രാമായണ ചിന്ത - ഒരനുബന്ധം


ഡോ. ഉഷാബാലകൃഷ്ണന്‍
 കൂര്‍ക്കഞ്ചേരി
മലയാളിയുടെ ഭാഷാചിന്തയും സാഹിത്യ ചിന്തയും, ലിപിചിന്തയും ചേരുന്ന ത്രിവേണീ സംഗമാണ്   എഴുത്തച്ചന്‍. ഭാഷയുടെ പിതാവെന്ന അപൂര്‍വ്വ ബഹുമതികൂടി കാലം ആ കവികുല ചക്രവര്‍ത്തിക്ക് നല്‍കുകയും ചെയ്തു. കാലം ആ ബിരുദം ഏറ്റു വാങ്ങിക്കൊണ്ടാടിയതോടെ അന്വേഷണാ ത്മകമായ ഒരു ജിജ്ഞാസ അവിടെ ഒടുങ്ങുകയായിരുന്നു. പതിനാറാം നൂറ്റാണ്ടിനുമുമ്പ് ഇവിടെ പ്രചാരണ ത്തിലിരുന്നിരുന്ന നാട്ടുവഴക്കങ്ങളും ഭാഷാ മാതൃകകളും പൂര്‍ണ്ണമായി തമസ്ക്കരിക്ക പ്പെട്ടില്ലെങ്കിലും, ഒരു വലിയ പ്രാദേശിക ഭാഷാസംസ്കൃതിയെ വിസ്മൃതിയിലേക്ക് തിരിച്ചുവിട്ട സാംസ്ക്കാരിക അട്ടിമറികൂടി അവിടെ സംഭവിച്ചുഎന്ന സത്യം അധികമാരും ചര്‍ച്ചചെയ്തു കണ്ടിട്ടില്ല.


വാല്മീകി രാമായണത്തില്‍ നിന്ന് ആദ്ധ്യാത്മ രാമായണ ത്തിലേക്കെത്തുമ്പോള്‍ ആ വിവര്‍ത്തന സംസ്ക്കാരത്തിന്റെ രാഷ്ട്രീയം നാം തിരിച്ചറിയേണ്ടതുണ്ട്. ഇന്നും കേരളത്തിലെ നല്ലൊരു ശതമാനം അഭ്യസ്ത വിദ്യര്‍ക്കുപോലും വാല്‍മീകീ രാമായണവും അദ്ധ്യാത്മ രാമായണവും രണ്ടാണെന്ന് അറിയുന്നില്ല. കാവ്യഭംഗിയില്‍ മികച്ചുനില്‍ക്കുന്ന വാല്‍മീകീ   രാമായണത്തെ മാറ്റിനിര്‍ത്തി അദ്ധ്യാത്മ രാമായണ വിവര്‍ത്തനത്തിന് എഴുത്തച്ഛനെ പ്രേരിപ്പിച്ചതെന്താണ്...?
"ചിന്തകളും  വികാരങ്ങളും ആശയങ്ങളും മാറുന്നു - അതുപോലെ ആവിഷ്ക്കരണ ശൈലിയും. നമുക്കും പോയ തലമുറകള്‍ക്കും ഇടയില്‍ വിടവുകള്‍ വാപൊളിക്കുന്നു. ഒരിക്കല്‍ വായനക്കാരെ വശീകരിച്ചു നിര്‍ത്തിയ പലപുസ്തകങ്ങളും മറ്റൊരു കാലഘട്ടത്തില്‍ ജീവിക്കുന്ന വ്യത്യസ്തമായ വൈകാരികഭാവങ്ങളും വിഭിന്നിമായ ആവിഷ്ക്കരണ സമ്പ്രദായങ്ങളുമുള്ള നമുക്ക് വിരസവും വ്യര്‍ത്ഥവുമായി തോന്നാം....'' ഹഡ്സണ്‍ നടത്തുന്ന ഈ നിരീക്ഷണം ശ്രദ്ധേയമാണ്. ഒരു കൃതി ഒരുകാലഘട്ടത്തിന്റെ ഉല്‍പ്പന്നം കൂടിയാണ്.



