ജനാധിപത്യം, രാഷ്ട്രീയം,ജനങ്ങൾ

ഡോ:ശാരദാമണി

സ്വതന്ത്രഭാരതത്തിനു അറുപതിലധികം വയസ്സായി. നമ്മുടെ ലക്ഷ്യങ്ങളിൽ പ്രധാനമായവ സാമ്പത്തിക വളർച്ച. സാമൂഹ്യനീതി, അവികസിത പ്രദേശങ്ങളേയും സാമ്പത്തിക-സാമൂഹ്യ മേഖലകളിൽ കൂടുതൽ അവശതയനുഭവിക്കുന്നവരേയും ഉദ്ദേശിച്ചുള്ള പ്രത്യേക പദ്ധതികൾ എന്നിവയായിരുന്നു. നൂറു ശതമാനം വിജയിച്ചില്ലെങ്കിലും മേൽ പറഞ്ഞ ലക്ഷ്യങ്ങളുമായി മുൻപോട്ടു പോകുമ്പോഴാണ്‌ നമ്മുടെ രാഷ്ട്ര നേതാക്കൾ അതുവരെയുണ്ടായിരുന്ന വിശ്വാസങ്ങൾ, ലക്ഷ്യം, ജനങ്ങളോടുള്ള വാഗ്ദാനങ്ങൾ, എന്നിവയിൽ അയവു വരുത്തി. ആഗോളവൽക്കരണം എന്ന തത്വസംഹിത അംഗീകരിക്കുന്നത്‌. ഇതിന്റെ ഫലമായി നിബന്ധന കളോടുകൂടിയ വിദേശ ധനസഹായം സ്വീകരിക്കുകയില്ല, പൊതുമേഖല സാമ്പത്തിക രംഗത്തിന്റെ നിയന്ത്രണ ശക്തി യായിരിക്കും, ദരിദ്രരും, ധനികരും, തമ്മിലുള്ള അന്തരം കുറയ്ക്കും എന്ന നയങ്ങളെല്ലാം മാറ്റിയെഴുതി. വിദേശ മൂലധനത്തിനു വൻ സ്വീകരണമാണ്‌ ലഭിച്ചു കൊണ്ടിരിക്കുന്നത്‌. 

പൊതുമേഖല ആസൂത്രിതമായി ഇല്ലാതായിക്കൊണ്ടിരിക്കുന്നു. പ്രധാനമന്ത്രി ഇടക്കിടക്ക്‌ സാധാരണ മനുഷ്യരെ ഓർക്കാറുണ്ടെങ്കിലും ഇന്ത്യൻ ധനികർ ലോകധനികരെ തോൽപ്പി ക്കുന്നതാണ്‌ നമ്മുടെ ഭരണാ ധികാരികളെ സന്തോഷിപ്പിക്കുന്നത്‌. ഇക്കാലത്തെ ഒരു സർക്കാർ അജൻഡ പ്രകാരം സർക്കാർ- അർദ്ധസർക്കാർ സ്ഥാപനങ്ങളിലെ താഴേക്കിട ജോലിക്കാരെ പുറന്തള്ളി കോൺട്രാക്റ്റ്‌ ജോലി ഏർപ്പെടുത്തി. ആ നിലയിലുള്ള ജോലി ക്കാർക്കുണ്ടായിരുന്ന ചെറിയ സുരക്ഷ അതോടെ അവസാനിച്ചു. അതു തന്നെ നമ്മുടെ രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങൾക്ക്‌ ഒരു ജീവിതം നൽകിയിരുന്ന കൃഷിയിലും സംഭവിച്ചു.തങ്ങളുടെ ചെറിയ തുണ്ടു ഭൂമി "കോൺടാക്റ്റ്‌ ഫാർമിംഗ്‌" എന്ന പുതിയ ആശയത്തിന്റെ വരവോടെ വൻതോതിൽ നഷ്ടമായി. റിലയൻസ്‌ മലക്കറിയുടെ മുഴുവൻ പേജുപരസ്യം നമ്മുടെ പത്രങ്ങളിൽ വരുന്നുണ്ടല്ലോ. അതിന്റെ മറുവശമാണ്‌ ഇരുപതും, ഇരുപത്തിരണ്ടും വയസ്സുകാരായ്‌ ആൺകുട്ടികൾ ത്രിപുര, ആസാം, ബ്ംഗാൾ, മുതലായ സ്ഥലങ്ങളിൽ നിന്നു ജോലിക്കായി കേരളത്തിൽ എത്തുന്നത്‌. അതു പറയുമ്പോഴാണ്‌ കേരളത്തിലും, ഇതു തന്നെ സംഭവിക്കുന്നു എന്ന സത്യം നമ്മെ തുറിച്ചു നോക്കുന്നത്‌. കൃഷി, പ്രത്യേകിച്ച്‌ സ്ത്രീകൾക്ക്‌ ഏറ്റവും കൂടുതൽ തൊഴിലവസരങ്ങൾ കൊടുത്തിരുന്ന നെൽകൃഷി കുറേക്കാലമായി ചുരുങ്ങിവരികയാണ്‌. അതേ സമയം മറ്റു തൊഴിൽ വൻതോതിൽ സൃഷ്ടിക്കുന്നതിൽ നമ്മുടെ സർക്കാരുകൾ പരാജയപ്പെട്ടു. നമ്മുടെ ആളുകൾ എവിടെ വേണമെങ്കിലും പോയി ജീവിക്കട്ടെയെന്നാണെന്നു തോന്നും അവരുടെ ചിന്ത. പ്രവാസി മന്ത്രിയും മന്ത്രാലയവും ഉണ്ടല്ലോ.

