വനിതകള്‍ക്ക് ട്രെയിനില്‍ യാത്ര ദുരന്താനുഭവം


എം. ആര്‍. ജയഗീത


ചെന്നൈമെയിലിലെ ടിക്കറ്റ് പരിശോധകന്‍ ആദ്യം എന്നെ എ. സി. കോച്ചിലിരിക്കാന്‍ ക്ഷണിച്ചു. ക്ഷണം നിരസിച്ചപ്പോള്‍ പ്രകോപിതനായ ടിക്കറ്റ് പരിശഓധകന്‍ കൂട്ടുകാരനെ വിളിച്ചുവരുത്തി. ഇരുവരും അശ്ളീല ചുവയുള്ള വാക്കുകള്‍ നിര്‍ത്താതെ പറഞ്ഞുകൊണ്ടിരുന്നു. ഒടുവില്‍ ഞാന്‍ സീസണ്‍ ടിക്കറ്റ് സംഘടിപ്പിച്ചത് ആരെയോ വശീകരിച്ചാണെന്നായി. ഇതോടെ ഞാന്‍ തകര്‍ന്നുപോയി. 

"ഈ പീഡനം ഞാന്‍ മാത്രം അനുഭവിക്കുന്നതല്ല. ഒരുപാട് വനിതാ യാത്രികന്‍ സ്ഥിരമായി നേരിടുന്ന ദുരന്ത മാണിത്. പലരും പറയാന്‍ മടിക്കുന്നത്, എന്റെ അനുഭവത്തിലൂടെ സ്ത്രീ സമൂഹത്തിനു വേണ്ടി തുറന്നു പറയുകയാണ്. എന്റെ വാക്കുകള്‍ എന്റെ സഹ യാത്രികരുടെ രക്ഷയ്ക്ക് കൂടിയാണെന്ന് കേരളസമൂഹം തിരിച്ചറിയണം.


ഗോവിന്ദച്ചാമിമാരെക്കാള്‍ കഷ്ടമാണ് തീവണ്ടികളിലെ ടിക്കറ്റ് പരിശോധകരുടെയും പോലീസ് മുതല്‍ ചില സ്ഥിരം യാത്രക്കാരായ ഉന്നത ഉദ്ദോഗസ്ഥന്മാരുടെയും കൂട്ടുകെട്ട് ഇവര്‍ നിരന്തരം സ്ത്രീകളെ വലവീശിപ്പിടിച്ച് അവസാനം റാക്കറ്റു കളിലെത്തിക്കുന്നു. കേരളത്തില്‍ ഇത് ആരു മറിയാതെ നടക്കുന്നു....''


ഇപ്പോള്‍ സസ്പെന്‍ഷനിലായ ടിക്കറ്റ് പരിശോധകന്‍ മാസങ്ങള്‍ക്കുമുമ്പെ എന്നെ വലവീശിപ്പിടിക്കാന്‍ ശ്രമിച്ചതാണ് അതിന് ഒരു സ്ത്രീയെത്തന്നെ ഉപയോഗിച്ചുനോക്കി. തിരുവനന്തപുരം യാത്രികരായ നിരവധി സ്ത്രീകള്‍ ഇവരുടെ റാക്കറ്റില്‍പ്പെട്ടുകഴിഞ്ഞു. ഒരുപാടാളുകള്‍ വഴി ശ്രമിച്ചു. ഒടുവില്‍ ഒരുമാസത്തോളം ഞാന്‍ മറ്റു തീവണ്ടികളില്‍ യാത്രചെയ്തുനോക്കി..... പിന്നീട് വീണ്ടും ചെന്നൈ മെയിലില്‍ കയറിയപ്പോഴാണ് ഈ ദുരന്താനുഭവം.