ഭാരതത്തില്‍തന്നെ ഏതാണ്ട് 7-ാംനൂറ്റാണ്ടിന്ശേഷം പ്രബലമായ ബ്രാഹ്മണ വല്‍ക്കരണത്തിന്റെ അഥവാ ഹൈന്ദവ നവോത്ഥാനത്തിന്റെ ഉപോല്‍പ്പന്നമായിരുന്നു. ഏതോ കന്നഡ ബ്രാഹ്മണനാല്‍ രചിക്കപ്പെട്ട അദ്ധ്യാത്മ രാമായണം മൂലം രാമായണമെന്ന മഹത്തായ അദ്ധ്യായത്തെ ഇന്ത്യയിലെ എല്ലാ പ്രാദേശിക സംസ്കൃതികളും ഏറ്റുവാങ്ങുകയുണ്ടായി. തുളസീദാസരാമായണവും, കസരാമായണവും, കൃത്തിവാസരാമായണവും, എല്ലാം പിറന്നു വീഴുന്നത് ഇത്തരമൊരു പ്രാദേശികതയുടെ വളര്‍ച്ചയിലാണ്. കേരളത്തിലും കണ അണ ഗ്ദ രാമായണ മുണ്ടായി. പക്ഷെ നിര്‍ഭാഗ്യവശാല്‍ അതിന്റെ പ്രാദേശിക ഭാഷാ സംസ്കൃതിയെ തമസ്ക്കരിച്ചുകൊണ്ട് 16-ാം നൂറ്റാണ്ടില്‍ പ്രബലമായ സവര്‍ണ്ണാധിപത്യസംസ്ക്കാരം (ശുദ്രനെക്കൂടി ഉള്‍പ്പെടുത്തി പ്രബലമായ പുതിയ സംസ്ക്കാരിക മുഖം)ത്തിന്റെ ഉല്‍പ്പന്നമായ അദ്ധ്യാത്മരാമായണം തര്‍ജ്ജമ യ്ക്കാണിവിടെ പ്രചുരപ്രചാരം നേടിയെടുത്തത്. അതിന്റെ രാഷ്ട്രീയം അന്വേഷിക്കുമ്പോള്‍ അത് 7-ാം നൂറ്റാണ്ടില്‍ നിന്ന് തുടങ്ങി ഏറെക്കുറെ പതിനെട്ടാം നൂറ്റാണ്ട്വരെ നീണ്ടുനിന്ന ഒരു സവിശേഷ സമൂഹഘടനയുടെ ചരിത്രംകൂടി നാം വായിച്ചെടുക്കേണ്ടിവരും.




ബ്രാഹ്മണ്യത്തെ ധിക്കരിക്കാതെ തന്നെ, പൌരോഹത്യ ആധിപത്യത്തെ ഭാഗികമായി തകര്‍ത്തുകൊണ്ട് ഉറപ്പിച്ചെടുത്ത സവര്‍ണ്ണാധിപത്യത്തിന്റെ പുന:സംഘടനയ്ക്ക് വഴിയൊരുക്കുക എന്ന സാമൂഹിക  ധര്‍മ്മമാണ് അദ്ധ്യാത്മരാമായണം നിര്‍വ്വഹിച്ചത്.

വാല്‍മീകി രാമായണത്തില്‍ രാമന്‍ അയോദ്ധ്യാപതിയായ ദശരഥന്റെ പുത്രനാണ്. രാജാവാണ്. എല്ലാറ്റിനും ഉപരി നാരദന്റെ വാക്കുകളില്‍ പറഞ്ഞാല്‍ സര്‍വ്വഗുണങ്ങളും തികഞ്ഞ പുരുഷോത്തമനാണ്-വരനാണ്...! എന്നാല്‍ വൈഷ്ണവ മതത്തിന് പ്രാധാന്യം നല്‍കി രചിക്കപ്പെട്ട അദ്ധ്യാത്മരാമായണത്തിലെത്തുമ്പോള്‍, സ്തോത്ര കാവ്യപാരമ്പര്യം ഉള്‍ക്കൊള്ളുന്ന ഒരു ഭക്തകാവ്യമായി. രാമന്‍ അവതാര പുരുഷനായി അതേ കാവ്യത്തിന്റെ സ്വതന്ത്ര ജ്ഞതയിലേക്കെത്തിയപ്പോഴാകട്ടെ സാക്ഷാല്‍ പരമശിവന്‍പോലും ആരാധിക്കുന്ന, വിഷ്ണുവിന്റെ അവതാരമായ രാമനായി മാറി. ഒപ്പംതന്നെ വര്‍ണ്ണാശ്രമധര്‍മ്മത്തിന്റെ ചട്ടക്കൂട്ടില്‍ ഒതുങ്ങിനിന്നുകൊണ്ടുള്ള ഒരു മോക്ഷമായി ചിന്തയുടെ ചരിത്രമായി അത് മാറി.



