എന്റെ എഴുത്തിന്റെ ആദ്യകാലവഴികൾ



എം.ടി.


പരിഷ്ക്കാരം തീരെ കടന്നുചെന്നിട്ടില്ലാത്ത ഒരു കുഗ്രാമത്തിലാണ്‌ ഞാൻ ജനിച്ചത്‌.അടുത്തുള്ള റയില്‍വേസ്റ്റേഷനിലേക്ക് ആറര മൈൽ നടക്കണം. ബസ്സ്റ്റോപ്പിലേക്ക് ആറു മൈലും. അന്നത്തെ ആളുകൾക്ക് അതൊന്നും പ്രശ്നമായിരുന്നില്ല. ദാ ആറു  മൈലല്ലേയുള്ളൂ  ..എന്റെ സ്ക്കൂളിലേക്ക്  രാവിലെ ആറു മൈലും, വൈകുന്നേരം ആറുമൈലും കൂടി ദിവസം പന്ത്രണ്ടു മൈൽ നടക്കണം. ഇന്ന് ആ ദൂരം ഭയാനകമായി തോന്നുന്നു.



നാട്ടിൽ വായനശാലകളൊന്നുമില്ല. അടുത്തൊരു വലിയ കവിയുണ്ടായിരുന്നു. അക്കിത്തം, അദ്ദേഹത്തിന്റെ മനയിൽ വലിയൊരു പുസ്തകശേഖരമുണ്ടായിരുന്നു.അദ്ദേഹത്തിന്റെ സഹോദരന്മാരുമായി ഞാനും എന്റെ സഹോദരന്മാരും ചങ്ങാതികളായിരുന്നതുകൊണ്ട്‌ പുസ്തകമെടുത്ത് വായിക്കാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു.

ഞങ്ങളുടെ വീടുകളിൽ എഴുത്തച്ഛന്റെ രാമായണം വായിക്കാൻ പഠിപ്പിച്ചിരുന്നു. ഞങ്ങളെല്ലാം ചെറുപ്പം മുതലേ രാമായണം കാണാപാഠം പഠിച്ചു ചൊല്ലുമായിരുന്നു. ബന്ധുവീടുകളിലേക്ക് പോകുമ്പോൾ എന്നെപ്പറ്റി അഭിമാനത്തോടെ പറയും,“ഇവൻ രാമായണം രാമായണം ഭംഗിയായി ചൊല്ലുമെന്ന്‌.: രാമായണം പഠിച്ചാൽ പ്രാഥമിക വിദ്യാഭ്യാസമായെന്നാണ്‌ അന്നത്തെ പൊതുധാരണ.


വീടിനടുത്താണ്‌` പുഴ. പുഴക്കും വീടിനുമിടയിൽ ഒരു പാടമുണ്ട്‌. കന്നുകാലികളെ  കുളിപ്പിക്കാൻ പുഴയിലേക്ക് കൊണ്ടുപോകാൻ അമ്മാമയുടെ കൂടെ എന്നേയും വിളിക്കും. മാടുകളെ തിരിച്ചുകൊണ്ടുവരുമ്പോൾ അമ്മാമ അമ്മയോടു പറയും ”ഇവൻ മിടുക്കനാ, കൃഷിപ്പണിയിൽ ശോഭിക്കും.അന്നത്തെ ജോലി കൃഷിപ്പണിയാണ്‌.എന്തോ ഞാൻ കൃഷിക്കാരനായില്ല.


