നാടകാന്തം ജീവിതം

വി.എൻ.പ്രതാപൻ 

നാടകം 
                                                                  രംഗം-1
കർട്ടൻ ഉയരുമ്പോൾ രംഗത്ത്‌ ആകെ കനത്ത ഇരുട്ട്‌. സാവധാനത്തിൽ വെളിച്ചം തെളിഞ്ഞ്‌ തെളിഞ്ഞ്‌ വരുന്നു---- വെളിച്ചം തെളിയുമ്പോൾ രംഗത്ത്‌ പിന്‍കര്‍ട്ടന്നു മുന്നിലായി ഒരു ഡസ്ക്ക്‌. ഡസ്ക്കിൽ നീണ്ടുനിവർന്ന്‌ മലർന്നുകിടക്കുന്ന ഒരു മനുഷ്യൻ-- അതിനു മുന്നിലായി മൈക്കിനു മുന്നിൽ നിശ്ച്ചലനായി, നിശ്ശബ്ദനായി നിൽക്കുന്നഒരാൾ.----- ഒരു മിനുട്ട്‌ നിശ്ശബ്ദതക്കുശേഷം മൈക്കിനു മുന്നിലെ ആൾ ശബ്ദിക്കാനും ചലിക്കാനും തുടങ്ങുന്നു. ---

സംവിധായകൻ :
 ഞാൻ സംവിധായകൻ ---നാടകം ഇവിടെ പൂർണ്ണമായിരിക്കുന്നു. കാണികളായ നിങ്ങൾക്കിനി പിരിഞ്ഞുപോകാം. ദുരന്തനാടകം, ശുഭാന്തനാടകം എന്ന വേർതിരിവുകളൊക്കെ അലിഞ്ഞുപോയ ഒരു കാലഘട്ട ത്തിൽ ഈ നാടകത്തിന്റെ അന്ത്യം ഇതാ ഇങ്ങിനെ (പുരകിലേക്ക്  വിരൽ ചൂണ്ടുന്നു) നാടകം തീർന്നു. നടികളും നടന്മാരുമെല്ലാം വേഷമഴിക്കുകയാണ്‌. എന്നാൽ നായകൻ മാത്രം എണീക്കു ന്നില്ല. ഉറങ്ങുകയാണെന്നു തോന്നുന്നു. ഞാനൊന്നു വിളിച്ചുനോക്കട്ടെ--- (ഒരു നിമിഷം ആലോചന യോടെ) നാടകത്തിലെ പേര്‌ വിളിക്കണൊ, ജീവിതത്തിലെ പേര്‌ വിളിക്കണൊ ---- (പെട്ടെന്ന്‌) അല്ലെങ്കിൽ വേണ്ട. അവർ ഉറങ്ങിക്കൊള്ളട്ടെ. ഉണർന്നെണീട്ടാൽ പ്രതിഫലം ചോദിക്കും. എന്റെ പോക്കറ്റാണെങ്കിൽ കാലി. ഒറ്റ പൈസയില്ല. ഉള്ളത്‌` കുറച്ച്‌ കടലാസ്സുതുണ്ടുകൾ മാത്രം------ ഞാൻ അടുത്ത കളരിയിലേക്ക്‌ നീങ്ങട്ടെ.വിശക്കുന്നു.

                                             (രംഗം ഇരുളുകയും തെളിയുകയും ചെയ്യുന്നു)
ഇപ്പോൾ രംഗത്ത്‌ ഡസ്ക്കും, ഡസ്ക്കിൽ കിടക്കുന്ന മനുഷ്യനും മാത്രം-- മുന്നേപോലെ ചലനരഹിതം.അണിയറയിൽ നിന്ന്‌ സ്റ്റേജിന്റെ ഇടതുവശത്തുകൂടെ തിരക്കിട്ട്‌ ഒരാൾ കടന്നുവരുന്നു .--(സൗകര്യത്തിനു
വേണ്ടി അയാളെ "എ" എന്നു വിളിക്കാം. പിന്നീട്‌ വരുന്ന മൂന്നുപേരെ" ബി" എന്നും" സി" എന്നും" ഡി" എന്നും വിളിക്കുന്നു)

