ദീപം


പി.കുഞ്ഞിരാമൻ നായർ
ആറ്റുനോറ്റേ നെടും രാവി-
ലീറ്റില്ലത്തിങ്കൽ വന്ന നാൾ,
തല്യ്ക്കൽനിന്നിളം പിഞ്ചു
ജീവന്നായുസ്സു നേർന്നതും

ഉദ്യോഗവിദ്യാലബ്ധിയ്ക്കു
പുസ്തകം വിരിയും രാവി-
ലൊത്തുനിന്നു തുണച്ചതും
മദ്ധ്യയൗവനചൈത്രത്തി-
ലനംഗപ്പനിനീർമണം
ചിന്നും മണിയറയ്ക്കുള്ളിൽ-
ക്കണ്ണു ചിമ്മിയിരുന്നതും

മാവു വെട്ടുന്ന തൊടിയിൽ
മൂങ്ങ മൂളുന്നൊരന്തിയിൽ
കോടിവസ്ത്രം മൂടിയിട്ട
തലയ്ക്കൽ നിലകൊണ്ടതും
സ്നിഗ്ധാന്നമോമനിച്ചുള്ള
ഗാത്രത്തിൽ നൃത്തമാടി ഹാ!
പട്ടടച്ചാമ്പലാൽ ചിത്രം
പാടെ, മാച്ചുകളഞ്ഞതും

അകക്കോവിലുള്ളൊരു
വിളക്കിൻ പ്രതിബിംബമായ്‌
അനങ്ങാതെ തിരിത്തുമ്പ-
ത്തിരിക്കും സർവസാക്ഷി താൻ