നമുക്കു വേണ്ടത്‌ പ്രകൃതിസൌഹൃദ വികസനം


ടി.എൻ.പ്രതാപൻ

കേരളത്തിന്റെ വികസനം തീർച്ചയായും കൃഷിയും,അനുബന്ധവ്യവസായ വികസനവുമായി ബന്ധപ്പെട്ടാണ്‌ ഉണ്ടാകേണ്ടിയിരുന്നത്‌. കേരളത്തിന്റെ സ്ഥായിയായ സമ്പത്ത്‌ എന്ന്‌ പറയുന്നത്‌ നമ്മുടെ സവിശേഷമായ ഭൂപ്രകൃതി കനിഞ്ഞു നല്കിയ വിഭവങ്ങളാണ്‌. നെൽവയലുകളും,തണ്ണീ​‍ീത്തടങ്ങളും,കായലുകളും,വിശാലമായ കടൽതീരങ്ങളും,ഹരിതവനങ്ങളും അടങ്ങിയ സമൃദ്ധമായ പ്രകൃതി സമ്പത്ത്‌ നമുക്കൂണ്ട്‌. പക്ഷേ ഈ പ്രകൃതി വിഭവങ്ങളെ അമിതമായി കൊള്ള ചെയ്തുകൊണ്ടുള്ള ഒരു വികസനവും ശരിയാവില്ല. പ്രകൃതി വിഭവങ്ങളെ അമിതമായി കൊള്ളയടിച്ചതിന്റെ ദുരന്തങ്ങൾ ഇന്ന്‌ എല്ലാ രാജ്യങ്ങളിലും നേരിടുന്നുണ്ട്‌. ഇത്‌ ലോകം തിരിച്ചറിയുന്നതുകൊണ്ടാണ്‌ പരിസ്ഥിതി സൌഹൃദവികസനം എന്ന പുതിയ സങ്കല്പ്പനം തന്നെ ഉരുത്തിരിഞ്ഞുവരുന്നത്‌.

മുതലാളിത്ത ലാഭേച്ഛയോടെ അമിതമായി പ്രകൃതിയെ ചൂഷണം ചെയ്യുന്നതിലൂടെ ജലദൌർലഭ്യം ഉണ്ടാകുന്നു. ഭക്ഷ്യസ്വയമ്പര്യാപ്തത ഇല്ലാതാകുന്നു. നാം നേടിയെടുത്ത സകല സമൃദ്ധിയുമില്ലാതാകുന്നു. അതുകൊണ്ട്` കേരളത്തിൽ ഒരു വികസന പരിപ്രേക്ഷ്യം സ്വരൂപിക്കേണ്ടത്‌ പൂർണ്ണമായും പരിസ്ഥിതിക്കനുകൂലമായി വേണം.



കേരളത്തിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കേണ്ടതുണ്ട്‌. മുൻകാലങ്ങളിൽ അന്യസംസ്ഥാനങ്ങളിലേക്കും ശ്രീലങ്കയിലേക്കും മറ്റും കുടിയേറി പാർത്തവരുടെ എണ്ണം വളരെ വലുതായിരുന്നു. പിന്നീട്` മിഡിൽ ഈസ്റ്റ് രാജ്യങ്ങളും യൂറോപ്യൻ രാജ്യങ്ങളും നമുക്ക്‌ തൊഴിൽ സൌകര്യങ്ങൾ നല്കി. പക്ഷേ വർത്തമാന സാഹചര്യത്തിൽ അന്യസംസ്ഥാനങ്ങളിലും വിദേശങ്ങളിലുമുള്ള നമ്മുടെ തൊഴിൽസാദ്ധ്യതകൾ കുറഞ്ഞുവരികയാണ്‌. തൊഴിൽ തേടി പോകുന്നവരേക്കാൾ ഇരട്ടിയിലധികമാണ്‌ഹിരിച്ചുവരുന്നവരുടെ എണ്ണം. അതുകൊണ്ട്‌ ഇവിടെ അഭ്യസ്തവിദ്യരായവർക്കും അല്ലാത്തവർക്കും തൊഴിൽ നല്കാനുള്ള ബാധ്യത നമ്മുടേതു തന്നെയാണ്‌. എന്നാലിതു ഗവൺമെന്റിനു മാത്രമായി പരിഹരിക്കാൻ സാദ്ധ്യമല്ലെന്ന്‌ എല്ലാവർക്കുമറിയാവുന്നതാണ്‌. സർക്കാരിന്‌ നേരിട്ട്‌ നല്കാവുന്ന തൊഴിലവസരങ്ങളുടെ എണ്ണം ചുരുങ്ങിക്കൊണ്ടിരിക്കുകയാണ്‌.


