കോര്‍പ്പറേറ്റ് പടികള്‍ സ്ത്രീക്ക് ബലികേറാമല

സുരേഷ് കോടൂര്‍

നമ്മുടെ പൊതുസമൂഹത്തിന്റെ ഘടനയും, രീതികളും, ശീലങ്ങളുമൊക്കെ അത്യന്തം സ്ത്രീ വിരുദ്ധമാണെന്നത് ഒരു പുതിയ അറിവല്ല. സമൂഹത്തിലെ താരതമ്യേന മേലേക്കിടയിലുള്ള, വിദ്യാസമ്പന്നരായ, സ്ത്രീ പുരുഷന്മാര്‍ അലങ്കരിക്കുന്ന കോര്‍പറേറ്റ് ലോകത്തും സ്ഥിതി ഒട്ടും ആശാവഹമല്ലെന്നത് പക്ഷേ ആശങ്കക്ക് കാരണമാകേണ്ടതായിട്ടുണ്ട്. പൊതുസമൂഹത്തില്‍ നില നില്‍ക്കുന്ന ശക്തമായ ലിംഗഅസന്തുലനം അതേപടി കോര്‍പ്പറേറ്റ് ഇടനാഴികളിലും പ്രതിഫലിക്കപ്പെടുന്നു എന്നാണ് അടുത്തകാലത്ത് പ്രസിദ്ധപ്പെടുത്തിയ 'ഗ്ലോബല്‍ ഡൈവഴ്‌സിറ്റി ബഞ്ച്മാര്‍ക് ഫോര്‍ ഏഷ്യ' എന്ന സര്‍വ്വെയുടെ ഫലം ഉറക്കെ നമ്മോട് വിളിച്ചു പറയുന്നത്.

കഴിഞ്ഞ കുറെ ദശകങ്ങളിലെ രാഷ്ട്രീയ സാമൂഹ്യ സമരങ്ങളുടേയും, 
മുന്നേറ്റങ്ങളുടേയും ഭാഗമായി ലോകവ്യാപകമായിത്തന്നെ പല മേഖലകളിലും ലിംഗപരമായ വിവേചനത്തിന്റെ തോത് കുറയ്ക്കാനും, സ്ത്രീ അവസ്ഥ മെച്ചപ്പെടുത്താനും കഴിഞ്ഞിട്ടുണ്ടെങ്കിലും, ഈ രംഗത്ത് ഇനിയും എത്രയോ ദൂരം സഞ്ചരിക്കേണ്ടതുണ്ടെന്ന് ഈ സര്‍വ്വെ ഫലം നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. തൊഴില്‍ പരമായ ലിംഗ അസന്തുലനത്തിന്റെ കാര്യത്തില്‍ കോര്‍പറേറ്റ് ലോകത്തെ പുത്തന്‍ കൂറ്റുകാരും ആധുനികരെന്ന് മേനിനടിക്കുന്നവരുമായ ഐ.ടി. കമ്പനികളില്‍പോലും സ്ഥിതി ഒട്ടും വ്യത്യസ്തമല്ലതന്നെ. 

ആധുനിക സമൂഹസൃഷ്ടിയില്‍ സ്ത്രീ പങ്കാളിത്തത്തിനുള്ള നിര്‍ണായകമായ സ്വാധീനം സംശയാതീതമാണ്. സാമൂഹ്യരാഷ്ട്രീയ മേഖലകളില്‍ മാത്രമല്ല വലിയൊരു തൊഴില്‍ശക്തി എന്ന നിലയിലും സ്ത്രീകളുടെ സാന്നിദ്ധ്യം തൊഴില്‍ രംഗത്ത് പുരുഷന്മാര്‍ക്കൊപ്പം തന്നെ ഉണ്ടാവേണ്ടത് ആരോഗ്യകരമായ സമൂഹനിര്‍മാണത്തിന് പരമപ്രധാനമാണ്. തൊഴില്‍ മേഖലയിലെ സ്ത്രീ പങ്കാളിത്തത്തിന്റെ തോത് ഒരു രാജ്യത്തെ സാമൂഹ്യപുരോഗതിയുടെ അളവുകോലാക്കാമെങ്കില്‍ ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ സ്ഥാനം ഏറെ നിരാശപ്പെടുത്തുന്നതാവും.




