കാൽച്ചക്രം

Varamozhi Editor: Text Exported for Print or Save


കാരൂർ



അദ്ധ്യാപകന്മാരുടെ പുനഃപരിശീലനകേന്ദ്രത്തിനെതിരേയുള്ള വിശാലമായ മൈതാനം. ആ നഗരത്തിന്റെ ഹൃദയസ്ഥാനമാണത്‌. അവിടുത്തെ അന്തരീക്ഷം ആഹ്ളാദഭരിതമാണ്‌. അവിടെ കൂടിയിരിക്കുന്ന ജനാവലിയിൽ ആഹ്ളാദത്തോടൊപ്പം ഉല്ക്കണ്ഠയും നിഴലിക്കുന്നു.ഗാന്ധിയേയോ നെഹ്രുവിനെയോ കാത്തിരിക്കുന്ന ദേശാഭിമാനികളിൽ കാണാവുന്നപോലെ. ഒരു കല്യാണവീട്ടിൽ പ്രത്യക്ഷപ്പെടുന്ന സുഭക്ഷിത ആ മതില്ക്കെട്ടിനുള്ളിൽ തിങ്ങുന്നുണ്ട്‌.സില്ക്കുഷർട്ടും റിസ്റ്റുവാച്ചും കഴുത്തിൽ സ്വർണ്ണത്തുടലും ധരിച്ച്‌ സിഗററ്റും വലിച്ചു പ്രസന്നഭാവത്തിലുള്ള യുവാക്കന്മാരും, അനുസരണയില്ലാത്ത കുടവയറിന്റെ പാർശ്വങ്ങലിലൂടെ ഞാന്നുകിടക്കുന്ന കസവുനേര്യേതും മോതിരങ്ങൾ കൊണ്ടു ശോഭയേറിയ കൈയിൽ വലിയ മണിപ്പേഴ്സും ധരിച്ച്‌ പരിസരത്തെ നിസ്സാരമായി ഗണിക്കും മട്ടിൽ മുറുക്കിത്തുപ്പി ഗൗരവഭാവത്തിൽ സ്വകാര്യം പറയുന്ന കാരണവന്മാരും അവിടെയുണ്ട്‌. അവിടെ നടക്കാൻ പോകുന്ന സംഗതിയുടെ വലിപ്പത്തിനൊത്ത മുഖഭാവത്തോടുകൂടിയവരും അലക്കിത്തേച്ച വെള്ള ഷർട്ടും കാക്കി നിക്കറും ക്രോസ്ബല്ടും   ധരിച്ചവരുമായ എക്സൈസ്‌ ഉദ്യോഗസ്ഥന്മാരും മുഷിഞ്ഞ കാക്കി യൂണിഫോറവും ഊർന്നിറങ്ങിപ്പോകുന്ന തോലരപ്പട്ടയും ചുവന്ന തൊപ്പിയും ധരിച്ചിട്ടുള്ള എക്സൈസ് കീഴ്ജീവനക്കാരും ആ ആൾക്കൂട്ടത്തിനൊരു മോടി ചേർത്തു. ശീതളപാനീയങ്ങളും മുറുക്കാനും വില്ക്കാനിരിക്കുന്ന കച്ചവടക്കാരുടെ നിര കണ്ടാൽ ഒരു ഉൽസവത്തിന്റെ പ്രതീതിയാണുണ്ടാവുക. “സോഡാ ലമനേഡ് ഓറഞ്ച്‌ ക്രഷ്‌” എന്നു നീട്ടിവിളിച്ചുകൊണ്ട്‌ ആളുകളുടെയിടയിൽ പരല്‍ മീന്‍  പോലെ തെറ്റിമാറി നടക്കുന്ന പയ്യന്മാരും അവിടെയുണ്ട്‌. മാത്രമല്ല, തൊട്ടടുത്ത കെട്ടിടത്തിൽ പുനഃപരിശീലനത്തിനു വന്നിട്ടുള്ള അദ്ധ്യാപകന്മാരും, അദ്ധ്യാപികമാരും.