ഏട്ടൻമാർ പല വഴിക്കായി തിരിഞ്ഞാൽ ഞാൻ ഏകനാകും. ഇളയവനായ എനിക്ക് കളിക്കാൻ കൂട്ടുകാരില്ല.വായിക്കുവാൻ അതീവ താല്പ്പര്യമായിരുന്നു. വീടിനടുത്തുള്ള കുന്നിൻ ചെരുവിൽ ചെന്നിരിക്കും. വായിച്ചതിനെക്കുറിച്ചൊക്കെ ആലോചിക്കും. ചിലപ്പോൾ ചിലതെല്ലാം എഴുതാൻ തോന്നും. ചിലതൊക്കെ കുത്തിനിറയ്ക്കും. ആരേയും കാണിക്കില്ല.എഴുത്തും വായനയും കൂടുതൽ ശ്രദ്ധയോടെ നീങ്ങി. പഠിക്കാനും പുറകിലായിരുന്നില്ല.സ്ക്കൂൾ പഠനം കഴിഞ്ഞതോടെത്തന്നെ എഴുത്ത്‌ എന്റെ മാർഗ്ഗമാണെന്ന് ഞാൻ തിരിച്ചറിഞ്ഞിരുന്നു. കവിതയും,കഥയും ലേഖനവും എഴുതും . വായിക്കാൻ വീട്ടിൽ എല്ലാവർക്കും താല്പ്പര്യമായിരുന്നു. ചങ്ങമ്പുഴ, കേശവദേവ്,തകഴി, ബഷീർ,എസ്.കെ.പൊറ്റേക്കാട് എന്നീ എഴുത്തുകാർ പ്രശസ്തരാവുന്ന കാലം. കൂടാതെ ആശാൻ, വള്ളത്തോൾ, ഉള്ളൂർ തുടങ്ങിയ മുതിർന്നവരുടെ കൃതികളും വായിച്ചിരുന്നു.

എന്റെ കുട്ടിക്കാലത്ത്‌ ഏറ്റവും ആകർഷിക്കപ്പെട്ട എഴുത്തുകാർ ചങ്ങമ്പുഴയും, എസ്.കെ യും ആയിരുന്നു. രോഗിയായ ചങ്ങമ്പുഴ,ചികിൽസിക്കാൻ പണമില്ലാത്ത അവസ്ഥയിലാണെന്ന വാർത്ത ‘മനോരമയിൽ’ വന്നതോടെ. അദ്ദേഹത്തിന്റെ പുസ്തകം(രമണൻ) വാങ്ങിക്കൊണ്ട് സഹായിക്കാൻ കേരളത്തിന്നകത്തും,പുറത്തുമുള്ള ചങ്ങമ്പുഴയുടെ ആരാധകർ മണിയോർഡർ അയച്ചു. ആ മണിയോർഡറുകൾ അധികമായപ്പോൾ കവിയുടെ ജന്മനാടായ ഇടപ്പള്ളിയിലെ പോസ്റ്റോഫീസിൽ ഒരു പ്രത്യേക കൌണ്ടർ തുറന്ന വിവരം ഞങ്ങൾ വിസ്മയത്തോടെയാണ്‌ കേട്ടത്‌. ഒരു എഴുത്തുകാരന്‌ കിട്ടുന്ന സ്നേഹവും, അംഗീകാരവും......!


രമണന്റെ കോപ്പി ഓരോ തവണ പുറത്തിറങ്ങുമ്പോഴും ദിവസങ്ങള്‍  കൊണ്ട്‌ വിറ്റഴിയും. എന്റെ ഏടത്തി ഒരു കോപ്പി വാങ്ങാൻ തൃശൂർക്ക് ആളെ വിട്ടു. അവിടെ സ്റ്റോക്കില്ല. പിന്നെ ഒരു ബന്ധുവിന്റെ വീട്ടിൽ നിന്ന് രമണൻ കിട്ടി. മൂന്നു ദിവസം കൊണ്ട്‌ വായിച്ച്‌ തിരിച്ചുകൊടുക്കണം. ഞാനും ഏട്ടന്മാരും ഏടത്തിയും എല്ലാവരും രാത്രി ഉറക്കമൊഴിച്ചിരുന്ന്‌ പകർത്തിയെഴുതിയാണ്‌ രമണൻ വായിച്ചത്‌. മൂന്നാം  ദിവസം പുസ്തകം തിരിച്ചുകൊടുത്തു.


എനിക്ക് അന്നത്തെ എഴുത്തുകാരോട് മതിപ്പും, സ്നേഹവും,ആരാധനയും തോന്നി. ‘ചിത്ര കേരളം ’ മാസികയിലേക്ക് ഒരു കവിതയും, കഥയും ,ലേഖനവും അയച്ചുകൊടുത്തു. എസ്.കെ.പൊറ്റേക്കാടിനെ അനുകരിച്ച്‌ വി.എൻ.തെക്കേപ്പാട്ട് എന്ന ഒരു പേരിലും ,കൂടല്ലൂർ എന്ന പേരിലും, എം.ടി.വാസുദേവൻ നായർ എന്ന പേരിലുമായിട്ടാണ്‌ അയച്ചത്‌. രണ്ടു മൂന്നു മാസം കഴിഞ്ഞ്‌ ചിത്രകേരളം കൈയിൽ കിട്ടിയപ്പോൾ മൂന്നു രചനകളും അടിച്ചുവന്നിരിക്കുന്നു. എങ്കിലും ആരേയും കാണിക്കാനൊന്നും പോയില്ല. 

