കീഴ്‌ ജീവനക്കാരി



കെ.സരസ്വതിയമ്മ 

അരി തിളച്ചുപൊങ്ങിയതും തീ അണഞ്ഞതും അറിയാതെ പാറുവമ്മ ചുറ്റുപാടും മറന്നു നിശ്ച്ചലമിരുന്നു. അവരുടെ വലതു വശത്ത്‌ ഓല മെടഞ്ഞുണ്ടാക്കിയ ഒരു തട്ടി കെട്ടിത്തൂക്കിയിരുന്നു. അവർ തല യൊന്നു തിരിച്ചാൽ മതി, ആ തട്ടിയിലെ വലിയൊരു ദ്വാരത്തി ല്ക്കൂടെ എതിർവശത്തെ വീട്ടിലെ വിശേഷങ്ങൾ വിശദമായിക്കാണാം. റോഡിനങ്ങേവശം അത്ര പൊക്കത്തിലാണ്‌. ആ വീട്ടിലെ മുറികളുടെ എണ്ണം, അടുക്കളയുടെ സ്ഥാനം കുളിമുറിയുടെ കിടപ്പ്‌- എല്ലാം  പാറുവമ്മയ്ക്കറിയാം.വല്ലപ്പോഴുമൊരിക്കല്‍   ആരെങ്കിലുമവിടെ താമസിക്കാൻ വരുമ്പോൾ പാറുവമ്മയുടെ ചിത്തം സ്വന്തം കന്യാകാലത്തിലേക്കു കടക്കും. അപ്പോഴതിന്‌ ആ വീടിനെപ്പറ്റിയല്ലാതെ മറ്റൊന്നിനേക്കുറിച്ചും ഒരു വകയും സ്മരിക്കാനില്ല...
ഇന്ന്‌ ആ വീട്ടിൽ വലിയ ബഹളം. സർക്കീട്ടിൽ വന്നിരിക്കുന്ന ദേവസ്വം കമ്മീഷണർ അവിടെയാണ്‌` താമസിക്കുന്നത്‌. കൂടെ അദ്ദേഹത്തിന്റെ രണ്ടു പുത്രികളുമുണ്ട്‌.
മേലധികാരിയുടെ പ്രീതിക്കു വേണ്ട ജോലികൾ കീഴ്ജീവനക്കാർ പങ്കിട്ടെടുത്തിരിക്കയാണ്‌. അക്കൂട്ടത്തിൽ അമ്പലമടിച്ചുതളിക്കാരിയെന്ന നിലയിൽ പാറുവമ്മയുടെ തലയില്‍ ചെന്നുവീണിരിക്കുന്ന കൃത്യം-
അന്നു രാവിലത്തെ സംഭവം ഓർക്കുമ്പോഴെല്ലാം അവരുടെ മനസ്സു കിടുകിടുത്തു പോകുന്നു.
രണ്ടു ദിവസമായി പാറുവമ്മയുടെ മകൾ ലക്ഷ്മിക്കുട്ടിയാണ്‌ അമ്പലത്തിൽ ജോലിക്കു പോകുന്നത്‌. വാതത്തിന്റെ ശല്യം കൊണ്ട്‌ അവർക്കു നല്ല സുഖമില്ല. അന്നു രാവിലെ അവർ ഉറക്കമെണീറ്റപ്പോൾ മണി പത്തായി. കിഴക്കേ തളത്തിലെ ഇളം വെയിലത്ത്‌, വാതനീരിറങ്ങിയ ഇടത്തെ കാല്‍ മുട്ടും  തടവിക്കൊണ്ടവർ ഇരുന്നപ്പോൾ ശ്രീകാര്യക്കാർ അവിടെ ചെന്നു.
മുഖവുരയൊന്നും കൂടാതെ മുറ്റത്തു നിന്നുകൊണ്ടുതന്നെ അയാൾ താൻ ചെന്ന കാര്യം പറഞ്ഞു തീർത്തു.
പാറുവമ്മയ്ക്കു കുറേ നേരം നാവു പൊങ്ങിയില്ല. കമ്മീഷണറെജമാനന്റെ ആവശ്യമാണ്‌. അതു നടക്കാതെ പോയാൽ? ആ ആവശ്യത്തിന്റെ ന്യായാന്യായങ്ങളെപ്പറ്റിയൊന്നും അവരുടെ മനസ്സാലോചിച്ചില്ല. യജമാനന്റെ പ്രത്യേക പ്രീതിക്കു വേണ്ടി താൻ കണ്ടുപിടിച്ച ഒരുപായമാണതെന്നു പറയാൻ മാത്രമുള്ള ബുദ്ധിശൂന്യത ശ്രീകാര്യക്കാർക്കുണ്ടായിരുന്നുമില്ല.
പാറുവമ്മയുടെ മൗനം കണ്ട്‌ ശ്രീകാര്യക്കാർ പറഞ്ഞു: “ഇപ്രാവശ്യം , ഒരിക്കൽ , പോട്ടെന്നു വെയ്ക്കണം. യെജമാനന്റെ  സേവ ചില്ലറകാര്യമോ? ? എന്തെല്ലാം ഗുണമതിൽ നിന്നുണ്ടാവും? ചെല്ലുന്നിടത്തെങ്ങും ഇക്കാര്യത്തിൽ കുഴപ്പമുണ്ടാകാറില്ലെന്നു ഡ്രൈവർ പറയുന്നു. ആ സ്ഥിതിക്ക്‌ ഇവിടെ കുഴപ്പമെന്തെങ്കിലുമുണ്ടായാൽ ഫലമെന്തായിരിക്കുമെന്നു വിചാരിച്ചു നോക്കൂ. അതിനു കാരണക്കാരി നിങ്ങളാണെന്ന്‌ ആരെങ്കിലും ചൂണ്ടിക്കൊടുക്കും. പിന്നീടത്തെ വിധി താങ്ങാൻ നിങ്ങൾക്കു ത്രാണി കാണുകയില്ല.”
പാറുവമ്മയുടെ  ശബ്ദം പതുക്കെ ഉയർന്നു: ലക്ഷ്മിക്കുട്ടി അങ്ങുന്നിന്റെ ഒടപ്പുറന്നോളായിരുന്നെങ്കിൽ...“
ഛീ...ഉജ്ജ്വലിച്ച അഭിമാനബോധത്തോടെ അയാൾ സഗർവം പറഞ്ഞു:”എന്റെ ഒടപ്രന്നവരെപ്പോലെയാണോ ആ തന്തയില്ലാത്ത പെണ്ണ്‌?
ആ ചോദ്യം പാറുവമ്മയുടെ സാമവാദത്തെ നിശ്ശബ്ദമാക്കി. അവർ കീഴടങ്ങുന്നു എന്നു കണ്ട്‌ അയാൾ ശാന്തസ്വരത്തിൽ പറഞ്ഞു: “ലക്ഷ്മിക്കുട്ടിയെ നേരത്തെ ഇങ്ങയച്ചേക്കാം. ദീപാരാധന കഴിഞ്ഞാലുടൻ കുട്ടികളെ അമ്പലത്തിൽ വിട്ടിട്ട്‌ അദ്ദേഹം  മാത്രം തിരികെ വീട്ടിൽ പോരും. ഉടനെ ഞാൻ വന്ന്‌ അവളെ വിളിച്ചോണ്ടു പൊയ്ക്കൊള്ളാം. ആ സമയത്തു നിങ്ങൾ ലഹള കൂട്ടി വല്ല എതിർപ്പും കാണിച്ചാൽ-” 
പാറുവമ്മ സമയത്തൊരു രക്ഷാമാർഗ്ഗവും സ്വീകരിക്കാതിരിക്കാൻ അയാൾ മുന്‍ കരുതലെടുത്ത് പേടിപ്പെടുത്തുന്ന സ്വരത്തിലയാൾ പറഞ്ഞു: കമ്മീഷണരെജമാനന്റെ അതൃപ്തിയാണെന്നോർക്കണം.വിചാരിച്ചാൽ പോലീസുകാരെക്കൊണ്ടു കൂടെ കേസേടുപ്പിക്കാന്‍ ഒരു പ്രയാസവുമില്ല. പിന്നീടു പെണ്ണിന്റെ സ്ഥിതി മഹാകഷ്ടമാണ്‌. എല്ലാരും കൂടി പങ്കിട്ടെടുക്കും. അതിനേക്കാൾ എല്ലാം കൊണ്ടും നല്ലതിതാണ്‌. മേലിലേക്കു കൊള്ളാം.
