കൈപ്പിഴ വന്നതുകൊണ്ട്‌ ഗ്രഹപ്പിഴ



കുഞ്ചൻ നമ്പ്യാർ അമ്പലപ്പുഴ ദേവനാരായണസ്വാമിയുടെ ആശ്രിതനായി കഴിയുന്ന കാലം. മഹാരാജാവിന്റെ ഗുരുവും ഉപദേഷ്ഠാവും ആയി ഒരു നമ്പൂതിരി ആപ്പോൾ കൊട്ടാരത്തിലുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പേര്‌,കൈപ്പിഴ.അത്‌ അദ്ദേഹത്തിന്റെ കുടുംബനാമമാണ്‌.

കൈപ്പിഴ നമ്പൂതിരി എന്തു പറഞ്ഞാലും രാജാവ് അതനുസരിക്കും. അതുകൊണ്ടുതന്നെ കൈപ്പിഴക്കല്‍പ്പം ഗർവ്വും ഉണ്ടായിരുന്നു. മറ്റ്‌ സേവകരോട്‌ അയാൾ പുച്ഛമായേ പെരുമാറുകയുള്ളു. രാജാവിനെക്കൊണ്ട്‌ ചില കുഴപ്പങ്ങൾ ചെയ്യിപ്പിക്കുകയും കൈപ്പിഴ പതിവാക്കി. രാജഭക്തന്മാർക്കും സേവകർക്കും കൈപ്പിഴയുടെ പ്രവർത്തനങ്ങളിൽ അല്‍പ്പം നിയന്ത്രണം ആവശ്യമാണെന്നു തോന്നി. പക്ഷേ, അക്കാര്യം രാജാവിനോട്‌ ആരു പറയും? “പൂച്ചക്കാരു മണികെട്ടും?എന്നതുപോലെയായി കാര്യങ്ങൾ.

അങ്ങനെയിരിക്കെ ഒരു ദിവസം രാജാവ്‌ കൈപ്പിഴയുമായി സംസാരിച്ചിരിക്കുമ്പോൾ നമ്പ്യാർ ഒരു പാത്രവുമെടുത്ത്‌ ആ വഴിക്കു ചെന്നു. രാജാവിന്റെ സമീപത്തെത്തിയപ്പോൾ അദ്ദേഹം മനഃപൂർവ്വം പാത്രം താഴെയിട്ട്‌ ഒച്ചയുണ്ടാക്കി. ശബ്ദം കേട്ട്‌ മഹാരാജാവ്‌ വിളിച്ചു ചോദിച്ചു.”എന്താ...അവിടെ ഒരൊച്ച?

നമ്പ്യാർ അതിനുത്തരമായി ഇങ്ങനെ പറഞ്ഞു;“കൈപ്പിഴ വന്നതുകൊണ്ടു ഗ്രഹപ്പിഴ”.

തനിക്ക്‌ ഒരു കൈപ്പിഴ വന്നുവെന്നും  അങ്ങനെ കൈയിൽ നിന്ന്‌ പാത്രം വീണതുകൊണ്ടാണ്‌ ഒച്ചയുണ്ടായതെന്നുമായിരുന്നു നമ്പ്യാർ ബോധിപ്പിച്ചത്‌. പക്ഷേ, മഹാരാജാവിന്‌ അതിന്റെ രണ്ടാമത്തെ അര്‍ത്ഥവും മനസ്സിലായി. നമ്പൂതിരി വന്നത്‌ ഗ്രഹപ്പിഴയായെന്ന്‌.
സേവകരെ അലട്ടിയിരുന്ന ഒരു വലിയ പ്രശ്നം എത്ര ലളിതമായും സരസമായുമാണ്‌ നമ്പ്യാർ പരിഹരിച്ചത്‌.