ജീവിതസായാഹ്നത്തിലും സേവനനിരതം

വ്യക്തിപരിചയം


(ബാംഗ്ളൂരിലെ സെലിൻ കുഞ്ഞു കുഞ്ഞ്- വിന്‍സെന്റ് കുഞ്ഞ് കുഞ്ഞ് ദമ്പതികളു ടെ ജീവിതത്തിന്റെ ഒരു രേഖാചിത്രം)




ചലനാത്മകമായ മനസ്സിന്റെ ശക്തിചൈതന്യം അപരിമേയമാണ്‌.
ഇച്ഛാശക്തിയുടെ സംവേഗശക്തിയാണ്‌ മനസ്സിന്‌ ചാലകമാകുന്നത്‌.
തോല്ക്കാൻ വിസമ്മതിക്കുന്ന മനസ്സുകളിൽ 
വാർദ്ധക്യവും തോല്‍വി  സമ്മതിച്ച്‌ യൌവ്വനം പ്രാപിക്കുന്നു. 
വാർദ്ധക്യം അനിവാര്യമായ ജീവിതാവസ്ഥയാണെന്നംഗീകരിക്കുമ്പോ ഴും
സെലിന്‍ കുഞ്ഞു കുഞ്ഞു 
 അനവരതം പ്രവർത്തനനിരതമാകുമ്പോൾ ശാരീരികാസ്വാസ്ഥ്യങ്ങൾ അപ്രത്യക്ഷമാകും,
ഊർജ്ജം എങ്ങനെയോ കൈവന്നുചേരുന്നു.


വിന്‍സെന്റ് കുഞ്ഞു കുഞ്ഞു
സങ്കീർണ്ണമായ പ്രതിസന്ധികളെ അതിജീവിച്ച്‌ സമരോൽസുകരായി മുന്നേറുന്ന ജീവിത സായാഹ്നത്തിലും അക്ഷീണരായി, കർമ്മരംഗത്ത്‌ നില്ക്കുന്ന നിരവധി വ്യക്തികളുണ്ട്‌. ശാരീരി കമായ പരാധീനതകൾ മറന്ന്‌ സമൂഹത്തിന്റെ നടുവിലൂടെ അവർ നടന്ന്‌ നീങ്ങുന്നു. ഇനിയെത്ര ദൂരം എന്ന ഭീതി അവരെ അലട്ടുന്നില്ല. വർത്തമാന കാലമാണവരെ നയിക്കുന്നത്‌. 

കേരളത്തിൽ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ ഇ.എം.എസിന്റെ നേതൃത്വത്തിൽ ഭരണം നടക്കുന്ന കാലം. ധനതത്വ ശാസ്ത്രത്തില്‍ മാസ്റ്റർ ബിരുദം നേടിയ സെലിൻ 1958 ലാണു വിവാഹിതയാകുന്നത്‌. വിവാഹത്തിനു ശേഷമാണ്‌ ബാംഗ്ളൂരിൽ എത്തുന്നത്‌. ഭർത്താവ് വിന്‍സെന്റ്  കുഞ്ഞുകുഞ്ഞ് ,  ബാംഗ്ളൂർ കേന്ദ്രസർക്കാർ സ്ഥാപനമായ അക്കൌണ്ടന്റ് ജെനറലിന്റെ ( ഏജീസ് ഓഫീസില്‍) ഓഫീസിൽ,  അക്കൌണ്ട്സ്  ഓഫീസർ.

