നഷ്ടപരിഹാരം

ബ്രിജി



ഒന്നിച്ചു ജോലി ചെയ്തിരുന്നവരല്ലേ.മോള്‌ , ആന്റിയെ ഒന്നു പോയി കാണേണ്ടതായിരുന്നു.വർഷം  ഒന്നു കഴിഞ്ഞിട്ടും അച്ഛൻ മറക്കാതെ പറയുന്ന കാര്യം. ഒന്നിച്ചു ജോലി ചെയ്തി രുന്നുവെങ്കിലും അവർ സുഹൃത്തുക്കളൊന്നുമായിരുന്നില്ല എന്നു വേണമെങ്കിൽ മറുപടി പറയാൻ കഴിയും ലീലയ്ക്ക്. പക്ഷേ സുഹൃത്തുക്കളല്ലെങ്കിലും അപകടമുണ്ടായപ്പോൾ അയാളാണ്‌ തന്റെ ഭർത്താവിന്റെ ജീവൻ രക്ഷിച്ചത്‌. അയാൾ കൊല്ലപ്പെടുകയും ചെയ്തു.


വര - സോമന്‍ കടലൂര്‍ 
നട്ടെല്ലും രണ്ടുമൂന്നു വാരിയെല്ലുകളും ഒടിഞ്ഞെങ്കിലും മരണത്തിന്റെ നീട്ടിയ കൈകൾ തട്ടിമാറ്റിയ നിമിത്തം അനിശ്ച്ചിതത്വത്തിന്റെ നിലയില്ലാക്കയത്തിൽ കാലിന്റെ പെരുവിരൽ കുത്തിനിന്നത്‌ ആയുസ്സിന്റെ പുറത്തായിരുന്നില്ല. തന്നെ രക്ഷിച്ചയാളുടെ ജീവന്റെ പുറത്തായിരുന്നു. നിയന്ത്രണം വിട്ടു താഴ്ന്നു വന്ന വൻ വാൽവിനടിയിൽ നിന്നും തന്റെ ഭർത്താവിനെ പിടിച്ചു തള്ളി മാറ്റിയപ്പോഴേക്കും ഓടി മാറാൻ കഴിയാതെ അതിനടിയില്പെട്ട്‌ ചതഞ്ഞു മരിച്ചയാളുടെ കുടുംബത്തിൽ ഇതുവരെ ഒന്നു പോകാൻ കഴിഞ്ഞില്ല.!

അതോ തോന്നിയില്ലേ?

തന്നേക്കാൾ ഇളപ്പമായ ഹതഭാഗ്യയായ ആ പെണ്ണിന്റെ മുഖത്ത്‌ എങ്ങനെ നോക്കുമെന്നായിരുന്നു. തന്റെ ഇളയ മകളേക്കാൾ പ്രായം കുറഞ്ഞ ആ കുഞ്ഞിന്റെ ഒന്നുമറിയാത്ത പുഞ്ചിരിക്കു പകരമായി ചിരിക്കണൊ, കരയണോ, എന്നറിയാത്ത വിഷമമായിരുന്നു. കോ- ഓപ്പറേറ്റീവ് ബാങ്കിലെ തുച്ഛമായ ശമ്പളത്തിനായുള്ള നെട്ടോട്ടത്തിന്നിടയിൽ സർവ്വാംഗം തളർന്ന ഭർത്താവിന്റെ പരിചരണം. കുട്ടികളുടെ കാര്യങ്ങൾ, അച്ഛനമ്മമാരുടെ ശുശ്രൂഷ ....രാവിലേക്ക്‌ നീളുന്ന പകലും, പകലിലേക്ക് ഉണരുന്ന രാവും തിരിച്ചറിയാത്ത ഒരു ജീവിതം.

കമ്പനിയിൽ സ്ഥിരമാവാൻ ഏതാനും മാസങ്ങളുള്ളപ്പോഴാണ്‌ അപകടം. എന്നിട്ടും കുറേ പണം കിട്ടി. പക്ഷേ അതും അതിനപ്പുറവും അവസാനത്തെ തരി പൊന്നും , വീടു നില്ക്കുന്നിടം ഒഴിഞ്ഞുള്ള ഭൂമിയും എല്ലാം ആശുപത്രി വിഴുങ്ങി. ഇനിയൊരു ടെസ്റ്റ്, ഇനിയൊരു ഓപ്പറേഷൻ, കടത്തിന്മേൽ കടം.ദുബായിലേക്ക് പോകാനുള്ള വിസക്കായി വാങ്ങിയ കടം മറ്റൊരു വശത്ത്‌. സ്നേഹിതരും അയല്ക്കാരും എന്തിന്‌ ആങ്ങളമാർ വരെ പണം തന്ന്` സഹായിക്കേണ്ടി വന്നപ്പോൾ ഉപദേശങ്ങൾ തുടങ്ങി. ഇനി ആയുർവ്വേദം നോക്കാം. എത്ര നാളാണെന്നു വെച്ചാ ഇങ്ങിനെ...ശരിയാവുമോ..?