വാക്കുകൾ കൊണ്ടൊന്നും സാധിക്കയില്ലെന്നു കണ്ട്‌ പാറുവമ്മ നിശ്ശബ്ദമിരുന്നു.
വേണ്ടെതെല്ലാം  ഏർപ്പാടു ചെയ്തു കഴിഞ്ഞപോലെ ശ്രീകാര്യക്കാർ ഇറങ്ങിപ്പോയി.
അതില്‍  പിന്നീട്   പാറുവമ്മയുടെ ഹൃദയംസ്വസ്ഥതയെന്തെന്നറിഞ്ഞിട്ടില്ല മനസ്സിന്‌ , നേരെ ആലോചിക്കാനിടയില്ലാത്ത കൃഷ്ണാഷ്ടമി ദിവസത്തിലാണോ ഈ വിപത്തിനു പരിഹാരം കണ്ടുപിടിക്കേണ്ടി വന്നിരിക്കുന്നത്‌? ആണ്ടിലെ മറ്റെല്ലാ ദിവസവും ഏതു നാളിനെ പ്രതീക്ഷിച്ചാണോ താൻ ജീവനോടെ കടന്നുപോരുന്നത്‌, ആ കൃഷ്ണാഷ്ടമി  നാൾ! പാറുവമ്മയുടെ മനസ്സിന്‌ അവരുടെ പതിനേഴാം വയസ്സിൽ നടന്ന ഒരു സംഭവത്തിന്റെ വാർഷികം കൊണ്ടാടേണ്ടുന്ന ദിവസമായിരുന്നു ചിങ്ങമാസത്തിലെ അഷ്ടമിരോഹിണി നാൾ.
ആ നാട്ടിൽ ഒരു വിഷഹാരിയില്ലാതെ നാട്ടുകാർ വിഷമിക്കുന്ന കാലത്താണ്‌ വിഷവൈദ്യൻ കൃഷ്ണപ്പിള്ള അവിടെ താമസത്തിനു ചെന്നത്‌.കൈപ്പുണ്യവും ഭാഗ്യവും ഒത്തുചേർന്നു വളരെ വേഗം അയാൾക്കൊരു നല്ല പേർ നേടിക്കൊടുത്തു. സ്ഥലത്തെ മിഡിൽസ്ക്കൂളിലെ ഡ്രോയിംഗ് മാസ്റ്റർ. ദീർഘചതുരമായ ഒരു പലകയുടെ ഇടത്തേ മൂലയിൽ പത്തിയെടുത്തു നില്ക്കുന്ന ഒരു പാമ്പിന്റെ പടം വരച്ച്` അതിനപ്പുറം “ഇവിടെ വിഷചികിൽസ നടത്തപ്പെടും” എന്നു ഭംഗിയായി എഴുതി വൈദ്യന്റെ ചികിത്സാപാടവത്തിനു നാട്ടുകാർ നല്കിയ സർട്ടിഫിക്കറ്റായിരുന്നു അത്‌.
ഗാർഹസ്ഥ്യജീവിതത്തിലും വൈദ്യൻ ഭാഗ്യവനായിരുന്നു. അത്രമാത്രം സ്വഭാവഗുണം തികഞ്ഞ സ്ത്രീയായിരുന്നു വൈദ്യന്റെ ഭാര്യ. ഒടുവിൽ നാട്ടുകാരേയും വൈദ്യനേയും കണ്ണീരിൽ തള്ളിയിട്ട്‌ മൂന്നു വയസ്സു കഴിയാത്ത കുഞ്ഞിനെ അച്ഛനെ ഏല്പ്പിച്ചുകൊണ്ട്‌ അവർ ഈ ലോകത്തു നിന്നും പോയി.
വൈദ്യന്റെ രണ്ടാം ഭാര്യക്കു നാട്ടുകാർ പാമ്പ്‌ എന്നു പേർ നല്കി. താൻവിഷദംശമേറ്റവരിൽ നിന്നിറക്കിയ വിഷം മുഴുവൻ ഒന്നായി രൂപമെടുത്തതാണ്‌ ആ സ്ത്രീയെന്നു വൈദ്യനു തോന്നി. അവരുടെ വാഴ്ച്ചയിൽ മുമ്പു ശാന്തിഗേഹമായിരുന്ന ആ വീട്ടിൽ അടിലഹളകളും നിരാഹാരവ്രതവും നിലവിളികളും പതിവായിത്തീർന്നു. ആ വീട്ടിനകത്തെപ്പോഴും വിഷജ്ജ്വാല തിങ്ങിനില്ക്കുമ്പോലെ വൈദ്യനു തോന്നിക്കൊണ്ടിരുന്നു. ...വര്‍ഷങ്ങള്‍  ആറേഴു കഴിഞ്ഞു. ഒരു നാൾ വിഷജ്വരം വന്നു വൈദ്യനെ പ്രഥമഭാര്യയുടെ അടുത്തേക്കു വിളിച്ചുകൊണ്ടു പോയി. മകളുടെ കാര്യമോർത്തപ്പോൾ മാത്രം വൈദ്യന്റെ ഉള്ളൊന്നു കത്തി.
രണ്ടാനമ്മയുടെ കീഴിൽ അച്ഛനമ്മമാരുടെ കർമ്മഫലമോ സ്വന്തം പ്രവൃത്തി പരിപാകമോ അല്ല , വ്യാഖ്യാനിക്കാൻ വയ്യാത്ത മറ്റെന്തോ ഒന്നാണ്‌ ജീവിതത്തിൽ സുഖദുഃഖ വിതരണം ചെയ്യുന്നതെന്ന്‌ പാറുക്കുട്ടിക്കു ബോധ്യമായി. ജീവിതം തനി നരകമായി അവൾക്കനുഭവ്പ്പെട്ടു. എന്നിട്ടും, ആത്മഹത്യ ചെയ്തു രക്ഷപ്പെടാമെന്നൊന്നും അവൾ ചിന്തിച്ചതേയില്ല. ചിറ്റമ്മയുടെ ശകാരാഗ്നി തട്ടിയാൽ ആദ്യമാദ്യം വാടിക്കൊണ്ടിരുന്ന അവൾ ക്രമേണ എത്ര കഠിനമായ പെരുമാറ്റത്തിലും നിർവ്വികാരയായിരിക്കാൻ ശീലിച്ചു.
ഒടുവിൽ എന്തും സഹിക്കാനവൾ പഠിച്ചു. നൈമിഷികങ്ങളായ സുഖങ്ങൾ പോലും. അതുകൊണ്ടാണവൾ ജീവിച്ചതും , അവളുടെ ശരീരം വളർന്നുകൊണ്ടിരുന്നതും.
അച്ഛൻ മരിച്ച്‌ അഞ്ചാറു വർഷം കഴിഞ്ഞപ്പോൾ, രണ്ടാനമ്മ സ്വന്തം വീടിന്റെ എതിർവശത്തൊരു പറമ്പു വാങ്ങി അവിടെ ഒരു കെട്ടിടം പണി തൂടങ്ങി. അവരുടെ ഒരിളയ സഹോദരനായിരുന്നു ആ ഉദ്യമത്തിലവർക്കു സഹായി. അതുകൊണ്ടയാളും ആ വീട്ടിൽ താമസമാക്കി. അതോടെ  പാറുക്കുട്ടിയുടെ കഷ്ടപ്പാടുകൾക്കു കൂട്ടുകാർ കൂടുതലുണ്ടായി.കെട്ടിടം പണി തീർന്നു. ആ വീട്ടിൽ ഒരു മുൻസിഫും കുടുംബവും താമസം തുടങ്ങുകയും ചെയ്തു.
