ശ്രീകൃഷ്ണദാസ് മാത്തൂർ
രാത്രി മുഴുവൻ കരഞ്ഞ ഭൂമി
രാവിലെ ചിരി നടിക്കുമ്പോൾ
ഇലപ്പുറത്തുരുളുന്ന കണ്ണുനീർ
മറച്ചുവയ്ക്കുവാൻ മറന്നുവല്ലൊ
ജലമടിഞ്ഞ തൊടിയും മൺ-
മടക്കും തിരപ്പാടു വീണ മുറ്റവും
പുഷ്യരാഗമെന്നു സ്വയം ചമഞ്ഞ
മഞ്ഞുതുള്ളിയും,കാവുവിങ്ങി-
പ്പൊട്ടിനില്ക്കുമൂടുവഴിയും
വെളുക്കുവോളം മഴയല്ല പെയ്തെന്ന
നേരുകാതിൽ അടക്കിപ്പറയുന്നു
(ഭൂമീ, നീ കരഞ്ഞതല്ലേ)
കിളിച്ചില്ലുകൾ തെറ്റിത്തെറിക്കും
വിറകാവേണ്ടൊരു വന്മരത്തി-
ന്നിലയിലൂക്കിൽ സൂര്യവെട്ടം സീത-
ത്താലിയായ് വൈദേഹിയെ സ്മരിക്കെ,
നിന്നിലുറങ്ങിപ്പോയ നിലവിളികൾ
കടും ചാരപ്പുള്ളുലളായുയിർക്കവെ,
കണ്ണടയ്ക്കുമിരുട്ടിൽ കെട്ടതിരിയായ്
കാതുപൊട്ടിയ്ക്കും ഞാണൊലിച്ചേറ്റിൽ
തപഃസ്ഥലി തേടും ജഡഭരതനായ്
മൌനദീക്ഷയണിങ്ങവർ കയ്യൊഴിഞ്ഞ്
കര പറ്റാൻ പാടുപെടുമാറിന്റെ
നികന്ന കൈവഴിയിൽ ചേലയ്ക്ക് തീപറ്റി
വീണു പിടയുന്നതും നീയല്ലയോ?
മരണശേഷമാം വില്പ്പത്രം
ഇലവരകളായ് കോറിവച്ചിട്ട്
ഉടുത്തൊരുങ്ങി ഭൂമിപൂജകളിൽ
പൂക്കളിൽ പതിവായ് ചിരിച്ചും
കടലേറ്റി കഴുകിത്തുടച്ചിട്ടും
കറമായാത്ത ബ്രഹ്മഹത്യാനിലത്തുവ-
ന്നൊരു വിരലായ്, കാറ്റായ്
ഒരുമയുടെ മൃദുമന്ത്രണമായും..
മധ്യാഹ്നവഹ്നിയിൽ നരകയറും
ഭൂമീ, അടുക്കളവാതിലിൽ
പകുതി മറഞ്ഞ അമ്മയെപ്പോലെ
നീ ചിരിക്കുന്നല്ലോ!
രാത്രി മുഴുവൻ കരഞ്ഞ ഭൂമി
രാവിലെ മുഖം മിനുക്കുമ്പോൾ
വിണ്ണിലേക്കു തെറിച്ച ചോര
തുടച്ചുമാറ്റുവാൻ മറന്നുവല്ലോ