പാലക്കാട് വിക്ടോറിയ കോളേജിൽ ചേർന്നപ്പോഴാണ്‌ വായന ഗൌരവമാകുന്നത്‌. ലോകസാഹിത്യവുമായി ഇടപഴകാനും ,അദ്ധ്യാപകരും വിദ്യാർത്ഥികളുമായുള്ള സാഹിത്യബന്ധം വളരാനും ആ കാലഘട്ടം ഉപകരിച്ചിരുന്നു. അപ്പോഴേക്കും എന്റെ വഴി ചെറുകഥയാണെന്ന് തിരിച്ചറിഞ്ഞിരുന്നു. പലേ മാസികകളിലും ,വാരികകളിലുമായി കഥകൾ അച്ചടിച്ചു  വന്നു. രഹസ്യമായി വെച്ചെങ്കിലും കൂട്ടുകാർ അതെല്ലാം കണ്ടെ ത്തി ഒരു പുസ്തകമാക്കി അച്ചടിച്ചു.



എന്റെ കഥകളുടേയും, നോവലുകളുടേയും ഭൂരിഭാഗത്തിന്റേയും പശ്ച്ചാത്തലം എന്റെ ഗ്രാമം തന്നെയാണ്‌. എന്റെ നാട്ടുകാരെക്കുറിച്ചും ,എന്റെ നാടിനെക്കുറിച്ചും എന്റെ നാട്ടുവഴികളെക്കുറിച്ചും തന്നെയാണ്‌ എനിക്കധികവും അറിയുക. എനിക്കറിയുന്നത്‌ ഞാനെഴുതി.വീട്ടിൽ അമ്മയും, അമ്മമ്മയും ചെറിയമ്മയുമൊക്കെ തറവാട്ടു കാര്യങ്ങൾ പറയുമായിരുന്നു. കൃഷികാര്യങ്ങൾക്കും മറ്റും വീട്ടിൽ പലരും വന്നുംപോയും  കൊണ്ടിരിക്കും. അവരാണ്‌ നാട്ടുവിശേഷങ്ങൾ വീട്ടിലുള്ള അമ്മയേയും മറ്റും അറിയിക്കുക.


ഞങ്ങളുടെ തറവാടിനെക്കുറിച്ച്‌ തന്നെ നിരവധി കഥകള്‍  കേട്ടിരുന്നു. ഒരു കാരണവർ നിധി കുഴിച്ചിട്ടുവെന്നും ,അതു കുഴിച്ചിട്ട ഇടം മറന്ന് പോയെന്നും ,പിന്നീട് ഭ്രാന്തു വന്ന് പറമ്പു മുഴുവൻ ഇരുമ്പുകോലു കൊണ്ട്‌ നിധി തേടി  കുത്തി നടന്ന കഥ എന്നെ സ്പർശിച്ചിട്ടുണ്ട്‌. നാലുകെട്ടിലെ ജീവിതം സ്ത്രീകൾക്ക് വളരെ വേദനാജനകമായിരുന്നു. തറവാട്ടു കാരണവന്മാരാണ്‌ ചെലവിനുള്ള നെല്ലും മറ്റും ഓരോ  താവഴിക്കാർക്കും അളന്നു കൊടുക്കുന്നത്‌. കുട്ടിയുടെ പിറന്നാളുണ്ട്‌, ഇത്തിരി നെല്ല്‌ കൂടുതൽ വേണമെന്ന് പറഞ്ഞാലൊന്നും ക്രൂരരായ കാരണവന്മാരുടെ മനസ്സലിയില്ല. പല കാരണവന്മാരും കർക്കശക്കാരും, ക്രൂരന്മാരുമായിരുന്നു. പഠിത്തം കഴിഞ്ഞപ്പോഴാണ്‌ ഞാൻ നോവലെഴുതുന്നത്‌. അരനൂറ്റാണ്ട്‌ പിന്നിട്ടു നാലുകെട്ട് എഴുതിയിട്ട്‌. അതിലെ അപ്പുണ്ണി ഞാനാണെന്നാണ്‌ പലരുടെയും ധാരണ. അത്‌ ശരിയല്ല. അതെല്ലാം ഞാൻ കേട്ടറിഞ്ഞ സംഭവങ്ങളും, ഭാവനയും ചേർത്ത്‌ ചാലിച്ചെടുത്ത നോവലാണ്‌. അതിലെ പല സംഭവങ്ങളും ഞാൻ പറഞ്ഞുകേട്ട,എന്റെ തറവാട്ടിലെ,എന്റെ നാട്ടിലെ സംഭവങ്ങളാണ്‌. 

