പ്രവാസിത്വം


കരുണാനിധി
ഭിലായ്

പ്രവാസിത്വത്തിന്റെ
മുഷിഞ്ഞ മുറിയിൽ നിന്നും
വിവശതയിൽ തളർന്ന്
മദം പൊട്ടിയ വികാരങ്ങൾ
കത്തും ജനാലകൾ കൊട്ടി-
തുറന്നോടിക്കിതച്ചെത്തി,തിരിച്ചു
നില്ക്കുന്നു,വെൻ ശൈശവം
പിച്ച വെച്ച മുറ്റങ്ങളിൽ
കൈകളിൽ നിലാവ് കോരി
തൂവിയെറിഞ്ഞ്‌,ഓടിക്കളിയ്ക്കും
നക്ഷത്രക്കുരുന്നു ചിന്തകൾ!
പറക്കും തളികയിലാകാശം, കീറി-
മുറിച്ച്‌,സമാനതയിൽ
പ്രമാണിത്വത്തിന്റെ കൊച്ചഹന്തയിൽ-
സങ്കീർത്തനങ്ങൾ തൻ അലങ്കാരങ്ങൾ
തീർത്ത അനുഷ്ഠാനങ്ങൾ തൻ കല്‍പ്പടവുകളിൽ....
പൌരാണികതയിൽ നിന്നും
ഇറ്റു വീഴുന്ന തീർത്ഥങ്ങൾ
നുകർന്ന്,വികാരങ്ങൾ തൻ
താളുകൾ പകരുന്ന
പഴങ്കഥകളായ് മാറിയ,എൻ
ബാല്യത്തിന്നിരുണ്ട തീരങ്ങളിൽ
എത്തി നോക്കുന്നു, ഞാൻ
പൊൻചെമ്പകച്ചോട്ടിൽ വിരിഞ്ഞ
നീലത്തണലിന്റെ മേലങ്കിയിൽ
പുണർന്ന പ്രണയത്തുടിപ്പിന്റെ
വൈദ്യുത താളങ്ങളിൽ,

ഋതുഭേദങ്ങളിൽ, കാലം
വിരിഞ്ഞാടിവന്നെത്തിയീ-
ഹൃദയത്തുടിപ്പിന്റെ നീറ്റലിൽ
കാലം വിഴുങ്ങിയ തത്വശാസ്ത്രങ്ങളെ
താങ്ങിപ്പിടിക്കുന്ന ജീവിതക്കോലങ്ങളായ്
വാക്കുകൾ വികാരങ്ങളായ്,പേറുന്ന
ജീവിതഗ്രന്ഥികൾ കൊത്തി വെച്ച
അഗാധമാം ആഴങ്ങളിൽ ഉറ്റു നോക്കി
നിറകണ്ണുകൾ ജ്വലിക്കുന്ന
ഹൃദയത്തുടിപ്പിന്റെ
നിറഞ്ഞ ഖേദങ്ങളിൽ...
ബുദ്ധഗീതങ്ങളിൽ
അജന്തകൾ കൊത്തിവെച്ച
പ്രകീർത്തനങ്ങളിൽ
ജീവിതത്തിന്റെ മഹത്വം
കുറിയ്ക്കുന്ന,തണൽ വിരിക്കുന്ന
നാട്ടുമാവിന്റെ വാൽസല്യങ്ങളിൽ
അമ്പലമുറ്റത്തെ പൂഴിയിൽ
കാത്തിരിയ്ക്കുന്ന ഓണപ്പാട്ടിന്റെ
ഊഞ്ഞാല്‍ക്കിനാവുകൾ
കൊയ്ത്തുപാട്ടിന്റെ താളങ്ങളിൽ
തലയാട്ടി, കൊതിവിതച്ചാർക്കുന്ന
വിപ്ളവത്തിന്റെ പാതയിൽ
ജീവിതത്തിന്റെ പൊരുൾ
പെറുക്കിയെടുത്ത്‌ ബലിഷ്ഠമാം
ചില്ലകൾ തീർത്ത്‌,പരമ്പരകൾ
കൈകൂപ്പി വാങ്ങുന്ന
അനുഷ്ഠാനങ്ങൾ തൻ കഥകളിൽ
പതഞ്ഞ്‌,സമുദ്രാഗ്നിപോൽ
ശുദ്ധമാം തിരമാലയിൽ പൊതിഞ്ഞ്‌
ഉണരുന്ന വിശേഷണങ്ങളിൽ

കത്തിക്കരിഞ്ഞ യൌവ്വനത്തിന്റെ
പാതയിൽ,ജീവിതം
വിരല്‍ ചൂണ്ടി വിധിച്ചു-മരുഭൂമി,
ജീവിതത്തിന്റെ മരീചിക താണ്ടുവാൻ
ഹൃദയം കൊതി വിതച്ചു
വേർപാടിന്റെ ദൂരങ്ങളിൽ ചെന്നെത്തുന്ന
നാളുകൾക്കുണ്ണുവാൻ പൊതിഞ്ഞു
പവിത്രമാം സ്നേഹത്തിന്റെ ആഴങ്ങളിൽ
തീർത്ത, കണ്ണുനീരിന്റെ
യാത്രാമൊഴികളിൽ...
കാലം വിധിച്ച കോലങ്ങളായ്
ജീവിതം വഴിമുട്ടിനില്ക്കുന്ന
പൊള്ളും തലങ്ങളിൽ
മനസ്സിന്റെ കണ്ണാടി നോക്കി,വീണ്ടും
വേർതിരിച്ചെടുക്കുന്നു,വെന്നെ
ഈ പ്രവാസിത്വത്തിന്റെ
മണല്‍ക്കുന്നു കയറുവാൻ