ഇതിനിടയ്ക്കാണ്‌ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തു "ആൾ ഈസ്‌ നോട്‌ വെൽ" എന്ന വാർത്ത വന്നത്‌. വൻ അഴിമതിയുടെ കഥ ഒരു ദിവസം കൊണ്ടോ, ഒരാഴ്ച്ച കൊണ്ടോ അവസാനിച്ചില്ല. ഒന്നിനു പുറകെ ഒന്നായി അഴിമതി, അധികാര സ്ഥാനങ്ങളിലെ സ്വജന പക്ഷപാതം , ഒരു രാഷ്ട്രമെന്ന നിലയിൽ ലജ്ജിക്കേണ്ട പലതും രാഷ്ട്രനേതൃത്വം കാണാതിരിക്കുകയോ, കണ്ടില്ലെന്നു നടിക്കുകയോ ചെയ്യുന്നതിന്റെ ഉദാഹരണങ്ങൾ നമ്മുടെ യടുത്തെത്തുന്നത്‌`. ഇതാണോ ജനാധിപത്യം, നാം വളരെ കൊട്ടിഘോഷിക്കുന്ന ജനാധിപത്യം എന്ന് എനിക്കു പലപ്പോഴും തോന്നിയിട്ടുണ്ട്‌.എന്നാലും, മറ്റു രാജ്യങ്ങളിൽ നിന്ന്‌ മനുഷ്യാ വകാശധ്വംശനങ്ങളുടെ വാർത്ത വരുമ്പോൾ നമ്മുടെ ജനാധിപത്യം തന്നെ മതി എന്നു മനസ്സു പറഞ്ഞു. എന്നാൽ നേരത്തേ പറഞ്ഞ കള്ളത്തരങ്ങളും നെറികേടുകളും ജനാധിപത്യം കാലാ കാലങ്ങളിൽ തെരഞ്ഞെടുപ്പു നടത്തുന്നതു മാത്രമല്ല എന്നും പറഞ്ഞു. അതൊരു ഒരു പുനർ നിർവ്വചനം ആവശ്യപ്പെടുന്നു എന്നും. അപ്പോഴാണ്‌ ട്രൂണീഷ്യ ഈജിപ്റ്റു വഴി പശ്ച്ചിമേഷ്യൻ രാജ്യങ്ങളിലേക്കു നീങ്ങിയ സ്വേച്ഛാധിപത്യ , കുടുംബാധിപത്യ ഭരണ കൂടങ്ങൾക്കെതിരെ ഉയർന്ന ജനശബ്ദം നാം കേട്ടത്‌. നിരത്തിലും മറ്റു പൊതു സ്ഥലങ്ങളിലും ഇടം പിടിച്ചവർ പാർട്ടിക്കാരോ, അക്രമികളോ, സാമൂഹ്യ വിരുദ്ധരോ അല്ലായിരുന്നു. അവർക്കു വേണ്ടതു ജനാധിപത്യം. അവരുടെ നോട്ടം ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമെന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യ യിലേക്കാകാൻ സാധ്യതയുണ്ട്‌. അതിനാൽ ഈ രാഷ്ട്രം രോഗ വിമുക്തമാകേണ്ടത്‌ നമ്മുടെ മാത്രമല്ല, ലോകത്തിന്റേയും ആവശ്യമാണ്‌.ഇവിടെ കുറ്റവാളികൾ രാഷ്ട്രീയക്കാർ എന്ന്‌ അറിയപ്പെടുന്ന കുറേപ്പേർ മാത്രമല്ല, ബ്യൂറോക്രാറ്റ്‌- അക്കാദമിക- സാംസ്ക്കാരിക നായക സമൂഹവും മറ്റു പലരും അതിൽ പെടുന്നു.

