ശ്രീകൃഷ്ണദാസ് മാത്തൂർ.
അമ്മേ നിന്റെ മെയ്യിൽ
സ്നേഹമരുന്നു മണക്കുന്നു
ജീവിതം മയപ്പെടുത്തുവാൻ
സഹചരാദി,ധന്വന്തരം,
കാഴ്ചയെ കുഴമ്പിട്ടു കുളിപ്പിച്ചു
തെളിയിച്ചെടുക്കുവാൻ
ഇളനീർക്കുഴമ്പ്.
കാൽപെരുമാറ്റങ്ങളുടെ
കൊടും കയത്തിലെ
തലനീട്ടും വിളക്കുമാടം.
കനച്ച എണ്ണമണം.
കെടും മുമ്പോരാളൽ,
കരിന്തിരിപ്പുകമണം.
ജീവിതം
നുള്ളിപ്പറിച്ചൊടുക്കം
പൊളിഞ്ഞു പൊളിഞ്ഞു
നാളം മാത്രം ശിഷ്ടം,
ചൂടിന്റെ മണം.
എല്ലാ ചില്ലകളും ചാഞ്ഞ്
ചെവിവട്ടം പിടിക്കുമ്പോൾ
അടുക്കും വിളി,
കനക്കും മണ്ണിന്റെ മണം.
അമ്മേ, നിന്റെ മെയ്മണം
പലകാലത്തിൽ സംവദിക്കുന്നിത്
തീരാത്ത മുലപ്പാൽ മണം..