കേരളത്തിന്റെ മനസ്സാക്ഷി






എന്‍. ആര്‍. ഗ്രാമപ്രകാശ്


അനുസ്മരണം 




വരും കാലത്തേയ്ക്ക് സഞ്ചരിയ്ക്കാവുന്ന ഇന്നത്തെ മലയാളി  സത്വത്തെ നിര്‍ണ്ണയിച്ചത് ഇരുപതാം നൂറ്റാണ്ടിലെ ആദ്യ പകുതിയാണ്. നവോത്ഥാനം, ദേശീയത, കമ്മ്യൂണിസം ഇവയുടെ സംഗമത്തില്‍ പിറന്ന ധൈഷണിക കാലമാണ് സുകുമാര്‍ അഴീക്കോടെന്ന കര്‍മ്മോമുഖ വ്യക്തിത്വത്തെ സാധ്യമാക്കിയത്. കേരളീയ നവോത്ഥാനത്തിന്റെ ചൈതന്യം ആ വാക്കുകളെ പ്രകാശമുള്ളതാക്കി. അതിശക്തമായ ജനാധിപത്യ ബോധവും നിശിതമായ യുക്തിചിന്തയും തികഞ്ഞ മതനിരപേക്ഷാ ബോധവും ആ ഹൃദയത്തെ ഭരിച്ചു. വര്‍ഗ്ഗീയത, മദ്യാസക്തി, ജലചൂഷണം, സ്ത്രീ പീഡനം,      അഴിമതി, രാഷ്ട്രീയത്തിലെ നെറികേടുകള്‍, പരിസ്തിഥി നാശം  എന്നുവേണ്ട സമുദായത്തെ അലോസരപ്പെടുത്തുന്ന പ്രവണതകള്‍ കാണ്‍കെ ആ സാഗര ഗര്‍ജ്ജനം ഉയരുകയുണ്ടായി. ജനാധിപത്യത്തെ കുറിച്ചുള്ള വിദഗ്ദ ബോധ്യങ്ങള്‍ ആ വാക്കുകളുടെ ഊര്‍ജ്ജപ്രവാഹമായി. അര നൂറ്റാണ്ട് ആ വാക്കുകള്‍ കേരളം ശ്രവിച്ചു. ആപത്ഘട്ടങ്ങളില്‍ അഴീക്കോട് മാഷ് എന്തുപറയുന്നു എന്നറിയാന്‍ മാധ്യമങ്ങളും സമൂഹവും കാത്തിരുന്നു. 

സുകുമാര്‍അഴീക്കോട്
......കൊള്ളാത്തവരില്ല ........ ....... ഭാഷാ പിതാവിന്റെ വചനങ്ങളും ആ വാക്ക് ശരങ്ങളേറ്റ്  പി ടയാത്ത യോഗ്യന്മാര്‍ കേരളക്കരയില്‍ കുറവായിരുന്നു. സമൂഹത്തില്‍ ഛത്ര ചാമരങ്ങളുടെ      അകമ്പടിയോടെ വലിവരെന്ന് അഹങ്കരിച്ചു എന്നവരെയാണ് ആ വാക്ക്ഭടന്‍ എതിര്‍ത്തു ചെന്നത്.  അതെല്ലാം ചെയ്തതേ ഭൂമിയിലെ ചെറിയവര്‍ക്ക് വേണ്ടിയായിരുന്നു വെന്നതാണ് യാഥാര്‍ത്ഥ്യം. അധികാര മില്ലാത്തവര്‍, സാധാരണക്കാരന്‍, അഴിമതിയും ചൂഷണവും സഹിച്ചു കഴിയുന്നവര്‍,വലിയവരോട് ഏറ്റുമുട്ടാന്‍ കൊള്ളില്ലാത്തവര്‍, വ്യവസ്ഥാപിതങ്ങള്‍ക്കു കീഴൊതുങ്ങാന്‍ വിധിക്കപ്പെട്ടവര്‍, അവരുടെ മനസ്സുകളില്‍ തികട്ടിയ വേദനയും ചോദ്യങ്ങളും ഉയര്‍ന്നു വന്നത് അഴീകോട് മാഷിലൂടെയായിരുന്നു.



