ശില്പ്പി


ഉണ്ണിക്കൃഷ്ണൻ ചെറുതുരുത്തി


വിഗ്രഹം കൊത്താൻ കല്ലു-
തേടിയാണീ ഗ്രാമത്തിൽ
ശില്പ്പി ഞാനെത്തീ, നീല-
ക്കുറുഞ്ഞിയ്ക്കിടയ്ക്കിതാ



വര -സോമന്‍ കടലൂര്‍ 
 ലക്ഷണമെല്ലാമൊത്ത
ശില- നിൻ ഹൃദയം-ഞാന്‍
നിഷ്ഠ തെറ്റാതെ വ്രത-
ശുദ്ധനായ് മോഹത്തിന്റെ
പത്മതീർഥത്തിൽ മൂന്നു-
മുങ്ങിനേൻ, നീർന്നേൻ, ഈറൻ
തുള്ളി വാർന്നൊഴുകുന്ന
ബോധവും മനസ്സുമായ്‌
വന്നു പൂവിട്ടേൻ, സ്തോത്രം
ചൊരിഞ്ഞേൻ, ഗുരുക്കളെ
നിന്നു വന്ദിച്ചേൻ:ഉളി
ചലിച്ചൂ സുസൂക്ഷ്മമായ്
എത്ര കൽച്ചീളാണെന്റെ
മാറിലും മുഖത്തിലും
അസ്ത്രമായ് തറഞ്ഞതെന്ന്‌
ആർ കണ്ടു, വിരലിന്മേൽ
തെറ്റി വീണതു കൊട്ടു-
വടിയൊ നിൻ മുൾവാക്കോ
പൊട്ടിയതുളിവായിൻ
തലയോ കിനാക്കളോ?
കെട്ടി ഞാൻ മുറിവുകൾ
ഇരവും രാവും ചേർത്ത്‌
ചെത്തിയും മിനുക്കിയും
വാർത്ത വിഗ്രഹമിന്ന്‌
ഒരത്ഭുതശില്പ്പം, ജീവ-
നാവാഹിച്ച്‌, അഹന്ത തൻ
മണിപീഠത്തിൽ പ്രതി-
ഷ്ഠിപ്പു ഞാൻ, ദേവി!പ്രേമ-
വരദാത്രിയായ്‌, അഷ്ട്-
ബന്ധമിട്ട്‌, ഉദയത്തിൽ!