സാഹിത്യം, സമൂഹത്തിലെ രോഗങ്ങൾക്കുള്ള ഔഷധമാണെന്ന അഭിപ്രായം എനിക്കില്ല. സമൂഹത്തിൽ പല രോഗങ്ങളുമുണ്ട്‌. കവിത കൊണ്ടോ, കഥ കോണ്ടോ, നോവൽ കൊണ്ടോ അത്തരം രോഗങ്ങളെ ചികിൽസിച്ച്‌ ഭേദമാക്കാമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. മതം പറയുന്നു, നിങ്ങൾ ഈ മതവിശ്വ്വാസം മുറുക്കെപ്പിടിച്ചു ജീവിക്കുക,രാഷ്ട്രീയ നേതൃത്വം പറയുന്നു നിങ്ങൾ ഞങ്ങളുടെ പാർട്ടിയുടെ പിന്നിൽ അണിചേരുക. നിങ്ങളുടെ ജീവിതം സുരഭിലമാകും എന്ന്‌. അതുകൊണ്ടൊന്നും ജീവിതത്തിൽ ശാശ്വത സമാധാനം ഉണ്ടാക്കാം എന്നു വിശ്വസിക്കാനാകില്ല. സാഹിത്യത്തെക്കുറിച്ച്‌ എനിക്ക് നിലപാടുണ്ട്‌. സമൂഹത്തിന്റെ ആരോഗ്യത്തിന്‌ ഹാനിയുണ്ടാക്കുന്ന രോഗങ്ങൾ ഏതാണെന്ന്‌ തിരിച്ചറിയാൻ സാഹിത്യകാരന്‌ കഴിയണം. രോഗനിർണ്ണയം അഥവാ ഡയഗ്നോസിസ് എന്നത്‌ സാഹിത്യകാരന്റെ ധർമ്മമാണ്‌. പ്രസ്തുത രോഗത്തിന്‌ ഫലപ്രദമായ മരുന്ന്‌/ ചികിൽസ എന്താണെന്നു നിർണ്ണയിക്കാനോ നിശ്ച്ചയിക്കാനോ കഴിയണമെന്നില്ല. അതിന്‌ കഴിഞ്ഞില്ലെങ്കിലും സമൂഹത്തിന്റെ രോഗം കണ്ടെത്താനും,അതു ചൂണ്ടിക്കാണിക്കാനും കഴിയും, കഴിയണം.

ഗ്രാമത്തെക്കുറിച്ചു മാത്രമല്ല ഞാനെഴുതിയത്‌. എന്റെ ഗ്രാമം വിട്ട് എന്റെ ജീവിതവും, അനുഭവമണ്ഡലവും വികസിപ്പിച്ചപ്പോൾ പല പ്രദേശത്തെ  കുറിച്ചും, പലമനുഷ്യരെക്കുറിച്ചും ഞാനെഴുതിയിട്ടുണ്ട്‌. എങ്കിലും എന്റെ നാടിനെക്കുറിച്ചാണ്‌ കൂടുതലും എഴുതിയത്‌. വള്ളുവനാടൻ ഭാഷയാണ്  എന്റെ ഭാഷ. അതാണ്  ഞാനേറ്റവുമധികം എഴുതിയത്‌. അതൊരു കുറവൊന്നുമല്ല. എന്റെ കൃതികളെ  പ്രസിദ്ധീകരണങ്ങളും പ്രസാധകരും സ്വീകരിച്ചിട്ടുണ്ട്‌. ഇനിയും എഴുതണമെന്നുണ്ട്‌, എഴുതാൻ ശ്രമിക്കുന്നുണ്ട്‌. ബാംഗ്ലൂര്‍ സാഹിത്യോല്‍സവത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.