 






 





പ്രതിഫലം ലഭിക്കുന്ന തൊഴിലുകളിലെ (Waged Employment) സ്ത്രീപ്രാതിനിധ്യത്തിലെ കുറവിനെക്കുറിച്ചാണ് നാമിവിടെ പ്രതിപാദിക്കുന്നതെന്ന് പ്രത്യേകം ഓര്‍മ്മിക്കേണ്ടതുണ്ട്. കാരണം, കൂലി ലഭിക്കാത്ത (Unremunerated) ജോലികളില്‍ ഭൂരിഭാഗവും ചെയ്യുന്നത് സ്ത്രീകള്‍ തന്നെയാണ്. ലോകത്തിലാകെ ചെയ്യുന്ന പ്രവര്‍ത്തികളില്‍ 67%വും സ്ത്രീകളാണ് ചെയ്യുന്നതെന്ന് കണക്കാക്കപ്പെടുന്നു. എന്നാല്‍ സ്ത്രീകള്‍ക്ക് ലഭിക്കുന്ന വരുമാനം വെറും 10ശതമാനം മാത്രമാണ്. അതായത് വരുമാനമില്ലാത്ത പ്രവൃത്തികളാണ് സ്ത്രീകള്‍ക്ക് ചെയ്യേണ്ടിവരുന്നതെന്നോ അല്ലെങ്കില്‍ സ്ത്രീകള്‍ ചെയ്യുന്ന ജോലികളില്‍ ഭൂരിഭാഗത്തിനും സമൂഹം പ്രതിഫലം നല്‍കുന്നില്ലെന്നോ സാരം. ലോകാടിസ്ഥാനത്തില്‍ കണക്കാക്കിയാല്‍ സ്ത്രീകള്‍ക്ക് സ്വന്തമായുള്ളത് വെറും 1% സ്വത്ത് മാത്രമാണ്. ലോകത്തിലെ സ്വത്തിന്റെ 99ശതമാനത്തിന്റേയും ഉടമസ്ഥാവകാശം പുരുഷന്മാരില്‍ നിക്ഷിപ്തമായിരിക്കുന്നു എന്നതുതന്നെ നാം ജീവിക്കുന്ന സമൂഹം എത്രത്തോളം പുരുഷനനുകൂലമായി സംഘടിപ്പിക്കപ്പെട്ടിരിക്കുന്നു എന്നതിന്റെ ഏറ്റവും ശക്തമായ പ്രതിഫലനമാണ്. പൊതു സമൂഹത്തിന്റെ ഈ ശാക്തീകരണ മാതൃകതന്നെ കോര്‍പ്പറേറ്റ് നിയമങ്ങളും പിന്‍തുടരുകയും സ്ത്രീക്കെതിരായ അന്തരീക്ഷം കോര്‍പറേറ്റ് ഇടനാഴികളിലും അതുപോലെ തന്നെ നിലനിര്‍ത്തുന്നതില്‍ വിജയിക്കുകയും ചെയ്യുന്നു എന്നാണ് ഈ സര്‍വ്വേ  അടക്കമുള്ള പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്.

