നമ്മുടെ സ്വന്തം ചന്ദ്രശേഖര കമ്പാർ

സുധാകരൻ രാമന്തളി

ഡോ: ചന്ദ്രശേഖര കമ്പാറിന്റെ കൃതികൾ മലയാളത്തിലേക്ക്‌ വിവർത്തനം ചെയ്യണമെന്ന ആശയം ഉദിച്ചതു ഏതാണ്ട്‌` ഒരു വർഷം മുമ്പ്‌` അദ്ദേഹവുമായിട്ടുള്ള ആദ്യത്തെ കൂടിക്കാഴ്ച്ച യോടുകൂടിയാണ്‌.  ഗ്രാമീണമായ ഒരു നിഷ്ക്കളങ്കതയോടെ അദ്ദേഹം എന്നേയും ഒപ്പമുണ്ടായിരുന്ന സുഹൃത്ത്‌ സലിംകുമാറിനേയും സ്വീകരിച്ചു. "കഥ" മാസികയിലേക്ക്‌ ഒരു അഭിമുഖത്തിന്‌ വേണ്ടി കൂടിയായിരുന്നു ഞാൻ ചെന്നത്‌. കമ്പാർ ശുദ്ധമായ കന്നഡയിൽ സംസാരിച്ചു. മലയാള സാഹിത്യ ത്തെക്കുറിച്ച്‌ വളരെ കുറച്ചു മാത്രമേ അറിയൂ എന്നും അയൽക്കാരായ നമ്മൾ അന്യോന്യം ഇത്ര യൊന്നും അറിഞ്ഞാൽ പോരെന്നും അദ്ദേഹം പറഞ്ഞു. കമ്പാറിന്റെ ബഹുമുഖമായ കഴിവു കളെക്കു റിച്ചും കന്നഡ സാഹിത്യത്തിൽ സ്വന്തമായൊരു വഴി വെട്ടി ത്തെളിയിച്ച്‌ അദ്ദേഹം നടത്തിയ സർഗ്ഗ പ്രയാണ ങ്ങളെക്കുറിച്ചും ധാരാളം കേട്ടും വായിച്ചും അറിഞ്ഞിരുന്നു. പക്ഷേ അദ്ദേഹത്തിന്റെ തിരഞ്ഞെടുത്ത നാടകങ്ങളുടെ ഇംഗ്ലീഷ്‌ വിവർത്തനത്തിലൂടെ കടന്നുപോയപ്പോഴാണ്‌ കമ്പാർ എന്ന എഴുത്തുകാരൻ വല്ലാത്തൊര ധികാരത്തോടെ എന്റെ മനസ്സിൽ കയറിപ്പറ്റിയത്‌. പിന്നീട ദ്ദേഹത്തെ  കൂടുതൽ പഠിക്കാനും അടുത്തറിയാനുമായി. അദ്ദേഹത്തിന്റെ പ്രധാന കൃതികൾ ഞാൻ കന്നഡയിൽ തന്നെ വായിച്ചു. അതുകൊണ്ടു തന്നെ എന്റെ അഭിമുഖം , മലയാള പ്രസിദ്ധീ കരണത്തിനു വേണ്ടിയാണെങ്കിലും, മുഴുവനും കന്നഡഭാഷയിലാക്കി. മലയാള സാഹിത്യത്തെ കുറിച്ച്‌ ഞാൻ ചെറുതായി വിശദീകരിച്ചപ്പോൾ കന്നഡ സാഹിത്യത്തെക്കുറിച്ച്‌ കമ്പാർ തന്റെ അഭിപ്രായങ്ങൾ തുറന്നു പറഞ്ഞു. ഏതാണ്ട്‌ രണ്ടര മണിക്കൂർ നേരം ഞങ്ങൾ മനസ്സ്‌ തുറന്നു. ഏറെ തിരക്കുള്ള ആ വലിയ മനുഷ്യൻ അത്യന്തം സ്നേഹത്തോടെ പറഞ്ഞു,

"ഇടയ്ക്കിടെ നമ്മുക്ക്‌ സംസാരിക്കാം. ഒന്നു ഫോൺ ചെയ്ത്‌ ഇങ്ങോട്ടു വരു"

