ചെറുശ്ശേരി
‘നിർമ്മലമാനസനായി നിന്നീടുമി-
ന്നിന്മനമിങ്ങനെ വന്നതെന്തേ?
ശങ്കയും കൈവിട്ടു പെൺകൊല ചെയ്കയോ
മംഗലനായനിൻ വേലയിപ്പോൾ?
ഭേദമുണ്ടെന്നതിൽ കെവലം പെണ്ണല്ല
സോ ദരിയല്ലോയിന്നാരി താനും
വേളികഴിഞ്ഞുള്ളോരുത്സവമല്ലയോയീ-
ക്കാലവുമെന്നതും ഓർത്തുകാൺ നീ:
ഭ്രാതാവായ് നിന്നതും മാതാവായ് നിന്നതും
താതനായ് നിന്നതും നീ താനത്രേ
നീയൊഴിഞ്ഞാരുമില്ലാശ്രയം കേളിവൾ-
ക്കാദരിച്ചീടുവാൻ ഭോജനാഥ!
വീരനായുള്ള നീ ഘോരമായ് മേവുമീ-
നാരി തൻ വങ്കൊല ചെയ്യൊല്ലാതെ“.
ഇത്തരമായുള്ളൊരുക്തികലിങ്ങനെ
സത്വരം ചെന്നവൻ ചൊന്ന നേരം
പാപനായുള്ളൊരു കംസന്റെ മാനസം
പാറയേപ്പോലെയങ്ങാകയാലെ
പിന്നെയും ചിന്തിച്ചു ചൊല്ലിനിന്നീടിനാൻ
ഖിന്നനായ് നിന്നവനുണ്മയായി
”ദേവകിയല്ലല്ലൊ നിന്നുടെ കാലനായ്
മേവുന്നുതെന്നതോ വന്നുതല്ലൊ
അഷ്ടമനാകുന്ന ബാലകനല്ലൊ നിൻ
കഷ്ടതയ്ക്കിന്നു നിമിത്തമെന്നാൽ
പെറ്റുപെറ്റീടുന്ന മക്കളെയെല്ലാമേ
തെറ്റെന്നു നിൻ കയ്യിൽ നല്കാമല്ലൊ
പിന്നെ നീ ചിന്തിച്ചു വേണ്ടതു ചെയ്താലും
നിന്നുടെ ഹാനി വരാതെവണ്ണം..“
എന്നതു കേട്ടൊരു കംസന്റെ കോപവും
മന്ദമായ് വന്നുതേ മെല്ലെമെല്ലെ
മന്ത്രം കൊണ്ടീഷൽ തളർന്നുനിന്നീടുന്ന
പന്നഗവീരന്‍ തൻ കോപം പോലെ
രോദിതയായൊരു സോദരി തന്നെയും
ആദരവോടങ്ങയച്ചു നിന്നാൻ
വമ്പുലിവായിൽ നിന്നമ്പാലെ വീണ്ടുപോയ്
കമ്പത്തെപ്പൂണുന്നോരേണം പോലെ
മേവിനിന്നീടുന്ന ദേവകിദേവിതാൻ
കേവലം കംസനെ നോക്കിനിന്നാൾ
ചൂഴവും നിന്നിട്ടു കേഴുന്നോരെല്ലാരും
കോഴയും തീർത്തുനിന്നൊന്നു വീർത്താർ
ചങ്ങാതിമായുള്ളൊരംഗനമാരെല്ലാം
മംഗലമാകെന്നു ചൊല്ലിപ്പൂണ്ടാർ
ആനകദുന്ദുഭിതാനുമന്നേരത്തു
മാനിനിതാനുമായ് മന്ദിയാതെ
സുന്ദരമായുള്ളൊരു മന്ദിരം പൂകിനാൻ
വന്ദികൾ വാഴ്ത്തുന്ന വാർത്തയുമായ്
വേളിയെത്തൊട്ടുള്ളൊരുൽസവം തന്നെയും
മേളമായ് പിന്നെയങ്ങാചരിച്ചാൻ
പേയറ്റു നിന്നൊരു ജായയും താനുമായ്
മായം കളഞ്ഞു വസിക്കും കാലം
സുഭ്രുവായുള്ളൊരു ദേവകിദേവിക്കു
ഗർഭമുണ്ടായിതു മെല്ലെമെല്ലെ
അത്ഭുതകാന്തിയായ് ദുർഭഗനല്ലാതൊ-
രർഭകനുണ്ടായിതെന്നു വന്നു
സൂനുവെക്കണ്ടുനിന്നാനനന്ദി ച്ചീടുന്നോ-
രാനകദുന്ദുഭി ദീനനായി
കണ്ണുനീർ തൂകുന്ന ദേവകി തന്നുടെ
കൈയ്യിൽനിന്നന്നേരം വാങ്ങി നേരെ
പെട്ടെന്നു കൊണ്ടുപോയ് കംസനു നല്കിനാൻ
പട്ടാങ്ങു ചെയ്യുന്നോരെന്നു ഞായം
എന്നതു കണ്ടൊരു കംസനുമന്നേരം