ജി ശങ്കരക്കുറുപ്പ്
മലയാളസാഹിത്യത്തില്‍ വിമര്‍ശന ശാഖയില്‍ അഴീക്കോട് മാഷ് തലയെടുപ്പോടെ വിരഹിച്ചു. എതിര്‍പ്പിന്റെ ശബ്ദമായിരുന്നു അവിടേയും അദ്ദേഹത്തെ ശ്രദ്ധയനാക്കിയത്. കാവ്യരംഗത്ത് നിറഞ്ഞു വിലസിയ ജി. ശങ്കരക്കുറുപ്പിന്റെ കാവ്യലോകം അനുകരണത്തിന്റെ ലേകമാണെന്ന അഴീക്കോടിന്റെ വെളിപ്പെടുത്തല്‍ ഒരു ഞെട്ടലോടെയാണ് അനുവാചക   ലോകം ശ്രദ്ധിച്ചത്! 'ജി. ശങ്കരക്കുറുപ്പ് വിമര്‍ശിക്കപ്പെടുന്നു'. വിമര്‍ശന കലയിലെ വിശിഷ്ട ഗ്രന്ഥമായി കണക്കാക്കപ്പെ ടുന്നു. ഖണ്ഡന വിമര്‍ശനമാണ് വിമര്‍ശനം എന്നൊരു സിദ്ധാന്തപദ്ധതി അദ്ദേഹം ആവിഷ്കരിച്ചു. ആശാന്റെ ചിന്താവിഷ്ടയായ സീതയുടെ ആസ്വാദന പഠനമായ 'ആശാന്റെ സീതാകാവ്യം' ക്ളാസിക് കൃതിയായി പരിഗണിക്കുന്നു. 'ഭാവന എന്ന വിസ്മയം', 'മലയാള സാഹിത്യ വിമര്‍ശനനം',  'രമണനും മലയാള കവിതയും' തുടങ്ങി ഒട്ടേറെ കൃതികള്‍ വിമര്‍ശന സാഹിത്യത്തിന് നല്‍കിയിട്ടുണ്ട്.
കുമാരനാശാന്‍ 


വാക്കുകളുടെ ഹിമാലയം എന്ന് വിശേഷിപ്പിക്കപ്പെട്ട തത്ത്വമസി ഏറെ കൊണ്ടാടപ്പെട്ടു. അത് ആര്‍ഷ സംസ്കാരത്തിന്റെ കാവ്യപരിവേഷം പൂണ്ട് നില്‍ക്കുന്നു. വേദോപനിഷിത്തുക്കളും, കൃതികളും, സ്മൃതികളും, ആരണ്യകങ്ങളും എല്ലാമായി അഴീക്കോടുമാഷ് നേടിയ ഗാഡബന്ധമാണ് ഇത്തരമൊരു ഗ്രന്ഥത്തെ സാധ്യമാക്കിയത്. ഈ കാലഘട്ടത്തിലെ മനുഷ്യജീവിതത്തിന്റെ നേര്‍ചിത്രങ്ങളായിരുന്നു ഉപനിഷത്തുകളില്‍ കാണാനാവുകയെന്ന് അദ്ദേഹം തത്ത്വമസിയിലൂടെ സമര്‍ദ്ധിച്ചു. ഭൌതിക ജീവിതത്തിന്റെ ഉത്സവമായിരുന്നുവെന്നുവെന്ന് വെളിപ്പെടുത്തി അത് ആത്മീയതയുടെ ആയുദ്ധമല്ലെന്ന് തിരിച്ചറിയപ്പെട്ടു.


