കുടിവെള്ളവും ഇന്ത്യൻ സ്ത്രീ സമൂഹവും

ഡോ: മിനിപ്രസാദ്‌

 
"എല്ലാ ജലടാപ്പുകളും വരണ്ടിരുന്നിട്ടും
എന്റെ കണ്ണുകൾ മാത്രം സജലങ്ങളായിരിക്കുന്നത്‌
വൃത്തിഹീനമായി സ്ക്കൂളിലെത്തുന്നതിന്‌
ടീച്ചറെന്നെ സദാ ശകാരിക്കുന്നതിനാലാണ്‌
എന്റെ സഹോദരി കരയുന്നതാവട്ടെ
ഞാൻ സ്ക്കൂളിലേക്ക്‌ പോവുമ്പോൾ
അവൾക്ക്‌ വെള്ളത്തിനു വരി നിൽക്കേണ്ടതിനാലാണ്‌
എന്റെ അമ്മയും കരയുകയാണ്‌
വൃത്തിഹീനമായി രാത്രി അച്ഛന്റെ
കിടക്കയിലെത്തുമ്പോൾ കേൾക്കേണ്ടിവരുന്ന
ശകാരമോർത്താണ്‌ ആ കരച്ചിൽ"

നെയ്‌റോബിയിലെ ഒരു കവയിത്രിയുടെ വരികളുടെ ഏകദേശതർജ്ജമയാണിത്‌. ഭൂഖണ്ഡങ്ങളുടെ വ്യതിയാനം ഉണ്ടെന്നതല്ലാതെ ഇതേ നൊമ്പരം ഇന്ത്യ പോലെ ഏതു മൂന്നാം ലോകരാജ്യത്തിന്റേയും സ്ത്രീസമൂഹത്തിന്റെ നൊമ്പരമാണ്‌. കാരണം പിതൃ ആധിപത്യ വ്യവസ്ഥയിൽ കുടിവെള്ളം തേടി മെയിലുകളോളം സഞ്ചരിക്കേണ്ടി വരുന്നത്‌ സ്ത്രീയാണ്‌. വീട്ടിലേക്കാവശ്യമായ വെള്ളം ശെഖരിക്കുന്നത്‌ സ്ത്രീകളുടെ ചുമതലയാണ്‌.പലപ്പോഴും   മുതിർന്ന പെൺകുട്ടികളും ഇതിന്റെ ഭാഗമായി മാറുന്നു.
ലോകത്താകെയുള്ള ശുദ്ധജലത്തിന്റെ 90% ഉപയോഗിക്കുന്നത്‌ ലോകജനസംഖ്യയുടെ 20% വരുന്ന ധനികരും ഇടത്തരക്കാരുമാണ്‌. ഒരു ശരാശരി അമെരിക്കൻ പൗരൻ ഒരു ദിവസം 800 ഗ്യാലൻ വെള്ളം ഉപയോഗിക്കുന്നുണ്ടെന്നും ഇത്‌ മുപ്പത്‌ ഇന്ത്യൻ കുടുംബങ്ങൾക്ക്‌ സുഭിക്ഷമായി ഉപയോഗിക്കാവുന്നത്ര വലിയ അളവാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇന്ത്യ യിലെ ജല വിതരണത്തിൽ നില നിൽക്കുന്ന വർഗ്ഗപരമായ ഇരട്ടത്താപ്പും സമ്പന്നർ ക്കനുകൂലമാണ്‌. കേന്ദ്ര വികസന മന്ത്രാലയം പറയുന്ന കണക്കനുസരിച്ച്‌ ദിനം പ്രതി ആളൊഹരി ജലവിതരണം 509 ലിറ്ററും ലുത്യേർഡ്‌ ഡ‍ീയിൽ 462 ലിറ്ററും കരോൾ ബാഗിൽ 337 ലിറ്ററും എന്ന തോതിലാണ്‌. ഡൽഹി നഗരത്തിലെ 1600 കോളനികളിലും 1200 ചേരികളുലും പൈപ്പു വെള്ളം ലഭ്യമല്ല. ഇവിടെയുള്ളവർ കൊള്ളവില കൊടുത്ത്‌ വെള്ളം വാങ്ങി ഉപയോഗിക്കുന്നു. അതേ സമയം ഡൽഹി ജലബോർഡ്‌ നഗരത്തിലെ സമ്പന്നർക്ക്‌ വളരെ തുച്ഛമായ വിലയ്ക്കാണ്‌ നൽകുന്നത്‌. ഇങ്ങനെ വെറുതെ കിട്ടുന്ന വെള്ളമാവട്ടെ അവർ കക്കൂസിൽ ഫ്‌ളഷ്‌ ചെയ്ത്‌ കളയുകയുമാണ്‌. ഈ കണക്ക്‌` ഒന്നുകൂടി വിലയിരുത്തിയാൽ ഡൽഹിയിലെ ചേരിപ്രദേശത്ത്‌ ഇങ്ങനെ വില കൊടുത്ത്‌ വാങ്ങുന്ന വെള്ളത്തിൽ സ്ത്രീയുടെ ഉപഭോഗത്തിനായി എത്രമാത്രം വെള്ളം ലഭിക്കുന്നുണ്ടാവും?

