ഗിരിജ ദാമോദരന്‍
പതിവില്ലാതെ പവനന്‍ പിണങ്ങി നിന്നു
കണ്ട കിനാവുകള്‍ മുറിഞ്ഞ പിണക്കം
സന്ധ്യ തന്‍ മുഖത്ത് ചുവപ്പായ് തെളിഞ്ഞു
പകല്‍ക്കിനാവില്‍ മയങ്ങിയ പവനന്‍
പരുക്കനായി മാറിയ കാറ്റിന്‍റെ ദുഃഖം
പരിഭവ മഴയായി പെയ്തിറങ്ങി ...
ഈറനണിഞ്ഞ സന്ധ്യ തന്‍ സൌന്ദര്യം
ഈരിഴ തോര്‍ത്തില്‍ തുളുമ്പി നിന്നു
ഇതള്‍ വിടരുന്ന മോഹപുഷ്പങ്ങളില്‍
ഇന്ദ്രധനുഷിന്‍ നിറങ്ങള്‍ വിരിഞ്ഞു
ഇനിയും വിരിയാനിരിക്കും സ്വപ്നങ്ങളെ
ഇമയനക്കാതെ സന്ധ്യ കണ്ടു നിന്നു ....
നിതംബം മറയ്ക്കും ചുരുള്‍മുടിയില്‍
നീര്‍ത്തുള്ളികള്‍ മിഴി ചിമ്മി
നിലവിളക്കിന്‍ തിരിനാളങ്ങളില്‍
നിറഞ്ഞ മനസ്സിന്‍ പ്രാര്‍ത്ഥനകള്‍
നാമമന്ത്രമുതിര്‍ക്കും സന്ധ്യ തന്‍ അധരത്തില്‍
നീലാംബരി രാഗം നിറഞ്ഞു നിന്നു .....
ഈറന്‍ നിലാവിന്‍റെ പുഞ്ചിരിയില്‍
നക്ഷത്ര ക്കുഞ്ഞുങ്ങള്‍ കുശലം ചൊല്ലി
ഇടവഴി താണ്ടി എത്തുന്ന നാഥനെ
ഇരു കൈകളും നീട്ടി സ്വീകരിക്കാന്‍
ഇടനെഞ്ചിലുയരും പ്രണയത്തിന്‍ താളവുമായി
ഈറന്‍ സന്ധ്യയെപ്പോലവള്‍ ഇടറി നിന്നു ...