വിന്‍സെന്റ് കുഞ്ഞ്കുഞ്ഞ് ബാംഗ്ളൂരിൽ 1955ൽ എത്തിയിരുന്നു. ആലപ്പുഴയിലെ പ്രശസ്തമായ ആറാട്ടുകുളം കുടുംബം കൃഷിയിലും, നാളികേര വ്യാപാരത്തിലും മുന്നിലായിരുന്നു.തുറവൂർ ആറാട്ടുകുളം പീറ്ററുടേയും ശ്രീമതി ബാർബറയുടേയും മൂത്ത മകനായി 1932 നവംബർ മാസത്തിൽ കുഞ്ഞുകുഞ്ഞ് ജനിച്ചു. തുറവൂർ ടി.ഡി.സ്ക്കൂൾ,തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് തിരുച്ചിറപ്പള്ളി സെയിന്റ് ജോസഫ് കോളേജ് എന്നിവടങ്ങളിലായി വിദ്യാഭ്യാസം പൂർത്തിയാക്കി. ബിരുദവും ബിരുദാനന്തര ബിരുദവും (എം.എസ്.സി) നേടിയത്‌ രസതന്ത്രത്തിലായിരുന്നു. ഇന്നത്തേപ്പോലെ തന്നെ അന്നും വിദ്യാസമ്പന്നർക്ക്‌ ജോലി സാധ്യത കുറവായിരുന്നു. ഇന്ത്യയുടെ പല ഭാഗങ്ങളിലേക്കും ജോലിക്കു അപേക്ഷകൾ അയച്ചു. വിധിയുടെ നിയോഗമായി ആദ്യം കിട്ടിയത്‌ ബാംഗ്ലൂര്‍ ഏജീസ് ഓഫീസിൽ എക്കൌണ്ട് ഓഫീസറുടെ ജോലിയാണ്‌. അങ്ങനെ ബാംഗ്ളൂർ നഗരം ആ യുവാവിന്റെ കർമ്മശേഷിയെ ഏറ്റുവാങ്ങുകയായിരുന്നു. ബാംഗ്ളൂർ ജീവിതം ഷഷ്ടിപൂർത്തിയിലേക്ക് ഇനി ഏതാനും വർഷങ്ങൾ മാത്രം.
ഡോക്ടര്‍ ലോയ്ഡും   കുടുംബവും 

മെജസ്റ്റിക്കിൽ വണ്ടിയിറങ്ങി നേരെ കയറിച്ചെന്ന ഹോട്ടൽ ഇന്ത്യാഹോട്ടൽ.
 അതൊരിക്കലും മറക്കാനാകില്ല. 
കമ്മ്യൂണിസ്റ്റു നേതാവും മുൻമുഖ്യമന്ത്രിയുമായിരുന്ന 
സഖാവ് പി.കെ.വാസുദേവൻ നായരുടെ ബന്ധുവാണ്‌ അതിന്റെ ഉടമ. 
മറുനാടിന്റെ അപരിചിതത്വം ഒഴിവായ ഒരന്തരീക്ഷം അവിടെ കിട്ടി. അവിടെത്തന്നെ കുറേ മാസങ്ങൾ താമസിച്ചു.
ബാംഗ്ളൂരിന്‌ ഇന്നത്തെ പരിഷ്ക്കാരവും പ്രൌഢിയും തിക്കും തിരക്കുമൊന്നുമില്ല. ഇന്ന്‌ കാണുന്ന ബസ്സ്റ്റാന്റും, ഫ്ളൈ​‍ഓവറും ഒന്നുമില്ല. മലയാളികൾ ഒറ്റയ്ക്കും,തെറ്റയ്ക്കും മാത്രം. എങ്കിലും നഗരം വളർച്ചയുടെ കിതപ്പിലാണെന്ന തിരിച്ചറിവ്‌ നഗരവാസികളിൽ ഊർജ്ജം പകർന്നിരുന്നു. അസാധാരണ വേഗതയിലാണ്‌ നഗരം വളർന്ന് പന്തലിച്ചത്‌.

ടോണി ആറാട്ട് കുളവും കുടുംബവും 
മൂന്നുവർഷം കഴിഞ്ഞപ്പോൾ 26 ആം വയസ്സിൽ വീട്ടുകാർ കണ്ടെത്തി നിശ്ച്ചയിച്ച വിവാഹമാണ്‌ നടന്നത്‌. പെൺകുട്ടി വിദ്യാസമ്പന്നയാകണം എന്ന ഒറ്റ നിബന്ധനയേ  ഉണ്ടായിരുന്നുള്ളു. അതങ്ങനെ തന്നെ സംഭവിക്കുകയും ചെയ്തു. 