അതിനിടയിൽ അനങ്ങാൻ കഴിയാതെയുള്ള കിടപ്പ്‌ എത്ര നാൾ എന്ന നിരാശ. ദേഷ്യാവുമ്പോൾ എടുത്തെറിയുന്ന കനലുകൾ. മരുന്നും ഭക്ഷണവുമൊന്നും കഴിക്കാൻ കൂട്ടാക്കാത്ത സമരം. മനസ്സു മരവിച്ച ലീല സ്വന്തം അസ്തിത്വം തന്നെ മറന്നു തുടങ്ങി. ചിറകു കരിഞ്ഞ ഈയാമ്പാറ്റയെപ്പോലെ നിലത്തിഴയുന്ന അരനാഴികനേരം ഒന്നു കഴിഞ്ഞുകിട്ടിയാൽ മതിയെന്നായി.

ഡോക്ടർ പറഞ്ഞ ആ ഓപ്പറേഷൻ കൂടി ചെയ്താൽ ചിലപ്പോൾ അവന്‌ എഴുന്നേറ്റു നടക്കാൻ പറ്റിയാലോ മോളേ.

അച്ഛന്റെ മുഖത്തെ പ്രകാശം കണ്ടപ്പോൾ ലീല പെട്ടെന്നു പറഞ്ഞു.

ശ്രി അച്ഛാ വീടു വില്ക്കാം.

വീടു വാങ്ങാനായി ദല്ലാൾ കൊണ്ടുവന്നവർ ആരെന്നറിഞ്ഞപ്പോഴാണ്‌ ലീല ശരിക്കും ഞെട്ടിയത്‌. ഒന്നു ചെന്ന്‌ ആശ്വസിപ്പിക്കാൻ കഴിയാതിരുന്ന സ്ത്രീ. തന്റെ ഭർത്താവിന്‌ ജീവൻ ദാനമായി നല്കിയ ആളുടെ ഭാര്യ. അയാളുടെ അച്ഛനും കൂടെയുണ്ട്‌.

ഭർത്താവിന്റെ കിടക്കരുകിൽ കിടന്ന സ്റ്റൂളിലിരുന്ന്‌ കൊണ്ട്‌ വയസ്സൻ പറഞ്ഞു.
ദല്ലൾ പറഞ്ഞപ്പോൾ ഈ വീടാണെന്നറിഞ്ഞില്ല. എന്തൊരു നിമിത്തം. പേപ്പറിൽ വായിച്ചതല്ലാതെ ഒന്നു വരാനും കഴിഞ്ഞില്ല. അവന്റെ ഇൻഷുറൻസും . പിന്നെ കമ്പനി തന്ന നഷ്ടപരിഹാരവും...അങ്ങിനെ ഒരു പാടു പണം വന്നുചേർന്നു. എന്തു കിട്ടിയിട്ടെന്താ വയസ്സൻ കണ്ണു തുടച്ചു.

ഈ കുഞ്ഞിനുവേണ്ടി വാങ്ങിയിടാമെന്നു കരുതി. ....അവൻ , അവസാനമായി എന്തെങ്കിലും പറഞ്ഞോ മോനേ....വൃദ്ധന്‌ അടക്കാനായില്ല. ലീല വരാന്തയിൽ നിന്നു കണ്ണു തുടയ്ക്കുന്ന ആ സ്ത്രീയെ നോക്കി. നല്ല വെളുത്ത സുന്ദരി. ലീലയുടെ കഴുത്തിലേക്കാണവർ നോക്കിയതെന്ന്‌ വെറുതെ തോന്നി. അല്ലലും പട്ടിണിയും കാരണം ഉയർന്ന തോളെല്ലും, കരുവാളിച്ച കഴുത്തിൽ കെട്ടിയ കറുത്ത ചരടും ഒക്കെ , ലീല സാരിത്തലപ്പ്‌ വലിച്ച്‌ മറച്ചുപിടിച്ചു.

ഒന്നു വന്നു കാണണമെന്നു കരുതിയിരുന്നു. പക്ഷേ ....ഇദ്ദേഹത്തിന്‌ എല്ലാറ്റിനും സഹായം വേണം.
അവർ ഒന്നും പറയാതെ വാതില്ക്കൽ തന്നെ നിന്ന്‌ അകത്തുകിടക്കുന്ന ഭർത്താവിനെ നോക്കി.

