കൃഷ്ണഗാഥ






വാസവന്‍ മുമ്പായവാനരിങ്ങനെ
വാഴ്ത്തിന നേരത്തു വാരിജാക്ഷന്‍
പ്രത്യക്ഷനായിട്ടു ചൊല്ലിനിന്നീടിനാന്‍
ഭക്തിയെക്കാണുമ്പോഴെന്നു ഞായം!

"മുന്നമേ തന്നെയറിഞ്ഞു ഞാന്‍ പോരുന്നു
മന്നിടം ചേരുന്ന ഭാരമെല്ലാം
ഇന്നിങ്ങ്  വന്നീടും നിങ്ങളെന്നുള്ളതും
എന്നുള്ളം തന്നിലുണ്ടോര്‍ച്ചയെന്നാല്‍.

ഭൂഭാരം തന്നെത്തളര്‍പ്പതിന്നോരോരോ
വ്യാപാരം ചെഞ്ചെമ്മേ ചെയ്‌വതിനായ്‌
മാനുഷനായിപ്പിറക്കുന്നതുണ്ടു ഞാന്‍
ആനകദുന്ദുഭിസൂനുവായി,

മൂത്തവനായിപ്പിറന്നു നിന്നീടുമേ
മൂര്‍ത്തി വിശേഷമായ് ചേര്‍ത്തനന്തന്‍
വാനവരെല്ലാരുമാദരവോടങ്ങു
 യാദവന്മാരായ് പിറക്കമന്നില്‍
മായയായ്മേവുന്ന ദേവിയും വന്നങ്ങു
മാനുഷിയായിപ്പിറക്കും പിന്നെ

വേണുന്ന കാര്യങ്ങള്‍ സാധിച്ചു കൊള്ളുവാന്‍
ചേണുറ്റു നിന്നു തുണപ്പതിനായ്
പാരാക്ത പിന്നെ ഞാന്‍ പാരിന്നു പൂരിച്ച
 ഭാരതത്തെ തീര്‍ത്തു തളര്‍ന്നു നന്നായ്
മേദിനി തന്നുടെ വേദന പോക്കുവാന്‍
ഖേദിക്കവേണ്ടായിന്നിങ്ങളാരും.''

വാനവരെല്ലാരുമെന്നതു കേട്ടപ്പോള്‍
വാരിജ സംഭവന്താനുമായി
മേദിനിതന്നുടെ ഖേദത്തെത്തീര്‍ത്തുടന്‍
മേളത്തില്‍ പോയങ്ങു വിണ്ണില്‍പുക്കാര്‍.

ശ്രീമഥുരാപുരിയെന്നൊരു നാമമായ്
ശ്രീമതിയായൊരു രാജധാനി
യാദവര്‍ക്കെല്ലാമങ്ങാഗാരമായിനി-
ന്നാദിയിലുണ്ടായി പണ്ടു പാരില്‍
നാകികള്‍ക്കെല്ലാമാഗാരമായൊരു
 നാകമഹാപുരിയെന്നപോലെ
സ്വർപ്പദം തന്നിലുള്ളാശയുണ്ടായ്‌വരാ
അപ്പുരിതന്നിലിരിപ്പോര്‍ക്കെന്നും

നന്ദനം തന്നുടെ നിന്ദയെച്ചെയ്യുമ-
മ്മന്ദിരേ നിന്നെഴും നിഷ്ക്കുടങ്ങള്‍.

നിര്‍ജ്ജരദീര്‍ഘിക തന്നുളളിലേറുന്ന 
ലജ്ജയെച്ചേര്‍ക്കുമീ ദീര്‍ഘികകള്‍.
ധര്‍മ്മിഷ്ഠരായോരെ ചിന്തിച്ചുകാണ്‍കിലോ
ധര്‍മ്മജന്‍ ശീലവും  തണ്മകോലും
ആയങ്ങള്‍ കാണുമ്പോള്‍ തോയാകരന്തന്നിന്‍
പായുന്ന വന്‍നദിജാലം പോലെ.

 സ്വർണ്ണൗഘം തന്നുടെ തിണ്മയെക്കാണുമ്പോള്‍
തിണ്ണമൊന്നഞ്ചുമമ്മേരുശൈലം
ദാനങ്ങള്‍ കാണുമ്പോള്‍ വാനവദാരുക്കള്‍
ഹീനങ്ങളഫായ്വരും ദീനങ്ങളായ്
വീരരായുള്ളോര്‍തന്‍ വീരത കാണുമ്പോള്‍
നേരായോരില്ലയിപ്പാരിലാരും.

വിദ്യകള്‍ കൊണ്ടുള്ള വേലകള്‍ കാണുമ്പോള്‍
വിസ്മയംകോലുമദ്ധൂര്‍ജ്ജടിയും.
അസ്ത്രങ്ങള്‍ കൊണ്ടവരഭ്യസിച്ചീടുമ്പോള്‍
എത്രയും പാഴ്പെടും ഭാര്‍ഗ്ഗവനും
കാമുകന്മാരുടെ കാന്തിയെക്കാണുമ്പോള്‍
കാമനും ചെഞ്ചെമ്മേയഞ്ചുമേറ്റം

