അപൂർണ്ണതയോടെ കടന്നുപോയ അഭിനയഗുരു


        സിബിമലയിൽ
‘ആയിരത്തിൽ ഒരുവൻ’ എന്ന സിനിമയിലാണ്‌ ഞങ്ങൾ അവസാനമായി ഒരുമിച്ചത്‌. അതിന്റെ തിരക്കഥാകൃത്തിനേയും തിലകൻ ചേട്ടൻ കണ്ടെത്തിയ ആളായിരുന്നു ടി.എ. റസാഖ്‌.ശാരീരികാവശതകൾക്കിടയിലാണ്‌ അദ്ദേഹം അഭിനയിക്കാനെത്തിയിരുന്നത്‌. പക്ഷേ, ക്യാമറയ്ക്കു മുന്നിലെത്തുമ്പോൾ എല്ലാ വേദനകളും മറന്നു, പൂർണ്ണമായും സിനിമക്കുവേണ്ടി സമർപ്പിക്കപ്പെട്ടതായിരുന്നു തിലകൻ ചേട്ടന്റെ ജീവിതം. പൂർണ്ണതയുടെ കാര്യത്തിൽ വിട്ടുവീഴ്ച്ചയില്ലാത്ത നാലക്ഷരങ്ങൾ ,ആ സിനിമയുടെ ഷൂട്ടിങ്ങിന്നിടയിൽ ആദ്ദേഹം മറ്റൊരു തിരക്കഥാക്കൃത്തിനെക്കൂടി പരിചയപ്പെടുത്തി. കെ.ഗിരീഷ്കുമാർ എന്നായിരുന്നു പേര്‌. സീരിയലിലൂടെയുണ്ടായ സൗഹൃദം.തിലകൻ ചേട്ടനിലൂടെ എന്നിലേക്കെത്തിയ മൂന്നാമത്തെയാളായിരുന്നു ഗിരീഷ്‌.
പെരുന്തച്ചൻ എന്ന വാക്ക്‌ തിലകന്‍ ചേട്ടനെപ്പറ്റിയുള്ള രചനകളിലെല്ലാം കാണാറുണ്ട്‌. ഉപയോഗിച്ചു തേഞ്ഞ ഉളിപോലെയായ വിശേഷണം .അദ്ദേഹത്തിലെ ശില്പ്പിയെ അറിഞ്ഞിട്ടല്ല പലപ്പോഴും അങ്ങനെ പ്രയോഗിക്കുന്നതും .പക്ഷേ, എന്റെ അനുഭവത്തിൽ അഭിനേതാവിനുമപ്പുറം തിലകൻ ചേട്ടന്‌ വല്ലാത്തൊരു കരവിരുത്‌ ഉണ്ടായിരുന്നു. അത്‌ കഴിവുവരെ മെനെഞ്ഞെടുക്കാനുള്ള മിടുക്കാണ്‌. ,റസാഖും, ഗിരീഷും ആ വിരലിലൂടെ സിനിമയിലേക്കെത്തിയവർ.

ഒരു അപൂർണ്ണതയോടെയാണ്‌ തിലകനെന്ന അഭിനയഗുരു കടന്നുപോയത്‌. അർഹിച്ചതായിരുന്നിട്ടും എത്രയോ വട്ടം ദേശീയ അവാർഡ്‌ അദ്ദേഹത്തിലെത്താതെപോയി. അതിലും  വേദന അവസാനം വരെ തിലകന്‍  ചേട്ടന്റെ ഹൃദയത്തിലുണ്ടായിരുന്നു. തിലകൻ എന്ന പ്രതിഭക്ക്‌ ഇന്ത്യയിലെ മികച്ച നടനുള്ള പുരസ്ക്കാരം മരണം വരെ ലഭിച്ചില്ലയെന്നതിനാൽ നാണിക്കേണ്ടത്‌ അദ്ദേഹമല്ല. ഇന്ത്യൻ സിനിമയാണ്‌.



തിലകന്‍ ചേട്ടൻ പിണങ്ങിയിട്ടുണ്ട്‌. പലവട്ടം.‘തനിയാവർത്തനത്തിന്റെ ഷൂട്ടിങ്ങിന്നിടെ മമ്മൂട്ടിയുടെ തിരക്കുകാരണം അദ്ദേഹത്തിന്റെ സീനുകൾ മാത്രം എടുക്കേണ്ടിവന്നു. ചെയ്യുന്നത്‌ തെറ്റാണെന്നറിയാമായിരുന്നു. പക്ഷേ,വേറെ നിവൃത്തിയുണ്ടായിരുന്നില്ല. ഇതിൽ തിലകൻ ചേട്ടന്‌ വേദനിച്ചു. ഷോട്ടിനു വിളിച്ചപ്പോൾ അദ്ദേഹം വന്നില്ല. ഞാൻ ചെന്നുവിളിച്ചപ്പോൾ തിലകൻ ചേട്ടൻ ചോദിച്ചു-“നിങ്ങൾ പറയുമ്പോൾ എന്റെ മുഖത്ത്‌ ഭാവം വരുമെന്ന്‌ കരുതുന്നുണ്ടോ ?അത്‌ വൈകാരികമായ ഒരു പ്രക്രിയയാണ്‌. കഴിഞ്ഞ ദിവസം എടുത്ത സീനിന്റെ ബാക്കിയായി അപ്പോഴത്തെ ഭാവം ഇപ്പോഴുണ്ടാകണമെന്ന്‌ പറയുന്നതിലെ യുക്തിയെന്താണ്‌? എനിക്കു മറുപടിയില്ലായിരുന്നു.അദ്ദേഹം, പക്ഷേ അപ്പോൾ തന്നെ വന്ന്‌ അഭിനയിച്ചു. പക്ഷേ മുഖത്ത്‌ ഒരു പരിഭവം ചുവന്നുകിടന്നു. അതിനുശേഷം സിനിമാസംഘടനാത്തർക്കങ്ങളിലുൾപ്പെടെ എന്നോടു പിണങ്ങി. തുറന്ന പ്രകൃത്തിന്റെ തെളിവായിരുന്നു അത്‌. ഉള്ളതു മുഖത്തുനോക്കി പറയും,പിണങ്ങും.പക്ഷേ അത്‌ നീണ്ടുനില്ക്കില്ല.

പുറമേക്കു നമ്മൾ കാണുന്ന തിലകനുള്ളിൽ ഒരു കൊച്ചുകുട്ടിയുണ്ടായിരുന്നു.ആ കുട്ടിയാണ്‌ നമ്മളോട്‌ പിണങ്ങിയിരുന്നതും വഴക്കിട്ടിരുന്നതും.ആദ്യസീനിലെപ്പോലെ തിലകന്‍ ചേട്ടന്റെ അവസാനരംഗത്തിലും ഒരു കുട്ടിയുടെ സാന്നിധ്യം ഞാനറിയുന്നു.


മാതൃഭൂമിയോട്‌ കടപ്പാട്‌