ഇന്ത്യയില്‍ കാര്‍ഷികേതര തൊഴില്‍ മേഖലയിലുള്ള സ്ത്രീ സാന്നിദ്ധ്യം വെറും 17%മാത്രമാണ്. ഇന്ത്യന്‍ കോര്‍പറേറ്റ് രംഗത്തും ഈ ശരാശരിക്കനുസൃതമായി സ്ത്രീ പ്രാതിനിധ്യം കുറവായിതന്നെ സ്ഥിതിചെയ്യുന്നു. ഏഷ്യയിലെ ചൈന, ഹോങ്കോങ്ങ്, ഇന്ത്യ, ജപ്പാന്‍, മലേഷ്യ, സിങ്കപ്പൂര്‍ തുടങ്ങിയ ആറുരാജ്യങ്ങളിലെ ഉയര്‍ന്ന സാങ്കേതിക, സേവന വ്യവസായ രംഗത്തെ കമ്പനികളിലെ സ്ത്രീ അവസ്ഥയെക്കുറിച്ചാണ് ജി.ഡി.ബി.എ (Gender Diversity Bench mark for Asia) പഠനം നടത്തിയത്. ഈ പഠനത്തിനനുബന്ധമായി നടത്തിയ സര്‍വ്വേ ഫലങ്ങളില്‍ നിന്നും കോര്‍പ്പറേറ്റ് ലോകത്തെ വിവിധതലങ്ങളിലായുള്ള സ്ത്രീ പ്രാതിനിധ്യം പട്ടിക (1)ല്‍ കാണിക്കുന്നു. മുകളില്‍ പരാമര്‍ശിച്ച 6 രാജ്യങ്ങളില്‍ നിന്നായുള്ള 22 ബഹുരാഷ്ട്രകമ്പനികളില്‍ നിന്നുള്ള വിവരങ്ങളാണ് സര്‍വ്വേക്ക് ഉപയോഗിച്ചിരിക്കുന്നത്.

ഇന്ത്യയുടെ കോര്‍പറേറ്റ് രംഗത്തെ സ്ത്രീ പ്രാതിനിധ്യം മറ്റ് ഏഷ്യന്‍ രാജ്യങ്ങളെ താരതമ്യം ചെയ്യുമ്പോള്‍ ഏറെ കുറവാണ്. ജൂനിയര്‍ തലത്തില്‍ 28.7%വും മിഡില്‍ മാനേജ്‌മെന്റ് തലത്തില്‍ 14.9%വും സീനിയര്‍ തലത്തില്‍ 9.3%വുമാണ് ഇന്ത്യന്‍ കമ്പനികളിലെ സ്ത്രീ സാന്നിദ്ധ്യം. ഏറ്റവും കുറഞ്ഞ സ്ത്രീപ്രാതിനിധ്യത്തിന്റെ കാര്യത്തില്‍ മാത്രമല്ല, ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ തൊഴില്‍ രംഗത്തുനിന്നും കൊഴിഞ്ഞുപോകുന്ന കാര്യത്തിലും ഇന്ത്യതന്നെ മുന്നിട്ടുനില്‍ക്കുന്നു എന്നതാണ് കൂടുതല്‍ ആശങ്കാകരമായ മറ്റൊരു സ്ഥിതിവിശേഷം. വെറും 28% മാത്രമെ കോര്‍പറേറ്റ് ജോലിയില്‍ പ്രവേശിക്കുന്നവരില്‍ സ്ത്രീകളായുള്ളൂ എന്നിരിക്കെ, അതില്‍ നിന്നുതന്നെ ഏതാണ്ട് പകുതിയോളം പേര്‍ (48%) ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ ജോലി ഉപേക്ഷിച്ചു പോകുന്ന വളരെ ഗൗരവതരമായ ഒരു സ്ഥിതിയാണ് നമ്മുടെ മുന്നിലുള്ളത്.

