സൂര്യാഗോപി
അദ്ധ്യാപകൻ
ക്ലാസ്സിലേക്ക് കടന്നുവരുമ്പോൾ വിദ്യാർത്ഥികളെല്ലാം അവരുടേതായ സ്വപ്നങ്ങളിൽ
മുങ്ങിമറിയുകയായിരുന്നു. പേരു കേട്ട സർവ്വകലാശാലയിലെ പൊട്ടിപ്പൊളിഞ്ഞ ഭിത്തികളുള്ള
ഒരു ക്ലാസ്സുമുറി. അതിലെ ഇരുപതു വിദ്യാർത്ഥികൾ ബിരുദാനന്തരബിരുദത്തിന്നെത്തിയവർ.
അയാൾ ക്ലാസ്സിലേയ്ക്കു പ്രവേശിക്കുമ്പോൾ അയാളേക്കാൾ പ്രായം ചെന്ന
നീണ്ടുവളർന്ന താടിയുള്ള വിദ്യാർത്ഥി ഏറ്റവും ഒടുവിലത്തെ കസേരയിലിരുന്ന് കൂർക്കം
വലിക്കുന്നുണ്ടായിരുന്നു. പെൺകുട്ടികളിൽ അധികം പേരും പൊട്ടുവർത്തമാനങ്ങളും
പൊട്ടിച്ചിരിയുമായി മേശപ്പുറത്തും ജനലഴികളിൽ പിടിച്ച് ആടിയിളകിയും
അദ്ധ്യാപകൻ കാഴ്ച്ചയിൽ കുറിയവനായിരുന്നു. കറുത്ത് മെലിഞ്ഞ് വലിയ
കണ്ണുകളുള്ളവൻ. കുഴിഞ്ഞ കൺതടമുള്ളതിനാൽ അയാളുടെ ചുവന്ന കണ്ണുകൾ എപ്പോഴും മിഴിച്ചു
നിന്നു. അയാളുടെ നീണ്ടു വളർന്ന താടിയ്ക്കിടയിൽ അവിടവിടെ വെള്ളിയിഴകൾ തെളിഞ്ഞു
കാണപ്പെട്ടു,
കുട്ടികളൊന്നും അയാളെ ശ്രദ്ധിച്ചില്ല. അങ്ങനെയൊരാൾ
മേശയ്ക്കരികിൽ നിൽക്കുന്നുവേന്ന് കണ്ടതായി ഭാവിച്ചതുപോലുമില്ല. ഇന്റർവ്വെല്ലിനു
ശേഷം ബെല്ലടിച്ചു. എല്ലാവരും മടുപ്പിന്റെ മുഖഭാവത്തോടെ തങ്ങളുടെ
കസേരകൾക്കരികിലേക്കു നീങ്ങി. അപ്പോഴാണ് ബ്ലാക്ക്ബോർഡിനു മുന്നിൽ നിന്നിരുന്ന ആ
ചെറിയ രൂപത്തെ അവർ കാണുന്നത്.
കവിളിലെ മുഖക്കുരുവിന്റെ
ഉണങ്ങിയ പാടുകളിൽ ഒന്നിൽ വിരൽ കൊണ്ടു തടവി അദ്ധ്യാപകൻ അവരുടെ അരികയോലേയ്ക്കു
നീങ്ങിനിന്നു. അയാളുടെ നിസ്സംഗതയാണോ മൗനമാണോ കലങ്ങിമറിഞ്ഞ ആ ക്ലാസ്സുമുറിയെ
ശാന്തമാക്കിയത് എന്നറിഞ്ഞില്ല.
വിദ്യാർത്ഥികളെല്ലാം അയാളെ നോക്കി. അയാൾ
അവരേയും. എല്ലാ കണ്ണുകളിലൂടേയും തന്റെ കണ്ണുകൾ പായിച്ച് പെട്ടെന്ന് അദ്ധ്യാപകൻ
ചോദിച്ചു.
"നിങ്ങൾക്ക് എങ്ങനെ മരിക്കാനാണ്` ഇഷ്ടം?"
മുന്നിലിരുന്ന വെളുത്ത സുന്ദരിയുടെ മുഖം വിളറി. അരുതാത്തതെന്തോ
കേട്ടതുപോലെ അവൾ കൂട്ടുകാരികളെ തിരിഞ്ഞു നോക്കി. മുഖം കൊണ്ട് ഒരു ചോദ്യമെറിഞ്ഞ്
അയാൾ ഓരോരുത്തരുടെയും അടുത്തേയ്ക്കു നീങ്ങി.
"എനിക്ക് മരിക്കാൻ ഇഷ്ടമല്ല"
വേദനിക്കാതെ മരിക്കണമെന്നാണ് എന്റെ പ്രാർത്ഥന. "
മരണത്തിന്റെ
മണം നിറഞ്ഞ ഒരു മോർച്ചറിയുടെ തണുപ്പ് അദ്ധ്യാപകന്റെ ശരീരത്തെ വെറുങ്ങലിപ്പിച്ചു.
സംശയത്തോടെ പതുങ്ങിയും, മടിച്ചും പലരും പലതും പറഞ്ഞുകൊണ്ടിരുന്നു.
