കുട്ടികൾ ടി.വി മലയാളം മാത്രം പഠിച്ചാൽ പോരാ


                                                                  സുഗതകുമാരി

പുതിയ തലമുറയിലെ കുട്ടികൾ മലയാളം പഠിക്കാൻ തയ്യാറാകാത്തതിനാൽ സ്ക്കൂളുകളെല്ലാം ഇംഗ്ളീഷ്‌ മീഡിയം ആയിക്കൊണ്ടിരിക്കുന്നു. മലയാളി മാനസികമായി മറ്റാർക്കോ അടിമപ്പെട്ടിരിക്കുകയാണ്‌. കുട്ടികൾ ടെലിവിഷനിലൂടെ മാത്രം മലയാളം അറിഞ്ഞാൽ പോരാ. ഭാഷ നശിച്ചാൽ സംസ്ക്കാരം നശിക്കും. കുട്ടികളെ മലയാളം അഭ്യസിപ്പിക്കാൻ രക്ഷിതാക്കൾ ശ്രമിക്കണം.കുട്ടികൾ മലയാളം പഠിക്കാൻ താല്പ്പര്യം കാണിക്കാത്തത്‌ വേദനാജനകം.മലയാളം നഷ്ടപ്പെട്ടാൽ മലയാളിക്ക്‌ അസ്തിത്വം ഇല്ലാതെയാകും.മറുനാട്ടിലേക്കാൾ കഷ്ടമാണ്‌ തിരുവനന്തപുരത്തെ സ്ഥിതി. മലയാളം എഴുതാനും വായിക്കാനും അറിയില്ലായെന്ന്‌ അഭിമാനത്തോടെ പറയുന്ന കുട്ടികൾ ഏറെ കേരള തലസ്ഥാനത്തുണ്ട്‌. തമിഴനും,കന്നടിഗനും, ഭാഷയോടു കാട്ടുന്ന സ്നേഹം നമുക്കില്ല. ഭാഷയെ വികലമാക്കുന്നവരിൽ ടെലിവിഷൻ അവതാരകരുടെ പങ്കും വളരെ വലുതാണ്‌. ഇത്തരം അടിമത്തങ്ങളിൽ നിന്ന്‌ മോചനം പ്രാപിക്കേണ്ട കാലം അതിക്രമിച്ചുകഴിഞ്ഞു. 

മറുനാട്ടിൽ ജീവിക്കുന്ന മലയാളികൾ തങ്ങളുടെ കുട്ടികളെ കേരളത്തിന്റെ സംസ്ക്കാരവും, തനിമയും പഠിപ്പിക്കണം. മലയാളം സംസാരിക്കുന്നത്‌ അഭിമാനത്തോടേ കാണുന്ന തലമുറയായിരിക്കണം മറുനാട്ടിലുണ്ടാകേണ്ടത്‌. നമ്മുടെ സംസ്ക്കാരങ്ങളും, പൈതൃകങ്ങളും ആർക്കും അടിമ വെക്കാനുള്ളതല്ല. പുഴകളും ,വയലുകളും,  കായലുകളും  സംരക്ഷിക്കണം. വികസനത്തിന്റെ മറവിൽ നമ്മുടെ മണ്ണ്‌ കവർന്നുകൊണ്ടുപോകാൻ വിദേശികളെ  അനുവദിക്കരുത്‌. നാട്ടിൽ വയലുകൾ നികത്തി കെട്ടിടങ്ങൾ നിർമ്മിക്കുകയാണ്‌. മദ്യവ്യവസായം,സ്ത്രീപീഡനം,ശിശുപീഡനം എന്നിവയെല്ലാം നിറഞ്ഞ കേരളത്തെക്കുറിച്ച്‌ നല്ലതൊന്നും പറയാനില്ല എന്നും കവയിത്രിയും,പരിസ്ഥിതിപ്രവർത്തകയുമായ സുഗതകുമാരി അഭിപ്രായപ്പെട്ടു. ബാംഗ്ളൂരിലെ ഓണാഘോഷങ്ങളോടനുബന്ധിച്ച്‌ കൈരളികലാസമിതിയുടെ  വേദിയിൽ സംസാരിക്കുകയായിരുന്നു അവർ. 
 "എഴുത്തും കാലവും " എന്നാ വിഷയത്തെ അധികരിച്ച് കവി പി.കെ.ഗോപി പ്രഭാഷണം നടത്തി. കൈരളികലാസമിതി പ്രസിടന്ടു എന്‍.എ.എസ്.പെരിഞ്ഞനം,സുധാകരന്‍ രാമന്തളി,സേതുമാധവന്‍ എന്നിവര്‍ പ്രസംഗിച്ചു. 

യോഗത്തില്‍ സാഹിത്യരചാനാമല്‍സരത്തി ല്‍ വിജയികളായ തങ്കച്ചന്‍ പന്തളം,ഇന്ദിരാ ബാലന്‍ ,ബ്രിജി,ഉഷാശര്‍മ്മ  എന്നിവര്‍ക്ക് ക്യാഷ് അവാര്‍ഡും ,സര്‍ട്ടിഫിക്കറ്റും ശ്രീമതി സുഗതകുമാരി,പി.കെ.ഗോപി എന്നിവര്‍ നല്കി.