്കുമ്പോൾ
വന്നു മൂടുന്നു വിഷം വമിക്കുന്ന
വ്യാളീമുഖങ്ങൾ
കൂപമണ്ഡൂകങ്ങളുറങ്ങുന്ന
ഇരുൾ മൂടിയ ഗർത്തങ്ങളിൽ നിന്നും
ഭേദിക്കാനാവാത്ത ഇരുമ്പഴികളെണ്ണിയെണ്ണി
അതിജീവനത്തിന്റെ വായ്ത്താരികൾ ഉരുക്കഴിച്ച്‌
സ്നേഹസാന്ദ്രതയുടെ പുൽമേടയിലേക്കുള്ള
കൂടുമാറ്റത്തിന്റെ തിരിനാളം.....
                         കെട്ട സ്വപ്നത്തിന്റെ കണ്ണുകളിൽ
                         പ്രോജ്ജ്വലിപ്പിക്കുവാന്‍ 
                        ശ്രമിക്കുന്ന ഇവർക്ക്‌ താഴിട്ട്‌ പൂട്ടിയ
                        മോചനത്തിന്റെ വാതിൽ തുറന്നുകൊടുക്കുക....