ഞാന്‍ വെള്ളിയാഴ്ച വൈകിട്ട് (ഫെബ്രുവരി 17  ) അഞ്ചുമണിക്ക് ചെന്നൈ മെയിലില്‍ കയറി. ടിക്കറ്റ് പരിശോധകന്‍ ഞാനിരുന്ന ഫസ്റ്ക്ളാസ് കോച്ചിലെത്തി. 'മാഡം.... എസി കോച്ചി ലിരിക്കാം...' എന്നറിയിച്ചു. ഞാന്‍ അത് അപ്പോള്‍ തന്നെ നിരസിച്ചു. തൊട്ടടുത്ത് ഒരു കുടുംബ മുണ്ടായിരുന്നു. അവരുടെ അടുത്തുനിന്ന് എന്നെ മാറ്റി അയാളുടെ അടുത്തെത്തി ക്കുകയായിരുന്നു പദ്ധതി. ഞാന്‍ ചെല്ലില്ല എന്നായപ്പോള്‍ അല്‍പ്പം കഴിഞ്ഞ് വീണ്ടും അയാള്‍ വന്നു. 'സ്ക്വാഡ് കയറിയിട്ടുണ്ട് മാഡം... വേഗം വരൂ...' എന്നുപറഞ്ഞു. സ്ക്വാഡ് കയറിയാല്‍ അത് ഞാന്‍ നോക്കിക്കൊള്ളാം എന്നുപറഞ്ഞു. ഉടന്‍ ടിക്കറ്റ് പരിശോധകന്‍ ദ്വേഷ്യപ്പെട്ടു. നിങ്ങളുടെ ടിക്കറ്റ് കാണിക്കൂ എന്നായി അടുത്ത ആവേശം. വെറുതെ വിടില്ല, നിന്നെ കാണിച്ചുതരാമെന്ന് ഭീഷണിപ്പെടുത്തി.


ഫസ്റ് ക്ളാസ് സൂപ്പര്‍ഫാസ്റ് ട്രെയിനില്‍ കയറാവുന്ന 1,250/-രൂപയുടെ സീസണ്‍ ടിക്കറ്റ് കാണിച്ചു. ടിക്കറ്റ് കൊണ്ടുപോകാന്‍ ശ്രമിച്ചപ്പോള്‍ അത് പറ്റില്ലെന്ന് ഞാന്‍ പറഞ്ഞു. ഉടനെ മറ്റൊരു ടിക്കറ്റ് പരിശോധകനെ വിളിച്ചുവരുത്തി ഇരുവരും ചേര്‍ന്ന് അര്‍ത്ഥംവെച്ച് പലതും പറഞ്ഞുതുടങ്ങി. അപ്പോഴേയ്ക്കും തീവണ്ടി വര്‍ക്കല കഴിഞ്ഞിരുന്നു. സഭ്യമല്ലാത്ത ഭാഷയിലായിരുന്നു ഇവരുടെ വാക്കുകള്‍. പിന്നീട് എടീ, പോടീ എന്നായി വിളികള്‍... 'നിന്നെയൊക്കെ നമുക്ക് നന്നായി അറിഞ്ഞൂടെ....' എന്നു പറഞ്ഞപ്പോള്‍ നിങ്ങള്‍ മര്യാദയ്ക്ക് സംസാരിക്കണം എന്നു പറഞ്ഞു. പുറത്തു പറയാനാകാത്ത ചീത്തപ്രയോഗങ്ങള്‍ തുടര്‍ന്നു. ഞാനൊറ്റയ്ക്ക് തളര്‍ന്നിരുന്നു പോയി. മറ്റാരും സഹായത്തിന് വരാതെയായി. അടുത്തിരുന്ന കുടുംബം മിണ്ടിയതേയില്ല. ഇവരെ അവര്‍ക്ക് ഭയമാണെന്ന് പിന്നീട് ബോദ്ധ്യപ്പെട്ടു. കാരണം അവര്‍ റെയില്‍വേ ഉദ്യോഗസ്ഥനും ഭാര്യയുമായിരുന്നു.


