യക്ഷികളുടെ നഗരം


ടി.കെ.ഗംഗാധരൻ 


മുംബൈ മഹാനഗരത്തിലെ കൊളംബ സൈന്യബാരക്കിൽ നിന്നും പുറപ്പെട്ട രംഗബഹദൂർ താപ്പ ഗർഭബീജങ്ങൾ അഭയം തേടിയലയുന്ന ശുക്ളാജി സ്ട്രീറ്റിലേയും, ഫാൾക്കന്റ് റോഡിലേയും തെരുവുകൾ കടന്ന് കാമാത്തിപുരയിൽ എത്തിനിന്നു.

വിദൂരാതിർത്തികൾക്ക്കപ്പുറത്ത് ഹിമാലയസാനുക്കളിൽ ചിതറിക്കിടക്കുന്ന ലളിതശീലുകൾ, നേപ്പാളി ഗ്രാമങ്ങളുടെ വ്യഥകൾ സഹിക്കുന്ന രംഗബഹദൂറിന്‌ വയർ പിളർന്നുകിടക്കുന്ന കാമാത്തിപ്പുരയിലെ ഓടകലുടെ ദുർഗ്ഗന്ധത്തിൽ മടുപ്പു തോന്നി. 

നീണ്ട കഴുത്തുള്ള പഞ്ചാബി കാമിനികളോടൊപ്പം പാൻ ചവച്ചിരുന്ന് സൊറ പറയുന്ന രത്നഗിരിയിലും രത്തലാമിലും നിന്നും വരുന്ന ഗനീകകളാണ്‌ കാമാത്തിപ്പുരയിലെ കോളനികലിലധികവും. അവരോടൊപ്പം അരക്കെട്ടിൽ ചോരത്തിളപ്പിന്റെ കലിയുമായി ഉറഞ്ഞുവരുന്ന കോമരങ്ങളെ തളയ്ക്കുന്ന കർണ്ണൂലിലേയും,വിജയവാഡയിലേയും കാറ്റേറ്റു വളർന്ന കാതരകളായ പെൺകൊടികളും  ഒരുപാടുണ്ടവിടെ. 

വെളിച്ചം കടക്കാത്ത മുംബൈയിലെ ചേരികളിൽ പോക്കറ്റടിയും, കൂലിത്തല്ലും കൊലയും, കളവും തൊഴിലാക്കിയ പോക്കിരികളുടെ രഹസ്യമാളങ്ങൾ ഒരു പാടുണ്ടെന്നാണ്‌ കേൾവി. മഹാനഗരങ്ങൾക്ക് കാന്തശക്തിയുണ്ടെന്നും പറയാറുണ്ട്‌. മജ്ജയിൽ തീക്കനലിന്റെ ചൂടും, ധമനികളി ൽ കൊടുങ്കാറ്റിന്റെ ആവേശവുമായി വരുന്ന കൊമ്പന്മാർ അടിയറവു പറയുന്ന പറുദീസ.
നേപ്പാളി അഭയാർത്ഥികളുടെ സ്വപ്നങ്ങളെക്കുറിച്ചോർത്തുകൊണ്ട് രംഗബഹദൂർ ബാരക്കിലേക്ക് മടങ്ങി. ബാരക്കിനിപ്പോൾ നീഗ്രോ ഫയൽവാന്റെ ലേബലൊട്ടിച്ച റമ്മിന്റെ ചവർക്കുന്ന ഗന്ധവും ,ചെമ്മരിയാട്ടിൻ മാംസം വീലമ്പുന്ന രാത്രിയുടെ ചടുലമായ പൊട്ടിച്ചിരികളു മായിരുന്നു.

മദ്യത്തിന്റെ ഇളം ചൂടിലും, രംഗബഹദൂർ വട്ടമുഖമുള്ള ,അമ്മയുടെ സ്നേഹവും വാൽസല്യവും തന്ന തന്റെ മൂത്ത സഹോദരിയെക്കുറിച്ചോർത്തു. 

ഹിമഗന്ധിയായ നേപ്പാൾ മലയടിവാരങ്ങളിൽ വിളവ് സമൃദ്ധമല്ലെന്നുള്ളതാണ്‌ സങ്കടം. തൊഴിൽ സാദ്ധ്യതകൾ വളരെ കുറവ്. നെല്ലും,ഉരുളക്കിഴങ്ങും ആവശ്യത്തിന്‌ തികയുന്നില്ല, മാമസത്തിനും പാലിനും ഉപകരിക്കുന്ന ചെമ്മരിയാടുകൾ വേണ്ടത്രയില്ല. 