എല്ലാമുണ്ടെങ്കിലും മാഷെ കേരളീയര്‍ക്ക് പ്രിയങ്കരനാക്കിയത് സദസ്സുകളില്‍ നിന്നും സദസ്സുകളിലേക്ക് സഞ്ചരിച്ച് അദ്ദേഹം അഴിച്ചുവിട്ട വാക്കുകള്‍ കൊണ്ടുള്ള കലാപമായിരുന്നു. ദന്തഗോപുരവാസിയായി കഴിയാനല്ല. സാധാരണ മനുഷ്യരോട് സംസാരിച്ചു നില്‍ക്കാനാണ് അദ്ദേഹം ഒരുമ്പെട്ടത്. ഗാന്ധിജിയെ മനസ്സില്‍ പ്രതിഷ്ഠിച്ച ഒരു ദേശസ്നേഹി. വികസന കാര്യങ്ങളില്‍ ഇടപെട്ട് അഭിപ്രായ സ്വരൂപീകരണം നടത്താന്‍ തന്നെ പ്രാപ്തനാക്കിയത് ഗാന്ധിജിയുടെ വചനങ്ങളാണെന്ന് അഴീക്കോട് മാഷ് പറയും. രാജ്യം ഒരു വികസന പദ്ധതിയുടെ രൂപം നല്‍കുമ്പോള്‍, നടപ്പിലാക്കുന്നിടത്തെ ഏറ്റവും ദരിദ്രനനായ മനുഷ്യന് അതിന്റെ ഗുണം കിട്ടു ന്നുണ്ടോ എന്ന് നോക്കി വേണം നടപ്പിലാക്കാന്‍ എന്ന് ഗാന്ധിജി ഓര്‍മ്മിപ്പിച്ചിട്ടുണ്ടല്ലോ. ഈ വാക്കുകളെ ഹൃദയഭാഗമാക്കി മാറ്റിയ അഴീക്കോടിന് ശക്തനായ ഇടതുപക്ഷ സഹയാത്രികനാകാന്‍ ക്ളേശിക്കേണ്ടി വന്നിരിക്കില്ല.


കാറല്‍ മാര്‍ക്സ് 
സോവിയറ്റ് യൂണിയന്റെ വീഴ്ച്ചയില്‍ ആഹ്ളാദം കൊണ്ടവരെ, ദുഖിച്ചവരെ രണ്ടുക്കൂട്ടരേയും അദ്ദേഹം ഓര്‍മ്മിപ്പിച്ചത് ഇങ്ങനെയായിരുന്നു. "മനുഷ്യമോചനത്തിന്റെ ഒരു ആശയവും മരണമടയുന്നില്ല. ഇല കൊഴിയാം, കൊമ്പ് ഉണങ്ങാം പക്ഷേ വേര് കരിഞ്ഞു പോവില്ല. ആശയത്തിന്റെ ഒരു വിപ്ളവവും പരാജയപ്പെടുകയില്ല. അത് വെയിലില്‍ വാടിപ്പോയാലും മനസ്സിന്റെ ഉള്ളില്‍ ഇടതടവില്ലാതെ അസ്വാസ്ഥ്യത്തിന്റെ അലകള്‍ ഉയര്‍ത്തിക്കൊണ്ടിരിക്കും. സമത്വദര്‍ശനം എന്ന കമ്മ്യൂണിസ്റ് സങ്കല്‍പത്തിനു നാശമില്ല''. 1991 ലാണ് ഇതെഴുതുന്നത് മാര്‍ക്സാണ് ശരിയെന്നുള്ള ഇന്നത്തെ ആഘോഷങ്ങള്‍ക്കും ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ്. ഇടതുപക്ഷത്തെ വിമര്‍ശിക്കുമ്പോഴും അതിനെതിരെ വരുന്ന ശത്രുതാപരമായ ആക്രമണങ്ങളുടെ മുന്നില്‍ പ്രധിരോധവുമായി പ്രത്യക്ഷപ്പെടുവാന്‍ മടിയുണ്ടായിരുന്നില്ല. കേരളത്തിന്റെ  പ്രതീക്ഷ യാണ് ഇടതുപക്ഷം. അതിവിടെ നിലനില്‍ക്കണമെന്ന് എന്ന് അദ്ദേഹം ദൃഢമായി വിശ്വസിച്ചു. സി. പി. ഐ. (എം) ലെ പ്രശ്നങ്ങളില്‍ കയറി ഇടപെടാനും സ്വാതന്ത്രത്തോടെ തന്നെ അദ്ദേഹത്തിന് കഴിഞ്ഞു. പാര്‍ട്ടിയുടെ സുപ്പീരിയര്‍ അഡ്വൈസറാണ് ഞാന്‍ എന്നദ്ദേഹം ഉറപ്പിച്ച് പറയുകയുണ്ടായല്ലോ. ഇടതുപക്ഷത്തിന്റെ നിലനില്‍പ്പില്‍ പുലര്‍ത്തിയ പ്രത്യാശ തന്നെയാണല്ലോ, ദേശാഭിമാനിയുടെ എഡിറ്റോറിയല്‍ പേജില്‍ തന്റെ കോളം 14 വര്‍ഷം മുടക്കമില്ലാതെ തുടരാന്‍ അദ്ദേഹത്തെ പ്രാപ്തനാക്കിയത്.