പാറുക്കുട്ടിക്കു പതിനേഴു വയസ്സു തികയുന്ന ഒരു ജന്മ നാളായിരുന്നു അന്ന്‌. അന്നേ ദിവസം അവൾക്കാഹാരം കിട്ടിയിട്ടേയില്ല. സന്ധ്യയായപ്പോൾ അവളുടെ ദേഹം ക്ഷീണിച്ചു തളർന്നു. അവൾ വീടിന്റെ പടിഞ്ഞാറെ തിണ്ണയിലിരുന്ന്‌ അച്ഛനെ വിചാരിച്ച്‌ കരയാൻ തൂടങ്ങി.
അടുത്ത വീട്ടിലെ മതിലിങ്കൽ മൂന്നാലു കുട്ടികൾ കൂടി നിന്ന്‌ . “ ദേ ഇങ്ങോട്ടു നോക്കൂ. ഇങ്ങോട്ടു നോക്കൂ” എന്നു വിളിച്ചു ലഹള വെയ്ക്കുന്നതു കേട്ട്‌ അവളങ്ങോട്ടു നോക്കി. ആ കുഞ്ഞുങ്ങളുടെ പുറകിൽ അവരുടെ  മുത്തശ്ശി നിന്നിരുന്നു. ദയാവൃദ്ധയായ ആ സ്ത്രീ അവളോടു പറഞ്ഞു, “ കരയാതെ നീയിങ്ങെണീറ്റിവിടെ വാ. ഞാൻ നിനക്കു വേണ്ടതു തരാം.”
അതേ, അവർ അവൾക്കു വേണ്ടതെല്ലാം കൊടുത്തു . ആഹാരം അവളുടെ ശാരീരികാവശ്യം മാത്രമായിരുന്നു. വേറൊന്ന്‌ അവൾക്കു വേണമായിരുന്നു; സ്നേഹം , വാത്സല്യം- സ്നേഹത്തിന്റേയും ഹൃദയത്തിന്റേയും ആവശ്യം .അതും അവൾക്കവിടെ നിന്നും കിട്ടി.അവളുടെ സ്ഥാനത്തു മറ്റൊരാളായിരുന്നെങ്കിൽ പറഞ്ഞേനെ, ആശാപ്രാപ്തിയുടെ അനന്തരഫലങ്ങൾ തീരെ അനാശാസ്യ ങ്ങളാണെന്ന്‌. പക്ഷേ, വിശന്നു വലയുമ്പോൾ വിഷം കലർന്ന ചോറാണ്‌ ഭക്ഷിക്കാൻ കിട്ടിയതെങ്കിൽ അതു കഴിച്ചു മരിച്ചുപോയാൽ തന്നെ എന്ത്‌? വയറു വീർത്ത ആനന്ദത്തിൽ മരണത്തിന്റെ വേദന മങ്ങിപ്പോവുകില്ലേ? എന്നൊക്കെ ആയിരുന്നു പാറുക്കുട്ടിയുടെ ചിന്താഗതി. ..
ആ വീട്ടിൽ മുൻസിഫ്‌ , ഭാര്യ, മൂന്നു കുട്ടികൾ മുൻസിഫിന്റെ അനുജനൊരു വക്കീൽ, അവരുടെയെല്ലാം  അമ്മ, രണ്ടുമൂന്നു വേലക്കാർ, ഇത്രയും ആളുകൾ ഉണ്ടായിരുന്നു. ഒരു ദരിദ്ര ഗേഹത്തിൽ ജനിച്ചു വളർന്ന്‌ ഭർത്തൃഭാഗ്യത്താൽ മാത്രം സമ്പന്നയായിത്തീർന്നതാണ്‌ ആ  അമ്മ. അതുകൊണ്ടവർ ദരിദ്രജനങ്ങളിൽ ദയാവതിയായിരുന്നു.
കുഞ്ഞുങ്ങളുടെ  പരിചര്യയായിരുന്നു പാറുക്കുട്ടിയുടെ ജോലി. വല്ലപ്പോഴും മുണ്ടടിച്ച്‌ നനയ്ക്കുകയും, തൂത്തുവാരുകയും വേണം. കാലത്തും വൈകീട്ടും അമ്മ്യ്ക്കു പൂജാപുഷ്പങ്ങൾ ശേഖരിക്കുന്നതും അവൾക്കേറ്റവും ഇഷ്ടപ്പെട്ട ഒരു ജോലിയായിരുന്നു. പകൽ മുഴുവൻ അവൾ ആ വീട്ടിൽത്തന്നെ കഴിച്ചുകൂട്ടും. രാത്രി മാത്രം സ്വന്തം വീട്ടിൽ ചിറ്റമ്മയുടേയും സഹോദരന്റേയും ശകാരവാക്കുകൾ വിരിച്ചുകൊടുക്കുന്ന ശയ്യയിൽ കിടന്നവളുറങ്ങും. അയൽവീട്ടിൽ വേലയ്ക്കു പോയി കുടുംബത്തി നപമാനം വരുത്തിവെയ്ക്കുന്ന ആ പെണ്ണിനെപ്പറ്റി അവർക്കു രണ്ടു പേർക്കും വളരെയധികം പറയാനുണ്ട്‌.പക്ഷേ, പകലത്തെ സ്മരണകൾകൊണ്ടു കവചിതമായ അവളുടെ ഹൃദയത്തെ വേദനിപ്പിക്കാൻ ആ വാക്‌ശരങ്ങൾക്കത്ര കഴിഞ്ഞിരുന്നില്ല.
അങ്ങനെ പാറുക്കുട്ടിയുടെ ഇരുളടഞ്ഞ ജീവിതത്തിൽ പ്രകാശം വീശി.
പെട്ടെന്ന്‌ മുൻസിഫിനു സ്ഥലമാറ്റം ഉണ്ടായി. അദ്ദേഹം ഭാര്യയും, കുഞ്ഞുങ്ങളും ഭ്ര്ത്യയുമായി   അവിടം വിട്ടു പുതിയ ജോലിസ്ഥലത്തേക്കു പോയി. .വക്കീലിനവിടെ നല്ല വരുമാനം കിട്ടിയിരുന്നതുകൊണ്ട്‌ അവിടം വിടാൻ സമ്മതമായിരുന്നില്ല. ഇളയ മകന്റെ ഇഷ്ടം എതിർക്കാൻ അമ്മയും ഒരുമ്പെട്ടില്ല.
അവരുടെ രണ്ടുപേരുടേയും ശുശ്രൂഷയ്ക്കു പാറുക്കുട്ടി മാത്രം മതിയെന്ന്‌ അമ്മ നിശ്ച്ചയിച്ചു. അമ്മയുടേയും, മകന്റേയും സകല കാര്യങ്ങളും പാറുക്കുട്ടി     നന്ദി നിറഞ്ഞ കൊച്ചുകൈകളില്‍  കൂടെ കടന്നപ്പോൾ പൂർവ്വാധികം ഭംഗിയായി നടന്നു.
ചിങ്ങമാസം അഷ്ടമിരോഹിണി നാൾ സന്ധ്യയ്ക്ക്‌ വക്കീൽ ആഫീസിൽ നിന്നു വന്നു കാപ്പികുടി കഴിഞ്ഞു നടക്കാനിറങ്ങുകയായിരുന്നു. കുളി കഴിഞ്ഞു നീണ്ട തലമുടി തുമ്പിൽ കെട്ടിയിട്ട്‌ അലക്കിയെടുത്ത ഒന്നരയും മുണ്ടുമുടുത്ത്‌ ഒരു ഇളം  നീലജാക്കറ്റുമിട്ട്‌ എതിരെ വന്ന പാറുക്കുട്ടി അയാളെ ആകർഷിച്ചു. ചെമ്പരത്തി, ശംഖുപുഷ്പം ,അന്തിമന്ദാരം, തുളസി, മുല്ല, പവിഴമല്ലി ഇങ്ങനെ പലതരം പൂക്കൾ നിറഞ്ഞ  ഒരു താലം അവൾ കൈയ്യിൽ വെച്ചിട്ടുണ്ട്‌.പതിനേഴു വയസ്സിന്റെ യൗവ്വനം, നിസ്സർഗ്ഗസുന്ദരമായ ഭാവം, അവർ കോണിപ്പടിയിൽ വെച്ചു കണ്ടുമുട്ടി.
