എഴുത്തിന്റെ രാഷ്ട്രീയം


കെ.ആര്‍. കിഷോര്‍



രാഷ്ട്രീയമില്ലാത്ത ജീവിതമില്ല. അരാഷ്ട്രീയതയിലും ആത്മീയതയിലും എഴുത്തുകാരന്റെ ആന്തരിക ജീവിതത്തിലും ജീവരക്തംപോലെ രാഷ്ട്രീയം അലിഞ്ഞു ചേര്‍ന്നിരിക്കുന്നു. ശ്വാസവായുവിലും കുടിക്കുന്ന വെള്ളത്തിലും ഉറക്കമുറിയിലും രാഷ്ട്രീയം വ്യാപനം ചെയ്യപ്പെട്ടുകിടക്കുന്നു. സാമൂഹിക ജീവിയായ എഴുത്തുകാരന്‍/എഴുത്തുകാരി അനുഭവങ്ങളില്‍നിന്ന് പുനസൃഷ്ടിക്കുന്ന സാഹിത്യത്തില്‍ സമൂഹത്തിന്റെ ജീവിതം പ്രതിഫലിക്കുന്നു. രാഷ്ട്രീയ-അധികാരഘടനം, നിയമം, ശാസ്ത്രം, സാമൂഹിക സാംസ്‌ക്കാരിക മൂല്യങ്ങള്‍ എല്ലാം കടന്നുവരും. രാമായണത്തിലും മഹാഭാരതത്തിലും അതാത്കാലത്തു നിലനിന്നിരുന്ന ഭരണ വ്യവസ്ഥ, കൃഷി, വ്യവസായം, ശാസ്ത്ര സാങ്കേതികവികാസം, പ്രണയം, രതി, വിവാഹം കുടുംബ ബന്ധങ്ങള്‍, ധാര്‍മ്മിക മൂല്യങ്ങള്‍, ദര്‍ശനം എല്ലാം ഉള്‍ചേര്‍ന്നിരിക്കുന്നു. ഏത് കൃതിയിലും അതു പ്രതിനിധീകരിക്കുന്ന കാലഘട്ടത്തില്‍ രാഷ്ട്രീയ സാമൂഹ്യസാംസ്‌ക്കാരിക വ്യവസ്ഥയെ ഉറപ്പിച്ച് നിര്‍ത്തുന്നതോ അതിനെ തകര്‍ത്ത് പുരോഗമനപരമായ ദര്‍ശനം മുന്നോട്ടുവെച്ച് സമൂഹത്തെ മുന്നോട്ടു നയിക്കുന്നതൊ ആയ ഒരു വീക്ഷണമുണ്ട്. പ്രമേയം പ്രണയമോ രതിയോ വൈയക്തിക വിചാര വികാരങ്ങളോ ആകട്ടെ, കൂടുതല്‍ മെച്ചപ്പെട്ട അവസ്ഥയിലേക്കുള്ള അന്വേഷണമാണ് സാഹിത്യം എന്ന പരികല്‍പ്പനകൊണ്ടു നിര്‍വഹിക്കപ്പെടുന്നത്. അസംസ്‌കൃതരായ മനുഷ്യനെ സംസ്‌കൃതി യിലേക്കു നയിക്കുക എന്നതാണ് സാഹിത്യ ധര്‍മ്മമായി അംഗീകരിക്കപ്പെട്ടിട്ടുള്ളത്.

രാഷ്ട്രീയം സാധ്യതകളുടെ കലയാണെന്ന അരിസ്റ്റോട്ടിലിന്റെ അഭിപ്രായം ഗാന്ധിയന്‍ മാര്‍ക്‌സിയന്‍ ചിന്തകളെ അതിജീവിച്ച് ഇന്നും നിലനില്‍ക്കുന്നു. ചാണക്യ കുടില തന്ത്രങ്ങള്‍ ആധുനിക ജനാധിപത്യ വ്യവസ്ഥയിലും നവ രൂപഭാവങ്ങളില്‍ പ്രയോഗിക്കപ്പെടുന്നു. പ്രയോജന വാദികളുടെ 'രാഷ്ട്രീയ വിജയം' അധികാരം ലക്ഷ്യമിടുന്നു. 'അസാധ്യതകളുടെ കല'യായിട്ടാണ് സാഹിത്യം പരിഗണിക്ക പ്പെടുന്നത്. മതത്തേക്കാളും ആവശ്യമായ, രാഷ്ട്രീയംപോലെ, നിയമം പോലെ, ശാസ്ത്രംപോലെ കൃഷിപോലെ, വ്യവസായംപോലെ സാഹിത്യവും മനുഷ്യ ജീവിതത്തിന്റെ അനിവാര്യ ഘടകംതന്നെ.

