ശബ്ദം അപഹരിക്കപ്പെട്ട ഇരകൾ


ഡോ:മിനിപ്രസാദ്

15000 ത്തിലധികം ആളുകൾ മരണപ്പെടുകയും 20000ൽ പരം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്ത ഒരു സംഭവം. അതായിരുന്നു ഭോപ്പാൽ ദുരന്തം. ഇതിനെ വെറുമൊരു അപകടമാക്കി മാറ്റി എന്നതാണ്‌ ഇരുപത്തിയഞ്ചുവർഷത്തിനുശേഷം ഒരു കോടതിവിധി കൊണ്ട്‌ സാധിച്ചത്‌. വിഷമേഘം തങ്ങളെ പൊതിയുന്നതും,ശ്വാസം മുട്ടുന്നതുമായാണ്‌ നഗരത്തിലെ ഒരു കോടിയില ധികം ആൾക്കാർക്ക്‌ അനുഭവപ്പെട്ടത്‌. ഇന്നും ഇതിന്റെ ബാക്കിഫലങ്ങൾ; കെടുതികൾ ആ ജനങ്ങൾ അനുഭവിച്ചുകൊണ്ടേയിരിക്കുന്നു. ഈ വിധികൊണ്ട്‌ ദുരന്തബാധിതരെ തീർച്ചയായും അപമാനിക്കുകയാണ്‌ ചെയ്തത്‌. വാറൻ ആൻഡേഴ്സനെ രക്ഷപ്പെടാൻ അനുവദിച്ചോ അയാളെ തിരികെ വിളിക്കണോ എന്ന ചർച്ചകൾക്കപ്പുറം, ജീവിക്കുന്ന ആ ഇരകളുടെ ദൈന്യങ്ങൾക്ക് ആര്‌ ഉത്തരം പറയും?അതാണ്‌ ഏറ്റവും വേദനാജനകമായ ചോദ്യം. ഭോപ്പാൽ ഇന്നും വിഷമയമാണ്‌. കാർബൈഡ് ഫാക്ടറിയിൽ നൂറ്‌ കണക്കിന്‌ ട്ൺ മാലിന്യങ്ങൾ ഇപ്പോഴും ബാക്കിയുണ്ട്‌. കുടിവെള്ള സ്രോതസ്സിനെ ഇപ്പോഴും അത്‌ മലിനപ്പെടുത്തുകയും തദ്ദേശനിവാസികളുടെ ജീവിതത്തെ ദുരന്തപൂർണ്ണമാക്കുകയും ചെയ്തുകൊണ്ടേയിരിക്കുന്നു. ഫാക്ടറിയും സ്ഥലവും ഇപ്പോൾ ഡൗ കെമിക്കൽസ്‌ എന്നൊരു കമ്പനി വാങ്ങിയിരിക്കുന്നു. ഇക്കാര്യത്തിലും സുരക്ഷാ മാനദണ്ഡങ്ങൾ എത്രയൊക്കെ പാലിക്കപ്പെട്ടു എന്നത്‌ ഇനിയൊരു ദുരന്തം വരുമ്പോഴാവും നാം ഓർക്കുക. ഏതായാലും ചാനലുകളിൽ ചർച്ചകൾ പുരോഗമിക്കുകയാണ്‌. അന്നത്തെ ഭരണീയ നേതൃത്വത്തെ തീർച്ചയായും പ്രതിക്കൂട്ടിൽ നിർത്തേണ്ടതുണ്ട്‌. പക്ഷേ ഇത്തരം ചർച്ചകൾക്കിടയിൽ നിശ്ശബ്ദരായ ഇരകൾ വീണ്ടും നിശ്ശബ്ദരാക്കപ്പെടുന്നു.