ഇനി കേരളത്തിലേക്ക്‌ ഒന്നു കണ്ണോടിയ്ക്‌കാം. നമുക്ക്‌ എന്തൊക്കെയോ പ്രത്യേകത കളുണ്ടെന്നും മറ്റു സംസ്ഥാന ങ്ങളേക്കാൾ ഒരു പടി മുമ്പിലാണെന്നും ഏതൊരു മലയാളിയും വിശ്വസിച്ചിരിക്കുന്നു. ആ വിശ്വാസം ഇപ്പോൾ അൽപ്പം കുറഞ്ഞു കാണാം. കാരണം, ഇന്ത്യൻ ജനാധിപത്യത്തിന്റെ പാളിച്ചകളിൽ നിന്നു നാം തികച്ചും മുക്തമല്ല. അതിന്റെ പഴി മുഴുവൻ കേന്ദ്ര സർക്കാരിൽ ചാരുന്നതും ശരിയല്ല. മുമ്പെങ്ങുമില്ലാതിരുന്ന ധനം, ആഡ്ംബരം എന്നിവയിലുള്ള ആസക്തിയിലും സ്വന്തം കാര്യം എന്ന ചിന്തയിലും ഒതുങ്ങുന്ന ഒരു കൂട്ടർ ഇവിടെ ഉണ്ടായിട്ടുണ്ട്‌. അവർ സമൂഹത്തിലും രാഷ്ട്രീയത്തിൽ പോലും സ്വാധീനം ചെലുത്താൻ പ്രാപ്തിയുള്ളവരാണ്‌. അവരുടെ ജീവിത ശൈലി മറ്റുള്ളവരും ആഗ്രഹിക്കുന്നു. സാധിക്കാത്തവരിൽ ചിലർ വ്യസനിക്കുമ്പോൾ വേരെ കുറേപ്പേർ ഏതു മാർഗ്ഗവും നോക്കാൻ തയ്യാറാകുന്നു. അതിനുള്ള സൗകര്യങ്ങൾ ഇവിടെ ധാരാളമായുണ്ട്‌. ഇവിടെ തൊഴിൽ സാധ്യത കുറവാണെങ്കിലും കൂറ്റൻ കെട്ടിടങ്ങൾ, വാസഗൃഹങ്ങൾ, ഷോപ്പിംഗ്‌ കോമ്പ്ലക്സുകൾ, റിസോർട്ടുകൾ, തുടങ്ങിയവ കുറേ ജോലി സൃഷ്ടിക്കുന്നു. അതിനോടൊപ്പം മണൽ- മര- മാഫിയകളേയും . സാധാരണ ജനങ്ങളുടെ ഇടയിൽ കുടിവെള്ളവിതരണം നടത്തുന്ന മാഫിയകളെപ്പറ്റിയും കേൾക്കാറുണ്ട്‌. ഇതെല്ലാം നമ്മോട്‌ ആവശ്യപ്പെടുന്നത്‌ കേരളം എങ്ങോട്ടു പോകുന്നു , ശരിയായ മാർഗ്ഗത്തിലൂടെയാണൊ എന്ന ഗൗരവമേറിയ അന്വേഷണമാണ്‌. ഇന്നു കേരളം ഒരു വലിയ മാർക്കറ്റായിമാറിക്കഴിഞ്ഞു.നാം ജനങ്ങൾ ഉപഭോക്താക്കളും, .ഇതിനു സർക്കാരിനു ണല്ലോരു പങ്കുണ്ട്‌. വിദേശ മൂലധനം , ദേശി-വിദേശി സ്വകാര്യസംരഭകർ ഇവയിലൂന്നിയ വികസനം ഒരു കാര്യമേ നേടു. സ്വകാര്യ ധനാർജ്ജനം. അവിടെ സത്യം, നീതി ഇവയ്ക്കു സ്ഥാനമില്ല. കേരളത്തിൽ അഴിമതിയും, കള്ളപ്പണവും ഇല്ലെന്നു പറയാനാവില്ല. തോതു കൂറവാണെങ്കിലും ,ഇവിടുത്തെ സർക്കാർ നടത്തുന്ന ക്ഷേമപ്രവർത്തനങ്ങൾ രാഷ്ട്രീയ ബോധമുള്ള , അന്തസ്സുള്ള ജനതയെ അല്ല സൃഷ്ടിക്കുന്നത്‌. കുറേ വിധേയരെയാണ്‌.

നമുക്കിന്നാവശ്യം ചേതന മന്ദീഭവിക്കാത്ത, ആദർശശുദ്ധിയും,വിശാലമായ സാമൂഹ്യ താൽ പ്പര്യങ്ങൾ ഉൾ ക്കൊള്ളാനുള്ള മനസ്സും പ്രകൃതിയേയും മനുഷ്യരേയും ധ്വംസിക്കുന്നവരെ ചെറുക്കുന്ന വരേയുമാണ്‌, അത്‌ രാഷ്ട്രീയമാണ്‌.

                                                                                          കടപ്പാട് ;സംഘടിത