കുനിഞ്ഞ്‌ ആദരപൂർവം ഒരറ്റം പറ്റി ഒതുങ്ങിപ്പോവുകയായിരുന്നു അവൾ. അപ്പോഴത്തെ ഹൃദയപ്രേരണകൊണ്ട്‌ എന്തെങ്കിലും ചോദിക്കാൻ വേണ്ടി അയാൾ ചോദിച്ചു; അമ്മയെവിടെ?
അവൾ കോണികയറൽ നിർത്തി തിരിഞ്ഞു നിന്നു പറഞ്ഞു,“അമ്മച്ചി കുളിക്കുന്നു”
അയാൾ തിരിയെ രണ്ടു പടി കയറി അവളുടെ സമീപം ചെന്നു താലത്തിൽ നോക്കി ക്കൊണ്ടു ചോ ദിച്ചു: ഇന്നിത്ര വളരെ പൂക്കളെന്തിന്‌? എന്തെങ്കിലും വിശേഷമുണ്ടോ?
അവൾ തലയുയർത്തി അയാളുടെ മുഖത്തു നോക്കി. “അഷ്ടമി രോഹിണിയല്ലേ ഇന്ന്‌? ഇത്രയും പൂക്കൾ തന്നെ പോരെന്ന്‌ അമ്മച്ചി പറയുമായിരിക്കും.
പൂക്കളുടെ പരിമളമോ , അതു വെച്ചിരുന്നവളുടെ വിലാസമോ അയാളെ പിടിച്ചു നിർത്തി. അഷ്ടമിരോഹിണിക്ക്‌ ആരെയാണ്‌ പൂജിക്കേണ്ടതെന്നറിയാമോ ?
കൊച്ചെജമാനന്റെ അന്നത്തെ മട്ടു കണ്ട്‌ പാറുക്കുട്ടിയുടെ മുഖത്തു വിസ്മയം ഉദിച്ചു. ഹൃദയത്തിൽ ഒരാനന്ദവും. അവൾ പറഞ്ഞു,” അറിയാം, ശ്രീകൃഷ്ണന്റെ ജന്മനാളാണിന്ന്‌. ശ്രീകൃഷ്ണന്‌ ചാർത്താനാണ്‌ ഞാനീ പൂക്കളെല്ലാം പറിച്ചുകൊണ്ടു പോകുന്നതും. “
ഗോപാലൻ നായർ കുറേക്കൂടെ അവളുടെ അടുത്തേക്കു നീങ്ങി. ”എന്നാലാ ജോലി നടക്കട്ടെ“. ശ്രീകൃഷ്ണന്റെ പേരുകാരനല്ലെ ഞാൻ?
എന്നെ പൂജിച്ചോളു. പൂക്കൾ എനിക്കു വലിയ ഇഷ്ടമാണ്‌.
പാറുക്കുട്ടി അനങ്ങാൻ വയ്യാതെ അമ്പരന്നു നിന്നു. ഇതെന്തു കൂത്ത്‌? അമ്മച്ചി ഇതെങ്ങാനും കണ്ടാൽ? അവൾ പറഞ്ഞു.”ഇഷ്ടമുള്ള പൂവെടുത്തുകൊള്ളണം. പൂജയ്ക്കൊരുക്കാൻ നേരമായി.
കടലാസുക്കെട്ടുമായി കഴിയുന്ന എനിക്കു പൂവിന്റെ ഗുണം വല്ലതുമറിയുമോ ? അവളുടെ അമ്പരപ്പ്‌ അയാളെ വളരെ രസിപ്പിച്ചു. “നല്ല പൂ നീ തന്നെ എടുത്തു തരൂ.”
അമ്മ കാണാതെ   എങ്ങനേയും അവിടെ നിന്നു രക്ഷപ്പെട്ടാൽ മതിയെന്നായിരുന്നു പാറുക്കുട്ടിയുടെ പ്രാർത്ഥന. ഒരു പക്ഷേ അവളുടെ യൗവനം മറിച്ചും പ്രാർത്ഥിച്ചിരിക്കാം. അവൾ കുറേ പവിഴമല്ലിപ്പൂവും, മുല്ലപ്പൂവും കൈയിൽ വാരി നീട്ടിപ്പിടിച്ചുകൊണ്ടു പറഞ്ഞു ഇതാ വാങ്ങിക്കണം.
അയാൾ കൈ നീട്ടി പൂവു വാങ്ങിക്കാനല്ല .പൂവില്ക്കുന്ന കൈയിൽ പിടിക്കാൻ . വല്ലാത്തൊരു സംഭ്രമം അവളെ ബാധിച്ചില്ലെന്നില്ല. പക്ഷേ, അതിനേക്കാൾ കവിഞ്ഞ മറ്റൊരപരിച്ഛേദ്യാനന്ദാനുഭൂതിയാൽ അവളുടെ കൈയിൽ നിന്നും താലം തറയിൽ കമിഴ്ന്നു വീണു.
അമ്മയുടെ കാലൊച്ച ദൂരെ കേൾക്കുന്നെന്ന്‌ തോന്നിയപ്പോൾ അയാൾ പറഞ്ഞു;“ അമ്മ വരുന്നു. ഈ പൂവൊക്കെ തൂത്തുവാരിക്കൊണ്ടു വേഗം പൂജാമുറിയിലേക്കു പൊയ്ക്കൊള്ളു.
അഷ്ടമി രോഹിണിയാകയാൽ അന്നു പൂജാസമയം വളരെ നേരം നീണ്ടു നിന്നു. എന്നും ശ്രീകൃഷ്ണസന്നിധിയിൽ പ്രവേശിച്ചാൽ പിന്നെ പാറുക്കുട്ടിയുടെ  ചിത്തത്തിൽ ആ വേണുഗോപാലന്റെ ചിത്രമല്ലാതെ മറ്റൊന്നും കാണാറില്ല. അന്നാകട്ടെ, എത്രയൊക്കെ ശ്രമിച്ചിട്ടും ശ്രീകൃഷ്ണന്റെ ചിത്രത്തിനു പകരം “ശ്രീകൃഷ്ണന്റെ പേരുകാരന്റെ” രൂപമാണ്‌ അവളുടെ മുമ്പിൽ പുഞ്ചിരിക്കൊണ്ടു നിന്നത്‌. രോമാഞ്ചമണിഞ്ഞ ശരീരത്താൽ സാഷ്ടാംഗമായി നമസ്ക്കരിച്ചുകൊണ്ട്‌ , അന്നാദ്യമായി പുരുഷസ്പർശനമനുഭവിച്ച കൈകൾ മാറത്തു ചേർത്തു പിടിച്ചു. നിസ്വാർത്ഥയായ ആ ബാലിക പ്രാർത്ഥിച്ചു,“ ഭഗവാനേ അദ്ദേഹത്തെ വലിയ ആളാക്കി ഉയർത്തണേ. അദ്ദേഹത്തിനുപകാരമല്ലാതെ ഉപദ്രവമൊന്നും ഞാൻ നിമിത്തമുണ്ടാകാൻ ഇട വരരുതേ”.
അവളുടെ പ്രാർത്ഥന ശ്രീകൃഷ്ണൻ കേട്ടു. പക്ഷേ, തീരെ അപ്രതീക്ഷിതമായൊരു രീതിയിൽ. അന്നു നേരം വെളുക്കന്നതിനു മുമ്പേ അമ്മയ്ക്കവിടം വിടേണ്ടി വന്നു. മുൻസിഫിന്റെ മൂത്ത കുഞ്ഞിനു സുഖക്കേടു കൂടുതലായതുകൊണ്ട്‌ ഉടൻ ചെല്ലണമെന്നായിരുന്നു കമ്പി.
