കെ.അജിത
ബാംഗ്ളൂർ കേന്ദ്രമാക്കി
പ്രവർത്തിക്കുന്ന “ധ്വനി” മലയാളി വനിതാസംഘടനയും, കോഴിക്കോട് “അന്വേഷി” വുമൺസ്
കൌൺസിലിംഗ് സെന്ററിന്റെ മുഖപത്രമായ “സംഘടിതയും” സംയുക്തമായി ചേർന്ന്
സ്ത്രീകൾക്കായുള്ള പ്രത്യേകപരിപാടി 'യെലഹങ്ക ജ്ഞാനജ്യോതി സ്ക്ക്ളിൽ' വെച്ചു
നടത്തി. ചടങ്ങിൽ സങ്കീണ്ണവും, പൂർവാധികം സംഭവബഹുലവുമായ കേരളസമൂഹത്തോട് സദാ
ക്രിയാത്മകമായി ഇടപെട്ടുക്കൊണ്ടിരിക്കുന്ന “അന്വേഷി” സാരഥി 'ശ്രീമതി കെ.അജിത
'മുഖ്യാതിഥിയായിരുന്നു. അന്വേഷി പ്രവർത്തകരായ ഡോ:ജാൻസി ജോസ്,ശ്രീമതി രാജലക്ഷ്മി
എന്നിവരും അതിഥികളായിരുന്നു.
മറുനാടൻ മലയാളികളുടെ ഇടയിൽ നിന്നും ഇത്തരം
സംഘടനാപ്രവർത്തനം നടത്തുകയെന്നത് പ്രയാസമുള്ള കാര്യമാണ്. വികസനത്തിന്റെ
കടന്നാക്രമണ ഫലമായി സ്ത്രീകൾക്കെതിരെ,നിരവധി തരത്തിലുള്ള ചൂഷണങ്ങളും,പീഡനങ്ങളും
ദിനം പ്രതി അരങ്ങേറുന്നുണ്ട്. കേരളത്തിൽ നടമാടിയിട്ടുള്ള സൂര്യനെല്ലി, വിതുര,
കോതമംഗലം തുടങ്ങിയ പീഡനക്കേസുകളിലെ പെൺകുട്ടികൾക്ക് ഇന്നും നീതി ലഭിച്ചിട്ടില്ല.
സ്ത്രീധനപ്രശ്നങ്ങൾ പുതിയ രീതിയിൽ വന്നുകൊണ്ടിരിക്കുന്നു . അങ്ങേയറ്റം അപഹാസ്യമായ
രീതിയിൽ അഴിമതികൾ നടക്കുകയും, തന്ത്രങ്ങൾ മെനയുന്നവർ രക്ഷപ്പെടുകയുമാണ്
കാണുന്നത്. ഇതിനു പ്രധാനകാരണം ആഗോളവല്ക്കരണത്തിന്റേതായ വികസനത്തിന്റെ
സ്വാധീനമാണ്. സാമ്രാജ്യത്വത്തിന്റേതായ കടന്നാകരമണങ്ങളും ,അധീശത്വങ്ങളും നടത്തി
സ്ത്രീകളെ ഒഴിവാക്കിക്കൊണ്ടുള്ള പുരോഗമനത്തിനും,
സ്ത്രീവിരുദ്ധപ്രവർത്തനങ്ങൾക്കുമെതിരെ സാമൂഹ്യബോധമുൾക്കൊണ്ട് സ്ത്രീകൾ സംഘടിതരാവുക
തന്നെ വേണം എന്ന് കെ.അജിത അഭിപ്രായപ്പെട്ടു.
യെലഹങ്ക “ധ്വനി”യുടെ ഒന്നാം
വാർഷികാഘോഷത്തോടനുബന്ധിച്ചു മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവർ. പ്രസിഡണ്ട്
നിർമ്മലാജോർജ്ജ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ധ്വനി ചെയർപേഴ്സൻ ഇന്ദിരാബാലൻ പരിപാടി
ഉല്ഘാടനം ചെയ്തു. ഡോ:ജാൻസിജോസ്,രാജലക്ഷ്മി, മഞ്ജുഷ ,സ്മിത എന്നിവര്‍ സംസാരിച്ചു. ധ്വനി യുടെ കൈയെഴുത്തുമാസിക "അക്ഷരം" അജിത പ്രകാശനം ചെയ്തു. കുടുംബാംഗങ്ങളായ രശ്മി നന്ദ,ഇസ,സാറാ,ധ്വനി,മേഘന ,സുനിഷ,സുജാതാ പ്രദീപ്,സൌമ്യാ ബാലന്‍ എന്നിവരുടെ കലാപരിപാടികള്‍ അരങ്ങേറി. രേഖാ മാധവന്‍ നന്ദി പ്രകാശിപ്പിച്ചു.
( ഫോട്ടോയില്‍ -കെ.അജിത,ഡോ :ജാന്‍സി ജോസ് ,നിര്‍മ്മലാജോര്‍ജ്ജ്, ഇന്ദിര ബാലന്‍ എന്നിവര്‍ )
സാര്‍ത്ഥകം ന്യൂസ്