മിഡില്‍ മാനേജ്‌മെന്റ് തലത്തിലേക്കെങ്കിലുമെത്തുന്ന അവശേഷിച്ച ഈ പകുതിയില്‍ നിന്ന് വീണ്ടും 38%ത്തോളം പേര്‍ സീനിയര്‍ തലത്തിലെത്തുന്നതിനു മുമ്പേ തൊഴിലിനോട് വിടപറയുന്നു. കോര്‍പറേറ്റ് കമ്പനികളിലെ ഉന്നത മാനേജ്‌മെന്റ് തലങ്ങളില്‍ എന്തുകൊണ്ട് സ്ത്രീകള്‍ ഏറെ വിരളമായിരിക്കുന്നു എന്ന ചോദ്യത്തിന് ഈ സ്ഥിതിവിവരക്കണക്ക് ഉത്തരമാവുന്നു. തൊഴില്‍ രംഗത്തുനിന്നുള്ള സ്ത്രീകളുടെ ഈ കൊഴിഞ്ഞുപോക്ക് അഥവാ 'ലീക്കിങ്ങ് പൈപ്പ്‌ലൈന്‍' (Leaking Pipeline) മറ്റ് ഏഷ്യന്‍ രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ ഏറെക്കൂടുതലാണ്. പ്രത്യേകിച്ചും ഇന്ത്യയില്‍ ജോലിയില്‍ പ്രവേശിക്കുന്ന സ്ത്രീകളുടെ എണ്ണം തന്നെ വളരെ കുറവായിരിക്കുന്ന സ്ഥിതിയില്‍ ഏറിയ കൊഴിഞ്ഞുപോവല്‍ നിരക്ക് മറ്റ് രാജ്യങ്ങളിലേതിനേക്കാള്‍ കൂടുതല്‍ ഇന്ത്യയില്‍ സ്ത്രീകളുടെ തൊഴില്‍ രംഗത്തെ സാന്നിദ്ധ്യത്തെ സ്വാധീനിക്കും. ഉയര്‍ന്ന നിലയിലുള്ള പദവികളില്‍ സ്ത്രീകളുടെ സാന്നിദ്ധ്യം തുലോം കുറവാകുന്നതിന് ഇത് ഇടയാക്കുന്നു. അടുത്ത കാലത്ത് നടന്ന ഒരു കണക്കെടുപ്പനുസരിച്ച് 1069 കമ്പനികളില്‍ നിന്നുള്ള 6560 ഡയറക്ടര്‍ പദവികളില്‍ സ്ത്രീകളുടെ എണ്ണം വെറും 311ല്‍ ഒതുങ്ങി. ലോകത്തിലാകമാനമുള്ള ഫോര്‍ ട്യൂണ്‍ 500 കമ്പനികളെടുത്താല്‍ അവിടെ സീനിയര്‍ മാനേജ്‌മെന്റ് പദവികളിലിരിക്കുന്ന സ്ത്രീകളുടെ എണ്ണം 10%ത്തോളമേ വരൂ. ഇതിലും മുകളിലുള്ള എക്‌സിക്യൂട്ടീവ് മാനേജ്‌മെന്റ് പദവികളിലാകട്ടെ സ്ത്രീ സാന്നിദ്ധ്യം വിരലിലെണ്ണാവുന്നതായി ചുരുങ്ങും. 