ചേർത്തലയിൽപറ്റിയ പെണ്ണിനെ ഒത്തുകിട്ടിയില്ല. ആലപ്പുഴ പട്ടണത്തില്‍  നിന്നാണ്‌ മനസ്സിനിണങ്ങിയ പെണ്ണിനെ കണ്ടെത്താനായത്‌. വില്യം വുഡേക്കർസ്‌ എന്ന ഇംഗ്ളീഷ് കമ്പനിയിലെ എഞ്ചിനീയർ ചാരേണാട്ട് കുടുംബത്തിലെ ജോർജ്ജ് ജനേറിയസ്സിന്റേയും ശ്രീമതി എപ്രേഷ്യയുടേയും ഏക  മകൾ.  അഞ്ചു സഹോദന്മാര്‍ക്ക് ഏക സഹോദരി.... സെലിന്‍ ...!
സെലിന്‍ പഠിക്കാന്‍ മിടു മിടുക്കി.. സെന്റ് ജോസഫ്സ് ഇംഗ്ളീഷ് യൂറോപ്യൻ കോണ്‍ വെന്റിൽ നിന്നും എസ്.എസ്.എൽ.സി പാസായി. അമ്പലപ്പുഴ എസ്.ഡി.കോളേജിൽ നിന്നു ബി.എ.യും മഹാരാജാസിൽ നിന്ന്‌ എം.എയും നല്ല മാർക്കുകളോടെ തന്നെ വിജയിച്ചു. തികഞ്ഞ യാഥാ സ്ഥിതിക കുടുംബമായിരുന്നെങ്കിലും സംഗീതം, നൃത്തം, സാഹിത്യം എന്നിവയിൽ സജീവമായി ഇടപെടുന്നതിൽ വിലക്കുകളുണ്ടായിരുന്നില്ല. പഠിപ്പിൽ മാത്രം ഒതുങ്ങിക്കൂടുന്ന പുസ്തക പ്പുഴുവാകാതെ കലാലയത്തിലെ ‘ഹീറോയിൻ“ ആയി വിലസി.മഹാരാജാസ് കോളേജ്..! ഹോ , എന്ത് മഹത്തായ കലാലയം...! ജി ശങ്കരക്കുറുപ്പ്‌, എം. കെ സാനു, എം ലീലാവതി തുടങ്ങിയ  പ്രഗല്ഭരായ അദ്ധ്യാപകർ. വയലാർ രവിയും, എ.കെ.ആന്റണിയും അന്നു മഹാരാജാസിലെ വിദ്യാർത്ഥി നേതാക്കളായിരുന്നു. .

വർഗ്ഗീസ് വൈദ്യർ,കെ.സി.ജോർജ്ജ് ,ടി.വി.തോമസ്,കെ.ആർ.ഗൌരിയമ്മ എന്നിവർ  നിത്യസന്ദർശകരായിരുന്നു, ചേർത്തലയിലെ കുടുംബവീട്ടിൽ, അച്ഛന്റെ സുഹൃത്തുക്കളായിരുന്നു. പുന്നപ്ര-വയലാർ സമരത്തിന്റെ കൊടുങ്കാറ്റ് സെലിന്റെ കോണ്‍ വെന്റിലെ വാതിലുകൾ ഭേദിച്ച്‌ അകത്തു കടന്നില്ല. രാഷ്ട്രീയത്തിൽ അന്നും ഇന്നും ആസക്തയല്ല.


സെലിന്‍ കുഞ്ഞു കുഞ്ഞു 

വിദ്യാഭ്യാസം പൂർത്തിയായ ഉടനെതന്നെ കല്യാണം. സ്വകാര്യസങ്കല്പ്പങ്ങളുടെ ആകാശങ്ങളിൽ തിളങ്ങിനിന്നിരുന്ന ആ മുഖം തന്നെ യാഥാർത്ഥ്യരൂപം പൂണ്ട്‌ മുന്നിൽ പ്രത്യക്ഷപ്പെട്ടു. പ്രസന്നവദനനും, ദീർഘകായനനും, വിദ്യാസമ്പന്നനും, ഉയർന്ന് ഉദ്യോഗസ്ഥനുമായ ആറാട്ടുകുളം വിന്‍സെന്റ് കുഞ്ഞുകുഞ്ഞ്.ബാംഗ്ളൂർ നഗരത്തിലെ ജീവിതത്തെക്കുറിച്ച്‌ ഏറെ  സ്വപ്നങ്ങൾ നെയ്തുകൂട്ടിയിരുന്നു അക്കാലത്ത്‌.കോളേജിൽ അദ്ധ്യാപികയാകണം...... 