കള്ളുഷാപ്പുകൾ നടത്താനുള്ള അവകാശം ലേലം ചെയ്തു കൊടുക്കാൻ പോകുകയാണ്‌. ഷാപ്പുള്ളവരും അവരുടെ അന്തേവാസികളും  മാത്രമല്ല, ഷാപ്പുലേലം കേട്ടു രസിക്കാനുള്ളവരും വന്നിട്ടുണ്ട്‌. നാട്ടിലെ മദ്യപാനവർദ്ധനവിന്റെ മാനദണ്ഡമാണ്‌ ലേലസംഖ്യ. കഴിഞ്ഞ ലേലത്തിൽ സംഖ്യയിലുണ്ടായ വർദ്ധനവ്‌ ആളുകളെ അമ്പരപ്പിച്ചു. ഇനി സംഖ്യ വർദ്ധിക്കയില്ലെന്ന്‌ വിചാരിച്ചിരുന്നവർക്കു് അത്ഭുതം തോന്നുമാറുള്ള ഒരുണർവുണ്ട്‌ ആ അന്തരീക്ഷത്തിൽ.

പരിശീലനത്തിനുള്ള അദ്ധ്യാപികമാർ ഇതൊന്നും ശ്രദ്ധിക്കുന്നില്ല. അവരുടെ സഭാഷണവിഷയം ഇതിനോടൊരടുപ്പവുമില്ലാത്തതാണ്‌. അവരുടെ ഏകാഗ്രത! ഇത്ര വലിയ തിരക്കുണ്ടായിട്ടും അവരാരും അങ്ങോട്ടൊന്നെത്തിനോക്കാൻ മുതിരുന്നില്ല.
“പതിനഞ്ചു രൂപ അലവൻസുണ്ടെന്നു കേട്ടു,” ഒരാൾ പറഞ്ഞു.
“അതു ഗ്രാന്റ്‌സ് സ്ക്കൂൾകാർക്കാണ്‌. അപ്പോൾ അവർക്കു ഗ്രാന്റില്ല. ”കൂട്ടുകാരൻ വിശദീകരിച്ചു.
“ഗ്രാന്റിനു പുറമേയല്ലേ? ഒരു ഗ്രാന്റ്‌ സ്ക്കൂൾ അദ്ധ്യാപകൻ എടുത്തു ചോദിച്ചു. പതിനഞ്ചു രൂപ കൊണ്ടൊരു മാസം ഈ പട്ടണത്തിലെങ്ങിനെ കഴിച്ചുകൂട്ടും?

”നിങ്ങൾ കഴിച്ചുകൂട്ടണമെന്നാരു പറഞ്ഞു"?
"സർക്കാർസ്ക്കൂൾകാർക്കെത്ര രൂപയാ"? ഒരുത്തൻ അടങ്ങാത്ത ആശയോടെ ചോദിച്ചു.
ശമ്പളത്തിന്റെ അഞ്ചിലൊന്ന്‌ അലവൻസായി കിട്ടും.
"ഏയ്'‌! അങ്ങിനെ വരികയില്ല. അഞ്ചിലൊന്നായപ്പോൾ മൂന്നു രൂപാ പതിനൊന്നു ചക്രമോ?
ആരോ അതു ശരി വെച്ചു. അതിനിടയ്ക്കൊരാൾ പറഞ്ഞു,“എനിക്കു പത്തൊൻപതിന്റെ അഞ്ചിലൊന്നു കിട്ടും.
"ഏതായാലും ഇതിനു വന്നു. കിട്ടുന്നതു കിട്ടട്ടെ". എന്നൊരു സ്ത്രീ പറഞ്ഞു.
അവരുടെ കൂട്ടത്തിലേക്കൊരാൾ വന്നു ചേർന്നു. കിണറ്റിലിറങ്ങിയ ആളിനെപ്പോലിരിക്കുന്നു അയാൾ: മുണ്ടും ജുബ്ബായും നനഞ്ഞു ദേഹത്തോടൊട്ടിച്ചേർന്നു താടിയില്‍ക്കൂടി വെള്ളം ഇറ്റിറ്റുവീണുകൊണ്ടാണ്‌.
"വിയർത്തതാണൊ"? എന്നൊരാൾ ചോദിച്ചതിനെത്തുടർന്നു മറ്റൊരാൾ ചോദിച്ചു‘ ഇത്ര വിയർക്കാനെവിടെപ്പോയി'?
“വീട്ടിൽ നിന്നും വരുകാ".
എന്നും പോയി വരുകയാണോ?
അല്ലാതെ ഇവിടെ താമസിക്കാനൊക്കുമോ? ഇതു കഴിയുന്നതു വരെ ഇവിടെ താമസിക്കാമെങ്കിൽ പിന്നെ മുടിയാനൊന്നും വേണ്ട. ഇപ്പോൾ തന്നെ മുടിഞ്ഞിരിക്കുകാ. ഈ മീനം- മേടം കാലത്തു വല്ല കപ്പയും കുഴിച്ചിട്ടാലെ ചാകാതെ കിടക്കുകുള്ളു. ഈ പള്ളി ക്കൂടത്തിൽ നിന്നു കിട്ടുന്ന മൂന്നര ചക്രം കൊണ്ടു കഴിയാനൊക്കുമോ? ഈയാണ്ട്‌- എന്റെ ഈശ്വരാ! എങ്ങനെ കഴിക്കുമോ?