വളരെ വേഗം അവർ യാത്രയ്ക്കൊരുങ്ങി. പോകാറായപ്പോൾ അവർ പാറുക്കുട്ടിയെ അടുത്തു വിളിച്ചു പറഞ്ഞു;“എനിക്കിനി എപ്പത്തിരിയെ വരാൻ സാധിക്കുമെന്ന്‌ ഒരു തീർച്ചയുമില്ല. ഞാൻ വരുന്നതു വരെ ഗോപിയെ പട്ടിണിയിടാതെ നീ തന്നെ നോക്കിക്കോ. ഞാനല്ലാതെ ആരു വെച്ചു വിളമ്പിയാലും അവനു പിടിക്കൂല്ല. എന്നാലും നിന്നെ കുറേ തൃപ്തിയാണ്‌. പകലത്തെ ജോലിയെല്ലാം കഴിഞ്ഞു രാത്രി അധികം ഇരുട്ടും മുമ്പേ അവനത്താഴം കൊടുത്ത്‌ നീയും ഉണ്ടോണ്ടു വീട്ടിൽ പൊയ്ക്കൊള്ളണം. അതിനാരും ഒന്നും പറയാനില്ല. എന്തായാലും അവന്റെ ഇഷ്ടം പോലെയൊക്കെ നീ ചെയ്തുകൊടുത്തേക്കണേ .”
ആ അവസാന വാചകത്തിന്‌ അവർ ഉദ്ദേശിച്ച അർത്ഥം എന്തായിരുന്നാലും തന്റെ അന്നപൂർണ്ണേശ്വരിയുടെ ആജ്ഞ പാറുക്കുട്ടി അക്ഷരം പ്രതി അനുഷ്ഠിച്ചു. ഗോപാലൻ നായരുടെ ഇഷ്ടങ്ങളെല്ലാം അവൾ ആത്മത്യാഗപൂർവം നിറവേറ്റിക്കൊടുത്തു. ആ കർത്തവ്യാനുഷ്ഠാനത്തിന്റെ ഫലങ്ങൾ.....
അതെ, അതനുഭവിക്കാൻ അവൾക്കു പങ്കാളിയുണ്ടായിരുന്നില്ല. വേണമെന്നവൾ തീരെ ആശിച്ചുമില്ല.
കഴിയും വേഗം തിരിയെ വരാമെന്നു പറഞ്ഞിട്ടു പോയ അമ്മയെ ഒരു മാസം കഴിഞ്ഞിട്ടും കാണാഞ്ഞപ്പോൾ പാറുക്കുട്ടിക്കു പരിഭ്രമമായി. സൗഭാഗ്യശാലിനിയായ ഒരു പെൺകുട്ടിയുടെ ഭർത്തൃസ്ഥാനത്തെത്തി ബഹുമതിയാർജ്ജിക്കേണ്ട ആളിന്റെ ശ്രേയസ്സിൽ താൻ വിലങ്ങുതടിയായി തീരാനിടയായെങ്കിലോ എന്നവൾ പേടിച്ചു. അതിനേക്കാൾ കൂടുതലായി , തനെ രക്ഷാദാത്രിയുടെ കാരുണ്യപൂർണ്ണമായ കൈകളിൽ നിന്നും അവർക്കേറ്റവും പ്രിയപ്പെട്ട മകനെ പിടിച്ചുപറിക്കുക എന്ന നന്ദി കെട്ട കർമ്മം താൻ ചെയ്തു എന്ന പേരുദോഷത്തെയായിരുന്നു അവൾക്കു പേടി. പ്രണയകോലാഹലത്തിന്നിടയിലും അവളുടെ പ്രായോഗിക ബുദ്ധി നിലയ്ക്കു തന്നെ നിന്നു. അണിയറയിലെ പ്രേമരംഗങ്ങളെല്ലാം അരങ്ങത്തു പ്രദർശിപ്പിക്കേണ്ട ദാമ്പത്യനാടകത്തിന്റെ പ്രഥമാങ്കങ്ങളാകണമെന്നില്ലെന്ന്‌ അവൾക്കറിയാമായിരുന്നു. തന്റെ മധുരാനുഭവങ്ങളുടെ ദാതാവു പോയിക്കഴിഞ്ഞാലും ആ അനുഭവങ്ങളുടെ സ്മരണകളില്ലേ തന്നെ നിർവൃതി കൊള്ളിക്കാൻ.
വക്കീലിന്റെ സാമർഥ്യം കൊണ്ടായിരിക്കണം , അവരുടെ ജീവിതത്തിന്റെ ഉള്ളുകള്ളിയെപ്പറ്റി മറ്റാരും സംശയിച്ചു പോലുമില്ല. ആ ജീവിതമങ്ങനെ നിർബാധം നടന്നുവന്നു. അന്യരുടെ മുമ്പിൽ തീരെ അകന്ന യജമാനനും   വേലക്കാരിയും. അല്ലാത്ത സന്ദർഭങ്ങളിൽ ഏക ജീവനായ കാമുകനും പ്രണയിനിയും.
അവൾക്കർഹതയില്ലാത്ത ആ ആനന്ദസ്വപ്നം അധികനാൾ നീണ്ടു നിന്നില്ല. ഒരു ദിവസം ഗോപാലൻ നായർ പാറുക്കുട്ടിയെ വിളിച്ചു ചോദിച്ചു.“ ഞാൻ പോയിക്കഴിഞ്ഞാൽ പിന്നെ നീയെന്തു ചെയ്യും?”
ആ ചോദ്യം അവളെ ഒന്നു കുലുക്കി. അവൾ നിശ്ശബ്ദം കുറേ നേരം നിന്നിട്ടു പറഞ്ഞു, “വേല ചെയ്തു ജീവിക്കും.”
“എന്നെപ്പോലെ ഈ വീട്ടിൽ ഇനി വന്നു താമസിക്കുന്നവരുടെ കീഴിൽ അല്ലെ?
പാറുക്കുട്ടി തീക്ഷ്ണമായി അയാളെ നോക്കി. അയാളുടെ സൂചന എന്തെന്നു അവൾക്കു മനസ്സിലായി. അതിനോടു ശക്തിയായ പ്രതിഷേധം അവളുടെ നോട്ടത്തിൽ പ്രോജ്ജ്വലിച്ചു നിന്നിരുന്നു. ദരിദ്രയുടെ ആത്മാഭിമാനം. അവൾ ചൊടിച്ചു കൊണ്ടു പറഞ്ഞു,”വേല ചെയ്തു ജീവിക്കണമെന്നുള്ളവർക്ക്‌ എങ്ങനേയും അതിനു സാധിക്കും. തേവിടിശ്ശിത്തൊഴിൽ ഇന്നുവരെ എന്റെ വീട്ടിൽ ആരും എടുത്തിട്ടില്ല.
പതിനെട്ടു വയസ്സു തികയാത്ത ആ പെൺകുട്ടിയുടെ ഉത്തരം അയാളെ ലജ്ജിപ്പിച്ചു. എങ്കിലും അവളുടെ ചാരിത്രപ്രതിജ്ഞ് അയാളുടെ സ്വാർത്ഥ ബുദ്ധിയെ തൃപ്തമാക്കി. അയാൾ സ്നേഹപൂർവം പറഞ്ഞു:” നിനക്കു പിഴപ്പിനു ഞാനൊരു ജോലിയുണ്ടാക്കിത്തരാം“.
ഇവിടത്തെ ശ്രീകൃഷ്ണൻ കോവിലിൽ അടിച്ചുതളി. ദേവസ്വം കമ്മീഷണറോടു ഞാനൊന്നു പറഞ്ഞാൽ മാത്രം മതി. അല്ലെങ്കിൽ അമ്മയെക്കൊണ്ടു പറയിച്ചാലും മതി. അദ്ദേഹത്തിന്റെ മകളെയാണ്‌ അമ്മയും ജ്യേഷ്ഠനും കൂടെ എനിക്കു നിശ്ച്ചയിച്ചു വെച്ചിരിക്കുന്നത്‌. എന്റെ വിവാഹം കഴിയുന്നതിനു മുമ്പേ നിന്റെ ജോലിയുടെ ഓർഡർ വരും. അതുവരെ ചിലവിനുള്ള പണം തന്നിട്ടേ ഞാൻ പോവുകയുള്ളു. അങ്ങനെ ഗോപാലൻ നായർ ആ നാടിനോടും വക്കീല്പണിയോടും യാത്ര പറഞ്ഞു. പരിഹാരമില്ലാത്ത കാര്യങ്ങളെപ്പറ്റി ചിന്തിച്ചു മനസ്സു പുണ്ണാക്കാത്ത പാറുക്കുട്ടി നിറുത്താതെ
ഏന്തിക്കരഞ്ഞു . ആ രംഗം അയാളുടെ മൃദുലഹൃദയത്തേയും വല്ലാതെ സ്പർശിച്ചു.
