ഞാന്‍ ആശ്വസിച്ചോട്ടെ

ഗിരിജ പാതെക്കര
പിഞ്ചു കാലടികളാല്‍
ചുട്ടു പൊള്ളുന്ന പാതകള്‍
എന്നും പിച്ചവെച്ചളക്കാറുണ്ടായിരുന്നു
ആ കുഞ്ഞ്‌-
തള്ള വിരല്‍ ചുരത്തുന്നപാല്‍
ഈമ്പി വലിച്ചുകൊണ്ട് .
കളി മണ്ണില്‍ മെനഞ്ഞ പോല്‍
വര-സോമന്‍ കടലൂര്‍ 
നഗ്നമായ കുഞ്ഞുടല്‍
 'അമ്മ 'എന്നവ്യക്തമായ്‌ മൊഴിയുന്ന
പാല്‍ച്ചു‍ണ്ടുകള്‍
ഇപ്പോള്‍ ഞാനവളെ കാണുന്നത്
ടി വി സ്ക്രീനില്‍‍ !
തളര്‍ന്നു കരുവാളിച്ച മെയ്യില്‍
നിറയെ ചോരപ്പൊടിപ്പുകള്‍ .
കരയാന്‍ കൂട്ടാക്കാത്ത
കുഞ്ഞു ‌ മിഴികളില്‍
കൊടും ശൂന്യത.
കാലട്ട കളിപ്പാവയെ
നെഞ്ചോടു ചേര്‍ത്ത
ഇളം കൈകള്‍ .....
വളരുമ്പോള്‍
നിന്റെയോര്‍മ്മകള്‍ക്ക്
തൊടാനാവാത്തത്രയും
പിറകിലായിരിക്കും
അലറുന്ന കാമത്തിന്റെ
ആ ഇരുണ്ട രാത്രിയെന്ന്
മകളെ ,
ഞാന്‍ ആശ്വസിച്ചോട്ടെ?