നികത്താനാകാത്ത നഷ്ടം, ശൂന്യത, വിടവ് ഇതെല്ലാം പ്രമുഖ വ്യക്തികളുടെ മരണത്തെ തുടര്‍ന്ന് കേള്‍ക്കാറുള്ള വാക്കുകളാണല്ലോ. ശൂന്യതയെന്ന പ്രയോഗത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥം മനസ്സിലാകുന്നത് അഴീക്കോട് മാഷിന്റെ വേര്‍പാടിനു ശേഷമാണ്. സാമൂഹിക വിപ്ളവകാരിയെന്ന നിലയില്‍ കൃസ്തുവിന്റെ ദൌത്യം, അവസാനത്തെ അത്താഴം ഇത്യാദി വിഷയങ്ങള്‍ ഇപ്പോള്‍ അന്തരീക്ഷത്തില്‍ ഉണ്ടല്ലോ. അഴീക്കോട് മാഷ് ജീവിച്ചിരുന്നുവെങ്കില്‍ എല്ലാ ശബ്ദങ്ങള്‍ക്കും മേലെ ഈ വിഷയത്തില്‍ ആ സാഗരഗര്‍ജ്ജനം ഉയരുമായിരുന്നു. എതിര്‍വാദങ്ങളില്ലാതെ പൌരോഹിത്യം   മണിമേടയിലൊളിക്കുന്ന കാഴ്ച്ച ഒരിക്കല്‍ക്കൂടി കാണാമായിരുന്നു. 1986 നവംബറവിന്റെ "ക്രിസ്തുവിന്റെ ആറാം തിരുമുറിവ്'' നാടകം നിരോധനത്തിനെതിരെ നടന്ന ആവിഷ്കാര സ്വാതന്ത്രത്തിനായുള്ള വന്‍ സമരത്തില്‍ അഴീക്കോടു മാഷിന്റെ പ്രസംഗം കേട്ട ഓര്‍മ്മക്കുറിപ്പില്‍ നിന്നാണ് ഞാനിതെഴുതുന്നത്.

ലേഖകന്‍  മാഷിനോടൊപ്പം
അദ്ദേഹത്തിന്റെ മരണശയ്യ - അതും ഒരു അപൂര്‍വ്വ സാംസ്കാരിക സംഗമവേദിയായിരുന്നു. എല്ലാ എതിരാളികളും നേരിട്ടെത്തി അനുരഞ്ജനപ്പെട്ട 32 ദിവസം എന്നാല്‍ തൃശ്ശൂരിലെ കത്തോലിക്ക ബിഷപ്പുമാര്‍ക്ക് സുബോധമുള്ള അഴീക്കോടിനെ സന്ദര്‍ശിക്കാനുള്ള ധൈര്യം ഉണ്ടായിരുന്നില്ല.  ബോധം നഷ്ടപ്പെട്ടതിനു ശേഷം മാത്രം മാര്‍താഴത്തും മാര്‍തട്ടിലും എത്തി. സാംസ്കാരിക തലസ്ഥാനത്തെ മാധ്യമങ്ങള്‍ അക്കാരണത്താല്‍ തന്നെ അതിനെ അവഗണിച്ചതും സാംസ്കാരിക കേരളം കണ്ടു.


ആ കസേര മലയാള സാഹിത്യത്തിലും സംസ്കാരത്തിലും രാഷ്ട്രീയത്തിലും ഒഴിഞ്ഞുതന്നെയാവും കിടക്കുക. അങ്ങനെ മറ്റൊരാളില്ല. ഇനി ഉണ്ടാവുകയുമില്ല.