അയാളുടെ യാത്രാസമയം അവളുടെ ഹൃദയത്തിൽ കൃതജ്ഞതാ പ്രേമങ്ങളും കണ്ണില്‍ ചുടുബാഷ്പ്പവും തുളുമ്പി നിന്നു. ആ കണ്ണീർക്കണത്തെ വാത്സല്യപൂർവം തുടച്ചുമാറ്റിക്കൊണ്ടു നീർ നിറഞ്ഞ  നയനങ്ങളോടെ ഗോപാലൻ നായർ അവളുടെ ജീവിത രംഗത്തിൽ നിന്നൊഴിഞ്ഞു മാറി.
ഗോപാലൻ നായർ വാഗ്ദാനം നിറവേറ്റിയെന്ന്‌ അയാൾ പോയി ഒരു മാസം കഴിഞ്ഞപ്പോൾ വെളിവായി. നാലു മാസം കഴിഞ്ഞപ്പോൾ അയാളുടെ ദാനശീലം മറ്റൊരു തരത്തിലും വെളിക്കു വന്നു. “വക്കീലങ്ങുന്നിനെ രക്ഷിച്ച്‌ രക്ഷിച്ച്‌ എന്റെ മോളും തള്ളയായിക്കഴിഞ്ഞല്ലൊ. എന്നു രണ്ടാനമ്മ സദാപി കുത്തിക്കുത്തിപ്പറഞ്ഞതൊന്നും പാറുക്കുട്ടി വകവെച്ചില്ല.
പക്ഷേ, സ്വന്തം ജീവാമ്ശമെന്നതിനേക്കാള്‍     മറ്റെന്തിന്റേയോ ഒക്കെ സ്മാരകമെന്ന നിലയിലാണവൾ കുഞ്ഞിനെ സ്നേഹിച്ചത്‌.
അതിനു ശേഷം  പതിനെട്ട്‌ അഷ്ടമിരോഹിണിനാളുകൾ പാറുക്കുട്ടിയുടെ ഹൃദയത്തിൽ പഴയ സ്മരണകളെ പുതുക്കിക്കൊണ്ടു ജനിച്ചു മരിച്ചു. ഓരോ പുതുസംവത്സരം പിറക്കുമ്പോഴും   തിരുവോണത്തെപ്പറ്റി മറന്ന്‌ അവൾ തന്നത്താനറിയാതെ കൃഷ്ണാഷ്ടമിയെപ്പറ്റി ഓർത്തു പോവും. ആ പുണ്യദിനത്തിൽ സന്ധ്യയ്ക്കു ദീപാരാധനാസമയം ശ്രീകൃഷ്ണൻ കോവിലിൽ കൂടുന്ന ജനങ്ങൾ ഓരോരുത്തരും സ്വന്തം കാര്യങ്ങൾ പറഞ്ഞു ഭഗവാനെ അലട്ടുമ്പോൾ , മെലിഞ്ഞ കൈകൾ കൂപ്പി സ്വയം വിസ്മൃതയായി നില്ക്കുന്ന ആ പാവപ്പെട്ട പ്രായോഗിക ബുദ്ധിയില്ലാത്ത സ്ത്രീയിൽ നിന്നു മാത്രം സ്വാർത്ഥം ത്യജിച്ച ഒരു പ്രാർത്ഥന അദ്ദേഹത്തിനു കേൾക്കാൻ സാധിക്കു. അതൊരൊറ്റ പ്രാർത്ഥനയെ  അന്നവർക്കുള്ളു. തന്റെ തന്തയില്ലാത്ത  കുഞ്ഞിന്റെ ജന്മദാതാവിനു ജീവിച്ചിരിക്കുന്നെങ്കിൽ സമസ്ത സുഖവും മരിച്ചുപോയെങ്കിൽ സ്വർഗ്ഗാധിവാസവും കൊടുക്കാൻ സർവശക്തനു കഴിവുണ്ടാകണേയെന്ന്‌.
ഇന്നു പ്രഭാതത്തിലും ആ സ്മരണകളോടെയാണ്‌ പാറുവമ്മ ഉറക്കമെണീറ്റത്‌. അവരുടെ ഹൃദയത്തിൽ ആ പ്രാർത്ഥന തന്നെ പൊങ്ങിനില്ക്കുകയും ചെയ്തു. പക്ഷേ, ശ്രീകാര്യക്കാരന്റെ വരവ്‌ അതിനെയല്ലാം ഒരിക്കലുമില്ലാത്തവിധം തകിടം മറിച്ചു.
പാറുവമ്മയ്ക്കു പലതും മനസ്സിലായില്ല. തന്റെ പ്രണയസുഖങ്ങൾക്കു സാക്ഷി നിന്ന വീട്ടിൽ വെച്ച്‌ അതിന്റെ പ്രാരംഭദിനത്തിന്റെ വാർഷികമുഹൂർത്തത്തിൽ തന്നെ മകൾക്കിങ്ങിനെയൊരു ദുരിതാനുഭവത്തിന്നിടയാകുന്നതെന്തുകൊണ്ട്‌? ഈശ്വര ശിക്ഷയോ?
ആ വീട്ടിൽ വെച്ചു തനിക്കുണ്ടായ അനുഭവങ്ങൾ പാറുവമ്മ സ്മരിച്ചു. അന്നു തന്റെ മുമ്പിൽ ഏറ്റവും ആനന്ദസുന്ദരമായ , മനം മയക്കുന്ന , ഒരു പുതിയ ലോകം അപ്രതീക്ഷിതമായി തുറക്കപ്പെട്ടു. വളരെ വേഗം ആ ലോകം അടച്ചുപൂട്ടി താക്കോലുമെടുത്തുകൊണ്ട്‌ അതിന്റെ ഉടമസ്ഥൻ സ്വന്തം ജീവിതയാത്ര തുടർന്നുകളഞ്ഞു. പക്ഷേ, അന്നനുഭവിച്ചതൊന്നും ഇന്നും സ്മരണയിൽ നിന്നു മറഞ്ഞിട്ടില്ല. നേരെ മറിച്ച്‌ മകളുടെ സ്ഥിതിയോ? കാലത്തിന്റെ കാറ്റേറ്റ് ആറിപ്പോകുന്ന അപവാദത്തിന്റെ കാര്യം പോകട്ടെ. അന്നൊരു ദിവസത്തേക്കു മാത്രമായി ഏതോ ഒരാളിന്റെ , അയാൾ ചക്രവർത്തി തന്നെ ആയാൽ എന്ത്‌?
വിരുന്നാകാൻ വേണ്ടി കന്യകാത്വം നശിപ്പിക്കപ്പെടുക! അതിൽ സ്ത്രീത്വത്തെ സംതൃപ്തിപ്പെടുത്തുന്ന സ്മരണകളില്ല. ഹൃദയത്തെ  അന്യചിന്തകളിൽ നിന്നു പിടിച്ചു നിർത്തുന്ന സ്നേഹബന്ധമില്ല.
മരണത്തിനു ശേഷം മാത്രം മറവിക്കു കീഴടങ്ങുന്ന ഓർമ്മകളെ കൊണ്ടു സദാപി രക്തമൊഴുകുന്ന ഒരു ജീവിതം പാറുവമ്മ തന്റെ മുമ്പിൽ കണ്ടു. ആ നീണ്ട പിടച്ചിൽ!
