നാടകാന്തം ജീവിതം-രംഗം-4


വി.എൻ.പ്രതാപൻ
(കർട്ടനുയർന്ന്‌ രംഗം തെളിഞ്ഞുവരുമ്പോൾ മൈക്കിനു മുന്നിൽ കസാരയിൽ ഒരാൾ തളർന്നിരിക്കുന്നു. രണ്ടാം  രംഗത്തിന്റെ അന്തരീക്ഷം -കസേരകൾ)

ആൾ-ഞാൻ നാടക ഉടമ. അഥവാ നാടകം മുതലാളി . കലാകാരനാവണമെന്നാഗ്രഹിച്ചു.ആയില്ല. കലയോട്‌ സ്നേഹമുള്ളതിനാൽ കാശ് മുടക്കി ഒരു നാടകം സംഘടിപ്പിക്കാമെന്നു കരുതി. കഥാകൃത്തിനോട്‌ കടം പറഞ്ഞു, സംവിധായകനോട്‌ കടം പറഞ്ഞു,നടീനടന്മാരോട്‌ കടം പറഞ്ഞു. സെറ്റൊന്നു സംഘടിപ്പിച്ചെടുക്കാൻ കടം  വാങ്ങി കാശ് മുടക്കി. എല്ലാം വെള്ളത്തിൽ.നാടകം കാലത്തിനെ അതിജീവിക്കുമെന്ന്‌ നിരൂപകൻ.തല്ക്കാലം വേണ്ടെന്നു കാണികൾ.നേരം പോക്കിനു വരുന്നവർക്ക് പുതിയ അവബോധം എന്ന തലവേദനയോ ഹൃദയമിടിപ്പോ ഒന്നും വേണ്ടത്രെ.നമ്പ്യാരേയോ,സഞ്ജ യനേയോ,ഈ.വി.യേയോ,വി.കെ.എന്നിനേയോ അറിയാത്ത ചിരിക്കൂട്ടങ്ങൾ.സംഗീതം പോലെ നൈമിഷികമായ ആസ്വാദനമേ അവർക്കു വേണ്ടു. അതിന്നപ്പുറത്ത്‌ അനുഭൂതിയിലേക്ക് അലിഞ്ഞുചേരുന്ന കാലമൊക്കെ കഴിഞ്ഞെന്ന തിരിച്ചറിവിലേക്കെത്തുമ്പോഴേക്കും കാശ് കുറെ തുലച്ചു .ലാഭിക്കാൻ വേണ്ടിയല്ല ജീവിക്കാൻ വേണ്ടിയാണ്‌ ഇതിന്‌ തുനിഞ്ഞത്‌.കുറേപ്പേരെ സ്നേഹിക്കാനും അക്ഷരങ്ങളോടുള്ള സ്നേഹം മൂലം ഈവനിങ്ങർ തുടങ്ങി. പൊട്ടി...വാരിക തുടങ്ങി..പൊട്ടി...ഇനി ഞാനെന്തു  ചെയ്യണം?
                                (ഈ സമയത്ത്` സംവിധായകൻ കടന്നുവരുന്നു)

സംവി-(അല്‍ഭുതത്തോടെ)
അപ്പോള്‍  കിട്ടിയില്ലേ?

നാ-മു-എന്ത്‌?

സംവി- കയർ

മു-വേണ്ടെടോ,നമുക്കു ജീവിക്കാം.

സം-എങ്ങിനെ?
(ഈ സമയത്ത്‌ കഥാകൃത്ത്‌ കടന്നുവരുന്നു)

കഥാ-(അല്‍ഭുതത്തോടെ)അപ്പോള്‍  കിട്ടിയില്ലേ?

മു-എന്ത്‌?
കഥാ-കയർ

മു- വേണ്ടെടോ നമുക്കു ജീവിക്കാം

കഥാ-എങ്ങിനെ?
(ഈ സമയത്ത്‌ നായകൻ കടന്നുവരുന്നു)

നായകൻ-(അല്‍ഭുതത്തോടെ)അപ്പോള്‍  കിട്ടിയില്ലേ?
മു-എന്ത് ?

നായകൻ- കയർ

മു-വേണ്ടെടോ നമുക്കു ജീവിക്കാം.

നായകൻ-എങ്ങിനെ?