ബാംഗ്ളൂരിൽ താമസമാക്കിയപ്പോഴേക്കും ജോലിക്കു പോകാൻ കഴിയാത്ത അവസ്ഥയായി. അടുത്ത വർഷം തന്നെ ഒരാൺകുഞ്ഞിനു ജന്മം നല്കി. അതാണ്‌ ലോയ്ഡ്‌  എന്ന ആദ്യ മകന്‍. ലോയ്ഡ് എന്ന മകന്‍  പഠിച്ചു  ഡോക്ടറായി, എം.ഡി, ഡി.എം.പാസ്സായി സെന്റ്‌ ജോൺസ് ഹോസ്പിറ്റലിൽ നെഫ്രോളജിസ്റ്റായി ജോലി ചെയ്തു. ഇപ്പോൾ നാരായണഹൃദയാലയയിൽ ചീഫ് നെഫ്രോളജിസ്റ്റ്.ബാംഗ്ലൂരില്‍  അച്ഛനുമമ്മയും താമസിക്കുന്നതിന്നടുത്ത കോമ്പൌണ്ടിൽ തന്നെ കുടുംബസമേതം താമസിക്കുന്നു.

രണ്ടു വർഷത്തിനുശേഷം മറ്റൊരു കുഞ്ഞു കൂടി ജനിച്ചു- 
ടോണി വിൻസെന്റ്‌.
 മെക്കാനിക്കൽ എഞ്ചിനീയർ ആയ ടോണി ഇപ്പോള്‍  പ്രശസ്തമായ “ആറാട്ടുകുളം ഡവലപ്പേഴ്സ്‌ ആന്റ്‌ ബിൽഡേഴ്സിന്റെ എം.ഡി.യാണ്‌. തൊട്ടടുത്തു തന്നെ ആ മകനും കുടുംബവും താമസിക്കുന്നു. 

അങ്ങനെ,  കോളേജദ്ധ്യാപിക എന്ന മോഹം പൂവണിഞ്ഞില്ല. അക്കാലത്ത്  സ്ത്രീകൾക്ക് അധ്യാപികജോലി കിട്ടാൻ ബുദ്ധിമുട്ടായിരുന്നു. കന്യാസ്ത്രീ ആണെങ്കിൽ ജോലി കിട്ടും. പ്രസവാവധി കൊടുക്കേണ്ടി വരില്ലല്ലൊ. അല്ലെങ്കിൽ അവിവാഹിതയായിരിക്കണം. കണ്ടില്ലേ, സ്ത്രീകളോടുള്ള വിവേചനം? പ്രശസ്തമായ സെന്റ്‌ ജോസഫ്സ് കോളേജ്, മൌണ്ട് കാർമ്മൽ കോളേജ് എന്നിവിടങ്ങളിലെ സ്ഥിതിയും ഇതുതന്നെയായിരുന്നു.

അങ്ങനെ,ഭർത്താവിന്റെ ഓഫീസിലേക്കു തന്നെ അപേക്ഷിച്ചു, ഇന്റർവ്യൂ ജയിച്ചു ജോലിയിൽ കയറി. ഉടൻ തന്നെ ജീവനക്കാരുടെ അസോസിയേഷനിൽ അംഗത്വമെടുത്തു. അവരുടെ  പ്രശ്നങ്ങൾ തൊട്ടറിഞ്ഞു. പ്രശ്നങ്ങളിൽ സജീവമായി ഇടപെട്ടതോടെ ഓഫീസേർസ് അസോസിയേഷന്റെ നേതൃത്വം ഏറ്റെടുത്തു. സഹപ്രവര്‍ത്തകരുടെ സ്നേഹവും വിശ്വാസവും ആര്‍ജ്ജിച്ചു, അഖിലേന്ത്യാ വൈസ് പ്രസിഡണ്ട്‌ വരെയായി ഉയർന്നു. അപ്പോൾ,  ഇ.എക്സ്.ജോസഫ് അഖിലേന്ത്യാ പ്രസിഡണ്ടും, എം.എസ്. നാഗരാജ് സംസ്ഥാന പ്രസിഡണ്ടു മായിരുന്നു.