പെട്ടെന്നു പുതിയൊരാലോചന അവരുടെ ബുദ്ധിയിൽ മിന്നിത്തിളങ്ങി. മാതൃത്വത്തിന്റെ മൃദുലത്വത്തിനു ചേരാത്തൊരു ചിന്ത. രക്തമൊഴുകി പിടയ്ക്കുന്ന മകളുടെ ശരീരം അവർ സങ്കല്പ്പത്തിൽ കണ്ടു. അതിലുമുണ്ട്‌, നീറ്റലും പിടച്ചിലും. പക്ഷേ, നിമിഷനേരത്തേക്കു മാത്രം. അതു കഴിഞ്ഞാൽ അഭയസ്ഥാനം? കൊലപാതകം ശിക്ഷിക്കപ്പെടാതെ പോകുമോ? ചെമന്ന തൊപ്പി വെച്ച കാലകിങ്കരന്മാർ; ഇരുമ്പുkaകാപ്പനീ ഞ്ഞ കൈകൾ; ഇരുളടഞ്ഞ കാരാഗൃഹത്തിലെ കരിങ്കല്ലറ; നീണ്ട കരിങ്കുപ്പായമിട്ട വാഗ്മികൾ നിറഞ്ഞ ന്യായാധിപസങ്കേതം അതിനപ്പുറം? പലതും പാറുവമ്മ മനസാ കണ്ടു. പക്ഷേ, ഏതു കഷ്ടതയും നിസ്സാരമായി തോന്നാനുള്ള പരിശീലനമാണ്‌ രണ്ടാനമ്മ തന്നത്‌.
ലക്ഷ്മിക്കുട്ടി കുളി കഴിഞ്ഞ്‌ , നീണ്ട തലമുടി തുമ്പിൽ കെട്ടിയിട്ട്‌ ഒരു താലം നിറയെ പൂക്കളുമായി അമ്മയുടെ അടുത്തു ചെന്നു. ദിവാസ്വപ്നത്തില്‍  ലയിച്ച അമ്മയെ ഒന്നു കുലുക്കിയിട്ടവൾ പറഞ്ഞു:
“അമ്മാ അമ്പലമെല്ലാം തൂത്തുതളിച്ചിട്ടാണ്‌ ഞാൻ കുളിക്കാൻ പോയത്‌. ഇന്നിനി അമ്പലത്തിൽ
ചെല്ലേണ്ടെന്ന്‌ ശ്രീക്കാരങ്ങുന്നു പറഞ്ഞു ; കേട്ടൊ അമ്മാ, കമ്മീഷണരെജമാനനും രണ്ടു മക്കളും കൂടെ അമ്പലത്തിൽ വന്നിരുന്നു. അതുപോലത്തെ പെൺകുട്ടികളെ നമ്മൾ കണ്ടിട്ടില്ലമ്മാ. അച്ഛന്റെ ഛായയേയില്ല. അവരുടെ സാരിയും, പാവാടയും, ഉരുപ്പിടികളും എല്ലാം കൂടെ കിടന്നൊരു തിളക്കം തന്നെ. കണ്ണഞ്ചിപ്പോകും നോക്കിയാൽ. അവരുടെ തലയിൽ പൂ വെച്ചു കൊടുക്കാന്‍  ശ്രീക്കാര്യക്കാരങ്ങുന്നു പറഞ്ഞു. ഇതാ നോക്കണം, കമ്മീഷണരെജമാനന്റെ ഇത്ര അടുത്തു നിന്നാണ്‌ ഞാൻ പൂ വെച്ചു കൊടുത്തത്‌.”
പാറുവമ്മ നിർന്നിമേഷം മകളെ നോക്കി. ശ്രീകാര്യക്കാർ അവളെക്കൊണ്ടാ ജോലി ചെയ്യിച്ചതെന്തിനെന്ന്‌ അവർക്ക്` തോന്നി. പാവപ്പെട്ട പെൺകുട്ടി! നിസ്സഹായ കുടുംബത്തില്‍  ഒരു ജീവി പെണ്ണായി പിറക്കുന്നതേതേതിനാണെന്ന്‌ എന്തു ഭാഗ്യത്താലോ ഇതുവരെ അവള്‍ക്കറി യേണ്ടി വന്നില്ല. പാറുവമ്മ പറഞ്ഞു; നീ വേഗം മാല കെട്ട്‌. വിളക്ക്‌ കത്തിക്കാറായി.“
ലക്ഷ്മിക്കുട്ടി ഈറൻ മാറാതെ അമ്മയുടെ ആജ്ഞ അനുസരിക്കാൻ പോയി. പാറുവമ്മ അരിയുടെ വേവു നോക്കാതെ കലമെടുത്ത്‌ ഉറിയിൽ വെച്ചിട്ടു പടിഞ്ഞാറു പുറത്തിറങ്ങി എതിർ വീട്ടിലേക്കു നോക്കി.
അമ്പലത്തിൽ ദീപാരാധനയ്ക്കു സമയമായിട്ടുണ്ട്‌. ആ വീട്ടിൽ സര്‍വ്വാഭരണവിഭൂഷിതകളായ രണ്ടു പെൺകുട്ടികൾ വേഷത്തിന്‌ അവസാന മിനുക്കു കഴിക്കുകയാണ്‌. എന്തൊരു സൗഭാഗ്യസമ്പൂർണ്ണമായ ജീവിതമാണവരുടേത്‌. ! ലക്ഷ്മിക്കുട്ടി ഊഹിച്ചതു പോലെ അമ്മയുടെ അസ്സല്പ്പകർപ്പായിരിക്കാം അവർ. ഇതു പോലെ സമസ്ത സുഖവും തുളുമ്പി നില്ക്കുന്ന ഒരു ഗൃഹത്തിന്റെ ഉടമസ്ഥനായിരിക്കാം ലക്ഷ്മിക്കുട്ടിയുടെ ജനയിതാവും......പാറുവമ്മ ക്ഷേത്രാഭിമുഖമായി നിന്നു കണ്ണടച്ചു കൈകൂപ്പി. ഹൃദയം പൂർവകാലസ്മരണകളെ ഭഗവൽപാദത്തിൽ കാഴ്ച്ച വെച്ചു. 
ചാണകം മെഴുകിയ ചുമരിൽ ചാരി പലകപ്പുറത്തു വെച്ചിരുന്ന ശ്രീകൃഷ്ണ വിഗ്രഹത്തെ അലങ്കരിക്കുകയായിരുന്നു ലക്ഷ്മിക്കുട്ടി. അമ്പലത്തിൽ നിന്നും പൂജാസമയത്തെ ശഖ്‌നാദം പുറപ്പെട്ടുകൊണ്ടിരുന്നു. അതവളുടെ അന്തരാത്മാവിലും പ്രേമമധുരമായ ഭക്തിയുടെ തരംഗങ്ങളുണ്ടാക്കി.
തൊഴുകൈയ്യോടെയാണ്‌ മകളുടെ പുറകിൽ അവളുടെ പൂജാവിധി നോക്കിക്കൊണ്ടു പാറുവമ്മ നിന്നത്‌. എങ്കിലും അവരുടെ ചിത്തം ഭക്തിയിലേക്കു കടന്നതേയില്ല. ഒരു കാലടി ശബ്ദം കേട്ട്‌ അവർ തിരിഞ്ഞു നോക്കി. ശ്രീകാര്യക്കാരന്റെ സ്ഥൂലാകൃതി നല്ലപോലെ കണ്ടില്ലെങ്കിലും അതയാളാ​‍ണെന്നു  അവർക്കു മനസ്സിലായി. ...കുനിഞ്ഞ്‌ ,ശ്രീകൃഷ്ണന്റെ പടത്തിൽ മാലയിട്ടുകൊണ്ടു നിന്ന ലക്ഷ്മിക്കുട്ടി ”അയ്യോ“ എന്നു മുഴുമിക്കാത്ത ഒരു നിലവിളിയോടെ മറിഞ്ഞു വീണു.
ആ ചെറിയ വീടിന്റെ മുറ്റം നിമിഷത്തിനകം ആൾകൊണ്ടു നിറഞ്ഞു.
ധർമ്മസംസ്ഥാപനത്തിനും സാധുപരിത്രാണനത്തിനും വേണ്ടി അവതാരം ചെയ്തെന്നു പറയപ്പെടുന്ന ഭഗവാന്റെ കണ്ണാടിയിട്ട പടത്തിന്റെ മുമ്പിൽ ബദ്ധാഞ്ജലിയായി നിന്ന പാറുവമ്മ ആ ബഹളമൊന്നും കേട്ടില്ല. അടുത്തു രക്തമൊഴുകിക്കിടന്ന  മകളും അവരുടെ മനസ്സിനെ വ്യതിചലിപ്പിച്ചില്ല. പതിനെട്ടു കൊല്ലം മുമ്പത്തെ അഷ്ടമി രോഹിണി നാളിലേക്കു പോയി. : ശ്രീകൃഷ്ണന്റെ പേരുകാരന്റെ” രൂപം മനസ്സിൽ കാണുകയായിരുന്നു അവർ.