"ഇടവം മുതൽ ശമ്പളം കൂട്ടും "
"ഒള്ളതാണോ? ആരാ ഇതു പറഞ്ഞത്‌"?
"അതിനല്ലേ ഇപ്പോൾ ഈ റിഫ്രഷർ കോഴ്സ്"‌?
"ഏ,,,,ന്ന്"!
"കള്ളമല്ല, ഇപ്പോൾ ട്രെയിനിംഗെടുത്തവർക്കൊക്ക ഇടവം മുതൽ ശമ്പൾക്കൂടുതൽ കിട്ടും."
വിയർത്തൊലിച്ചവൻ പറഞ്ഞു. ഈ നടപ്പു പറ്റുമെന്നു തോന്നുന്നില്ല. . അങ്ങോട്ടുമിങ്ങോട്ടും കൂടി പതിനാറു മൈൽ.!

"ബസ്സുകാരോടൊരു സീസൺ ടിക്കറ്റു മേടിക്കരുതോ"?
"വെറുതേ തരുമെങ്കിൽ മേടിക്കാം. എന്റെ ചങ്ങാതീ വാദ്ധ്യാർക്കും മറ്റും കേറാനാണോ ബസ്സുണ്ടാക്കിയിരിക്കുന്നത്‌"?
"നാലായിരം പേരെയാണ്‌ ട്രെയിനിംഗിനെടുത്തിരിക്കുന്നത്‌. ഒരു ലക്ഷം രൂപാ അനുവദിച്ചിട്ടുണ്ട്‌".
"നന്നെ പൊറുത്തു. വേഗം മടിശീല തയ്പ്പിച്ചോളു. എന്റെ സാറെ അതു നമുക്കു തരാനും മറ്റും അല്ല". "നമുക്കു വേണ്ടെന്നവർക്കറിയാം. അതു വേണ്ടവർക്കു കൊടുക്കാനാണ്‌".
അദ്ധ്യാപകന്മാർ വിദ്യാഭ്യാസപരിഷ്ക്കാരത്തെക്കുറിച്ചും , ശമ്പളക്കൂടുതലിനെയാശിച്ചും ട്രെയിനിംഗ് അലവൻസിനെക്കുറിച്ചും പറയുകയാണ്‌. അവർ പറയുന്ന സംഖ്യകൾ മൂന്നര, പത്ത്‌ പതിനഞ്ച്‌ എന്നൊക്കെയാണ്‌. ട്രെയിനിംഗിനെടുക്കപ്പെട്ടവർക്കൊക്കെ ദാരിദ്ര്യത്തിന്റെ വേദനയുണ്ടെങ്കിലും അവർക്കെല്ലാം ഒരു സന്തോഷവുമുണ്ട്‌. നാടു നന്നാകാനുള്ള നവീനപദ്ധതയിലെ പ്രധാനഘടകങ്ങളാണല്ലൊ അവർ. അവരുടെ ക്യാമ്പിൽ ഒരു മാന്യൻ പ്രസംഗിച്ചപ്പോൾ അക്കാര്യം തുറന്നു പറഞ്ഞു. “ഗവർമ്മെണ്ട്‌ പുതിയ പദ്ധതിക്ക്‌ വളരെ പണം ചെലവാക്കുവാൻ നിശ്ച്ചയിച്ചിട്ട് ണ്ട്‌. കെട്ടിടങ്ങൾ, ഉപകരണങ്ങൾ, ഇവ എത്ര വളരെ ഇനിയും ഉണ്ടാകണമെന്നോ! പുതിയ എത്ര ഉദ്യോഗസ്ഥന്മാരെ നിയമിച്ചാ ലാണ്   ഈ പദ്ധതി നടക്കുക! ഇതിനെല്ലാം ചെലവു ചെയ്യുന്ന പണത്തിനു തക്ക ഗുണം സർക്കാരിനു സിദ്ധിക്കണം. അതു നിങ്ങളാണു ഉണ്ടാക്കേണ്ടത്‌. നിങ്ങളുടെ നിസ്വാർഥമായ സേവനമാണ്‌ ഉദ്ദേശലബ്ധിക്കാവശ്യം.