അത്യപൂർവ്വമായ ഒരു സൗഹൃദത്തിന്റെ , ഗുരുശിഷ്യസദൃശമായ പരസ്പര സ്നേഹ ബഹുമാന ങ്ങളിലധിഷ്ഠിതമായ ഒരു ബന്ധത്തിന്റെ തുടക്കമായിരുന്നു അത്‌. തന്റെ എഴുത്തുമുറിയിലേക്ക്‌ അദ്ദേഹം ഞങ്ങളെ കൂട്ടിക്കൊണ്ടു പോയി. ഏറ്റവും പുതിയയ്‌ നാടകമായ "ശിവരാത്രിയുടെ" ടൈപ്പു ചെയ്ത പ്രതി ആ മേശ പ്പുറത്തുണ്ടായിരുന്നു. യാത്ര പറഞ്ഞിറ ങ്ങുമ്പോൾ അദ്ദേഹം പറഞ്ഞു,  " ഒരു നിമിഷം ഇരിക്കു"

ഞങ്ങൾ ഇരുന്നു. പിന്നീടദ്ദേഹം അഞ്ചു  പുസ്തകങ്ങളുമായി ട്ടാണ്‌ വന്നത്‌. പുസ്തകങ്ങൾ തന്നെ ഏൽപ്പിച്ച്‌ , എന്റെ ചുമലിൽ തട്ടി അദ്ദേഹം പറഞ്ഞു.,  "ഇതു മലയാളത്തിലാക്കണം. നിങ്ങൾക്കത്‌` സാധിക്കും" .

ഞാൻ അക്ഷരാർത്ഥത്തിൽ അമ്പരന്നു പോയി. തന്റെ കൃതികളുടെ വിവർത്തനത്തിന്റേയും മറ്റു കാര്യങ്ങളിൽ അങ്ങേയറ്റം കണിശക്കാരനായിട്ടാണ്‌` കമ്പാർ അറിയപ്പെടുന്നത്‌.

"ഇതൊരു വലിയ അംഗീകാരമാണ്‌" സുഹൃത്ത്‌ പറഞ്ഞു. അതു ശരിയാണെ ന്നെനിക്കും തോന്നി. ഞാൻ ആ പുസ്തകങ്ങൾ ഓരോന്നായി നോക്കി. 

-ജോകുമാരസ്വാമി, ജി.കെ. മാസ്റ്ററ പ്രണയ പ്രസംഗ, ഹരെകെയകുരി, ശിഖരസൂര്യ, ചകോരി. 

കന്നഡ സാഹിത്യ ചരിത്രത്തിലെ നാഴികക്കല്ലുകളായി പരിലസിക്കുന്ന നാടകങ്ങളും നോവലുകളും കാവ്യങ്ങളും. ഇന്നും ഞാനാ പുസ്തകങ്ങൾ അമൂല്യമായ സമ്പത്തെന്ന പോലെ അഭിമാനപൂർവ്വം സൂക്ഷിക്കുന്നു.

ആദ്യം വായിച്ചുതുടങ്ങിയത്‌ മഹാകാവ്യമെന്ന്‌ അദ്ദേഹം സംശയമെന്യേ വിശേഷിപ്പിക്കുന്ന "ചകോരിയാണ്‌" എഴുത്തിന്റെ രൂപപരമായ പരിമിതികൾ തകർക്കുകയും നാടകവും നോവലും കവിതയു മൊക്കെ സർഗ്ഗാത്മകമായി ലയിപ്പിക്കുകയും അപൂർവ്വമായ ഒരു കാവ്യാനു ഭൂതിയിലേക്ക്‌ വായന ക്കാരനെ ഉയർത്തുകയും ചെയ്യുന്ന കൃതിയാണ്‌` "ചകോരി".പക്ഷേ വിവർത്തനത്തിന്‌ അത്രയെളുപ്പം വഴങ്ങുന്നതാണെന്ന്‌ തോന്നിയില്ല. അദ്ദേഹത്തിന്റെ ഭാഷ  ഉത്തര കർണ്ണാടക ത്തിലെ ഗ്രാമീണപദങ്ങളുടെ സംഘാതമാണ്‌. അതുമായി കൂടുതൽ ഇഴുകിച്ചേരേണ്ടതുണ്ട്‌. അതു കൊണ്ടു തന്നെ താരതമ്യേന ലളിതമായ "ജി.കെ.മാസ്റ്ററ പ്രണയ പ്രസംഗ" എന്ന ലഘുനോവൽ ഞാനാദ്യ മായി വിവർത്തനം ചെയ്യാൻ തിരഞ്ഞെടുത്തു. അതിലും ഭാഷ ഗ്രാമീണം തന്നെ. തനതു വടക്കൻ കന്നഡ. പലപ്പോഴും അദ്ദേഹത്തെ ഫോണിൽ വിളിച്ച്‌ പ്രത്യേക പ്രയോഗങ്ങളെക്കുറിച്ചും വാക്കുകളെക്കുറിച്ചും സംശയങ്ങൾ തീർത്തു. കമ്പാറിന്റെ ശബ്ദകോശത്തിലെ ഒരു പാടൊരു വാക്കുകൾ ഒരു നിഘണ്ടുവിലും നമുക്കു കാണാനാവില്ല.

അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ നാടകം "ജോകുമാരസ്വാമി" വിവർത്തനമാരംഭിച്ചപ്പോൾ അതിലുടനീളം പ്രത്യക്ഷപ്പെടുന്ന കവിതകൾ ശരിക്കും വെല്ലുവിളിയായിരുന്നു. പക്ഷേ പ്രതീക്ഷിച്ച തിലധികം വേഗത്തിൽ അതു പൂർത്തിയാക്കാൻ സാധിച്ചു. അതിനു ശേഷം "ശിഖരസൂര്യ" എന്ന ഇതി ഹാസ നോവൽ തിരഞ്ഞെടുത്തു. "ജി.കെ.മാസ്റ്ററ പ്രണയ പ്രസംഗ" ഉടൻ തന്നെ കലാ കൗമുദിയിൽ പ്രസിദ്ധീകരിക്കും. "ജോകുമാരസ്വാമി" പുസ്തക രൂപത്തിൽ തയ്യാറായി ക്കൊണ്ടിരിക്കുന്നു.  (മാതൃഭൂമി ബുക്സ്‌)

കമ്പാറിന്റെ ലോകം സഹജമായ കാവ്യാത്മകതയാൽ സമ്പന്നവും മണ്ണിനോടുള്ള കരുത്തുറ്റ ബന്ധത്താൽ ശക്തവുമാണ്‌. എന്താണ്‌` കവിത എന്നു തനിക്കറിയില്ല എന്നു കമ്പാർ പറയു മ്പോൾ" കമ്പാർ എഴുതുന്നതു പോലുള്ള നാടകത്തിലും കവിതകളിലും പടിഞ്ഞാറൻ രാജ്യങ്ങളിൽ നിന്നു പോലും ഉണ്ടാകുന്നില്ല. "എന്നാണ്‌ ഡോ:യു.ആർ.അനന്തമൂർത്തി പറയുന്നത്‌.

"കന്നഡ നാടകവേദിയിലേക്ക്‌ മഴ കൊണ്ടുവന്ന ഋഷ്യശൃംഗനാണ്‌ കമ്പാർ" എന്ന്‌ ബി.വി. കാരന്തും ഉറക്കെ പറഞ്ഞു.  ഇതൊക്കെ നിരത്തിവെച്ച്‌ അഭിമുഖത്തിൽ ഞാൻ എഴുതി, കമ്പാറിന്‌ യഥാർഹമായ അംഗീകാരം ലഭിച്ചിട്ടില്ല എന്ന്‌. ജ്ഞാനപീഠ പുരസ്ക്കാരം അദ്ദേഹത്തിനു ലഭിച്ചുവെന്ന്‌ അറിഞ്ഞപ്പോൾ ആഹ്‌ളാദിച്ചുവെങ്കിലും അത്ഭുതപ്പെടാൻ ഒന്നുമില്ലായിരുന്നു. "ജ്ഞാനപീഠത്തിന്‌" തിളക്കം കൂടിയെന്നേ പറയാനുള്ളു.