രാഷ്ട്രീയവും സാഹിത്യവും ഇണങ്ങാത്ത കണ്ണികളാണ്. അധികാരം സ്വാതന്ത്ര്യത്തിന് വില ങ്ങണിയിക്കുന്നു. സാഹിത്യം എല്ലാ വിലങ്ങുകളും ഭേദിച്ച് സ്വാതന്ത്ര്യത്തിലേക്കു കുതിക്കുകയാണ്. സ്വാതന്ത്ര്യത്തിന് നിയന്ത്രണ മേര്‍പ്പെടുത്താതെ അധികാര സ്ഥാനപനങ്ങള്‍ക്ക് നിലനില്‍പ്പില്ല. വിലക്കിയ ചിന്തകളില്‍ നിന്ന് സ്വാതന്ത്ര്യ മന്വേഷിക്കാതെ സാഹിത്യത്തിന് നിവൃത്തിയുമില്ല. യുഗീന്‍ അയനെസ്‌കൊ എന്ന ഫ്രഞ്ച് എഴുത്തുകാരന്‍ പറഞ്ഞു. 'എഴുത്തുകാര്‍ ഭരണാ ധികാരികളാവുകയില്ല. അവര്‍ ഭരിക്കാന്‍ ഒട്ട് നിന്നുകൊടുക്കുകയുമില്ല.' എഴുത്തുകാരിലെ ആന്തരികമായ അരാജകമനസ്സ് പ്രക്ഷോഭ വാസനയായി പരിണമിക്കാറുണ്ട്, എഴുത്തിന്റെ പ്രചോദനമാകുന്നതും പലപ്പോഴുമതാണ്. വിധിക്കും മൃതിക്കുമെതിരായി മാത്രമല്ല, വ്യക്തിഗത, വൈകാരിക ഭരണകൂട ആധിപത്യത്തിനുമെതിരായി ജ്വലിക്കുക എന്നതും ആ വാസനയുടെ സ്വഭാവമാണ്. നാടുവാഴിത്ത കാലങ്ങളില്‍, സിംഹാസനാധിഷ്ടിത മല്‍സരങ്ങളില്‍ കവികള്‍ രണ്ടുപക്ഷത്തും നിലയുറപ്പിച്ചിരുന്നു. വിജയാനുകൂലികള്‍ക്ക്  നേട്ടവും എതിര്‍ത്തവര്‍ക്ക് ശിക്ഷയും സ്വാഭാവികം. പൊതുവെ രാജപ്രീതി സൗഭാഗ്യമായി കരുതി യിരുന്നതുകൊണ്ട് അധികാര ത്തിനെതിരെ വിമര്‍ശനം കുറവ്. ഇന്നും ഈ ഫ്യൂഡല്‍ ചിന്തയുടെ ജീര്‍ണ്ണതകള്‍ സാഹിത്യ മനസ്സുകളില്‍ ശേഷിപ്പായുണ്ട്. വിമര്‍ശനശരങ്ങളില്‍ ഫലിതത്തിന്റെ തേന്‍ പുരട്ടി അയച്ചതു കൊണ്ടാണ് സഹൃദയനായ തിരുവിതാംകൂര്‍ മഹാരാജാവ് കുഞ്ചന്‍ നമ്പ്യാരുടെ കഴുത്തിന് നേരെ വാള്‍ ഉയരാത്തിരുന്നത്. നമ്പ്യാരുടെ അഭിപ്രായങ്ങള്‍ അനുകൂലമായി പരിഗണിക്കുകയും ചെയ്തു. കാവ്യാസ്വാദന പരിമിതിയുള്ള ചില രാജാക്കന്മാര്‍ക്ക് വിമര്‍ശനം തിരിച്ചറിയാന്‍ കഴിയാതേയും പോയിട്ടുണ്ട്. വേണ്ടപ്പെട്ടവരും പ്രിയപ്പെട്ടവരു മായതുകൊണ്ട് ചിലപ്പോള്‍ വിമര്‍ശന ത്തിനെതിരെ പ്രതികാര നടപടി കളെടുക്കാതേയുമിരുന്നിട്ടുണ്ട്. പ്രത്യക്ഷമായിട്ടല്ലെങ്കിലും കവികള്‍ രാജനീതിയെ വിമര്‍ശിക്കാന്‍ നയചാരുതിയോടെ ശ്രമിച്ചിട്ടുണ്ട്.

