ഓര്‍മ്മക്കുറിപ്പുകള്‍

പവിത്രന്‍ കണ്ണപുരം  
        
നാത്തുമ്പിലോര്‍മ്മ ക്കുറിപ്പുമായെത്തുന്നു
സ്വാതന്ത്ര്യമെന്ന മൂന്നക്ഷരത്തെറ്റുകള്‍ .
ഊന്നുവടിയില്‍ നടുനിവര്‍ത്തും;വയോ -
വൃദ്ധന്റെ നാവില്‍നിന്നിറ്റും നിണവുമായ് !

എത്രയോ സംവത്സരങ്ങളായാതുര -
സേവനംചെയ്തു കൊഴുത്തവര്‍ 
നാടിന്റെ ശാപങ്ങള്‍, ഭൂമിക്കു
ഭാരമായ്ത്തീര്‍ന്നവര്‍ !
ആലംബഹീനരെ വിറ്റുതിന്നും,പിന്നെ-
പ്രാണനെ ചുട്ടുകരിച്ചും
ആത്മദാഹം തീര്‍ക്കുമദ്ധ്യാത്മ ജ്ഞാനികള്‍ 
ആര്‍ഷസംസ്കാരപ്പെരുമ പുകഴ്ത്തുവോര്‍ !
മാനവീയത്വം പിഴുതെടുക്കുന്നവര്‍
നേരായമാര്‍ഗ്ഗങ്ങള്‍ കൊട്ടിയടച്ചുകൊ -
ണ്ടീരാജവീഥിയില്‍ തേര്‍തെളിക്കുന്നവര്‍ ;
മണ്ണും മനസ്സും പകുത്തീവഴികളില്‍
വര്‍ണ്ണക്കൊടികള്‍ പെരുപ്പിച്ചെടുത്തവര്‍ !

പശിയാര്‍ന്ന കോലങ്ങള്‍
തെരുവിന്റെമൂലയില്‍
വിലപേശിവില്‍ക്കുന്ന പാതിവൃത്യങ്ങളില്‍ ;
കഴുകന്റെകണ്ണുമായ്
കനിയുന്ന നീതിയില്‍
പിടയുന്നു ജീവന്റെ സ്പന്ദനങ്ങള്‍ !
കുടിനീരിനിന്നും കരംനീട്ടിനില്‍ക്കുന്ന
ഗ്രാമസ്വപ്‌നങ്ങള്‍ക്കു സാക്ഷിപത്രങ്ങളായ് ,
ജന്മ ജന്മാന്തര ശാപദുഃഖംപേറി
പാതയോരത്തന്ത്യ മോചനംതേടുവോര്‍ ,
ആട്ടിയോടിക്കപ്പെടുന്നു പേപ്പട്ടിപോല്‍
ഇവിടെ;സ്വാതന്ത്ര്യ ദിനാശംസനേരുവാന്‍ !

സ്വാതന്ത്ര്യമെന്ന മൂന്നക്ഷരത്തെറ്റിന്റെ
മധുരംനുകര്‍ന്നു മരിച്ചമോഹങ്ങളില്‍,
അഴുകിനാറുന്നൊരനാഥ പ്രേതത്തിന്റെ 
ആത്മശാന്തിക്കുനാം മൌനം ഭജിക്കവെ 
ചിറകടിച്ചെത്തും ശവംതീനികള്‍, കരള്‍ -
കൊത്തിയെടുത്തു പറക്കുംപുലരിയില്‍ ,
എന്നാത്മരോദനം കത്തിയെരിയുന്നൊ -
രഗ്നിപ്രളയത്തിനാശിക്ക യാണുഞാന്‍ !