സമചിത്തതയോടെ സ്ത്രീയും പുരുഷനും കൈ കോര്‍ക്കണം




കെ.ആര്‍. ഗൌരിയമ്മ

ജീവിതപങ്കാളിയെ നിശ്ചയിക്കാനുള്ള സ്ത്രീയുടെ സ്വാതന്ത്യ്രം ഇപ്പോഴും 'ഇന്ദുലേഖ' പോലുള്ള സാഹിത്യകൃതികളില്‍ മാത്രമാണ്. സ്ത്രീകളുടെ വളര്‍ച്ച സാംസ്കാരിക വളര്‍ച്ചയുടെ ഭാഗമാണ്. അമ്മ മനസ്സുള്ള സ്ത്രീയുടെ ക്ഷമ സമത്വത്തിന് വേണ്ടിയുള്ള കാത്തിരിപ്പാണെന്ന് കൂടി അറിയണം. സമചിത്തതയോടെ സ്ത്രീയും പുരുഷനും കൈകോര്‍ത്താലേ രാജ്യപുരോഗതി സാധ്യമാവൂ.
സമൂഹം ഒറ്റ കെട്ടായി നിന്ന് സംരക്ഷിക്കണം                                                                             


നളിനി നെറ്റോ

അവഗണിക്കുന്നവരെ ഓര്‍ക്കാന്‍ വേണ്ടിയാണ് നാം ഓരോ ദിനങ്ങള്‍ കല്പിച്ചുകൊടുത്തിരിക്കുന്നത്. വനിതാദിനം അങ്ങനെ ആകാതിരിക്കട്ടെ. 365 ദിവസവും വനിതകളെ ഇതേ പ്രാധാന്യത്തോടെ സ്മരിക്കേണ്ടതാണ്. പരാതിപറയുന്നവരെ ക്രിമിനലാക്കി മുദ്രകുത്തുന്ന പ്രവണത ശരിയായ കാര്യമല്ല പീഡിപ്പിക്കപ്പെടുന്ന സ്ത്രീകള്‍ക്കൊപ്പം സമൂഹം ഒറ്റക്കെട്ടായി നിന്ന് അവളെ സംരക്ഷിക്കണം.

വിദ്യാഭ്യാസം വേണം

മേരി റോയ്

ഒരു സ്ത്രീക്ക് ഏത് കാലാവസ്ഥയിലും സ്വന്തം കാലില്‍ നില്ക്കാന്‍ ആവശ്യത്തിന് വിദ്യാഭ്യാസം വേണം. അടിസ്ഥാന വിദ്യാഭ്യാസം പെണ്‍കുട്ടിക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തേണം. അച്ഛനോ ഭര്‍ത്താവോ വീട്ടില്‍നിന്ന് പുറംന്തള്ളിയാലും സമുഹത്തില്‍ നിര്‍ഭയയായി ജീവിക്കാന്‍ വിദ്യാഭ്യാസം അവളെ സഹായയിക്കും. ആരുടെ തുണയില്ലെങ്കിലും ഒറ്റയ്ക്കു ജീവിക്കാന്‍ അത് അവളെ പ്രാപ്തയാക്കും. 80 വയസ്സിലാണെങ്കിലും വീടുവിട്ടു പുറത്ത് പോകേണ്ടിവരുന്ന അവസ്ഥയില്‍ മറ്റാരുമില്ലെങ്കിലും വിദ്യാഭ്യാസം അവള്‍ക്ക് ഊന്നുവടിയായുണ്ടാകും.


വ്യാജബോധത്തിലേക്ക് വഴുതി വീഴുന്നുവോ ? 

ഡോ. ഖദീജാ മുംതാസ്

സ്ത്രീ കൂടുതല്‍ സ്വതന്ത്രയെന്നും ശാന്തയെന്നും വിദ്യാഭ്യാസമുള്ളവളെന്നും സമൂഹത്തില്‍ ഉയര്‍ന്ന സ്ഥാനങ്ങള്‍ അലങ്കരിക്കുന്നവളെന്നും അഭിമാനമുണര്‍ത്തുന്ന വര്‍ത്തമാനകാലത്തും അവള്‍ വെറും ഉപഭോഗവസ്തു പോലെ തെരുവിലും യാത്രാവണ്ടികളിലും വലിച്ചിഴയ്ക്കപ്പെടുന്ന വൈരുദ്ധ്യം അസ്വസ്ഥതയുണ്ടാക്കുന്നതാണ്. സന്തോഷങ്ങളെപ്പറ്റി, നേട്ടങ്ങളെപ്പറ്റി, ഒക്കെയുള്ള വല്ലാത്തൊരു വ്യാജബോധത്തിലേക്ക് ചെറുപ്പക്കാര്‍ മാത്രമല്ല മുതിര്‍ന്നവരും വഴുതിവീഴുന്നതിന്റെ ഫലമാണ് ഇതൊക്കെയെന്ന് ന്യായമായും സംശയിക്കണം.


ദൃഢതയോടും തന്റേടത്തോടുംകൂടി മുന്നോട്ട് പോകണം

കലാമണ്ഡലം ക്ഷേമാവതി

വാതിലിനു പുറകില്‍ മറഞ്ഞു മറുപടി പറഞ്ഞ സ്ത്രീയല്ല ഇന്നത്തെ സ്ത്രീ. അവള്‍ക്ക് വിദ്യാഭ്യാസമുണ്ട്, ജീവിത സൌകര്യങ്ങളുണ്ട്, മികച്ച ചിന്താഗതിയുണ്ട്. താനെങ്ങനെയാവണമെന്ന ദൃഢതയോടും തന്റേടത്തോടുംകൂടി മുന്നോട്ട് പോവുകയാണ് വേണ്ടത്. ആത്മവിശ്വാസത്തോടുകൂടി മുന്നോട്ട് പോകുന്ന സ്ത്രീയ്ക്ക് മുന്നേറാന്‍ ഒരു പരിമിതിയും തടസ്സമല്ല.



പോരാട്ടം സ്ത്രീമാത്രം നടത്തേണ്ടതല്ല

കെ.ആര്‍ മീര

ജനാധിപത്യബോധമില്ലായ്മയുടെ പ്രതിഫലനമാണ് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം വര്‍ദ്ധിച്ചു വരാന്‍ കാരണമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഒരു സ്ത്രീ
ആക്രമിക്കപ്പെടുമ്പോള്‍ വാസ്തവത്തില്‍ ഒരു കുടുംബമാണ് ആ ക്ര മി ക്കപ്പെടുന്നത്. സ്ത്രീകള്‍ക്കെതിരെയുള്ള പോരാട്ടം സ്ത്രീമാത്രം നടത്തേണ്ടതല്ല പുതിയ ചെറുപ്പക്കാര്‍ സ്ത്രീപക്ഷ രചനകള്‍ വഴി കണ്ണു തുറപ്പിക്കാന്‍ ശ്രമം നടത്തുന്നുണ്ട്. ഈ ദിനത്തില്‍ എന്നെ അലട്ടുന്നത് കുട്ടികള്‍ക്കു നേരെയുള്ള അക്രമങ്ങള്‍ വര്‍ദ്ധിക്കുന്നതാണ്.
                                                                                             -പത്രവാര്‍ത്ത