മു-എനിക്കറിഞ്ഞുകൂടാ.നാണം കെട്ട ഒരു ജന്മമാണെടോ എന്റേത്‌.കടം വാങ്ങി കടം വാങ്ങി കടത്തിന്മേൽ കടമായി മുടിഞ്ഞു. ഞാൻ കയറിൽ തൂങ്ങിയാൽ നാടു മുഴുവൻ കരയുമെന്നൊന്നും ഞാൻ കരുതുന്നില്ല. ദുഃഖം അല്പ്പനേരത്തേക്ക് അല്പ്പം ചിലർക്കു മാത്രം. പിന്നെ എല്ലാം സാധാരണം. നമ്മുടെ ദുഃഖമൊക്കെ സന്ധ്യ മുതൽ രാത്രി ഭക്ഷണം വരെ യുള്ള സീരിയലുകൾ ആവാഹിച്ചെടുത്തിരിക്കുന്നു. പിന്നെ എല്ലാം മരവിപ്പ്‌. അസ്വസ്ഥത-അസംതൃപ്തി..ഓരോരുത്തരും അനാഥരായി അലയുന്ന ഒരു ലോകം. ദൈവത്തിന്‌ മുന്നിൽ യാന്ത്രികമായി കൈക്കൂപ്പുമ്പോഴും ഒരു വക വിശ്വാസമില്ലായ്മ. ആത്മവിശ്വാസം എവിടേയോ പോയ് മറയുന്നു. അടുത്ത ദിവസം ശ്മശാനകോളത്തിൽ ഒരു ചെറിയ ചിത്രവും വാർത്തയും.കാരണം സാമ്പത്തികം.അതോടെ കഴിഞ്ഞു എല്ലാം കഴിഞ്ഞു.

സം-നമ്മളൊന്നും ഒന്നുമല്ല. ആരും അല്ല. ചിലപ്പോള്‍  തോന്നും എല്ലാം വലിച്ചെറിഞ്ഞ്‌ വല്ല ആശ്രമത്തിലോ മറ്റോ പോയാലെന്ന്‌.എല്ലാ പോരായ്മകളും ഏറ്റു വാങ്ങുന്ന ഒരു കഷിയുണ്ടല്ലൊ അവിടെ.ദൈവം. പിന്നെ ജീവിതത്തിന്റെ ഈ അനിശ്ച്ചിതത്വം നമുക്കും നമ്മുടെ വേണ്ടപ്പെട്ടവർക്കും നാളെ എന്തു സംഭവിക്കുമെന്ന ആശങ്ക. ജീവിതത്തിന്റെ നിമിഷങ്ങളെ കാലത്തിലർപ്പിച്ച്‌ അനന്തമായ അനിവാര്യതയുടെ യുക്തിരാഹിത്യമാണ്‌ നമ്മളൊക്കെയെന്നു വിശ്വസിച്ചാൽ പിന്നെ എല്ലാം സ്വസ്ഥം,ശാന്തം....!പക്ഷെ എങ്ങിനെ കഴിയും? നമ്മുടെ കൈകാലുകളെ  വലിഞ്ഞുമുറുക്കുന്ന ഭൌതികബന്ധങ്ങൾ.അതിൽ നിന്ന്‌ നമുക്ക്‌ മോചനമില്ല. എനിക്കു വരുന്ന വാർത്ത ഇതായിരിക്കും. കുടുംബകലഹം മൂലം ജീവനൊടുക്കി. അല്ലാതെ നമ്മുടെ പ്രയാസങ്ങൾക്കുള്ള പരിഹാരം ആരും പറഞ്ഞുതരുന്നില്ലല്ലൊ.!
കഥാ--ഞാൻ കഥയെഴുതി അലഞ്ഞുനടന്നു.പകുതി ആത്മീയം.പകുതി ഭൌതികം.ആത്മീയമെന്നു പറഞ്ഞാൽ ആത്മസംതൃപ്തി.ഭൌതികമെന്നു പറഞ്ഞാൽ വിശപ്പിന്റെ വിളി.മുട്ടാത്ത വാതിലുകളില്ല.വാരികകൾ,മാസികകൾപ്രസിദ്ധീകരണശാലകൾ,ഒരിടത്തും വാതിൽ തുറന്നില്ല.അഭിപ്രായവും ആശയവുമുള്ളതിനാൽ വേട്ടയാടപ്പെട്ടു.എഴുത്ത്‌ ഒരു ശാപമായപ്പോഴും മറ്റൊന്നും ചെയ്യാൻ തോന്നിയില്ല.എഴുതിക്കൊണ്ടിരുന്നു.ഉറപ്പില്ലാത്ത അടിത്തറയിൽ പണിതീർക്കുന്ന ഗോപുരം പോലെ.നിശ്ശബ്ദമായ എന്റെ കരച്ചിലിന്ന്‌ അവർ പേരിടും ഡിപ്രഷൻ മൂലം ആത്മഹത്യ ചെയ്തു.