ചിന്തിച്ചു ചൊല്ലിനാനല്ലൽ നീക്കി;
”മേലിലുണ്ടാകുന്ന ബാലകനല്ലോയെൻ
കാലനായ് ചാലെ വരുന്നതെന്നാൽ
കൊല്ലുന്നേനല്ലയിപ്പൈതലെയിന്നു ഞാൻ
അല്ലലും തീർത്തു വളർത്താലും നീ“
ആനകദുന്ദുഭി താനതു കേട്ടപ്പോൾ
ദീനതകൈവിട്ടു മാനിച്ചുടൻ
ബാലനെത്തന്നെയും ദേവകിക്കായിട്ടു
ചാല നല്കീടിനാൻ കൊണ്ടുപോയി
പിന്നെയങ്ങെല്ലാരും തന്നുടെ തന്നുടെ
മന്ദിരം തന്നിലിരിക്കും കാലം
ആഗതനായൊരു നാരദൻ കംസനോ-
ടാദരവോടു പറഞ്ഞാനപ്പോൾ
;
ബന്ധുവെത്തന്നേയും വൈരിയെത്തന്നേയും
ചിന്തിച്ചുവേണം നീയൊന്നു ചെയ് വാന്‍
നിന്നുടെവൈരികളായിനിന്നീടുന്ന
വിണ്ണവരല്ലോയിപ്പാരിടത്തിൽ
വിഷ്ണുവിഞ്ചൊല്ലാലെ വന്നു പിറന്നിട്ടു
വൃഷ്ണികളായിച്ചമഞ്ഞതിപ്പോൾ
പണ്ടേയിന്നിന്നുടെ വൈരിയായ് മേവുന്ന
കൊണ്ടൽനേർവർണ്ണന്താനിന്നു നേരേ
ദേവകി തന്നുടെ ഗർഭഗനായിട്ടു
മേവിനിന്നാശു പിറന്നുപിന്നെ
നിന്നെയും നിന്നുടെ ചേവകന്മാരേയും
കൊന്നീടുമെന്നതു തേറിനാലും
മാഴ്കാതെ നിന്നെ നീ കാത്തുകൊള്ളായ്കിലോ
ആകാതെപോകുമേ ഭോജനാഥ!”
നാരദനിങ്ങനെ ചൊന്നതു കേട്ടിട്ടു
ഘോരനായുള്ളൊരു കംസനപ്പോൾ
യാദവന്മാരോടു പോരു തുടങ്ങിനാൻ
വാനവരെന്നതു നണ്ണിനേരേ
പീഡിതരായവരോരോരോ നാട്ടില-
ന്നാടും വെടിഞ്ഞു നടന്നാരെങ്ങും
പിന്നെയണഞ്ഞവനാനകദുന്ദുഭി-
തന്നെയും ദേവകിതന്നെയും താൻ
ചങ്ങലകൊണ്ടു തളച്ചുനിന്നീടിനാൻ
തങ്ങളിലേശൊല്ലായെന്നു നണ്ണി
ഉണ്ടായ ബാലകന്മാരേയും ചെഞ്ചമ്മേ
കണ്ഠം പിരിച്ചു കഴിച്ചാൻ പാപി
ചീറിനിന്നീടുന്ന കംസനന്നിങ്ങനെ
ആറു കിടാങ്ങളെക്കൊന്നവാറേ
സപ്തമമാകുന്ന ഗർഭവുമുണ്ടായി-
തുത്തമയാകുന്ന ദേവകിക്കോ
ലക്ഷ്മീശൻ താനന്നു ചിന്തിച്ചു ചൊല്ലിനാൻ
അക്ഷണം തന്മായതന്നോടപ്പോൾ
“പാരാതെ പോകണം ഭൂതലം തന്നിൽ നീ
കാര്യങ്ങളോരോന്നേ സാധിപ്പാനായ്
ദേവകി തന്നുടെ ഗർഭഗനായിട്ടു
മേവിനിന്നീടുമനന്തനെ നീ
ഗോകുലം തന്നിൽ വസിച്ചു നിന്നീടുന്ന
രോഹിണിതന്നിലങ്ങാക്കവേണം
ആനകദുന്ദുഭി തന്നുടെ സൂനുവായ്
ഞാനും പിറക്കുന്നതുണ്ടു നേരെ
നന്ദവിലാസിനിനന്ദനയായിട്ടു
നന്നായിപ്പോന്നു പിറക്ക നീയും
കൊല്ലുവാനോങ്ങുന്ന കംസനെ വഞ്ചിച്ചു
മെല്ലവേ പോയിക്കണ്ടംബരത്തില്‍
മാലോകർക്കേലുന്നോരാപത്തെപ്പോക്കുവാന്‍
ഭൂലോകം തന്നിൽ വസിക്ക പിന്നെ
ഭക്തിയെപ്പൂണ്ടു ഭജിച്ചു നിന്നീടുന്നോർ-
ക്കത്തലെത്തീർത്തു തുണപ്പതിന്നായ്
‘മാലിയന്നീടുന്ന ഭൂലോകവാസികൾ-
ക്കാലംബമായെഴും മൂലതായേ!
(തുടരും)