അവർക്കു വളരെ അഭിമാനം തോന്നി. അവരുടെ കരിഞ്ഞ മുഖം പുഞ്ചിരികൊണ്ടു തെളിയാനുള്ള മട്ടു കാണിച്ചു. ഇതൊക്കെ നേരാണെന്നവർക്കു തോന്നി. അതു കഴിഞ്ഞ ദിവസമായിരുന്നു. വിശ പ്പു വന്നപ്പോൾ ആ അദ്ധ്യാപകന്മാർ തന്നത്താൻ പറഞ്ഞു. രാജ്യത്തിനു വേണ്ടി ത്യാഗം സഹിക്കുകയാണ് പൗരന്റെ കടമ.

ക്ളാസ്സിനു സമയമായി. എല്ലാവരും ക്ളാസ്സില്ക്കയറിയിരുന്നു. പുതിയ രീതിയിലുള്ള അദ്ധ്യാപനത്തെക്കുറിച്ചുള്ള പ്രസംഗങ്ങൾ ,സംശയങ്ങൾ, നിവാരണങ്ങൾ എല്ലാം മുറയ്ക്കു നടന്നു. ഉച്ചയ്ക്കു ഊണിനുള്ള സമയമായി. ക്ളാസ്സു പിരിഞ്ഞു. മിക്കവർക്കും ഊണില്ല. എട്ടു മൈൽ നടന്നു വിയർത്തുവന്ന രാമൻപിള്ളയ്ക്കും അങ്ങനെത്തന്നെ. അദ്ദേഹത്തിനു വിശപ്പും ദാഹവും വളരെയുണ്ട്‌. മറ്റുള്ളവർക്കും കുറവായിരിക്കയില്ല. രാമൻപിള്ള മുറ്റത്തേക്കിറങ്ങി. പോക്കറ്റു തപ്പി ഒരണ കൈയിലെടുത്തു.

”സോഡ ലമനേഡ് ഓറഞ്ച്‌ ക്രഷ്‌“
ഒരു പയ്യൻ അയാളുടെ മുമ്പിൽ വന്നു നിന്നു. ക്രഷ്‌ വേണോ സാർ?
മന്ദസ്മിതത്തോടെ ആ പയ്യൻ ചോദിച്ചു.

"എന്താ വില"?
"രണ്ടണ"
"വേണ്ട".
എന്നാൽ സോഡാ   എടുക്കട്ടെ?.അവൻ കൈയിൽ തൂക്കിയിട്ടിരുന്ന സോഡാത്തട്ടു താഴെ വെച്ച്‌ ഒരു കുപ്പി കൈയിലെടുത്തു. ഓപ്പണർ വെച്ച്‌ കുപ്പി തുറക്കാൻ തുടങ്ങുന്നതിനിടയിൽ വീണ്ടും ചോദിച്ചു, "പൊട്ടിക്കട്ടെ സാർ“?