തൊഴില്‍ രംഗത്തുനിന്നുമുള്ള സ്ത്രീകളുടെ ഈ വന്‍തോതിലുള്ള കൊഴിഞ്ഞുപോക്കിന് പ്രധാനകാരണം സമൂഹം സ്ത്രീക്ക് പ്രത്യേകമായി കല്‍പ്പിച്ചു നല്‍കിയിട്ടുള്ള കുട്ടികളേയും കുടുംബത്തേയും പരിപാലിക്കുന്നതിനുള്ള 'ചുമതല'തന്നെ, സ്ത്രീയുടെ ഉത്തരവാദിത്വങ്ങളും, പെരുമാറ്റ രീതികളും ചിട്ടപ്പെടുത്തി നല്‍കുന്ന, പുരുഷമേധാശക്തിക്കനുസൃതമായ ഘടനയും മൂല്യങ്ങളും സ്വാംശീകരിച്ചിട്ടുള്ള നമ്മുടെ സമൂഹത്തിലിന്നും സ്ത്രീയുടെ പ്രധാന 'റോള്‍' ഭര്‍ത്താവിനെയും കുട്ടികളെയും പരിപാലിക്കുകയും, വീട്ടിലെ പ്രായമായവരെ ശുശ്രൂഷിക്കുകയും ചെയ്യുക എന്നതു തന്നെയാണ്. സ്ത്രീകളാകട്ടെ 'മകളുടെ കുറ്റബോധം (Daughterly guilt) എന്ന് വിളിക്കാവുന്ന തരം മാനസികാവസ്ഥക്ക് അടിമപ്പെടുകയും, കുടുംബത്തിലെ പ്രായമായവരുടെ സംരക്ഷണച്ചുമതല സ്വന്തം ചുമലില്‍ സ്വയം ഏറ്റെടുക്കുകയും ചെയ്യുന്നു. അങ്ങനെ സ്വന്തം 'കരിയര്‍' രണ്ടാം സ്ഥാനത്തേക്ക് മാറ്റി നിര്‍ത്താന്‍ സ്ത്രീകള്‍ നിര്‍ബ്ബന്ധിതരാകുന്നു. ജോലിചെയ്യുന്ന സ്ത്രീകളെ സംബന്ധിച്ചിടത്തോളം വീട്ടിലേയും തൊഴില്‍ സ്ഥലത്തേയും ഉത്തരവാദിത്വങ്ങള്‍ ഒരേ സമയം വഹിക്കേണ്ടിവരുന്ന 'ഇരട്ട റോള്‍' അവസ്ഥ കടുത്ത സമ്മര്‍ദ്ദത്തിനാണ് വഴിവെക്കുന്നത്. ഐ.ടി.കമ്പനികളിലെ പലസ്ത്രീകളും ചൂണ്ടിക്കാണിക്കുന്ന ഒരു വൈരുദ്ധ്യമുണ്ട്. അതായത്, സ്വന്തം ഭാര്യ വൈകുന്നേരങ്ങളില്‍ നേരത്തെ ജോലി കഴിഞ്ഞെത്തി കുടുംബത്തിലെ ചുമതലകള്‍ നിര്‍വ്വഹിക്കണമെന്നാവശ്യപ്പെടു
ന്ന അതേ പുരുഷന്മാര്‍ തന്നെ മാനേജര്‍മാരെന്ന നിലക്ക് തങ്ങളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളോട് വൈകുന്നതുവരെ ജോലിയെടുക്കാന്‍ ആവശ്യപ്പെടാറുണ്ടെന്നതിലെ ഇരട്ടത്താപ്പ് ഏറെ വ്യാപകമാണെന്ന് ഐ.ടി.രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ ചൂണ്ടിക്കാട്ടുന്നു. 'നാളത്തെ സ്ത്രീ' (Women of Tomorrow) എന്ന, ആഗോള ഗവേഷണ കമ്പനിയായ നീല്‍സന്‍ (Nilsen) പുറത്തിറക്കിയ, പഠനത്തില്‍ ഇന്ത്യയിലെ സ്ത്രീ ഉദ്യോഗസ്ഥകള്‍ അനുഭവിക്കുന്ന മാനസിക സമ്മര്‍ദ്ദത്തെക്കുറിച്ച് വളരെ ആശങ്കാപരമായ ചിത്രമാണ് നല്‍കുന്നത്. ഇരുപത്തിയൊന്ന് വികസിത വികസ്വര രാജ്യങ്ങളിലെ ജോലിയെടുക്കുന്ന സ്ത്രീകളെ ഉള്‍പ്പെടുത്തിയ സര്‍വ്വേ  ഫലത്തില്‍ മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്ന സ്ത്രീകളുടെ എണ്ണത്തിന്റെ കാര്യത്തില്‍ ലിസ്റ്റിലെ ഒന്നാമന്‍ ഇന്ത്യതന്നെ. ഇന്ത്യയില്‍ നിന്നുള്ള 87%ത്തോളം സ്ത്രീകള്‍ തങ്ങള്‍ മാനസിക സമ്മര്‍ദ്ദവും, അമിതമായ ജോലിഭാരവും അനുഭവിക്കുന്നതായി വെളിപ്പെടുത്തുന്നു.

