കഥക്‌

കഥക് 
                                            പ്രാചീനഭാരതത്തിൽ കഥാപ്രസംഗം നടത്തിവന്ന ഒരു കൂട്ടം കലാകാരൻമാരെ വടക്ക്‌, ‘കഥക്കുകൾ’ എന്നും തെക്ക് ‘ഭാഗവതൻമാരെന്നും’ വിളിച്ചു വന്നു. ഭാഗവതമേളനാടകത്തിൽ നൃത്തം ചെയ്യുകയും അഭിനയിക്കുകയും ചെയ്തിരുന്നവരെ ഭാഗവതന്മാർ എന്നാണ്   വിളിച്ചിരുന്നത്‌. കഥ സൃഷ്ടിച്ചു പറയുന്നവരായിരുന്നു ഉത്തരേന്ത്യയിലെ കഥക്കുകൾ. ആ കഥാപ്രസംഗത്തോടു കൂടി സംഗീതവും,നൃത്തവും,അംഗവിക്ഷേപങ്ങളും കലർന്നപ്പോൾ ഈ കലാസങ്കേതം കഥക് നൃത്തമെന്ന പേരിലറിയപ്പെടാൻ തൂടങ്ങി. ആദ്യം ശ്രീകൃഷ്ണക്ഷേത്രങ്ങളിലെ ഒരു നൃത്തപരിപാടിയായി ആരംഭിച്ച ഈ കലാരൂപം പിൽക്കാലങ്ങളിൽ ശിവപാർവതീ കഥകളേയും വിഷയമാക്കി. മുസ്ളീം രാജസദസ്സുകളിൽ ഇവയ്ക്കു വളരെയധികം പ്രചാരം സിദ്ധിച്ചുതുടങ്ങിയതിന്റെ ഫലമായി മൌലികഭാവങ്ങളിൽ നിന്ന്‌ ഇതു സാരമായി വ്യതിചലിക്കുകയും, ഒരു ആദ്ധ്യാത്മിക കലാരൂപത്തിനും ഭൌതികവിനോദപരിപാടിക്കും ഇടയ്ക്കുള്ള പുതിയ ഒരാവരണം ഇതിന്‌ അണിയേണ്ടിവരികയും ചെയ്തു.ഉത്തരേന്ത്യൻ സംഗീതത്തിലെ കീർത്തനങ്ങളും, ധ്രുപദുകളുമാണ്‌ കഥക് നൃത്തത്തിന്‌ ആദ്യമുണ്ടായിരുന്നത്‌, കാലം ചെന്നപ്പോള്‍ ഹിന്ദുസ്ഥാനി സംഗീതത്തിന്റെ സകല ശൈലികളും ഇതിൽ പ്രയുക്തമായിത്തുടങ്ങി. താളത്തിനൊത്ത അഭിനയമാണ്‌ കഥക്കിനുള്ളതെന്നത്‌ ഇതിന്റെ പ്രത്യേകതയാണ്‌.