"എന്താ വില"?
"ഒന്നരച്ചക്രം".
"ഇതു നിറച്ചില്ലല്ലൊ"
"അവൻ മറ്റൊരു കുപ്പിയെടുത്തു കുലുക്കി നുരകൊണ്ടു നിറച്ചുകാണിച്ചിട്ട്‌ ,പൊട്ടിക്കട്ടെ“?
"ഉം"
"ഷ് ..ഠ് ...ശ്‌"--- അവൻ കുപ്പി തുറന്നു. അതിലെ വെള്ളം സ്വാതന്ത്ര്യമോഹത്തോടെ പുറത്തേക്കു കുതിച്ചു ചാടാൻ തുടങ്ങി.
"രാമൻപിള്ളയ്ക്കു ദേഷ്യം വന്നു. അയാൾ അതു വായിലേക്കൊഴിച്ചു. അതിന്റെ അവസാനത്തെ തുള്ളിവരെ കുടിച്ചിട്ടയാൾ കുപ്പിയും ഒരണയും കൊടുത്തിട്ടു പറഞ്ഞു,”കാലച്ചക്രമിങ്ങു താ".

പയ്യൻ അവന്റെ മടിയികിടക്കുന്ന നാണയങ്ങളുടെ ഇടയിൽ തിരഞ്ഞ ശേഷം പറഞ്ഞു"കാല്ച്ചക്രമില്ല സാറെ".
"ഒന്നുകൂടി നോക്ക്‌", എന്നു പറഞ്ഞ്‌ അയാളും ആ നാണയങ്ങൾ നോക്കി. നാലഞ്ചു രൂപായ്ക്കു നാണയങ്ങളുള്ളതിനിടയ്ക്കു ചെമ്പുതുട്ടെന്നു പറ്യാൻ മൂന്നോ നാലോ ഒറ്റച്ചക്രം മാത്രമേയുള്ളു.
"പിന്നെയെങ്ങെനെയാ"?
"പിന്നെയെങ്ങനെയാ",? അല്ലേൽ സാറിവിടെ നിന്നോ .ഞാൻ മാറിക്കൊണ്ടേത്തരാം.
അവൻ പെട്ടിയുമെടുത്തു നടന്നു. ഒരാൾക്ക്‌ ഓറഞ്ചു ‌ ക്രഷ്‌ വിറ്റു. രാമൻപിള്ള സാർ അവന്റെ അടുത്തേക്കു നടന്നു. അവൻ രണ്ടണത്തുട്ടെടുത്ത്‌ അദ്ദേഹത്തെ കാണിച്ചിട്ടു മടിയിലിട്ടു.
അവനു കച്ചവടത്തിന്റെ ധൃതി. അതുകൊണ്ടു കാശു മാറാനിട കിട്ടിയില്ല. “കാലച്ചക്രത്തുട്ടു കിട്ടട്ടെ , തരാം” എന്നായി അവൻ. അദ്ദേഹം കൂട്ടത്തിൽ നടക്കുകയാണെന്നു കന്റപ്പോൾ പയ്യനൊരു വെറുപ്പു തോന്നി. എങ്കിലും അത്‌ അവൻ പ്രകടിപ്പിച്ചില്ല. അദ്ദേഹം അവന്റെ ആകൃതി സൂക്ഷിച്ചു മനസ്സിലാക്കി. “പിന്നെ മാറിയിങ്ങു തരണം” ഞാൻ ഈ വരാന്തയിൽ കാണും. എന്നവനോട്‌ അദ്ദേഹം പറഞ്ഞു. ‘മറന്നു പോകരുത്‌’ ,താമസിക്കയുമരുത്‌, എന്നു കൂടി.

പയ്യൻ ചുറുചുറുക്കോടെ ജോലി ചെയ്തു. വാദ്ധ്യാർ വരാന്തയിൽ നിന്ന്‌ അവനെ നോക്കിക്കൊണ്ടിരുന്നു. അദ്ധ്യാപകന്മാർ തമ്മിൽ പരിഷ്ക്കാരത്തേയും പ്രധാനമായി ശമ്പളകൂടുതലിനേയും പറ്റി നല്ല വർത്തമാനങ്ങൾ പറഞ്ഞു. രാമൻ പി അതൊന്നും കേട്ടെന്നു തന്നെ തോന്നുന്നില്ല.