ഈ പശ്ച്ചാത്തലത്തിൽ ഗവണ്മെന്റും ബഹുജനങ്ങളും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും സ്വകാര്യ സംരംഭകരുമെല്ലാം ചെർന്നൂള്ള ജോയിന്റ്‌ വെഞ്ചറുകളാണ്‌ ഇനി കേരളത്തിൽ ഉണ്ടാകേണ്ടത്‌. കേരളത്തിന്റെ സാമ്പത്തികവരുമാനത്തിൽ നല്ലൊരു പങ്കും ടൂറിസത്തിൽ നിന്നാണ്‌. ഇന്ന്‌ കേരളത്തിലേക്ക് സ്വദേശത്തും, വിദേശത്തും ഉള്ള ആയിരക്കണക്കിന്‌ ടൂറിസ്റ്റുകൾ എത്തിച്ചേരുന്നുണ്ട്‌. ഈ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തേണ്ടതുണ്ട്‌. എന്നാൽ കേരളത്തിലെ ഭൂമിയിലും,സമ്പന്നമായ പ്രകൃതിവിഭവങ്ങളിലും മാത്രം കണ്ണും നട്ട്‌ സ്വാർത്ഥതാല്പ്പര്യത്തോടെ എമർജിംഗ് കേരളയുടെ മറവിൽ കടന്നുവരുന്നവരെ ഭൂതക്കണ്ണാടി വെച്ച്‌ നിരീക്ഷിക്കേണ്ടതുണ്ട്‌. അത്തരക്കാരുടെ ലക്ഷ്യം വ്യവസായാഭിവൃദ്ധിയോ, തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയോ അല്ല. അവരുടെ കണ്ണ്‌ ഭൂമിക്കച്ചവടത്തിലാണ്‌. കേരലത്തിലെ സമൃദ്ധമായ വനവും,മലയോരപ്രദേശങ്ങളും കായല്പ്രദേശങ്ങളും കടൽത്തീരങ്ങളും ഹരിതാഭമാർന്ന മണ്ണും മനസ്സിൽ കന്റുകൊണ്ട്‌ ചൂഷണമനോഭാവത്തോടെ കടന്നുവരുന്ന വിദേശസംരംഭകരെ തിരിച്ചരിയേണ്ടതുണ്ട്‌. ജാഗ്രത പാലിക്കേണ്ടതുണ്ട്‌. നമ്മുടെ ഭൂമി പാട്ടത്തിന്‌ കൊടുക്കുന്നതിന്‌ പാലിക്കപ്പെടേണ്ട ചില വ്യവസ്ഥകലുണ്ട്‌. ഈ വ്യവസ്ഥകൾ കർശനമായി പാലിക്കേണ്ടതുണ്ടെന്ന്‌ ഞങ്ങൾ ഗവണ്മെന്റിന്‌ എഴുതികൊടുത്തിട്ടുണ്ട്‌.
പാട്ടത്തിനു കൊറ്റുക്കുന്ന ഭൂമി വേറെ എന്തെങ്കിലും രീതിയിൽ പരിവർത്തനം ചെയ്ത്‌ ഉപയോഗിക്കാനോ വ്യത്യാസം വരുത്താനോ ധനകാര്യസ്ഥാപനങ്ങളിൽ പണയപ്പെടുത്തി കടമെടുക്കാനോ അനുവദിച്ചുകൂടാ.