കുളിക്കാനും, കുടിക്കാനും ഭക്ഷണം പാചകം ചെയ്യാനും മറ്റ്‌ ശുചീകരണ പ്രവർത്തനങ്ങൾക്കും ആവശ്യ മായതിലുപരി ജൈവപ്രത്യേകതകളാൽ സ്ത്രീക്ക്‌ വെള്ളം കൂടുതൽ ആവശ്യമാണ്‌. മാസമുറക്കാലത്തും ,പ്രസവക്കാലത്തും സ്ത്രീക്കാവശ്യമായ വെള്ളത്തിന്റെ അളവ്‌ കൂടുതലാ യിരിക്കും. ഈ അവസരങ്ങളിൽ ശുചിത്വം പാലിക്കാനായില്ലെങ്കിൽ അത്‌ സ്ത്രീയുടെ ഭാവിതലമുറയുടേയും, ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. ക്യൂബിക്‌ മീറ്ററിനു അൻപതു രൂപ വെച്ച്‌ വാങ്ങുന്ന വെള്ളത്തിൽ എത്രമാത്രം സ്വതന്ത്രമായ ഉപയോഗം സാധിക്കും? സാനിറ്ററി നാപ്കിനുകൾ ധാരാളമായി ലഭിക്കുന്ന കാലത്തു നിന്നു തന്നെയാണ്‌ ഞാൻ പറയുന്നത്‌. സാനിറ്ററി നാപ്കിനുകളോക്കെ ഗ്രാമീണ ഇന്ത്യയിലെ എത്ര ശതമാനത്തിന്‌ എത്തിപ്പിടിക്കാനാവും? ധനികരും, ഇടത്തരക്കാരുമടങ്ങുന്ന ഇന്ത്യയിലെ മുപ്പതു % സ്ത്രീകൾക്കു മാത്രമാൺ` ഈ സൗകര്യം ലഭ്യമാകുന്നത്‌`.

കുടിവെള്ളം വീട്ടിലെത്തിക്കുക വീട്ടമ്മയുടെ ചുമതലയാണ്‌. അവരുടെ ജീവിതത്തിലെ എത്രയോ മണിക്കൂറുകൾ അവർ വെള്ള ത്തിനായി അലയേണ്ടി വരുന്നു. ഒരു പക്ഷേ ജീവിതത്തിലെ ഭൂരിപക്ഷ സമയവും ചിലവാക്കുന്നത്‌ ഇതിനുവേണ്ടിയാകാം. ഈ അലച്ചിലിന്റെ ദൂരവും, സമയവും ഭൂപ്രകൃതി ക്കനുസൃതമായി വ്യത്യാസപ്പെടുന്നു. കൊങ്കൺ മേഖലയിൽ ഒരു മണിക്കൂറാണെങ്കിൽ രാജസ്ഥാനിൽ ഏഴു മുതൽ പത്തുമണിക്കൂർ വരെയാവാം. ഇത്തരം അലച്ചിലുകൾ കടുത്ത ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. അവർ ക്കെല്ലാം വിളർച്ചയും നടുവിനും സന്ധികൾക്കും വേദനയും അനുഭവപ്പെടുന്നു. കൂടാതെ വിശ്രമ രഹിതമായ ഈ ജീവിതം തുടർച്ചയായ്‌ അബോർഷനുകളും സൃഷ്ടിക്കുന്നു. കുട്ടികളുടെ പോഷകാഹാര പ്രശ്നങ്ങളും അമ്മമാരുടെ ഇത്തരം അലച്ചിലിനോട്‌ ബന്ധപ്പെട്ട്‌ ഉണ്ടാവുന്നതാണ്‌

വെള്ളം ശേഖരിച്ചുകൊണ്ടുവരാൻ സാധാരണയായി സ്ത്രീകൾ ഉപയോഗിക്കുന്നത്‌ ബക്കറ്റോ, മൺകലങ്ങളോ, കുടങ്ങളോ ആണ്‌. തലയിൽ വെയ്ക്കുക, ഇടുപ്പില്വെയ്ക്കുക, തൂക്കിപ്പിടിക്കുക, ഇങ്ങനെ മൂന്നു രീതികൾ മാത്രമാണ്‌ ഉള്ളത്‌. ചിലപ്പോഴെങ്കിലും തലയിൽ ഒന്നിനുമുകലീൽ ഒന്നായി പല പാത്രങ്ങൾ വെച്ചുകൊണ്ട്‌ ഒരഭ്യാസവും അവർ നടത്തുന്നു. ഈ ഭാരം വലിക്കലിന്റെ ബാക്കിപത്രങ്ങൾ നിലയ്ക്കാത്ത നടുവേദനകൾ,ഡിസ്ക്കിന്റെ സ്ഥാനഭ്രംശങ്ങൾ . എല്ലുകളുടെ ബലക്ഷയം എന്നിവയാണ്‌. കഴുത്തിലെ അസ്ഥികൾക്കു വരുന്ന കഠിനമായ വേദനയും ഇതിന്റെ ഭാഗമാണ് `. നീണ്ട നടപ്പുകള്‍  മുട്ടുചിരട്ടകളുടെ   സ്ഥാനചലനത്തിലേക്കും കടുത്ത വേദനയിലേക്കും വഴിവെയ്ക്കും.

വികലമായ  വികസനങ്ങളുടേയും, പരിസ്ഥിതി ശോഷണത്തിന്റേയും   ബാക്കിയാണ്‌ ഈ ഗതികേടുകല്‍  എന്നറിയേണ്ടതുണ്ട്‌. അതുകൊണ്ട്‌ സ്ത്രൈണ പങ്കാളിത്ത ത്തോടെയുള്ള കുടിവെള്ള പദ്ധതികൾ നടപ്പിൽ വരുത്തുക യാണാവശ്യം. കുടിവെള്ളത്തിന്റെ സ്വകാര്യ വത്ക്കരണവും അപകട കരമാണെന്ന്‌ തിരിച്ചറിയേണ്ടതുണ്ട്‌. അതിനായുള്ള പോരാട്ടങ്ങളിൽ നാം അടുക്കളയിൽ നിന്ന്‌ അരങ്ങത്തേക്കല്ല- തെരുവോര ങ്ങളിലേക്കായിരിക്കണം.`.