ഉത്തരേന്ത്യയിലെ മിലിട്ടരി കണ്ടോൺമെന്റുകളിലെ  കബാഡി ബസാറുകളിൽ നിന്നും കിട്ടുന്ന സൈന്യവസ്ത്രങ്ങളണിഞ്ഞ്, യുദ്ധാനുഭവങ്ങളുണ്ടെന്ന മേനിപറച്ചിലുമായി വരുന്ന പെൺവാണിഭക്കാരെ വിശ്വസിക്കുന്നവർ ഒരു പാടുണ്ട്‌ നിഷ്ക്കളങ്കമായ തനെ ഉൾനാട്ടിൽ.


ഉദാരമായ ചിരിയുമായി പ്രത്യക്ഷപ്പെടുന്ന അത്തരക്കാരുടെ വീർത്ത ബാഗുകളിൽ റം കുപ്പികളുണ്ടായിരിക്കും. ഇടനാട്ടുകാരിഷ്ടപ്പെടുന്ന വലിയ പൂക്കളുള്ള സാരികലൂം കുപ്പിവളകലൂം വാസനസോപ്പുമുണ്ടായിരിക്കും.

ചെമ്മരിയാടുകളെ മേയ്ച്ചും, ജീവിതസഖികളിൽ ഉണ്ണികളെ  ഉല്പ്പാദിപ്പിച്ചും ജൻമദൌത്യം നിറവേറ്റിയ തന്റെ പിതാവ് വളരുന്ന മക്കളെ  ശ്രദ്ധിച്ചില്ല.

ചിറകുണങ്ങിയ പെൺമക്കൾ അതിർത്തി കവച്ച് ഭാരതത്തിലേക്ക് ചേക്കേറി കൊറ്റ് തേടിക്കൊള്ളുമെന്ന് ആ മനുഷ്യ ൻ ആശ്വസിച്ചിരുന്നിരിക്കണം.

മുംബൈ നഗരത്തിന്റെ മഹിമകൾ പാടിവന്ന അത്തരമൊരുത്തനായിരുന്നു സഹോദരിയെ വേളി കഴിച്ചത്‌. സാക്ഷാൽ ലക്ഷ്മി വിളയാടുന്നൊരു രാജ്യത്ത് ജോലി ചെയ്ത് സമ്പാദിക്കുന്ന ആണൊരുത്തനെ അച്ഛൻ വേഗം വിശ്വസിച്ചു.

കപടനാട്യക്കാരനും ദുഷ്ടബുദ്ധിയുമായ ഒരുത്തൻ സ്പർശിച്ച് മലിനമാക്കാൻ വിധിക്കപ്പെട്ട ദരിദ്രകന്യകയുടെ സങ്കടം ആരുമറിഞ്ഞില്ല.

വാഗ്ദാനങ്ങൾ വാരിക്കൊടുത്ത് അതിർത്തി കടന്ന് അപ്രത്യക്ഷനായ കബാഡി വേഷക്കാരനെ ഒരു പെണ്ൺ എത്രകാലം കാത്തിരിക്കും? വർഷങ്ങ്ളേറേ ചെന്നപ്പോൾ മറ്റൊരു നഗരത്തിന്റെ ചിരിയും കൂട്ടിക്കൊടുപ്പുകാരന്റെ ദുഷ്ടലാക്കുമായി വന്ന വേറെ ഒരുത്തന്റെ കൂടെ അവർക്ക് മലനാട് വിട്ട് പോരേണ്ടി വന്നു.

അന്ന് രംഗബഹദൂർ ഏഴ് വയസ്സുള്ള സ്ക്കൂൾ വിദ്യാർത്ഥിയായിരുന്നു. പെൺവാണിഭക്കാർ ചെറുപ്പക്കാരികളെ  അതിർത്തി കടത്തികൊണ്ടു പ്പോകുന്നത്‌ ചുവന്ന ഗല്ലികളിൽ വിറ്റ് മാറാനെന്നറിയാത്ത കുട്ടി...

ബാരക്കിൽ പത്തുമനീക്ക് പതിവുപോലെ ലൈറ്റ് കെടുത്താറായിട്ടും സൈനികർ,പെണ്ണേ നീ വന്നപ്പോൾ വസന്തവും വന്നു....എന്ന ഗാനം മൂളുന്നുണ്ടായിരുന്നു. സൈനികരങ്ങനെയാണ്‌,റമ്മിന്റെ ലഹരിയിൽ പരുക്കൻ ആർമി നിയമത്തിന്റെ ഭാരം മറന്ന്, പൂക്കാലം വരവായെന്നും, സുന്ദരി നീ ഉണരാറായില്ലേ....എന്നും പാടുന്നവർ. 

രംഗബഹദൂർ കൊതുവലക്കുള്ളിൽ ചുരുണ്ടുകൂടി,ചേച്ചിയുടെ താരാട്ട് വീണ്ടും കേൾക്കാൻ തുടങ്ങി.