ലീല സ്വയമറിയാതെ അവരെത്തന്നെ നോക്കിനിന്നുപോയി. ഭർത്താവു മരിച്ച സ്ത്രീയാണെന്ന്‌ ആരും പറയില്ല. കുലീനതയുള്ള മുഖം. ഭംഗിയുള്ള കഴുത്തിലെ കനമുള്ള മാലയും ഉരുണ്ട കൈത്തണ്ടയിലെ പൊൻവളകളും. ഇളം നിറത്ത്ഇലുള്ള നല്ല വിലപിടിപ്പുള്ള സാരിയും. ഒന്നിനും ഒരു ബുദ്ധിമുട്ടും ഇല്ലെന്നു കണ്ടാലറിയാം. ഓരോ ദിവസവും ഇരുളുമ്പോൾ വെളുക്കരുതേ എന്ന്‌ പ്രാർത്ഥിക്കുന്ന ബാദ്ധ്യതകളുണ്ടാവില്ല. വെളുത്താൽ, കൈകൾ നീട്ടുന്ന ഉത്തരവാദിത്ത്വങ്ങൾ, അവധി പറയുമ്പോൾ മുഖം കറുക്കുന്ന കടബാദ്ധ്യതകൾ ഇതൊന്നുമുണ്ടാവില്ല. വിശന്നു വലയുന്ന മക്കളുടെ വയറു കണ്ടില്ലെന്നു നടിച്ച്‌ ആവശ്യത്തിനും അനാവശ്യത്തിനും ഭ്രാന്തിയെപ്പോലെ അവരെ അടിച്ചുവേദനിപ്പിക്കേണ്ടി വരുന്നുണ്ടാവില്ല.

തളർന്നുറങ്ങുന്ന മക്കൾ ഉറക്കത്തിൽ അറിയാതെ തേങ്ങുന്നതു കേട്ട്‌ ഇരുൾ പൊട്ടുന്ന നെഞ്ചകം കണ്ണീരായി പ്രവഹിക്കുന്നുണ്ടാവില്ല.

ലീല അവരെത്തന്നെ അങ്ങനെ നോക്കിനിന്നപ്പോൾ അരുതാത്തതെന്തോ മനസ്സിന്റെ ലൊലമായ ഭിത്തിയിൽ വന്നലയ്ക്കുന്നതറിഞ്ഞു. അപകടത്തിൽ രക്ഷപ്പെട്ട ഭർത്താവിന്റെ ജീവൻ കാത്ത മംഗല്യം രക്ഷയാണൊ, അതോ ശിക്ഷയോ?

ലീല അറിയാതെ ഞെട്ടി. ചിന്തകളെല്ലാം ഉറക്കെ വിളിച്ചുപറഞ്ഞതു പോലെ അവൾ വിളറി. ആ സ്ത്രീ ലീലയെത്തന്നെ നോക്കുകയായിരുന്നു. തന്റെ കണ്ണുകളിലൂടെ അവർ എല്ലാം വായിച്ചെടുത്തുവോ/ എന്നാലിനി പോകട്ടെ. വയസ്സൻ എഴുന്നേറ്റു. മകളുടെ കൈപിടിച്ച്‌ ആ സ്ത്രീ പറഞ്ഞു.
യാത്രയില്ല. വീട്‌ ...ഞങ്ങൾക്കു വേണ്ട.

ലീല തളർന്നു. ഒടുവിലത്തെ ആശ്രയമാണെങ്കിലും ഓപ്പറേഷന്‌ മറ്റു മാർഗ്ഗമില്ല. ചിലപ്പോൾ എഴുന്നേല്ക്കാൻ കഴിഞ്ഞാലോ.
ലീലയുടെ വിളറിയ മുഖത്തു നോക്കി ആ സ്ത്രീ പറഞ്ഞു.

വിഷമിക്കേണ്ട, വീടു വാങ്ങുന്നില്ല,എന്നേയുള്ളു. എത്ര പണം വേണമെങ്കിലും തരാം.ചികിൽസ നടക്കട്ടെ. എനിക്കു ചികിൽസിക്കാൻ ആളില്ലല്ലൊ.
എത്രയായാലും നിങ്ങൾ ഭാഗ്യവതിയാണ്‌. കുട്ടികളുടെ അച്ഛനെ ജീവനോടെ തന്നില്ലേ ദൈവം.

ഈശ്വരാ... ആ സ്ത്രീയുടെ കണ്ണുകളെ നേരിടാനാവാതെ ലീല തല താഴ്ത്തി....!