ഇരുപത്തിയഞ്ചു വർഷം മുമ്പ്‌ നടന്ന ഈ ദുരന്തത്തിന്റെ കെടുതികൾ നിശ്ശബ്ദമായി സഹിച്ചു തീർക്കുന്ന ഒരു സമൂഹം അവിടെയുണ്ട്‌. അത്‌ അവിടുത്തെ സ്ത്രീസമൂഹമാണ്‌. എവിടേയും പാർശ്വ വല്ക്കരിക്കപ്പെടുന്നവർ,നിശ്ശബ്ദരാക്കപ്പെടുന്നവർ അവരാണെങ്കിലും ഈ ദുരിതത്തിന്‌ സമാനത കളില്ല. സഹനം എന്നത്‌ സ്ത്രൈണതയുടെ പൊതുസ്വഭാവമായി സ്വീകരിക്കപ്പെ ടുന്നതിനാൽ ഇതൊന്നും ആരോടും പറയാനാവാതെ അവർ സഹിക്കുന്നു. സഹിച്ച്‌ ജീവിക്കുന്നു. പൊതുമുഖ്യധാരാ സമൂഹം അത്‌ മുതലെടുക്കുന്നു. ഐ.സി.എം.ആർ.ന്റെ പഠനങ്ങളനുസരിച്ച്‌ തലമുറകൾക്കു ശേഷവും ഇതിന്റെ കെടുതികൾ സ്ത്രീകളിലേക്ക് പകരുന്നത്‌ രേഖപ്പെടുത്തുന്നു. അവർ കണ്ടെത്തിയ സ്ത്രീകളെല്ലാം ആർത്തവസംബന്ധമായ ക്രമക്കേടുകളും, പ്രത്യുല്പ്പാ ദനപരമായ പ്ര്ശനങ്ങളും ഉള്ളവരായിരുന്നു. മുന്നൂറു സ്ത്രീകളെ പഠനത്തിനായി സ്വീകരിച്ചപ്പോൾ 218 പേരും വെള്ളപോക്ക് അമിതമായ രീതിയിൽ അനുഭവിക്കുന്നവരായിരുന്നു. ഇവർക്കൊക്കെ മൂന്നോ നാലോ മാസം കൂടുമ്പോൾ മാത്രം മാസമുറ വരികയും, അപ്പോൾ അമിതമായ തോതിൽ രക്തസ്രാവം ഉണ്ടാവുകയും ഈ സമയത്ത്‌ കണ്ണിന്റെ കാഴ്ച്ച പോളും നഷ്ടപ്പെട്ടുപോവുകയും ചെയ്യുന്ന വരായിരുന്നു. ഇവയൊന്നും ആരോടും തുറന്നുപറയാനോ, പങ്കുവെക്കാനോ അവർക്കാവുന്നില്ല. ആർത്തവത്തിലെ ക്രമമില്ലായ്മ അണ്ഡോല്പ്പാദനത്തെ സാരമായി ബാധിക്കുന്നു. അതുകൊണ്ടു തന്നെ വന്ധ്യതയും ഒപ്പം തുടർച്ചയായ അബോർഷനും സംഭവിക്കുന്നു. 865 സ്ത്രീ കളെ പഠന വിധേയമാക്കിയപ്പോൾ 43ശതമാനം പേർക്കും തുടർച്ചയായ അബോർഷൻ റിപ്പോർട്ട് ചെയ്തു. 190പേരിൽ നൂറുപേർക്കും പ്രത്യുല്പ്പാദനപരമായ അസുഖങ്ങൾ കണ്ടെത്തി. വാതക ദുരന്തം നേരിട്ടു ബാധിച്ച പ്രദേശങ്ങളിലെ സ്ത്രീകളേയും പഠിച്ചപ്പോൾ അബോർഷൻ നിരക്കിൽ വ്യക്തമായ വ്യത്യാസം കണ്ടു.

ഇതേ ആരോഗ്യപ്രശ്നങ്ങളോടെ തന്നെ വീട്ടുജോലികലും മറ്റു ജോലികലും അവർക്കു ചെയ്യേണ്ടി വരുന്നു. രാസമാലിന്യങ്ങളിൽ നിന്ന്‌ ഇനിയും വിടുതൽ നേടാത്തതാണെങ്കിലും കുടിവെള്ളം ശേഖരി ക്കൽ മുതലായ ജോലികൾ പിതൃ​‍ാധിപത്യ മൂല്യവ്യവസ്ഥയിൽ സ്ത്രീയുടെ കടമയാണല്ലൊ. അവിടെ ലഭിക്കുന്ന വെള്ളമാകട്ടെ രാസവിഷങ്ങളിൽ നിന്ന്‌ മുക്തവുമല്ല. അതുതന്നെ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു. രോഗാതുരമായ അവസ്ഥകളാൽ മറ്റു ജോലികൾക്കൊന്നും പോവാനും അവർക്കാവുന്നില്ല. തന്മൂലം പട്ടിണിയും പോഷകാഹാരക്കുറവും സർവ്വസാധാരണമാവുന്നു. സ്ത്രീ കളുടെ സാമൂഹ്യസ്ഥാനവും ചുമതലകളും പാടേ മാറ്റിമറിക്കപ്പെടുന്നു. കാരണം അവരനുഭവി ക്കുന്നതും മറ്റാരോടും തുറന്നുപറയാൻ കഴിയാത്തതുമായ ആരോഗ്യപ്രശ്നങ്ങളാൽ അവർ പൊതു സമൂഹത്തിൽ പ്രത്യക്ഷപ്പെടുന്നതിൽ വിമുഖരായിത്തീർന്നു. എന്തോ ഒരു ധൈര്യക്കുറവ്‌ അവരെ പൊതുവേ ബാധിക്കുന്നതായി പഠിതാക്കൾ പറയുന്നു. പെൺകുട്ടികലീൽ പലരും വിവാഹം കഴിക്കാൻ ഭയമാണെന്ന്‌ തുറന്നു പറഞ്ഞവരായിരുന്നു. എന്നാൽ ഇതിന്റെ ദുരന്തവശം ഇരുപത്തി യഞ്ചു കൊല്ലം മുമ്പ്‌ കഴിഞ്ഞ ഒരു ദുരന്തത്തിന്റെ ബാക്കിയാണെന്നവർക്ക് മനസ്സിലാവുന്നില്ല. അത്‌ അവരോട്‌ ആരും പറഞ്ഞുകൊടുക്കുന്നുമില്ല.