കുടുംബം, ഉദ്യോഗം, അസ്സോസിയേഷൻ പ്രവർത്തനം.
കൂടാതെ മറുനാട്ടിലെ ജീവിതത്തിലെ പരസഹായമില്ലായ്മ. 
എന്തിനും, ഏതിനും അവരവർ തന്നെ. 
നാട്ടിലേതു പ്പോലെ കുടുംബ ബന്ധുക്കൾ, ആത്മസുഹൃത്തുക്കൾ ആരുമില്ല. 
 ജീവിതം ഒരു സമരമായിരുന്നു. അടി പതറാതെ നീങ്ങി. ആഴ്ച്ചകളും, 
മാസങ്ങളും നിമിഷങ്ങൾ പോലെ കൊഴിഞ്ഞുവീണു. 
വിശ്രമരഹിതമായ ഓട്ടം-അതായിരുന്നു ജീവിതം. കുട്ടികളെ  വളർത്തണം, 
 പഠിപ്പിക്കണം, രോഗങ്ങളിൽ ശുശ്രൂഷിക്കണം, ഭർത്താവിനെ പരിചരിക്കണം....എല്ലാം എങ്ങിനേയോ ഭംഗിയായി നടന്നുപോയി. 

നാട്ടിലെ സഹോദരീസഹോദരന്മാരുടെ (ഭർത്താവിന്റേയും) മക്കളെ ബാംഗ്ളൂരിലേക്ക് പഠിപ്പി ക്കാനയക്കും. ചിലരെ കൂടെ താമസിപ്പിക്കണം . ചിലർക്ക് ഹോസ്റ്റൽ..... അവരുടെ സൌകര്യങ്ങളിലും ശ്രദ്ധിക്കണം. പലർക്കും, ഫീസും, താമസച്ചിലവും, ഭക്ഷണവും കൊടുക്കണം. ഭേദപ്പെട്ട ശമ്പളം രണ്ടു പേർക്കും കൂടെ ലഭിച്ചിരുന്നു. എങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകൾ കുടുംബത്തെ ഞെരുക്കി. പരാതിയില്ലാതെ സ്വയം ഏറ്റെടുക്കുകയായിരുന്നു. നാട്ടിലെ ബന്ധുക്കൾക്ക് ആശ്രയമാകേണ്ടത്‌ കടമയും, കർത്തവ്യവുമാണ്‌. അങ്ങനെ ചിലർ എഞ്ചിനീയർ ആയി, മറ്റു ചിലർ ഡോക്ടർമാർ ആയി,,, ചിലർ ഉന്നത പ്രൊഫഷണലുകളായി. ഇന്നു തിരിഞ്ഞു നോക്കുമ്പോൾ ..... എന്തെല്ലാം കഷ്ട്ടപ്പാടുകളുടെ നടുവിലൂടെയാണ് ജിവിതം നടന്നു നീങ്ങിയത്.... ....... ഇന്ന് സമാധാനത്തിന്റെ ചാര് കസേരയില്‍ ചാഞ്ഞിരിക്കുമ്പോള്‍ ഏറെ നേടിയെന്നു അവകാശപ്പെടുന്നില്ലെങ്കിലും, കഴിഞ്ഞ കാലത്തെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ചാരിതാർത്ഥ്യം ഉണ്ട്‌.

1978-ൽ രണ്ടു പേരും ജോലി രാജി വെച്ചു. ടോണോ റബ്ബർ എന്ന ഒരു കമ്പനി വൈറ്റ് ഫീൽഡിലെ മഹാദേവപുരയിൽ ആരംഭിച്ചു. റബ്ബർ ഉല്പ്പന്നങ്ങൾ സർക്കാരിനു സപ്ളൈ ചെയ്യുകയായിരുന്നു. തുടർന്ന് ദക്ഷിണേന്ത്യയിലെ പ്രധാന നഗരങ്ങളിൽ ശാഖകൾ തുറന്നു. വ്യാപാരം വികസിച്ചു. അന്ന് മെക്കാനിക്കൽ എഞ്ചിനീയറിംഗിന് പഠിക്കുകയായിരുന്ന ഇളയ മകന്‍ ടോണി മാതാപിതാക്കളെ, പഠിപ്പിനിടയിലും സഹായിച്ചിരുന്നു. എന്നിട്ടും ടോണി, ഉയര്‍ന്ന മാര്‍ക്കുകളോടെ എന്ജിനീയറിംഗ്   ഡിഗ്രി പാസ്സായി. പഠനം പൂര്‍ത്തിയായതോടെ മുഴുവന്‍ സമയവും ടോണി ബിസിനെസ്സില്‍ കേന്ദ്രീകരിച്ചു. 

