രക്തസാക്ഷിച്ചിത്രങ്ങൾ പ്രദർശിപ്പിച്ചുള്ള രാഷ്ട്രീയം ആർക്കും ഗുണം ചെയ്യില്ല

Varamozhi Editor: Text Exported for Print or Save




എം.മുകുന്ദൻ








വേദനകളെ രാഷ്ട്രീയവല്ക്കരിച്ച സമൂഹമായി നമ്മൾ അനുദിനം മാറി ക്കൊണ്ടിരിക്കുകയാണ്‌. രക്ത സാക്ഷികളുടെ വർണ്ണച്ചിത്രങ്ങൾ പ്രദർശിപ്പിച്ചുള്ള രാഷ്ട്രീയം ആർക്കാണ്‌ ഗുണം ചെയ്യുക? ഇത്‌ കാണുന്ന യുവാക്കളും യുവതികളും , നാളെ നമ്മളും ഇങ്ങനെ വാളിനും മഴുവിനും ഇരയാവുമെന്നു കരുതി പാർട്ടിയിൽ നിന്ന്‌ അകന്നു പോകും. നമ്മൾ രക്ത സാക്ഷികളായേക്കും എന്ന്‌ ഭയം ഉണ്ടാക്കുന്ന പാർട്ടികൾ നമുക്കു വേണ്ട എന്ന്‌ പുതിയ തലമുറ ചിന്തിക്കും. ഇത്‌ നമ്മുടെ നേതാക്കൾ അറിയുന്നില്ല. രക്തസാക്ഷികൾ വലിയവരായിരിക്കാം. പക്ഷേ അവരെ ദയവു ചെയ്ത്‌ പ്രദർശന വസ്തുക്കളാക്കരുത്‌. മാഹിയിലുൾപ്പെടെ നിരവധി സ്ഥലങ്ങളിൽ ഇത്തരം യുവാക്കളുടെ വർണ്ണച്ചിത്രങ്ങൾ കണ്ടു. ഇവരിങ്ങിനെ വാളു കൊണ്ടും മഴു കൊണ്ടും മരിക്കേണ്ട വരാണോ? ഇന്നത്തെ പുതിയ തലമുറയ്ക്ക്‌ ഇങ്ങനെ കൊല്ലപ്പെട്ട്‌ രക്ത സാക്ഷികളാകാനല്ല ആഗ്രഹം. മറിച്ച്‌, ബാംഗ്ളൂരിൽ വൻതുക ശംബളം വാങ്ങി നല്ല ഐ.ടി. പ്രൊഫഷണൽ ആകാനാണ്‌. നമ്മുടെ നേതാക്കൾ ഇതു തിരിച്ചറിയുന്നുണ്ടോ?

ഭാവിയിലെ നേതാക്കൾ മുദ്രാവാക്യം വിളിച്ചുകൊണ്ട്‌ നടക്കുന്നവരാകരുത്‌. അത്തരക്കാരെ യുവതലമുറയ്ക്ക്‌ ആവശ്യമില്ല. പ്രശ്നം കണ്ടെത്തി പഠിച്ച്‌ പരിഹരി ക്കുന്നവനാണ്‌ നേതാവ്‌. അത്തരം നേതാക്കൾക്കാണ്‌ ഞാൻ വോട്ടു കൊടുക്കുക എന്നു പുതിയ തലമുറ പറയും. ലോകത്തിൽ മറ്റൊരിടത്തും കേരളത്തിലെ പോലെ മുദ്രാവാക്യവും സിന്ദാബാദും വിളിച്ചുനടക്കുകയും വിളിപ്പിക്കുകയും ചെയ്യുന്ന നേതാക്കൾ ഇല്ല. ഞാൻ ഫ്രാൻസിലുൾപ്പെടെ പല സ്ഥലങ്ങളിലും സഞ്ചരിച്ചിട്ടുണ്ട്‌. ഞാൻ ഇടതുപക്ഷ വിശ്വാസിയാണ്‌. പക്ഷെ മുന്നോട്ടു നയിക്കുന്ന ഇടതു പക്ഷ ത്തോടൊപ്പമാണ്‌, അല്ലാതെ പിറകോട്ടു വലിക്കുന്ന ഇടതുപക്ഷ ത്തോടൊപ്പമല്ല. ഇത്തരം ആഴമുള്ള പ്രതിസന്ധി നിലനില്ക്കുമ്പോഴാണ്‌ സുകുമാർ അഴീക്കോടിനെപ്പോലുള്ളവർ നമ്മെ വിട്ടു പിരിഞ്ഞതിലുള്ള ശൂന്യത നമുക്കു മനസ്സിലാവുക. മനുഷ്യ പക്ഷത്തും ഒപ്പം സമൂഹ്യ നീതിയുടെ പക്ഷത്തും നിന്ന് എല്ലാ പ്രശ്നങ്ങളോടും ധീരമായി പ്രതികരിച്ച വ്യക്തിയാണ്‌ അഴീക്കോട്‌.

അഴീക്കോട് മാഷ്‌ - ഒരു ചിത്രം
-  പ്രശസ്ത എഴുത്തുകാരൻ എം. മുകുന്ദൻ അഭിപ്രായപ്പെട്ടു. കണ്ണൂർ പ്രസ്‌ ക്ളബ്‌ സാംസ്ക്കാരിക സദസ്സിന്റെ നേതൃത്വത്തിൽ നടന്ന അഴീക്കോട്‌ അനുസ്മരണ പ്രഭാഷണത്തിൽ പങ്കെടുത്തു സംസാരിക്കു കയായിരുന്നു അദ്ദേഹം.