ബഷീര്‍ 
അതിരില്ലാത്ത സ്വാതന്ത്ര്യത്തിന് വേണ്ടി വെമ്പല്‍ കൊള്ളാന്‍ ആസ്വാദകരെ പ്രേരിപ്പിക്കുന്ന, പ്രചോദിപ്പിക്കുന്ന മനോഭാവം വളര്‍ത്താന്‍ എഴുത്തുകാരന് കഴിയും. സാഹിത്യം എല്ലാ അധികാര രൂപങ്ങള്‍ക്കും അപകടമാണെന്ന് നൂറ്റാണ്ടുകള്‍ക്കുമുമ്പേ തിരിച്ചറിഞ്ഞ പ്ലാറ്റോ, സാഹിത്യത്തില്‍ നിയന്ത്രണ മേര്‍പ്പെടുത്തണമെന്നു വാദിച്ചു. സാഹിത്യം, അധികാര സ്ഥാപനങ്ങളുടെ അടിത്തറ തകര്‍ക്കും. പ്രക്ഷോഭകാരികളെ, അവര്‍ എഴുത്തുകാരായാലും ഭരണകൂടങ്ങള്‍ക്ക് സഹിക്കാനാവില്ല. അവര്‍ക്കെതിരെ കരിനിയമങ്ങള്‍ പ്രയോഗിക്കുന്നു. തകര്‍ക്കുന്നു, ബ്രിട്ടീഷുകാര്‍ക്കെതിരെ ലേഖന മെഴുതിയ ബഷീറിനെയും മറ്റു പലരേയും ജയിലിലടച്ചു. 
തോപ്പില്‍  ഭാസി 

ഫ്യൂഡല്‍ വ്യവസ്ഥ ക്കെതിരെ കര്‍ഷകനേയും തൊഴിലാളിയേയും കമ്മ്യൂണിസ്റ്റാകാന്‍ ആഹ്വാനം ചെയ്ത തോപ്പില്‍ ഭാസിയുടെ 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി' എന്ന നാടകത്തിനെതിരെ ഭരണകൂടം ഭീകരതകള്‍ അഴിച്ചുവിട്ടു. അടിയന്തിരാവസ്ഥയില്‍ എഴുത്തുകാരുടെ വായില്‍ തുണികുത്തിക്കയറ്റി നിശ്ശബ്ദരാക്കാന്‍ ശ്രമിച്ചു. എന്നിട്ടും, അടിയന്തിരാവസ്ഥ ക്കെതിരെ എഴുത്തുകാര്‍ പ്രതികരിച്ചു. സര്‍ക്കാരിനെ വിമര്‍ശിച്ച് കവിത യെഴുതിയതിന് കവി മണമ്പൂര്‍ രാജന്‍ബാബുവിനെ പോലീസ് വകുപ്പില്‍നിന്നും ഐക്യജനാധിപത്യ മുന്നണി സര്‍ക്കാര്‍ പിരിച്ച് വിട്ടു. ഗാന്ധിജിയുടെ ചില ദൗര്‍ബ്ബല്ല്യങ്ങള്‍ കഥയില്‍ പരാമര്‍ശിച്ചതിന് കഥാകാരന്‍ ഇ.വാസുവിന് ഐക്യ ജനാധിപത്യമുന്നണി സര്‍ക്കാരില്‍ നിന്നും ഔദ്യോഗിക രംഗത്ത് പീഢനങ്ങള്‍ ഏല്‍ക്കേണ്ടിവന്നു. ഭരണ കൂടഭീകരക്കെതിരെ ശക്തമായി പ്രതികരിച്ച നാടകകാരന്‍ സഫ്ദര്‍ ഹാഷിമിയെ തെരുവു നാടകാവതരണ വേദിയില്‍, തെരുവിലിട്ട് പൈശാചികമായി വെട്ടിക്കൊന്നു.
മണമ്പൂര്‍ രാജന്‍ ബാബു 

അധികാരമെന്നത് രാഷ്ട്രീയ ഭരണരംഗങ്ങളില്‍ മാത്രം ഒതുങ്ങുന്നില്ല. ജാതി-  മത - ഭാഷാ സംഘടിത അധികാര സ്ഥാപനങ്ങള്‍ക്കും, സാഹിത്യത്തിന്റെ സ്വാതന്ത്ര്യവാഞ്ഛ അംഗീകരി ക്കാനാവില്ല. കെ.ടി.മുഹമ്മദിന്റെ 'ഇതു ഭൂമിയാണ്' എന്ന നാടകം അവതരണ വേളകളില്‍ ഇസ്ലാം മതനേതൃത്വം ഭീകരാക്രമണങ്ങള്‍ നടത്തി. തോപ്പില്‍ ഭാസിയുടെ 'ഭഗവാന്‍ കാലുമാറുന്നു' എന്ന നാടകാവതരണ ത്തിനെതിരെ നിന്ദ്യമായ ആക്രമണങ്ങള്‍ അഴിച്ച് വിട്ടത് ഹിന്ദു സംഘടന കളായിരുന്നു. പി.എം. ആന്റണിയുടെ 'കൃസ്തുവിന്റെ ആറാം തിരുമുറിവ്' എന്ന നാടകം കത്തോലിക്കാ സഭയുടെ പ്രത്യക്ഷാക്രമണം നിമിത്തം സര്‍ക്കാരിന് നിരോധിക്കേണ്ടി വന്നു. ഇസ്ലാം മത നിയമ ങ്ങളിലെ യാഥാസ്ഥിതികത്വത്തെ ചോദ്യം ചെയ്ത 'ലജ്ജ' എന്ന നോവലെഴുതിയ തസ്ലീമ നസ്രീം എന്ന ബംഗ്ലാദേശ് എഴുത്തുകാരിയെ നാടുകടത്തി, നോവല്‍ നിരോധിച്ചു. അവരിന്ന് വിദേശങ്ങളില്‍ ഗതിയില്ലാതെ അലയുകയാണ്.

കെ.ടി മുഹമ്മദ്‌
ഉള്ളടക്കം ഗൗരവതരമായ രാഷ്ട്രീയമാകുമ്പോള്‍ സാഹിത്യകൃതിയുടെ നിലവാരം താഴ്ന്നുപോകുന്നു എന്നു ശുദ്ധകലാവാദികള്‍ ആരോപിക്കുന്നു. 'പ്രചരണത്തിന് മുതിരുമ്പോള്‍ ഒരു നാടകകൃത്ത് / കവി കലാ കാരനല്ലാതാവുകയും രാഷ്ട്രീയക്കാരനാവുകയും ചെയ്യുന്നു.' എന്നു ഫ്രെഞ്ച് എഴുത്തുകാരനായ യുജീന്‍ ഒനീര്‍, കവിയും നാടകകാരനുമായ സാമുവെല്‍ ബക്കെറ്റ് എന്നിവര്‍ ഈ വാദം ഉയര്‍ത്തി ക്കൊണ്ടുവന്നവരാണ്. എന്നാല്‍, ഈ വാദംപൊളിഞ്ഞു വീണത് കവിയും നാടക കാരനുമായ ബെര്‍തോള്‍ഡ് ബ്രഹ്ത്തിന്റെ മുന്നിലാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്ത കനായിരുന്നില്ലെങ്കിലും, മാര്‍ക്‌സിയന്‍ പ്രത്യയ ശാസ്ത്രത്തില്‍നിന്നു പ്രചോദനം ഉള്‍ക്കൊണ്ടു  രചന നിര്‍വ്വഹിച്ച ബ്രഹ്ത്തിന്റെ കൃതികള്‍ യുജീന്‍ ഒനീറിനേക്കാളും സാമുവെല്‍ ബക്കെറ്റി നേക്കാളും സര്‍ഗാത്മകമായി മികച്ചു നിന്നതായി സഹൃദയലോകം സാക്ഷ്യപ്പെടുത്തുന്നു.

സര്‍ റിയലിസം എന്ന സാഹിത്യ പ്രസ്ഥാനത്തില്‍, ധൈഷണികതക്ക് പ്രാമുഖ്യം നല്‍കി, ഒരു താപസന്റെ ഏകാഗ്രതയോടെ, ആന്തരിക ജീവിത സംഘര്‍ഷങ്ങള്‍ വെളിപ്പെടുത്തിക്കൊണ്ട്, നവീനശോഭ പ്രസരിപ്പിച്ച് പ്രശസ്തനായ സ്പാനിഷ് കവിയാണ് റാഫേല്‍ അല്‍ബേര്‍ട്ടി. 1936ല്‍ സ്‌പെയിനില്‍ അഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോള്‍, സ്വാതന്ത്ര്യദാഹിയായ ഒരു പൗരനെന്ന നിലയില്‍ രാഷ്ട്രീയ നിലപാടെടുക്കാന്‍ നിര്‍ബന്ധിതനാവുകയും, പരീക്ഷണപരവും സങ്കീര്‍ണ്ണവുമായ ശൈലി ഉപേക്ഷിച്ച് സ്‌ഫോടനാത്മകശൈലിയില്‍ കവിതയെ ജനകീയമാക്കി, രാഷ്ട്രീയപ്പോരാട്ടത്തിനുള്ള ആയുധമാക്കി ഉപയോഗിച്ചു. അദ്ദേഹത്തിന്റെ സുഹൃത്ത് മിഗ്വെല്‍ ഹെര്‍നാന്തെസ്, തന്റെ പ്രതീകാത്മക ശൈലി വിട്ടുകളഞ്ഞ്, രാഷ്ട്രീയ കവിതകള്‍ രചിച്ചു. സര്‍ക്കാര്‍ ജയിലിലടച്ചപ്പോള്‍ അവിടെക്കിടന്നു കവിതയെഴുതി. ഭാര്യയ്ക്കയച്ച് കൊടുത്ത് സര്‍ക്കാരിനെതിരെ പ്രചരണം നടത്തി, ജയലില്‍ കിടന്നുകൊണ്ട് തന്നെ ആ കവി രക്തസാക്ഷിത്വം വരിച്ചു.

സങ്കീര്‍ണ്ണമായ സര്‍റിയലിസ്റ്റിക് കവിതാരചനകളിലൂടെ സഹൃദയ മനസ്സിനെ വശീകരിച്ച് യൂലി അരഗണ്‍, പോള്‍ എല്ലാറു എന്നീ ഫ്രഞ്ച് കവികള്‍, രണ്ടാംലോകമഹായുദ്ധത്തില്‍ ഫ്രാന്‍സിനെ കീഴടക്കിയ ജര്‍മ്മന്‍ കിരാതവാഴ്ച്ചക്കെതിരെ തങ്ങളുടെ രചനകളിലൂടെ ഗര്‍ജ്ജിച്ചവരാണ്. വ്യക്തിദുഖങ്ങളേക്കാള്‍ ജന്മഭൂമിയുടെ സ്വാതന്ത്ര്യത്തില്‍ വേദനിച്ച് സാഹിത്യമെടുത്ത് യുദ്ധംചെയ്ത ഇവരുടെ കൃതികള്‍ ശില്‍പ്പമേന്മയിലും രൂപസൗന്ദര്യത്തിലും മികച്ച് നിന്നും.

സമത്വ സുന്ദരവും നീതി യുക്തവുമായ ഒരു നവലോകമാണ് കമ്മ്യൂണിസം മുന്നോട്ട് വെച്ചത്. സ്വപ്നം കാണല്‍ സഹജവാസനയായ എഴുത്തുകാരെ ആ ദര്‍ശനം ഉല്‍സുകരാക്കി. മര്‍ദ്ദിതന്റെ മോചനം സാക്ഷാത്കരിക്കുന്ന സോഷ്യലിസ്റ്റ് ദര്‍ശനം സാഹിത്യ ത്തിലൂടെയും പ്രചരിക്കപ്പെട്ടു. സോവിയറ്റ് യൂണിയനില്‍ അത് ആദ്യം വളര്‍ന്നു. കമ്മ്യൂണിസ്റ്റ് നേതാവായ സ്റ്റാലിന്‍ അധികാര ത്തിലിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ഭരണകൂടത്തിനെതിരെ എഴുത്തുകാര്‍ വിമര്‍ശനം അഴിച്ചുവിട്ടു. നാടുവാഴി - ബൂര്‍ഷ്വാ - സാമ്രാജ്യത്വ ഭരണാധികാരികളേപ്പോലെ ത്തന്നെ സ്റ്റാലിനും തന്റെ നിയന്ത്രണങ്ങള്‍ക്കു വിധേയരാകാത്ത എഴുത്തുകാരെ ആനയിച്ചതു പീഢന കേന്ദ്രങ്ങളി (Concentration Campus) ലേക്കായിരുന്നു. ഐസേക് ബേബലി നേപ്പോലുള്ളവര്‍ അപ്രത്യക്ഷരായി. എഴുത്തുകാര്‍ ഈ വ്യവസ്ഥക്കെരിതെ കലാപം ചെയ്തു. കമ്മ്യൂണിസ്റ്റ് ഭരണകല്‍പ്പനകളും വിമര്‍ശിക്കപ്പെട്ടു. മുതലാളിത്വത്തിന് കമ്മ്യൂണിസ്റ്റ് സിദ്ധാന്തത്തെ എതിര്‍ക്കാന്‍ ഒരായുധം കൂടി കിട്ടി. 'എഴുത്തുകാരന്റെ ആവിഷ്‌കാര സ്വാതന്ത്ര്യം' എന്ന വിഷയം ചര്‍ച്ച ചെയ്തു തുടങ്ങിയത് ഇതോടൊപ്പമാണ്.
എഴുത്തച്ഛന്‍
'എഴുത്തച്ചന്റെ കൃതികളുടെ ഉള്ളടക്കം ജാതി - ജന്മി - നാടുവാഴിത്ത ത്തിന്റേതാണെങ്കിലും ഒരു ചെറിയ സങ്കുചിത വൃത്തത്തില്‍ മാത്രം ഒതുങ്ങി നിന്ന ആ സംസ്‌ക്കാരം ഒരു സംസ്‌ക്കാരവുമില്ലാത്ത സാധാരണക്കാരനിലേക്ക് വ്യാപിക്കാന്‍ കഴിഞ്ഞു എന്നതാണ് അദ്ദേഹത്തിന്റെ ഒരു നേട്ടം....' ഇ.എം.എസ്. മലയാളസാഹിത്യത്തിലെ രാഷ്ട്രീയത്തെ അപഗ്രഥിക്കുന്നു. 'വാത്മീകിയുടെ കാലം തൊട്ട് ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലംവരെ ഉയര്‍ന്നതുമായ ജാതിവ്യവസ്ഥക്കെതിരെ കലാപക്കൊടി ഉയര്‍ത്തിയതാണ് ആശാന്‍ കൃതികളുടെ മേന്മ... തൊഴിലാളി വര്‍ഗ്ഗ മോചനത്തിന്റെ സോഷ്യലിസ്റ്റ് സൗന്ദര്യശാസ്ത്രം വളരാത്ത കാലഘട്ട മായിരുന്നതുകൊണ്ട് ബൂര്‍ഷ്വാ വിപ്ലവത്തേയാണ് അദ്ദേഹം പ്രതിനിധാനം ചെയ്തതെങ്കിലും നൂറ്റാണ്ടുകളായി നിലനിന്നിരുന്ന ജാതി-ജന്മി വ്യവസ്ഥക്കെതിരെ കടുത്ത ആഘാതമായി ആശാന്‍ കൃതികള്‍....''   
ഈ. എം .എസ്‌
                 
ഇന്ത്യയില്‍  ദേശീയസ്വാതന്ത്ര്യ സമരം ആഞ്ഞടിച്ചപ്പോള്‍ നമ്മുടെ പല എഴുത്തുകാരും തങ്ങളുടെ രചനകളുമായി രംഗപ്രവേശം ചെയ്തു. വള്ളത്തോള്‍, ഉള്ളൂര്‍, പി. കുഞ്ഞിരാമന്‍ നായര്‍, ഇടശ്ശേരി, വൈലോപ്പിള്ളി തുടങ്ങിയവര്‍ അതില്‍ പ്രമുഖര്‍....

സോഷ്യലിസ്റ്റ് സൗന്ദര്യശാസ്ത്രം മസയാള സാഹിത്യത്തിന്റെ ഉള്ളടക്കമാവുന്നത് ചങ്ങമ്പുഴമുതല്‍ക്കാണ്. തകഴി, കേശവദേവ്, പൊങ്കുന്നം വര്‍ക്കി, ചെറുകാട്, കെ. ദാമോദരന്‍, എസ്.കെ. പൊറ്റേക്കാട്, വയലാര്‍, പി. ഭാസ്‌ക്കരന്‍, ഒ.എന്‍.വി, തോപ്പില്‍ ഭാസി, എസ്.എല്‍.പുരം സദാനന്ദന്‍, കെ.ടി. മുഹമ്മദ് ആ പട്ടികനീളുകയാണ്...
പൊറ്റെക്കാട്ട് 

സാഹിത്യവും കമ്പോള വല്‍ക്കരിക്കുകയാണ്, ഈ ആഗോള  വല്‍ ക്കരണ   കാലത്തില്‍. അതിന്റെ ഗൂഡലക്ഷ്യം അരാഷ്ട്രീയ വല്‍ക്കര ണമാണ്. അരാഷ്ട്രീയതയുടെ പ്രയോജനം മൂലധന - അധികാര രൂപങ്ങള്‍ക്കാണ്. എഴുത്തിലെ രാഷ്ട്രീയം നിര്‍വീര്യ മാക്കാന്‍ ഭരണാധികാരികള്‍ തന്ത്രങ്ങള്‍ മെനയുന്നു... എഴുത്തുകാരെ നിര്‍വീര്യ മാക്കാന്‍ ആശ്രിതന്മാരായ എഴുത്തു കാരേയും മാധ്യമ ങ്ങളേയും ഏജന്റുമാരേയും നിയോഗിക്കുന്നു. 'ആസ്ഥാന കവിപ്പട്ടം, അക്കാദമി കള്‍, അവാര്‍ഡുകള്‍ തുടങ്ങിയവ എഴുത്തു കാര്‍ക്കുവേണ്ടി ഒരുക്കിവെച്ച കെണികളാ' ണെന്ന് എം.കെ. സാനു ചൂണ്ടി ക്കാണിക്കുന്നുണ്ട്.  കെണിയൊരുക്കി കുരുക്കുന്നതിലൂടെ സാഹിത്യ ലോകത്ത് വന്ധ്യതപെരുകാന്‍. 'ഈ പ്രോല്‍സാഹനങ്ങള്‍' കാരണമാകുന്നു. കെ.സച്ചിദാനന്ദന്റെ വാക്കുകള്‍ ഉദ്ധരിക്കാം. 'എഴുത്തുകാരന്‍ എപ്പോഴും പ്രതിപക്ഷത്താണ്'.