ക്രിക്കറ്റ്‌


ഉണ്ണിക്കൃഷ്ണൻ ചെറുതുരുത്തി 


"നിന്നെയെനിയ്ക്കു മനസ്സിലാകുന്നില്ല-
യെങ്കിലും നിന്നോടാണിഷ്ടം
എന്നു ചൊല്ലുന്നുണ്ടൊരാളൊരു ദിക്കിൽ നിന്ന്‌
അന്യഭാഗത്തൊരാൾ ചൊല്ലീ
"നിന്നെയെനിക്കു മനസ്സിലാകുന്നുണ്ട്‌
നന്നല്ല നീ ചെയ്‌വതൊന്നും'
നേരാണു ചൊൽവതു രണ്ടു പേരെന്നാലും
ആരെ വേണം ഞാൻ വരിക്കാൻ?
മുഗ്ദ്ധമാം സ്നേഹവും സത്യമാം നിന്ദയും
മൽപ്പിടുത്തം നടത്തുമ്പോൾ
ഞാനതിൻ മദ്ധ്യത്തി"ലമ്പയറായ്‌" നിന്നു
വേനലിൽ വേർത്തുരുകുമ്പോൾ
എന്നിലെ നീതിമാൻ നാട്ടിലേക്കൂട്ടരോ-
ടന്തരാ കൂറു കാട്ടുന്നോ?
ഇല്ലെനിയ്ക്കാവില്ല'പാവമാം സ്വാർത്ഥി'യെന്ന്‌
അന്യന്റെ നസ്യം സഹിയ്ക്കാൻ
ഒറ്റക്കളികൊണ്ടു തീരുന്നതല്ലയീ
മത്സരമെന്നു തേറുന്നേൻ
ഒന്നേ വഴിയുള്ളു, വാത്സല്യമേ വിരൽ
നിൻനേർക്കു ഞാനുയർത്തട്ടെ