കപ്പലോട്ടക്കാരുടെ കരപ്രവേശം



പി.കെ.ഗോപി
മുറിവുകളോട്
സംസാരിച്ചു ശീലിച്ചവന് 
മുഖം കണ്ടാല്‍ 
വെട്ടിപ്പിളര്‍ക്കാനാണ് തോന്നുക.

മുക്കുപണ്ടങ്ങള്‍ 
മാറിലണിഞ്ഞു ശീലിച്ചവന് 
മുപ്പതു വെള്ളിക്കാശു കണ്ടാല്‍ 
മുട്ടുകുത്താനാണ് തോന്നുക .
ചില്ലു കൊട്ടാരത്തില്‍ 
ചിലന്തിയായി പരിണമിച്ചവന് 
പ്രണയഹിംസയുടെ
വിധിന്യായം 
ശരിവയ്ക്കാനാണ് തോന്നുക.
പ്രളയവാര്‍ത്തയില്‍ 
തോണിയിറക്കി ശീലിച്ചവന് 
അമ്മയൊഴുക്കിയ
കണ്ണീരിനെ 
അവഗണിക്കാനാണ് തോന്നുക.
ജലപുഷ്പത്തില്‍ 
വീണ വച്ച കുറ്റത്തിന്
ബലി നല്‍കേണ്ടിവന്നത് 
കര മുഴുവനുമായിരുന്നുവെന്ന്
കപ്പലോട്ടിയ 
കച്ചവടക്കാരൊഴികെ
മറ്റാരും
തിരിച്ചറിഞ്ഞില്ലല്ലോ.!