അജിത് കെ.സി.
കരികളഞ്ഞ്
അമ്മയിരുന്നു
അരികിൽ
അടുക്കളപ്പാത്രങ്ങളുടെ
കാവടിത്തുള്ളൽ
കരിയൊഴുകിയ കാളിന്ദിക്കരയിൽ
കാവൽക്കാരൻ കുറിഞ്ഞിപ്പൂച്ച
വറചട്ടിയിലെ മുളകുപുരണ്ട
മീനൊട്ടൽ കണ്ട് പശിയടക്കി
കള്ളപ്പിണക്കത്തിൽ കച്ചിത്തുറുവിലൊളിച്ച
കുറുമ്പൻ പൂവന്റെ കരൾശേഷിപ്പിൽ
നാണിക്കോഴിയുടെ ഒറ്റക്കൊത്ത്
ഊർന്നു വീണ മുരിങ്ങപ്പൂവ്
അക്ഷയപാത്രത്തിൽ കണ്ട്
കൃഷ്ണപ്പരുന്ത് മൂന്ന് വട്ടം കുംഭ നിറച്ചു
രണ്ടു വറ്റിനു കണ്ണെറിഞ്ഞതും പോര
കൂട്ടരെയൊക്കെ വിളിച്ച് കാക്കക്കറുമ്പൻ
ഇടയ്ക്കെപ്പോഴോ
കരട് തെറിക്കുമ്പോൾ
കൈമടക്കു കൊണ്ടമ്മ കണ്ണു തുടയ്ക്കും
കരിവാരിയപ്പോൾ കനൽ കൊണ്ടത്
കണ്ണിൽ തൂവി ഉണ്ണിയുമിരുന്നു
കഴുകി
ഉടൽ മിനുങ്ങി
വെള്ളിച്ചിരിയിൽ വെയിൽപ്പാത്രങ്ങൾ
ഊഴം കാത്ത് വല്മീകപ്പുതപോൽ ചാണകവിളക്ക്
ഇനി ചിന്തൂരപ്പൊട്ട് അന്തിയെടുക്കും
അമ്മയതു ചീന്തിയെടുത്ത്
അഞ്ചുതിരിയാക്കി വിളക്കിന്മേൽ വയ്ക്കും
വിളക്കണയുമ്പോൾ
ചോന്ന പാവാട ഉണങ്ങാനിടുമ്പോൾ
ഉണ്ണിയുറങ്ങും
ഉണർന്നെണീറ്റാൽ അടുപ്പു ചുവക്കും
അമ്മ വീണ്ടും
തീയ് കോരി ചിന്തൂരം ചാർത്തും
ചുവപ്പുരാശിച്ചക്രമുരുളും...
ഉരുളാതെ ഉറങ്ങാതെ
ഒരു ചുവന്ന പാത്രം
ചാരുകസേരക്കീഴിൽ,
അച്ഛനിടയ്ക്കിടെ ചുമച്ചു തുപ്പുമ്പോൾ
വായ തുറക്കും,
കൂടു വിട്ട് കൂടു മാറാതെ
മറ്റൊരു രാശിച്ചക്രം!