ബാംഗ്‌ളൂർ മലയാളികളുടെ സ്നേഹവും സന്തോഷവും അദ്ദേഹത്തെ അറിയിക്കുവാൻ കേരള സമാജ ത്തിന്റെ മറ്റ്‌ ഔദ്യോഗ്ഗിക ഭാരവാഹികളോടൊപ്പം ഞാൻ അദ്ദേഹത്തിന്റെ വീട്ടിൽ ചെല്ലുകയുണ്ടായി. ഊഷ്മളമായ വരവേൽപ്പാണ്‌ അവിടെ ഞങ്ങൾക്കു ലഭിച്ചതു. ആ വീടാകെ പൂച്ചെണ്ടുകളും മാലകളും അഭിനന്ദനം കുറിച്ച ഫലകങ്ങളും കൊണ്ട്‌ നിറഞ്ഞിരുന്നു.

ഗ്രാമീണമായ ആ നിഷ്ക്കളങ്ക ഹൃദയം തുറന്ന ചിരിയും സംസാരവും ഒരിക്കൽ നേരിട്ടനുഭവിച്ച ആർക്കും ചന്ദ്രശേഖരകമ്പാറിനെ ഒരിക്കലും മറക്കാനാവില്ല.

നാടോടി കലാപാരമ്പര്യം ആഴത്തിൽ പഠിക്കുകയും സാഹിത്യരചനയിൽ ഏറ്റവും ഫലപ്രദമായി ഉപയോഗിക്കുകയും ചെയ്ത എഴുത്തുകാരിൽ അദ്വതീയനാണ്‌ കമ്പാർ. കന്നഡ ചലച്ചിത്ര രംഗത്തും അദ്ദേഹം തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു. നാലു സിനിമകൾ നിർമ്മിച്ച ശേഷം ക്യാമറയുടെ പരിമിതിയിൽ തന്റെ ലോകം ഒതുങ്ങുകയില്ല എന്ന ബോധ്യം വന്നിട്ടാണ്‌ സിനിമയോട്‌ വിട പറഞ്ഞതെന്ന്‌ കമ്പാർ. ഹംപി കന്നഡ സർവ്വകലാശാലയുടെ ആദ്യ വൈസ്‌ ചാൻസലറായി അദ്ദേഹം സേവന മനുഷ്ഠിച്ചിട്ടുണ്ട്‌. കർണ്ണാടക നിയമസഭയുടെ ഉപരിമണ്ടലമായ ലെജിസ്ലേറ്റീവ്‌ കൗൺസിലിലേക്ക്‌ സർക്കാർ അദ്ദേഹത്തെ നാമനിർദ്ദേശം ചെയ്തു. ഭാരത സർക്കാർ "പദ്മശ്രീ" നൽകി അദ്ദേഹത്തെ ആദരിച്ചു. 

പ്രധാന കൃതികൾ: 
ശിഖരസൂര്യ, കരിമായി, സിങ്കാരവ്വ മത്തു അരമനെ (നോവലുകൾ), സിരി സംപികെ, ജോകുമാരസ്വാമി, ഹരകെയകുറി, ഋഷ്യശൃംഗ, സാംബശിവ, ആലിബാബ, ഹുലിയ  നേരളു, കാടുകുദുരെ, (നാടകങ്ങൾ) ചകോരി, ആയദക വനഗളു, ബെള്ളിമീനു, (കവിത കൾ) ഉത്തര കർണ്ണാടക അഗഭൂമി, ബൃഹത്‌ ദേശീയചിന്തനെ, നമ്മ ജാനപാദ (ലേഖന ങ്ങൾ) കന്നഡ ഫോക്‌ ലോർ നിഘണ്ടു.

പുരസ്ക്കാരങ്ങൾ: 
കർണ്ണാടക-കേന്ദ്ര സാഹിത്യ അക്കാദമി അവാർഡുകൾ, സംഗീത നാടക അക്കാദമി അവാർ ഡുകൾ,  കാളിദാസ സമ്മാൻ, ടാഗോർ പുർസ്ക്കാരം, ആശാൻ പ്രൈസ്‌, കബീർ സമ്മാൻ, പമ്പ അവാർഡ്‌, കമലാദേവി ചതോപാദ്ധ്യായ അവാർഡ്‌, ഭാരതീയ ജ്ഞാനപീഠം.....!