ശ്രീകൃഷ്ണ ദാസ് മാത്തൂർ
എന്റെ സ്വന്തമാമിടത്തിൽ നിന്ന്
ചൂണ്ടുവിരലുകൾ മുളച്ച്,
കുടിയിറക്കലിന്റെ വഴി ചൂണ്ടുന്നു
താലത്തിൽ പൂവും തീയും വെച്ച്
അഗോചരതയിലേക്കുള്ള വഴി
പടവുകളിറങ്ങി, താഴെ
അങ്ങു താഴെ കാത്തുനിൽക്കുന്നു
അടിത്തറയില്ലാത്ത വീട്ടിൽ നീയിരുന്ന്
എന്റെ പെരുവഴിയാധാരം ചുരുട്ടി
ഒടുവിലെ ബന്ധവും വലിച്ചെറിയുന്നു
ഒരു ഭജനപ്പാട്ടിന്റെ "ഗഞ്ചിറ"മേളം
നാടിന്റെ പൂമുഖം വരെ വന്നു
നാടു കടത്തിവിടട്ടെ നിന്നെ
നിന്റെ വേരുകൾ , എന്നാശംസിച്ച്
ദൈവം പോലും കേൾക്കാതെ പോയ
അഖണ്ഡനാമങ്ങളിലേക്ക് കയറിപ്പോകുന്നു
ഇളക്കിവിടും പ്രളയത്തെ
ഒരു തുള്ളിയുടെ ഭയാപ്പെടുത്തലും
തീയിടും സ്വപ്നങ്ങളെ
ചുട്ടുപഴുത്ത പൂക്കളുടെ
കൊലച്ചിരിയും
കാൽകൊണ്ടുള്ള മണ്ണു തൊടാത്ത
നിനക്കു ഭൂമിയില്ലെന്ന് ഭൂമിയും
എല്ലാ യുദ്ധങ്ങളും തനിക്കെ നേരെ
കാഹളം മുഴക്കുന്ന
നിരായുധന്റെ വഴിക്കാഴ്ച്ചകളും
വിവരിച്ച കത്തുകൾക്കെല്ലാം മേൽവിലാസം
വീടേ ,നിന്റേതു മാത്രം
വാങ്ങാനും, വായിക്കാനും
ആളില്ലെങ്കിലും.....