നായകൻ-എന്റെ ശാപം ഈ ആകാരമാണ്‌.വിറ്റു കാശാക്കാമെന്നു വെച്ചാൽ ആർക്കും വേണ്ട.സിനിമയിലഭിനയിക്കാമെന്ന മോഹം മൂലം ചെന്നൈയിലെ തെരുവീഥികളിലൂടെ തെണ്ടി നടന്നു.പൈപ്പുവെള്ളം കുടിച്ച്‌ വിശപ്പടക്കി.ചെയ്യാത്ത ജോലികളില്ല.എന്നിട്ടും സിനിമയിലെന്നല്ല സീരിയലുകളിൽ പോലും എത്താനായില്ല.ആദ്യനാടകമാണെങ്കിൽ ഇങ്ങിനേയുമായി.എനിക്കുള്ള വിശേഷണം പ്രണയനൈരാശ്യമായിരിക്കും.ഒരു പ്രണയിനിയും കരയാനില്ലെന്ന സത്യം എനിക്കല്ലേ അറിയു.

മു-അപ്പോൾ ഇതൊക്കെയാണ്‌ സത്യം.നമ്മളെല്ലാം ജീവിച്ചിരിക്കുന്നു.ജീവിതത്തെ മാറ്റിമറിക്കുന്ന അത്ഭുതങ്ങൾക്കായി കാത്തിരിക്കാം.

(ഈ സമയത്ത്‌ നായിക രംഗത്തേക്കു കടന്നുവരുന്നു)
(പെട്ടെന്ന്‌ നാലുപേരും ഒറ്റ ശ്വാസത്തിൽ--നീ-)

നായിക-സാറന്മാരെ ക്ഷമിക്കണം.നിങ്ങളോട്‌ മാപ്പു പറയാൻ വന്നതാണ്‌ ഞാൻ.നിങ്ങളൊക്കെ പാവങ്ങൾ.കാലത്തിന്റെ മാറ്റങ്ങളറിയാത്തവർ.നാടകാന്ത്യത്തിൽ ഒരു നിമിഷം ഞാൻ എന്നെ മറന്നു.അഞ്ചുകൊല്ലം മുമ്പ്‌ എന്നെ പ്രലോഭിപ്പിച്ച്‌ വഞ്ചിച്ചു കടന്നവനെയാണ്‌ ഞാൻ നായകനിൽ കണ്ടത്‌.പെട്ടെന്ന്‌ എന്റെ സമനില തെറ്റി.സാറെ ക്ഷമിക്കണം.(നായകന്റെ നേരെ കൈകൾ കൂപ്പുന്നു)

സം-നമുക്ക്‌ ഒരു നാടകം കൂടി പരീക്ഷിച്ചു നോക്കാം.നിനക്കതിൽ നന്മ നിറഞ്ഞ ഒരു ഭാഗമഭിനയിക്കാം.

നായിക-വേണ്ട.ഞാൻ പോകുന്നു.എനിക്കും എന്റെ കുഞ്ഞിനും ജീവിക്കണം.ജീവിതനാടകം ഏറെ ഞാൻ അഭിനയിച്ചു തീർത്തു.വീട്ടുകാർക്ക് വേണ്ട,നാട്ടുകാർക്ക് വേണ്ട,അവസാനം അഭയം തന്ന നിങ്ങളേപ്പോലും ഞാൻ പ്രയാസത്തിലാക്കി.

മു-നീ എങ്ങോട്ടു പോകുന്നു?

നായിക- എനിക്കറിഞ്ഞുകൂടാ

                                                                       (രംഗം ഇരുളുന്നു)