            "അക്ഷരാനഭിജ്ഞത്വം
             അജ്ഞത്വം മൂഢത്വം
             അക്ഷരവിഹീനാലാപനങ്ങളും
             ശുദ്രനും ധര്‍മ്മമെന്ന്...'

 യുധിഷ്ഠിരനോട് വിവരിക്കുന്ന വ്യാസനാണ് മഹാഭാരതം. ശാന്തിപര്‍വ്വത്തില്‍ പ്രത്യക്ഷപ്പെടുന്നത്. എന്ന് ശ്രദ്ധിക്കുക.


ഭക്തിപ്രസ്ഥാനം കേരളത്തില്‍ ശക്തിമായിരുന്നു എന്ന് നാം വിശ്വസിക്കുന്ന പതിനാറാം നൂറ്റാണ്ടില്‍തന്നെയാണ് ഹിന്ദുമതത്തിന്റെ ശ്വാസം മുട്ടലില്‍ നിന്ന് സ്വാതന്ത്യ്രവും ആശ്വാസവും തേടി അടിമവര്‍ഗ്ഗത്തില്‍പ്പെട്ട നിരവധിപേര്‍ ഇസ്ളാം മതത്തിലേക്കും ക്രിസ്തുമതത്തിലേക്കും ഇഹലോകമോക്ഷം തേടി അഭയം പ്രാപിച്ചത്. ബ്രാഹ്മണാധിപത്യത്തിന്റെ സ്ഥാനത്ത് സവര്‍ണ്ണാധി പത്യത്തെ പുന:സംഘടിപ്പിക്കുക എന്ന ചരിത്രദൌത്യം, 


ആദ്ധ്യാത്മരാമായണവിവര്‍ത്തനത്തിന്റെ എറെയൊന്നും ചര്‍ച്ച ചെയ്യപ്പെടാതെ പോയ ഒരജന്‍ഡ യായിരുന്നു. ഭക്തിയുടെ നിറവില്‍, എഴുത്തച്ചനും, അദ്ധ്യാത്മ രാമായണത്തിനും ലഭിച്ച അംഗീകാരം ചര്‍ച്ചചെയ്യാനും സ്വയം പൊള്ളലേല്‍ക്കാനും ചുരുക്കം ചിലര്‍ തയ്യാറായിട്ടുണ്ട്. എങ്കിലും അവരുടെ വംശങ്ങള്‍ അക്കാദമിക് തലങ്ങളില്‍ ഒതുങ്ങുകയാണുണ്ടായത്. അദ്ധ്യാത്മ രാമായണത്തെ അപേക്ഷിച്ച് നോക്കുമ്പോള്‍ മനുഷ്യന്റെ കഥ പാടിയ വാല്‍മീകിരാമായണം നമ്മുടെ സാംസ്ക്കാരിക മണ്ഡലത്തെ ഏറെയൊന്നും സ്പര്‍ശിക്കുന്നില്ല. കര്‍ക്കടക മാസത്തില്‍ ഭക്ത്യാദര പൂര്‍വ്വം രാമായണം നീട്ടിപ്പാടിയത് എന്തായാലും ജനസംഖ്യയില്‍ ഭൂരിപക്ഷം വരുന്ന അവര്‍ണ രാകാന്‍ വഴിയില്ലല്ലോ.

 നിത്യ ചൈതന്യയതിയുടെ വാക്കുകള്‍ കടമെടുത്താല്‍ ഇതിങ്ങനെ അവസാനിപ്പിക്കാം.

"മനുഷ്യ നിര്‍മ്മിതമായ മതങ്ങളും പ്രത്യയ ശാസ്ത്രങ്ങളും സാമൂഹിക ജീവിത വ്യവസ്ഥകളും എല്ലാം ഭ്രാന്തമായ ഈ ലോകത്തെ പരാജയത്തില്‍ നിന്ന് പരാജയത്തിലേക്ക്, തിന്മയില്‍ നിന്ന് തിന്മയിലേക്ക്, ഇരുളില്‍ നിന്ന് ഇരുളിലേക്ക് നയിക്കുകയായിരുന്നു....'' അവിടെ കാല്‍ക്കീഴിലെ മണ്ണ് ഒലിച്ചുപോയത് എന്നും മണ്ണില്‍ ചവുട്ടി നില്‍ക്കുന്നവന്റേതായിരുന്നല്ലോ .... അംഗീകൃതമായ ഇത്തരം മതാത്മക പരിവേഷങ്ങള്‍ വലിയ പരസ്യങ്ങളായപ്പോള്‍, സത്യം എവിടെയെല്ലാമോ മറന്നുപോയി.