ഗർഭാശയക്യാൻസർ വർദ്ധിച്ചപ്പോൾ ഗവണ്മെന്റ്‌ 150 കിടക്കകളുള്ള ഒരാശുപത്രി അവിടെ സ്ഥാപിച്ചു. പക്ഷേ ഇതും ഫലപ്രദമാകുന്നില്ല. യോഗയും തുടച്ചയായ ചികിൽസയും കൗൺസി ലിങ്ങും കൊണ്ട്‌ ഈ പ്രശ്നങ്ങൾ പരിഹരിക്കാമെങ്കിലും ഇവരുടെ അജ്ഞത മൂലം ഇതൊന്നും ഇവരിലേക്കെത്തുന്നില്ല. മറ്റൊന്ന്‌, സ്ത്രീപ്രശ്നങ്ങൾ എന്ന നിലയിൽ ഇവ സ്വീകരിക്കപ്പെടുന്നുമില്ല എന്നുള്ളതാണ്‌.

മറ്റൊരു പ്രധാനപ്പെട്ട കാര്യം ഇതേപോലേയുള്ള വ്യവസായശാലകളും ആണവനിലയങ്ങളും ഉൾപ്പെടെ നിരവധി ഊർജ്ജൗല്പ്പാദന കെന്ദ്രങ്ങളും ഇപ്പോൽ നമ്മുടെ രാജ്യത്ത്‌ എത്രയോ ഉണ്ട്‌. ഇവയുടേയൊക്കെ വൈദേശിക ബന്ധത്തിന്‌ മുമ്പിൽ നാം പതറിപ്പോവുന്നു എന്നതല്ലേ യാഥാർത്ഥ്യം. മതിയായ സുരക്ഷാനിയമങ്ങളോ നഷ്ടപരിഹാര കരാറുകളോ ഇല്ലാതെയാണ്‌ ഇവരെയൊക്കെ ചുവന്ന പരവതാനി വിരിച്ച്‌ നാമിങ്ങോട്ട് കൂട്ടിക്കൊണ്ട് വന്നിരിക്കുന്നത്‌. ഇവയെ സമഗ്രമായി ഉൾക്കൊള്ളാനുള്ള നിയമനിർമ്മാണവും നമുക്കില്ല. അതുകൊണ്ട്‌ ഇത്തരം ദുരന്ത ങ്ങൾക്കും ദുരിതങ്ങൾക്കും ഇരയാവുന്നത്‌ മനുഷ്യനും ജീവജാലങ്ങളും കൂടിയാണ്‌ എന്ന തിരിച്ച റിവിലേക്ക് നാം മാറേണ്ടതാണ്‌. തൊഴിലവസരങ്ങൾ, വിദേശനിക്ഷേപം ഈ രണ്ട്‌ പരിഗണന കൾ മാത്രമാണ്‌ ഇത്തരം സംരംഭങ്ങൾക്ക് ചുവന്ന പരവതാനി വിരിക്കുമ്പോൾ നമ്മുടെ ഭരണ കർത്താക്കൾ കാണിക്കുക. എന്നാൽ നിശ്ശബ്ദരാക്കപ്പെട്ട ഇരകൾ - സ്ത്രൈണത എന്ന ഗുണത്തെ മുതലെടുത്തുകൊണ്ട്‌ നിലനില്ക്കുന്ന ഇത്തരം വേദനകൾ ആരുമറിയാതെ പോവുന്നതും നാം തിരിച്ചറിയേണ്ടതുണ്ട്‌. അതിനനുസൃതമായി നിയമങ്ങൾ നിർമ്മിക്കേണ്ടതുണ്ട്‌.