എല്ലാവരും ക്ളാസ്സിൽ കയറി. കാലച്ചക്രം കിട്ടാനുള്ള അദ്ധ്യാപകൻ ഒടുവിലാണ്‌ ഹാളിൽ പ്രവേശിച്ചത്‌. അദ്ദേഹം ജനലില്ക്കൂടി പുറത്തെന്തിനേയോ ശ്രദ്ധിച്ചിരുന്നു. ഇരിപ്പിടത്തിൽ നിന്ന്‌ അദ്ദേഹം രണ്ടുമൂന്നു തവണ എഴുന്നേറ്റു. ഒരു പ്രാവശ്യം വരാന്തയിലോളം ചെന്നിട്ടു മടങ്ങിപ്പോന്നു.
ഒടുവിൽ ക്ളാസ്സു പിരിഞ്ഞു.
“ലേലമൊന്നു കേൾക്കാം”
"നമുക്കെന്താണവിടെ കാര്യം"?
"എന്നാലും തുകയെങ്ങനെയിരിക്കുന്നെന്നറിയാമല്ലൊ".
"അറിയാനൊന്നുമില്ല. മീനച്ചിൽ താലൂക്കിൽ കഴിഞ്ഞാണ്ടത്തേതിന്റെ മൂന്നിരട്ടിയായി".
"ഞാനൊന്നു കേൾക്കട്ടെ."
"ഞാനും".
"എന്നാൽ പിന്നെ എനിക്ക്‌ കേട്ടാൽ കൊള്ളുകില്ലേ"?
ചില അദ്ധ്യാപകന്മാർ ലേലം കേൾക്കാൻ പോയി. അക്കൂട്ടത്തിൽ രാമൻ പിള്ളയും ഉണ്ട്‌. ആയിരത്തോളം പേർ ഹാളിലും , ഒട്ടു വളരെ ആളുകൾ വെളിയിലും കൂടിയിട്ടുണ്ടെങ്കിലും എ​‍ൂ വീണാൽ കേൾക്കാവുന്ന നിശ്ശബ്ദതയുണ്ട്‌. അവിടെ. ആ സംഘത്തിലെ പ്രമാധികാരിയെ വളരെ പുറകിൽ നിന്നുകൊണ്ടൊരു കിഴവൻ വീശുന്നതിനാൽ അവിടെ മാത്രം വായുവിനു നിശ്ചേഷ്ടത പാലിക്കാൻ പറ്റുന്നില്ല.
ഒരു കള്ളുഷാപ്പു ലേലം വിളിക്കുകയാണ് `. അധികാരി പറഞ്ഞു.“ആയിരം രൂപ”എക്സൈസുശിപായി വിളിച്ചു പറഞ്ഞു ;“ആയിരം രൂപ” ഏഴായിരം; ഏഴായിരത്ത്ഞ്ഞൂറ്‌; ഒൻപതിനായിരം; പതിനായിരത്തി നാനൂറു  `; എഴുതിയ സംഖ്യകൾ വായിക്കുന്നതു പോലെ ശിപായി പറഞ്ഞു. “മൂന്നു തരം": എന്ന്‌ അധികാരിയും.
രാമൻപിള്ള കൂട്ടുകാരനോട്‌ പറകയാണ്‌”അമ്പേ!പതിനായിരത്തി നാനൂറു രൂപ! അപ്പോൾ ഒരു ദിവസം മുപ്പതു രൂപയോളം സർക്കാരിനു കൊടുക്കണം.“

പിന്നത്തെ ഷാപ്പിന്റെ കഴിഞ്ഞയാണ്ടത്തെ തുക മുതലായതൊക്കെ നോക്കുന്ന ജോലിയിൽ ചുമതലക്കാരേർപ്പെട്ടു. അതിനിടയ്ക്കൊരു കുശുകുശുപ്പ്‌, ഒരു ചെറിയ കാറ്റത്തു കാട്ടിനുണ്ടാകുന്ന ചലനം പോലെ, ആ ഹാളിൽ പരന്നു. ലേലം കഴിഞ്ഞ ഷാപ്പിന്റെ ലാഭനഷ്ടങ്ങളെക്കുറിച്ച്‌ ഓരോരുത്തർക്കുമുള്ള അഭിപ്രായം. ഷാപ്പു കിട്ടാനാഗ്രഹിച്ചിട്ടു കിട്ടാതിരുന്നവനുള്ള നിരാശ, കിട്ടിയവനെ കൂട്ടുകാർക്കുള്ള ആഹ്ളാദം; ചിലർക്കൊന്നു മുറുക്കിയാൽ കൊള്ളാം.ഒരുത്തൻ വിരൽ ഞൊടിച്ചു സോഡാക്കാരൻ പയ്യനെ വിളിച്ചു.