കോര്‍പറേറ്റ് രംഗത്ത് വളരെ പരിമിതമായ നേട്ടങ്ങളുണ്ടാക്കുന്നതിനുപോലും വ്യക്തിപരമായ ഏറെ ത്യാഗങ്ങളും, വിലയും നല്‍കേണ്ടി വരുന്നു സ്ത്രീകള്‍ക്ക്. ജി.ഡി.ബി.എസ് സര്‍വ്വേക്ക് വേണ്ടി അഭിമുഖത്തിന് തയ്യാറായ ഉന്നതനിലയിലുള്ള 24 സ്ത്രീകളില്‍ ഒരാള്‍ക്ക്‌പോലും കുട്ടികളി ല്ലായിരുന്നു എന്നത് പ്രത്യേകം ശ്രദ്ധേയമാണ്. കരിയറില്‍ ഇവരെക്കാളൊക്കെ വളരെകുറഞ്ഞ നേട്ടങ്ങള്‍ കരസ്ഥമാക്കുന്നതിനുപോലും പലപ്പോഴും സ്ത്രീകള്‍ക്ക് ഇതിനേക്കാള്‍ വില നല്‍കേണ്ടി വരാറുണ്ട്. തൊഴില്‍രംഗത്തെ ഉന്നമനത്തിനുവേണ്ടിയും കോര്‍പറേറ്റ് രംഗത്ത് പടികള്‍ കയറുന്ന തിനുവേണ്ടിയും സ്ത്രീകള്‍ക്ക് മാതൃത്വവും, പലപ്പോഴും വിവാഹം തന്നെയും ത്യജിക്കേണ്ടിവരുന്ന ഒരു സ്ഥിതി വിശേഷമാണ് നമുക്കിടയിലുള്ളത്. 


 
സ്ത്രീ ശാക്തീകരണം സാദ്ധ്യമാക്കുന്ന പ്രധാനമായ ഘടകങ്ങളാണ് 
സ്വത്ത് (Property) അഥവാ വസ്തു, വിദ്യാഭ്യാസം, 
തൊഴില്‍ എന്നിവ സാമ്പത്തികമായി സ്വതന്ത്രയായ സ്ത്രീക്ക് 
കുടുംബത്തില്‍ സ്വന്തം സ്ഥാനവും,
 വ്യക്തിത്വവും ഉറപ്പിച്ചെടുക്കുന്നതിന് കൂടുതല്‍ സാദ്ധ്യത ലഭിക്കുന്നു.
 അതുകൊണ്ടുതന്നെ സമൂഹത്തിലെ ലിംഗ അസന്തുലനം
 കുറച്ചുകൊണ്ടുവരുന്നതില്‍ സ്ത്രീകളെ കൂടുതലായി 
തൊഴില്‍ രംഗത്തേക്ക് കൊണ്ടുവരേണ്ടതുണ്ട്. 
വ്യവസായ സ്ഥാപനങ്ങള്‍ക്കും കോര്‍പറേറ്റ് 
മേഖലക്കും ഇക്കാര്യത്തില്‍ വലിയൊരു പങ്ക് വഹിക്കാന്‍ കഴിയും.