"എനിക്കു പിടഞ്ഞു പിടഞ്ഞു മരിക്കാനാണിഷ്ടം.....വൈദ്യുതക്കമ്പിയിൽ
കുടുങ്ങിപ്പിടയുന്ന കാക്കയില്ലേ മാഷേ.....അതേ പോലെ..." അദ്ധ്യാപകൻ ഉത്തരം
നൽകിയവന്റെ മുന്നിൽ കുറച്ചു സമയം നിന്നു.
"എനിക്ക് കടലാഴങ്ങളിൽ
മുങ്ങിമരിക്കാനാണിഷ്ടം....
അയാൾ പിറുപിറുത്തു.
"എനിക്കു മഴ നനഞ്ഞു
കിടക്കുമ്പോൾ മരിക്കാനാണിഷ്ടം.......
ഉറക്കത്തിൽ ഉണരാതെ മരിക്കുന്നത്
....അതിനു വേദനയുണ്ടാവില്ലല്ലോ മാഷെ.....
"വേദനിക്കാതേയും,
വേദനിപ്പിക്കാതേയും ഒരു മരണവും കടന്നുപോകുന്നില്ല. ഭൂമി വിട്ട് ഒരാത്മാവും
കണ്ണുനീർ തരാതെ തിരിച്ചു പോകുന്നില്ല. " അയാൾ വീണ്ടും പിറുപിറുത്തു.
ചെറിയ
മുഖമുള്ള നീണ്ട ചെറുപ്പക്കാരൻ കുനിഞ്ഞിരുന്ന് അദ്ധ്യാപകനെത്തന്നെ നോക്കി.
"എനിക്ക് അമ്മയുടെ കൂടെ മരിക്കണം.."
അദ്ധ്യാപകൻ പ്രതീക്ഷിക്കാത്തതു
കേട്ടതുപോലെ പെട്ടെന്ന് അവന്റെയടുത്തേക്കു നടന്നുചെന്നു. അവന്റെ മുടിയിഴകളിലൂടെ
വിരലോടിച്ചു.
ക്ലാസ്സുമുറി വിട്ട് പുറത്തേയ്ക്കു പോകുമ്പോൾ അദ്ധ്യാപകൻ
എന്തൊക്കെയോ പിറുപിറുത്തുകൊണ്ടിരുന്നു. കട്ടിയുള്ള ചതുരക്കണ്ണാടിയിലൂടെ അയാളുടെ
തുറിച്ച കണ്ണുകളുടെ നനവ് ആരും കണ്ടില്ല.
അമ്മ മരിച്ചപ്പോൾ പോലും അയാൾ
കരഞ്ഞിട്ടുണ്ടായിരുന്നില്ല. "ആളൊരു ശൂരനാ ഒരിറ്റ് കണ്ണീർ പോലും വീണില്യാ..."
ശ്രാർദ്ധത്തിന്റെയന്ന് ഇങ്ങനെ അടക്കം പറഞ്ഞയാളെ അയാൾക്ക്`
നിശ്ച്ചയമുണ്ടായിരുന്നു.
"തോന്ന്യാസി... ആ സ്ത്രീക്ക് ആയുസ്സിൽ ഒരു
സമാധാനോം കൊടുത്തില്ല.....കേട്ടു തഴമ്പിച്ചതു കൊണ്ട് ആ വാക്കുകൾ അയാളെ
തൊട്ടതുപോലുമില്ല.
അയാൾ സ്റ്റാഫ്‌റൂമിലെ മേശയിൽ തല വെച്ചു കിടക്കുമ്പോൾ
ജനലഴികളിലൂടെ തണുപ്പ് ഇരച്ചുകയറി. തോരാത്ത മഴക്കണ്ണീരുമായി ഒരു കറുത്ത മേഘം
അയാളുടെ മുഖത്തേക്ക് നോക്കി.
കർക്കിടകത്തിന്റെ തോരാപ്പെയ്ത്തിൽ ,
രാത്രിയേറെ വൈകിയാണ് അമ്മ പിടഞ്ഞു പിടഞ്ഞു തന്റെ കൈകളിൽ വീണത്`. കാലിലെ വ്രണത്തിൽ
പുഴുവരിച്ചതിന്റെ പഴുപ്പ് ഒലിച്ചിറങ്ങിയ പഴകിയ ഗന്ധം അമ്മയുടെ ജീവനോടൊപ്പം പറന്നു
പോയി....അമ്മയുടെ കണ്ണുകൾ തിരുമ്മിയടച്ച് ,തണുത്തു തുടങ്ങിയ ശരീരം നിലത്തു
വെയ്ക്കുമ്പോൾ മനസ്സിൽ പെയ്തൊഴിയാൻ ഒന്നും ശേഷിച്ചിരുന്നില്ല.
മാഷേ....അവൻ
പുറത്തു തട്ട്‌ഇ വിളിച്ചപ്പോൾ അയാൾ ഏതോ ചുഴിക്കുത്തിൽപ്പെട്ട് ഉയർന്നു
പൊങ്ങുകയായിരുന്നു.
ഞാൻ പറഞ്ഞത് എന്റെ ആഗ്രഹമായിരുന്നു....
എനിക്ക്
അമ്മയില്ല മാഷേ ....ഉണ്ടായിരുന്നെങ്കിൽ...
ഇത്രയുമേ അവൻ പറഞ്ഞുള്ളു....
അദ്ധ്യാപകന് മറ്റൊന്നും കേൾക്കാനായില്ല. പുറത്തു പെയ്യുന്ന മഴ പെട്ടെന്നു
നിശ്ച്ചലമായി....!