അധിക്ഷേപം തുടര്‍ന്നതോടെ ഞാന്‍ തകര്‍ന്നു പോയി. ഉടന്‍ ഭര്‍ത്താവിനെ വിളിച്ച് കാര്യം പറഞ്ഞു. എന്റെ നേരെ ഉറഞ്ഞു തുള്ളിനിന്നവരെ കണ്ട് ഞാന്‍ പേടിച്ചിരുന്നു. എന്നെ എന്തെങ്കിലും ചെയ്തേക്കുമെന്ന് ഞാന്‍ ഭയന്നു. ശരീരം കുഴഞ്ഞു വന്നു. വീണ്ടും ഭര്‍ത്താവിനെ വിളിച്ചത് കേട്ടതോടെ രണ്ടുപേരും ഒന്നു ഭയന്നു. അല്പം മയം വന്നപോലെയായി. അല്പം കഴിഞ്ഞ് സീസണ്‍ ടിക്കറ്റ് തന്ന് ആരെയൊക്കെയോ വിളിച്ചശേഷം അവര്‍ പിന്‍വാങ്ങി. ഈ സമയം റെയില്‍വേ വിജിലന്‍സില്‍ നിന്നെന്നു പറഞ്ഞ് ജെസ്മന്‍ എന്ന ആള്‍ വന്ന് കാര്യങ്ങള്‍ തിരക്കി. എങ്ങും പരാതിപ്പെടരുതെന്നും മറ്റും പറഞ്ഞു. പരാതി പറയുമെന്നായപ്പോള്‍ അദ്ദേഹം പിന്‍വാങ്ങി. അപ്പോഴേക്കും ട്രെയിന്‍ കൊല്ലം സ്റേഷനിലെത്തി. എന്റെ തലചുറ്റി വന്നു. ഇറങ്ങി വന്നപ്പോള്‍ ഭര്‍ത്താവിന്റെ ചുമലിലേക്ക് തളര്‍ന്നു വീണുപോയി.


ഫെബ്രുവരി 17 ന് വെള്ളിയാഴ്ച്ച,  കവിയും കഥാകാരിയും പുരോഗമനകലാ സാഹിത്യ സംഘം സംസ്ഥാന കമ്മിറ്റിയംഗവുമായ എം.ആര്‍. ജയഗീതയുടെ വാക്കുകളാണിവ. കേരള സംസ്ഥാന സര്‍ക്കാരിന്റെ പ്ളാനിംങ് വകുപ്പിലെ റിസര്‍ച്ച് ഓഫീസറും ഡി.വൈ.എഫ്.ഐ നേതാവ് അഡ്വ. ശിവപ്രസാദിന്റെ ഭാര്യയുമാണ് അവര്‍. കൊല്ലം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ നിറകണ്ണുകളോടെ പറഞ്ഞ വാക്കുകളില്‍ കേരളീയ സമൂഹത്തിന്റെ സ്ത്രീവിരുദ്ധ നിലപാടുകളോടുള്ള പ്രതിഷേധവും, അപ്രതീക്ഷിത അനുഭവങ്ങള്‍ സഹിക്കേണ്ടി വന്നതിലെ നിസ്സാഹായതയും സങ്കടവും തുടിച്ചു നിന്നു.

- ( പത്ര വാര്‍ത്ത  )
 
ജയഗീതയോട്  അപമര്യാദയായി പെരുമാറിയെന്ന അവരുടെ പരാതിയെത്തുടര്‍ന്ന് ടിക്കറ്റ് എക്സാമിനര്‍മാരായ ജാഫര്‍ ഹുസൈന്‍, പ്രവീണ്‍ എന്നിവരെ അന്വേഷണ വിധേയമായി റെയില്‍വേ അഡീഷണല്‍ വിഷണല്‍ മാനേജര്‍ രാജീവന്‍ സസ്പെന്റ് ചെയ്തു. വകുപ്പ് തല അന്വേഷണത്തിന് പുറമേ റെയില്‍വേ പോലീസും സംഭവം അന്വേഷിക്കും. ജയഗീതക്ക്    മുഖ്യമന്ത്രി ഇടപെട്ടു കൊല്ലത്തേക്ക് ജോലി മാറ്റം കൊടുക്കുന്നതായി അറിയുന്നു. 
- ( പത്ര വാര്‍ത്ത  )