രാമൻപിള്ളയുടെ അധമർണ്ണനാണത്‌. അവൻ അദ്ദേഹത്തിന്റെ അടുത്തുകൂടി ചുറുക്കോടെ നടന്നുപോയി.
"എടാ എന്റെ ചക്രം".
അവൻ ശ്രദ്ധിച്ചില്ല.
”എന്റെ ചക്രമിങ്ങു തന്നേ“ അദ്ദേഹം അവന്റെ പുറകേ ചെന്നു. ”എന്റെ ചക്രമിങ്ങു താ“.
"ഏതു ചക്രം"?
"ഏതു ചക്രമെന്നോ"?
"അവൻ ഒരു ക്രഷ്` വിറ്റു".
അദ്ധ്യാപകൻ അതു കണ്ടു  നിന്നു..
എന്റെ മുമ്പത്തെ ബാക്കി എന്താ തരാഞ്ഞത്‌?
ശ്‌....ഒരു പ്യൂൺ അദ്ദേഹത്തെ താക്കീതു ചെയ്തു.
ഇതിനകത്തുവെച്ചല്ലെങ്കിൽ കാനിച്ചുതരാമായിരുന്നു. എന്നു പറയാൻ ഭാവിക്കുന്ന മട്ടിൽ രാമൻ പിള്ളയുടെ മുഖം ചുവന്നു. അടുത്ത ഷാപ്പിന്റെ ലേലം തൂടങ്ങി.
പയ്യൻ ഭിത്തിയോടു ചേർന്നു നിന്നു കേൾക്കുകയാണ്‌.”പതിനെണ്ണായിരം രൂപ“
"എന്റെ കാലച്ചക്രം താടാ"?
"ഇരുപതിനായിരം രൂപ".
"നീ തരുകേല്ല ഇല്ലേ"?
"മുപ്പതിനായിരം രൂപ"
"നീ വെളിയിലേക്കിറങ്ങ്‌ "
"ഒരു തരം "
"മുപ്പത്തോരായിരം  രൂപാ "
"രണ്ടു തരം "
"നിനക്കു ചക്രം ഇല്ലാഞ്ഞിട്ടല്ലല്ലൊ തരാത്തത്"
"നാല്പ്പത്തിമൂവായിരം രൂപ "
"എന്റെ കാല്ചക്രം നീ തരുകേല്ല ഇല്ലേ"?
"മൂന്നുതരം "
ലേലം തീർന്നു. എല്ലാവരും പിരിയാൻ തുടങ്ങി. ആ ധൃതിയിൽ ചെറുക്കൻ അവന്റെ പാട്ടിനു പോയി.
രാമൻപിള്ള നീട്ടിവലിച്ചു നടന്നു. ഇടയ്ക്ക്‌ ഒരു വൃദ്ധൻ പറയുന്നതയാൾ കേട്ടു. ”നാല്പ്പത്തിമൂവായിരം രൂപാ ഒരു ഷാപ്പിന്‌“! ഞാൻ തെണ്ടിയത്‌ ഈ ഷാപ്പു പിടിച്ചിട്ടാ. അന്ന്‌ എഴുന്നൂറ്റിമുപ്പത്തിയാറു രൂപായായിരുന്നു. ഇന്ന്‌- രാമൻപിള്ള പിറുപിറുത്തു. ;കാല്ച്ചക്രം‘

വഴിയിൽ ബീഡിക്കട കാണുമ്പോഴൊക്കെ അദ്ദേഹം വിചാരിക്കും; ആ നാലു കാശുണ്ടായിരുന്നെങ്കിൽ ഒരു ബീഡി മേടിച്ചു  വലിക്കാമായിരുന്നു.