ഇന്ത്യയില്‍ ഐ.ടിരംഗത്ത് ഏതാണ്ട് 30%ത്തോളം സ്ത്രീകളാണ്. പരമ്പരാഗതമായി പിന്തള്ളപ്പെട്ടുപോയിട്ടുള്ള സ്ത്രീവിഭാഗത്തെ തൊഴില്‍ രംഗത്തേക്ക് കൂടുതലായി കൊണ്ടു വരുന്നതിനും, ജോലി തേടി നഗരങ്ങളിലേക്കുള്ള സ്ത്രീകളുടെ കുടിയേറ്റം പ്രോത്സാഹിപ്പിക്കു ന്നതിനും ഐ.ടി. മേഖലക്ക് കഴിഞ്ഞിട്ടുണ്ട്. എങ്കിലും സ്ത്രീകള്‍ക്ക് തങ്ങളുടെ സഹപ്രവര്‍ത്ത കരായ പുരുഷന്മാര്‍ക്കൊപ്പം തന്നെ മാനേജ്‌മെന്റ് പദവികളില്‍ മുന്നേറാന്‍ കഴിയുന്നതരം ഒരു അന്തരീക്ഷം സൃഷ്ടിക്കാന്‍ ഇനിയും ഐ.ടി കമ്പനികള്‍ ബഹുദൂരം സഞ്ചരിക്കേണ്ടതുണ്ട്. തൊഴില്‍ സ്ഥലങ്ങളില്‍ നിലവിലുള്ള പിന്തിരിപ്പന്‍ സ്ത്രീവിരുദ്ധ മനോഭാവത്തില്‍ നയിക്കപ്പെടുന്ന വിലയിരുത്തല്‍ രീതികളില്‍ സ്ത്രീകളുടെ സംഭാവനകള്‍ പലപ്പോഴും പുരുഷന്മാരായ സഹ പ്രവര്‍ത്തകരുടെ സംഭാവനകളേക്കാള്‍ വിലകുറച്ചുകാണുന്നു. ഓഫീസില്‍ ചിലവഴിക്കുന്ന മണിക്കൂറുകളുടെ എണ്ണം പ്രവര്‍ത്തനമികവിന്റെ അളവുകോലാക്കുന്ന കോര്‍പറേറ്റ് രീതികള്‍ സ്ത്രീകളെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കുന്നതിനും, ജോലിക്കയറ്റവും ശമ്പളവര്‍ദ്ധനയും പോലുള്ള കാര്യങ്ങളില്‍ സ്ത്രീകള്‍ പിന്തള്ളപ്പെട്ടുപോകുന്നതിനും ഇടയാക്കുന്നു. അമേരിക്കയിലെ കൊളംബിയ-സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാലകള്‍ സംയുക്തമായി എം.ബി.എ ബിരുദധാരികളെക്കുറിച്ച് ഒരു പഠനം നടത്തുകയുണ്ടായി. ഒരേ ശമ്പളത്തില്‍ ഉദ്യോഗത്തില്‍ പ്രവേശിക്കുന്ന എം.ബി.എ ബിരുദധാരികള്‍ 7 വര്‍ഷം കഴിഞ്ഞ് അവരുടെ അപ്പോഴത്തെ ശമ്പളം താരതമ്യം ചെയ്യുമ്പോള്‍ സ്ത്രീകള്‍ തങ്ങളുടെ പുരുഷ സഹപ്രവര്‍ത്തകരേക്കാള്‍ ഏതാണ്ട് 40%ത്തോളം കുറവ് ശമ്പളമാണ് വാങ്ങുന്നതെന്ന് പഠനം തെളിയിച്ചു.

സ്ത്രീകള്‍ക്ക് ഒരു പരിധിവരെയെങ്കിലും 
സാമ്പത്തിക സ്വാതന്ത്ര്യം ലഭ്യമാവുന്നതിന് ജോലി സഹായിച്ചിട്ടുണ്ടെങ്കിലും, 
സ്ത്രീയുടെ ഈ പുത്തന്‍  സ്വാതന്ത്ര്യം പുരുഷന്മാര്‍ക്ക് 
അത്ര എളുപ്പത്തില്‍ ദഹിക്കുന്നതല്ല. വിദ്യാഭ്യാസവും വരുമാനവുമുള്ള 
ഭാര്യ വേണമെന്ന ആഗ്രഹം ഒരുവശത്ത്. 
എന്നാല്‍ അത്തരമൊരു ഭാര്യയുടെ സ്വതന്ത്ര വ്യക്തിത്വത്തെ 
അംഗീകരിക്കാനുള്ള വൈഷമ്യം മറുഭാഗത്ത്. 
ഈ വൈരുദ്ധ്യത്തില്‍ നിന്നുണ്ടാവുന്ന 
അസ്വാരസ്യങ്ങള്‍ പല കുടുംബങ്ങളിലും 
അപശബ്ദങ്ങള്‍ക്കും പൊട്ടിത്തെറികള്‍ക്കും കാരണമാവുന്നു. 
 വരുമാനമുള്ള ഭാര്യ വേണമെന്ന് ശഠിക്കുമ്പോള്‍ത്തന്നെ
 ഭാര്യയുടെ സ്വാതന്ത്ര്യത്തിനും അവകാശങ്ങള്‍ക്കും 
അതിര്‍ത്തി വൈക്കാനുള്ള  അവകാശവും 
തങ്ങള്‍ക്ക് സ്വന്തമെന്ന് തീരുമാനിക്കുന്ന 
ഭര്‍ത്താക്കന്മാര്‍ സൃഷ്ടിക്കുന്ന സമ്മര്‍ദ്ദം 
സ്ത്രീകളുടെ തൊഴില്‍ രംഗത്തെ കൊഴിഞ്ഞു പോകലിന്
 വലിയൊരു കാരണമാവുന്നുണ്ട്. 