യാതൊരു കാരണവശാലും 30 വർഷത്തിനുമേൽ ഭൂമി പാട്ടത്തിണ്‌ കൊടുക്കാൻ പാടില്ല. കൊടുക്കുന്ന ഭൂമി മാർക്കറ്റ് വിലയുടെ അടിസ്ഥാനത്തിൽ തന്നെ പാട്ട വില നിശ്ഛ്ഛയിക്കേണ്ടതുണ്ട്‌.


ഏത്‌ ആവശ്യത്തിനാണോ ഭൂമി കോറ്റുക്കുന്നത്‌ അത്‌ ലംഘിക്കപ്പെട്ടാൽ ഉടനെത്തന്നെ ഭൂമി തിരിച്ചെടുക്കാനുള്ള അധികാരം ഗവൺമെന്റിൽ നിക്ഷിപ്തമായിരിക്കണം, തുടങ്ങി പ്രധാനപ്പെട്ട നിർദ്ദേശങ്ങൾ ഗവൺമെന്റിൽ സമർപ്പിച്ചിട്ടുണ്ട്‌. ഗവൺമെന്റ്‌ തത്വത്തിൽ ഇതംഗീകരിക്കുകയും ചെയ്തിട്ടുണ്ട്‌. എന്നാൽ എമർജിംഗ് കേരളക്കു വേണ്ടി തയ്യാറാക്കിയ വെബ്സൈറ്റിൽ നെല്ലിയാമ്പതിയും വാഗമണും പോലെ ഉള്ള പരിസ്ഥിതി ദുർബലപ്രദേശങ്ങളിലെ വനാന്തരങ്ങളും മലയോരപ്രദേശങ്ങളുമെല്ലാം അമിതമായി ചൂഷണവിധേയമാക്കാനൂള്ള ചില പ്രപ്പോസലുകൾ കാണൂകയുണ്ടായി. ഇവ നീക്കം ചെയ്യണമെന്ന്‌ ഗവൺമെന്റിനോട്‌ ആവശ്യപ്പെട്ടിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ ചീഫ് സെക്രട്ടറി പരിശോധിക്കുകയും വിവാദപദ്ധതികൾ നീക്കം ചെയ്യുകയും ചെയ്തിരുന്നു. എന്നിട്ടുമെമർജിംഗ് കേരളയുടെ വെബ്സൈറ്റിൽ അവ തിരിച്ചു വന്നു. ഇതിനുത്തരവാദികളായവരെ കണ്ടെത്താനും നടപടി സ്വീകരിക്കാനും ഗവൺമെന്റ്‌ തയ്യാറാകണം.



ഒരു കാര്യം ഉറപ്പിച്ചു തന്നെ നമ്മൾ പറയേണ്ടതുണ്ട്‌. കേരളം എമർജ് ചെയ്യണം. ഇന്ത്യയുടെ മുന്നിലും ലോകത്തിന്റെ മുന്നിലും എമർജ് ചെയ്യണം. സാമ്പത്തിക-സാമൂഹ്യ മേഖലകലീൽ ഉണർന്നെണീക്കണം. പക്ഷേ അവ ഒരിക്കലും പരിസ്ഥിതിയെ മുച്ചൂടും മൂടിച്ചുകൊണ്ടാകരുത്‌.

പാർശ്വവല്ക്കരിക്കപ്പെടുന്ന ഒരു വലിയ ജനസമൂഹം ഇന്നും കേരളത്തിലുണ്ട്‌. ആദിവാസികളൂം ദളിതരും പിന്നോക്ക വിഭാഗക്കാരും തീരദേശങ്ങളിൽ അധിവസിക്കുന്ന മൽസ്യത്തൊഴിലാളികളുമടക്കം നിശ്ശബ്ദരാക്കപ്പെട്ട ഒരു വലിയ വിഭാഗം! അവരുടെ സാമൂഹ്യ സുരക്ഷ ഉറപ്പുവരുത്താനും അവസരസമത്വം സൃഷ്ടിക്കാനും വേണ്ടിയാകണം എമർജിംഗ് കേരള. ഈ ലക്ഷ്യ പ്രാപ്തിക്കെതിർ നില്ക്കുന്ന ഏതു നീക്കങ്ങളേയും ചെറുത്തു തോല്പ്പിക്കേണ്ടതുണ്ട്‌.