“കമ്മീഷണരദ്ദേഹം, കമ്മീഷണരദ്ദേഹം” എന്നു മന്ത്രിച്ചുകൊണ്ടു ആളുകൾ ഇരു വശത്തേക്കും ഒഴിഞ്ഞു മാറി. ആഗതൻ ഗംഭീരസ്വരത്തിൽ ചോദിച്ചു“ എന്താണിവിടുത്തെ സംഭവം”?
ആ ശബ്ദം പാറുവമ്മയുടെ പ്രാർത്ഥനയ്ക്കു ഭംഗമുണ്ടാക്കി. അവർ, ആ നിലയിൽ നിന്നുകൊണ്ട്‌ തല തിരിച്ചു നോക്കി.
പൊക്കം കുറഞ്ഞ മേൽക്കൂരയുടെ ഇരുമ്പു തലയിൽ തട്ടാതെ കമ്മീഷണർ വരാന്തയിൽ കയറി. ഒരു പെട്രോമാക്സ്‌ ലൈറ്റ്‌ അദ്ദേഹത്തിനൊപ്പം അവിടെ സ്ഥലം പിടിച്ചു. ഒരു പാവപ്പെട്ട വീട്ടിലെ ആപത്തന്വേഷിക്കാനിറങ്ങിയ അദ്ദേഹത്തിന്റെ ദീനാനുകമ്പയെ ആളുകൾ അകമേ സ്തുതിച്ചു. നിലത്തു കിടന്ന രക്തമണിഞ്ഞ ശരീരത്തെ ചൂണ്ടിക്കൊണ്ടദ്ദേഹം ചോദിച്ചു: ആരാണിതു ചെയ്തത്‌“?
ഭഗവ്ത്‌ ചിത്രത്തിന്‌ മുമ്പിൽ നമസ്ക്കരിച്ച ശേഷം പാറുവമ്മ അദ്ദേഹത്തിന്റെ നേരെ തിരിഞ്ഞു. മെലിഞ്ഞു സുന്ദരമായിരുന്ന ശരീരത്തെ ഉദ്യോഗപ്രൗഢി വീർപ്പിച്ചു വികൃതമായിരിക്കുന്നതവർ കണ്ടു. സ്വാഭാവികസ്വരത്തിലവർ പറഞ്ഞു,“ ഞാൻ തന്നെ”
എന്തിന്‌?
വഴി പിഴച്ചു പിഴയ്ക്കുന്നതിലും ഭേദമാണ്‌ മരണവും ജയിലും”
അവരുടെ ഭാവവും സ്വരവും അദ്ദേഹത്തിന്റെ ഹൃദയത്തെ വല്ലാതെ ചലിപ്പിച്ചു. ആ കടുംകൈക്കു ഹേതു താനാണെന്നൊരു സൂചന അതിലുണ്ടെന്നു പോലും അദ്ദേഹം സംശയിച്ചു. ഉൾക്കലക്കം പുറത്തു കാണിക്കാതെ കമ്മീഷണർ ചോദിച്ചു; നിങ്ങൾ തമ്മിലെന്തു ബന്ധം“?
ഒരു പുഞ്ചിരി പാറുവമ്മയുടെ മുഖത്തു തെളിയുന്നതായി അദ്ദേഹത്തിന്‌ തോന്നി. തന്റെ ഉദ്യോഗപദവി മറന്ന്‌ അവർ പുഞ്ചിരിക്കുന്നോ? അപ്പോഴേക്ക്‌ അവർ പറഞ്ഞു:” എന്റെ മകളാണീ കിടക്കുന്നത്`. പത്തിരുപതു കൊല്ലം മുമ്പേ ആ വീട്ടിൽ കുറച്ചു കാലം ഒരമ്മച്ചി താമസിച്ചിരുന്നു. ലക്ഷ്മിക്കുട്ടിയമ്മ എന്നായിരുന്നു അവരുടെ പേര്‌. ആ കുടുംബത്തോടെനിക്കു ഭക്തി കൊണ്ട്‌ ഞാനിവൾക്ക്‌ ആ പേരിട്ടു. 
കമ്മീഷണരുടെ മനസ്സ്‌ തന്റെ യൗവനകാലത്തേക്കു പാഞ്ഞു. അനേകമനേകം സ്ത്രീകളുടെ അവ്യക്തച്ഛായകൾക്കിടയിൽ നിന്ന്‌ പതുക്കെപ്പതുക്കെ പതിനേഴു വയസ്സായ ഒരു പെൺകുട്ടിയുടെ രൂപം തെളിഞ്ഞുയർന്നു. തീരെ ബലപ്രയോഗത്തിനിടയാക്കാതെ ആത്മാർപ്പണപൂർവം അവമാനഭീരുത വിട്ടു തന്റെ ഇച്ഛയ്ക്കു കീഴടങ്ങിയ പാറുക്കുട്ടി! ആദ്യകാലത്തൊക്കെ തന്റെ ഹൃദയത്തിൽ കൂടെക്കൂടെ അഹേതുകമായി ഉദിച്ചുയരാറുണ്ടായിരുന്ന ആ രൂപം ക്രമേണ മങ്ങി മറഞ്ഞു പോയി.
മുമ്പിൽ നിന്ന സ്ത്രീയെ കമ്മീഷണർ സൂക്ഷിച്ചു നോക്കി. തന്റെ ഊഹം തെറ്റാണെന്നദ്ദേഹത്തിനു തോന്നി. ആ തലമുടിയുടെ നീളം എത്ര കുറഞ്ഞാലും അതിങ്ങനെ“കോഴിവാൽ മുടി”യായി മാറുമോ? ആ മുഖം ഇത്ര വികൃതമാകുമോ? തന്റെ മുമ്പിൽ വെച്ച്‌ അഭിമാനപൂർവം ചാരിത്രപ്രതിജ്ഞ ചെയ്ത ആ പെൺകുട്ടിയുടെ രക്തക്കൊഴുപ്പും രൂപസൗഭാഗ്യവും എങ്ങോട്ടു പോയി?
പെട്ടെന്ന്‌ കമ്മീഷണരുടെ കണ്ണുകൾ ചോരയിൽക്കുളിച്ചു കിടന്ന ബാലികയിൽ പതിഞ്ഞു. ആമ്മയുടെ ആരോഗ്യസൗഭാഗ്യങ്ങൾ , താൻ ജീവൻ ദാനം ചെയ്ത മറ്റൊരു ജീവിയിലേക്കു പകരുകയായിരുന്നോ...അദ്ദെഹത്തിന്റെ അകം കിടുങ്ങിപ്പോയി. തന്റെ ഊഹം ശരിയാണെങ്കിൽ വൈകുന്നേരം ശ്രീകാര്യക്കാരൻ കാണിച്ചു തന്ന പെൺകുട്ടി തന്റെ ആരാണ്‌?
തെല്ലൊന്നു കമ്പിതമായ സ്വരത്തെ ഉദ്യോഗഗൗരവത്താൽ മൂടി ശ്രിപ്പെടുത്തിക്കൊണ്ടദ്ദേഹം ചോദിച്ചു,“ നിങ്ങളുടെ പേരെന്ത്‌?”
കുനിഞ്ഞു നീരിറങ്ങിയ കാൽമുട്ടു തടവിക്കൊണ്ട്‌ , പ്രശാന്തവും പാരമാർഥികവുമായ ഭാവത്തിൽ പാറുവമ്മ പറഞ്ഞു,“എന്റെ പേര്‌ പാറുവമ്മ. പണ്ടൊക്കെ എല്ലാവരും പാറുക്കുട്ടി എന്നു വിളിക്കുമായിരുന്നു. അമ്പലമടിച്ചുതളിക്കാരി പാറുവമ്മ എന്നു പറഞ്ഞാലേ ഇപ്പോഴെല്ലാവർക്കും അറിയാവൂ.