95-ൽ ലാൻഡ് ഡവലപ്പ്മെന്റ് ബിസിനസ്സിലേക്കും കടന്നു. 
ഐ.ടി.മേഖല വികാസത്തിന്റെ ഘട്ടമായിരുന്നു. ഐ.ടി.ഉദ്യോഗസ്ഥർക്ക് വീടുകൾ,അപ്പാർട്ടുമെന്റുകൾ എന്നിവ നിർമ്മിച്ചുകൊടുക്കുന്ന രംഗം സജ്ജീവമായതോടെ ആറാട്ടുകുളം ഡവലപ്പേഴ്സ്  ആന്‍ഡ്‌   ബിൽഡേഴ്സ് എന്ന സ്ഥാപനം ഉദയം ചെയ്തു. ദക്ഷിണേന്ത്യയിലെ പല നഗരങ്ങളിലേക്കും  ഈ ബിസിനസ്സ് കടന്നു. 
ഇപ്പോൾ ടോണി വിൻസെന്റ്‌ ആണ്  എല്ലാം നോക്കി നടത്തുന്നത്‌. സെലിൻ കുഞ്ഞുകുഞ്ഞും ഭർത്താവ് വിന്‍സെന്റ് കുഞ്ഞുകുഞ്ഞും വിശ്രമജീവിതം തിരഞ്ഞെടുത്തു.

എവിടെ വിശ്രമം? ഒരു നേരവും ഒഴിവില്ല. നിരവധി സംഘടനകളുടെ രക്ഷാധികാരികളാണ്‌. വേൾഡ് മലയാളി കൌൺസിൽ, ബാംഗ്ളൂർ മലയാളി കാത്തലിക് ഫോറം, കാരുണ്യ ബംഗ്ളൂരു, റൈറ്റേഴ്സ് ഫോറം, എന്നീ സംഘടനകളുടെ രക്ഷാധികാരി. ജീവകാരുണ്യപരമായ എതു പരിപാടിയ്‌ലേക്കും സന്നദ്ധയാണ്‌.

മാതൃഭാഷയോടാണ്‌ പ്രധാന പരിഗണന. 
അതു കഴിഞ്ഞേ മറ്റു ഭാഷകളുള്ളു. 
സാമൂഹ്യ പ്രവർത്തനത്തിൽ സജ്ജീവമായി ഇടപെടുന്നതുകൊണ്ട്‌ 
സമയം പോകുന്നതറിയുന്നില്ല. 
ശാരീരി കാസ്വസ്ഥതകൾ കാര്യമാക്കുന്നില്ല. 
 പൊതുപ്രവർത്തനത്തിലെ സന്തോഷവും, 
സംതൃപ്തിയും മറ്റു ക്ളേശങ്ങൾ മറക്കാൻ സഹായിക്കുന്നു.
 എല്ലാവർക്കും നന്മ  വരുത്താൻ കഴിയാവുന്നത്‌ ചെയ്യുക. 
അതാണ്‌ ചിന്ത. 
ഇനിയുള്ള കാലം അതിന് ‌ മാത്രം വേണ്ടി ജീവിക്കുക. ....
77 ഉം....80ഉം കഴിഞ്ഞ ദമ്പതികൾ............. 
ഒരേ വീട്ടിൽ........
ഒരേ ചിന്തയിൽ........., 
ഒരേ മനസ്സുമായി..............,
സ്നേഹം നിറഞ്ഞ ഹൃദയവുമായി............
 കര്‍മ്മ നിരതരായി.... 
 ഇങ്ങനെ ജീവിക്കുന്നു.....!

- സാർത്ഥകം റിപ്പോർട്ടർ