മാനിനിമാരുടെ മാണ്‍പിനെക്കാണ്‍കില-
മ്മേനക ദീനയായ് നാണുമപ്പോള്‍.
വെണ്മാടം തന്നുടെ വെണ്മയെക്കാണുമ്പോള്‍
കന്മഷം തോന്നുമക്കൌമുദിക്കും
അപ്പുരിതന്നില്‍ വിളങ്ങിനിന്നീടുന്ന
ശില്പങ്ങളൊന്നൊന്നേ പാര്‍ത്തുകണ്ടാല്‍
വാസവമന്ദിരം വായ്പ്പോടു നിര്‍മ്മിപ്പാന്‍
മാതൃകയായതിതെന്നു തോന്നും
അപ്പുരിതന്നിലുള്ളത്ഭുതം ചൊല്ലുവാന്‍
കെല്പുള്ളോരാരുമില്ലെന്നു വേണ്ടാ

തത്സാരമോര്‍ക്കിലോ  വസ്വൗകസാരയും
നിസ്സാരയായിട്ടേ വന്നുകൂടു
യാദവ വീരരുമപ്പുരി  പാലിച്ചി-
ട്ടാദരവോടു   വസിക്കും കാലം
ദേവകനാകുന്ന  യാദവന്തന്നുടെ 
ദേവകിയാകുന്ന കന്യകയെ
ശ്രീവസുദേവര്‍ക്കു നല്‍കിനാനമ്പൊടു
ശ്രീപതി തന്നുടെയമ്മയാവാന്‍
വേട്ടുനിന്നീടുന്ന ശ്രീവസുദേവര്‍താന്‍
വാട്ടമകൊന്നൊരു തേരിലേറി
ദേവകിയാകിക ജായയും താനുമായ്
പോവതിന്നായിത്തുടങ്ങുന്നേരം
ഉത്പന്നമോദനായ് നില്പോരു ദേവകന്‍
നല്പൊലിക്കാണവും നല്‍കിനാന്‍താന്‍
സോദരിതന്നുടെ തോഷത്തെച്ചെയ്‌വാനാ-
 യാദവരോടു മുതിര്‍ന്നു കംസന്‍

ചാരത്തുചെന്നങ്ങു വാരുറ്റ തേര്‍പുക്കു
സാരഥ്യ വേലയുമാചരിച്ചാന്‍
നാനാജനങ്ങളുമായ് നടന്നങ്ങു
നാനാവിനോദവുമോതിയോതി
ആമോദിച്ചെല്ലാരുമാമന്ദം പോകുമ്പോള്‍
വ്യോമത്തില്‍ നിന്നൊരു ചൊല്ലുണ്ടായി:
       "ദേവകിതന്നുടെയഷ്ടമ ഗര്‍ഭത്തില്‍
       മേവിനിന്നുണ്ടായ ബാലകന്താന്‍
       നിന്നുടെ കാലനായ് പോന്നു വന്നീടുന്നോന്‍
       എന്നതു ചിന്തിച്ചുകൊള്‍ക കംസാ!''

ഘോരനായുള്ളൊരു കംസന്‍ താനന്നേരം
വീരതയായതിതെന്നുനണ്ണി,
പാവകഭാവത്തെ ക്കേവലം പൂണ്ടുടന്‍
ദേവകി തന്‍ കൊല ചെയ്‌വതിനായ്‌
തല്ക്കചം     തന്നെപ്പിടിച്ചു വളര്‍ന്നൊരു
ഖഡ്ഗവും വാങ്ങിയങ്ങോങ്ങിനിന്നാന്‍

കണ്ടുനിന്നീടുന്ന മാലോകരെല്ലാരും
ഇണ്ടലും പൂണ്ടു ചമഞ്ഞപ്പോള്‍,
കണ്ണടച്ചീടിനാര്‍ കണ്ണുനീര്‍തൂകിനാര്‍
തിണ്ണമങ്ങോടിനാര്‍ ഖിന്നരായി,

കൈത്തീരുമ്മീടിനാര്‍ കണ്‍ചുവത്തീടിനാര്‍
കൈയലച്ചീടിനാര്‍ മെയ്യിലെങ്ങും
കേസരിവീരന്‍ തന്നാനനും തന്നിലായ്
കേവലം കേഴുന്നോരേണം പോലെ
മേവിനിന്നീടുന്ന ദേവകിദേവിതാന്‍
ദൈവമേയെന്നങ്ങുചൊല്ലിച്ചൊല്ലി
ഘോരനായുള്ളൊരു കംസനെ നോക്കീട്ടു
പാരം വിറച്ചു നടുങ്ങുമപ്പോള്‍

ചൂഴെ നിന്നീടുന്ന ലോകരെ നോക്കീട്ടു
കോഴ പൂണ്ടേറ്റവും കേഴും, പിന്നെ
ചങ്ങാതിമാരുടെ തന്മുഖം നോക്കിനി-
ന്നുച്ചത്തില്‍ നീളെ വിളിച്ചു കേഴും;

നിര്‍മ്മായ പ്രേമം പൂണ്ടുമ്മാമന്‍ തന്നെയും
അമ്മയെത്തന്നെയുമവ്വണ്ണമേ
ആങ്ങളതന്നെ വിളിച്ചു നിന്നീടുവാന്‍
ഓങ്ങി നിന്നങ്ങു നടുങ്ങും പിന്നെ
ആനകദുന്ദുഭി തന്നുടെയാനനം
ദീനയായ് മെല്ലവേ നോക്കി വിറക്കും
ദേവകിതന്‍ഭയമിങ്ങനെ കാണുമ-
ശ്രീ വസുദേവര്‍ താനെന്ന നേരം

പെട്ടന്നു ചെന്നു വിലക്കി നിന്നീടിനാന്‍
പൊട്ടിനിന്നീടുന്നോരുള്ളവുമായ്
പാപനായുള്ളൊരു കംസനോടായിപ്പി-
ന്നാപത്തു പോക്കുവാനായിച്ചൊന്നാന്‍: