-ഡോ:കെ.ജി.ബാലകൃഷ്ണൻ
ഈ കടലോരത്തിരുന്ന്കാഴ്ച്ചയുടെ അതിരു തേടി
നടവഴിയുടെ നീളമളന്ന്
വീതിക്കണക്കു കൂട്ടിക്കിഴിച്ച്
രണ്ടും ഒന്നെന്നോ, ഒപ്പമെന്നോ
തിട്ടമില്ലെന്നോ
തിന്തനത്തോമെന്നോ;
തോനെയെന്നോ
ആകാശപ്പെരുക്കം
ആവനാഴിയിലെ
അമ്പുകളുടെ എണ്ണം
അറിയില്ലെന്നോ, അറിഞ്ഞാൽത്തന്നെ
ഏതു വില്ലേറ്റി
അന്തമില്ലായ്മയിലേക്ക് പായിച്ച്
അല്ലയോ അർജ്ജുന!
നിനക്ക് ഈ ഇരുൾപരപ്പിനെ
പിളർക്കാനാവും?
ആറടി മണ്ണിന് അധിപൻ
അല്ലെങ്കിൽ., ആയിരം കാതം
അറിയുവതെന്തിന്!
രാവും പകലും ചേർന്ന്
നൂറ്റൊന്നും, നൂറായിരത്തൊന്നും
ആവർത്തിച്ച്
നിന്റെ മോഹപ്പരപ്പ്
കാലത്തിന് കാലനില്ലെന്ന്
എന്തുറപ്പ്?
ഉണ്ടാകാം
വിളിക്കാൻ പേരില്ലെന്നു മാത്രം
അഥവാ ഉണ്ടെങ്കിൽത്തന്നെ
ഉച്ചരിക്കരുത്
അതൊരു പക്ഷേ നിന്നെ
കോൾമയിർക്കൊള്ളിക്കുമെങ്കിലും
ഒപ്പം , ഉറപ്പായും
അമ്പരപ്പിക്കാം!
വേണ്ട,
നീലമലയിൽ പോയി തപസ്സനുഷ്ഠിക്കാം
നിനക്ക് നിത്യതയുടെ
സാന്ത്വനമരുളാൻ
അവിടെ, വിശറികളുമേന്തി
വനദേവതകളുണ്ടല്ലോ!
പാട്ട് പാടിത്തരാൻ കിളികളും
ഒരു കുമ്പിൾ നീർ പകരാൻ അരുവിയും
നിനക്ക് നിഴലായി അഞ്ചു ഭൂതങ്ങളും!
ഉള്ളിൽ ഒരു കനവുണരുന്നു
പാതയുടെ
അളവുകളറിയാതെ
ഗതിയറ്റ വഴിപോക്കൻ
മരുപ്പരപ്പ്
പിന്നെ, മനസ്സിലൊരാശയമുദിച്ചു
ആശ്വാസം
ഞാൻ എന്തിന്നു വഴി തേടണം?
തേരാളിയുണ്ടല്ലോ?
കൂടാതെ, ഇരുട്ടിൽ വഴിവിളക്കും
ചൂണ്ടുപലകയും നാഴികക്കല്ലും...!