ഇന്ത്യയിലെ ബിസിനസ്സ് രംഗം ഇന്നും പുരുഷാധിപത്യമേഖലയാണ്. ബോര്‍ഡ് റൂമുകളിലും, എക്‌സിക്യൂട്ടീവ് മാനേജ്‌മെന്റ് തലത്തിലുമൊക്കെ പ്രവേശനം ലഭിക്കാന്‍ സ്ത്രീകള്‍ ഏറെ അദ്ധ്വാനിക്കേണ്ടിവരുന്നു. സമൂഹത്തിലെ സ്ത്രീ വിരുദ്ധമനോഭാവം അതേപടി ബോര്‍ഡ് റൂമുകളിലും അരങ്ങേറുന്നു. സ്ത്രീ ഒരു സാമൂഹ്യനിര്‍മിതിയാണെന്ന് നിരീക്ഷിച്ചത് സിമോണ്‍ ഡി ബോവറാണ്. ഒരാള്‍ സ്ത്രീയായി ജനിക്കുകയല്ല മറിച്ച് സ്ത്രീ ആയിത്തീരുകയാണ് എന്ന് അവരുടെ നിരീക്ഷണം പ്രശസ്തമാണ്. സ്ത്രീക്കും പുരുഷനും അവരില്‍ നിന്ന് സമൂഹം പ്രതീക്ഷിക്കുന്ന സ്വഭാവവിശേഷങ്ങളുടെയും, പെരുമാറ്റ രീതികളുടെയും നീണ്ട ഒരു പട്ടികയും പ്രതിബന്ധങ്ങളും നിര്‍ദ്ദേശങ്ങളായി നല്‍കി കുട്ടികളെ നാം സ്ത്രീയും പുരുഷനുമായി വളര്‍ത്തുകയാണ്. ഇതിനിടക്ക് സ്ത്രീക്കായി നാം കല്‍പ്പിച്ചുനല്‍കിയിട്ടുള്ള, നൂറ്റാണ്ടുകളിലൂടെ അരക്കിട്ടുറപ്പിച്ചിട്ടുള്ള, സമൂഹത്തിലെ 'റോള്‍', സ്ത്രീയെ മറ്റെല്ലാ രംഗത്തുമെന്നപോലെ തൊഴില്‍ രംഗത്തും സ്വന്തം കഴിവുകളെ പൂര്‍ണ്ണരൂപത്തില്‍ പ്രകാശിപ്പിക്കുന്നതില്‍ നിന്നു വിലക്കുന്നു. ഈ 'വിലങ്ങിനെ' ബോധപൂര്‍വ്വം തകര്‍ക്കുക എന്നത് ആരോഗ്യപരമായ ഒരു കോര്‍പ്പറേറ്റ് സംസ്‌കാരം ആഗ്രഹിക്കുന്ന, ഏതൊരു വ്യക്തിക്കും ലിംഗവ്യത്യാസമില്ലാതെ തുല്ല്യാവസരം ലഭ്യമാക്കേണ്ടതുണ്ടെന്ന് നിര്‍ബന്ധമുള്ള ബില്‍ എല്ലാവരുടെയും ആവശ്യമാണ്.