സൂചീമുഖം


ഉണ്ണിക്കൃഷ്ണൻ ചെറുതുരുത്തി

ഏറെ പ്രതീക്ഷയോടത്രേ കളിയച്ഛ-
നായാൾക്കു കച്ചയും നൽകീ മെഴുക്കു, മീ
പ്രായത്തിലഭ്യസിച്ചോനാണു താൻ, തന്റെ
ദേഹത്തു പണ്ടേയുഴിഞ്ഞുഴിഞ്ഞെല്ലുക-
ളേതുവഴിയ്ക്കും വളയ്ക്കാം, ചുഴിപ്പിനു
ചാരുത കൂടും. മുഖത്തുനിന്നും രസം
പ്ലാവിലകൊണ്ടു വടിച്ചെടുക്കാം, തിര-
ശ്ശീലയ്ക്കു പിന്നിൽ താനെത്തുന്നതോതുന്ന
കച്ചമണിക്കിലുക്കത്തിനായ്‌ കാക്കുന്നു
മുറ്റത്തു തമ്പുരാൻ പാതിരയ്ക്കും, മണ്ണി-
ലൊറ്റനാക്കേതാണ്ടിഴയും വിധം താണു
മുദ്ര പിടിയ്ക്കാം; നടിയ്ക്കാം; സ്വശിഷ്യന്നു-
മുത്തമശിക്ഷണംകൊണ്ടാദ്യവസാന-
മുഖ്യവേഷങ്ങൾ വഴങ്ങണമെന്നോർത്തു
തൂശിയ്ക്കിരുത്തീ, മുളയ്ക്കിട്ടു, ദൃഷ്ടിയ്ക്കു
സാധകം നന്നെപ്പുലർച്ചയ്ക്കു ചെയ്യിച്ചു,
കൊണ്ടുനടന്നു കളിയ്ക്കു, കൂടെ, ത്തന്റെ
മുണ്ടും മുറുക്കാനുമേറ്റിച്ചു,നല്ലൊരു
നാളും മുഹൂർത്തവും നോക്കി, യരങ്ങേറ്റ-
വേള കുറിച്ചു, കഥ നിശ്ച്ചയിച്ചു, താൻ
കേശഭാരം വെച്ചു, ദക്ഷിണ വാങ്ങിച്ചു,
നേരെ രംഗത്തേയ്ക്കു വിട്ടതാണ്‌-എന്തിനു
ശേഷം കഥിയ്ക്കുന്നു-കൂട്ടിക്കൊടുപ്പിന്റെ
വേഷം തനിയ്ക്കു വഴങ്ങില്ലയെന്നയാൾ
ഒറ്റപ്പിടുത്തം- അരങ്ങും കളരിയും
വെയ്ക്കുന്നു മൂക്കിൻമുഖത്തു സൂചീമുഖം!