എ, ഒരു നിമിഷം ഡസ്ക്കിലെ മനുഷ്യനെ നോക്കിനിൽക്കുന്നു. പിന്നീട്‌ അരികിലേക്ക്‌ നീങ്ങി ഒരു നിമിഷം നാഡി പിടിച്ച്‌ കാതോർക്കുന്നു.എ: (കാണികൾക്കു നേരെ തിരിഞ്ഞ്‌)
എ:
ഇതൊരു സ്വാഭാവികമരണമാണെന്നു തോന്നുന്നു. --ഹാർട്ട്‌ അറ്റാക്ക്‌--ആരാണിയാൾ? എവിടെ നിന്നു വരുന്നു?ഈ മനുഷ്യന്‌ എങ്ങിനെ  ഇതു സംഭവിച്ചു? എന്ന്‌ ഒന്നന്വേഷിച്ചു നോക്കാം.
 ( സ്റ്റേജിന്റെ മറുഭാഗത്തുകൂടി അണിയറയിലേക്ക്‌ പോകുന്നു.ഇപ്പോൾ ബി കടന്നുവരുന്നു. എ യുടെ ചലനങ്ങളുടെ ആവർത്തനം --- നാഡി പരിശോധിക്കുന്നു. കാണികൾക്കു നേരെ തിരിയുന്നു) 

ബി :
ഇതൊരാത്മഹത്യയാണെന്നു തോന്നുന്നു. വലിയ കഷ്ടമായിപ്പോയി. ജീവിതത്തിനോടുള്ള സ്നേഹമില്ലായ്മയുടെ കാരണം ഒന്നറിയേണമല്ലോ.                                                            

(പുറകിലേക്കു പോകുന്നു, ഇപ്പോൽ സി കടന്നുവരുന്നു. മുൻപ്‌ വന്നവരെപ്പോലെ  നാഡി പിടിച്ച്‌ നോക്കി കാണികൾക്കു നേരെ--)
സി :
ഇതൊരു കൊലപാതകമാണെന്നു തോന്നുന്നു. ആരാണിത്‌ ചെയ്തത്‌? എന്താണിതിന്റെ പിന്നിലെ നിഗൂഢതകൾ---?സത്യം തെളിഞ്ഞുവരേണ്ടതുണ്ട്‌. 
 ( പുറകിലേക്ക് പോകുന്നു, ഇപ്പോൾ ഡി കടന്നുവരുന്നു. മുൻപ്‌ വന്നവരെപ്പോലെ നാഡി നോക്കി കാണികൾക്കു നേരെ ) : 
ഡി:
ഇതൊരു അപകടമരണമാണെന്നു തോന്നുന്നു. ഏതു തരത്തിലുള്ളത്‌ ആണെന്നും എങ്ങിനെ ഇത്‌ സംഭവിച്ചു എന്നും കണ്ടെത്തേണ്ടതുണ്ട്‌.
                                                                രംഗം ഇരുളുന്നു. 
( വെളിച്ചം തെളിയുമ്പോൾ ആദ്യരംഗം പോലെ) 
 സംവിധായകൻ:
 ഞാൻ എങ്ങും പോയിരുന്നില്ല. എവിടെ പോകാൻ? എല്ലാം കണ്ടു, കേട്ടു, ഇതൊരു നാടക മാക്കാമെന്നു തോന്നുന്നു. ഒന്നെഴുതിനോക്കട്ടെ. വിജയിച്ചാൽ വിശപ്പടക്കാം. സുഹൃത്തെ താങ്കൾ ഉറങ്ങുകയാണല്ലൊ. ഉറങ്ങിക്കോളു.. .ഞാനിതെഴുതട്ടെ. (പോക്കറ്റിൽ നിന്ന്‌ കടലാസ്സും പേന യുമെടുത്ത്‌ ഒരു നിമിഷത്തെ ആലോചന. ) പക്ഷേ ഇതിന്റെ അന്ത്യം എങ്ങനെയായിരിക്കും!

                              രംഗം ഇരുളുന്നു
 ( വെളിച്ചം തെളിയുമ്പോൾ എ കടന്നുവരുന്നു) 

എ:: 
പ്രാബ്ധങ്ങൾ--- സാമ്പത്തിക വിഷമതകൾ--- കുടുംബബന്ധങ്ങളിലെ സംഘർഷങ്ങൾ ---ശത്രുത കൾ--അപവാദങ്ങള്‍ ...
---പരിഹാസങ്ങൾ--- എല്ലാം ഇയാൾക്ക് താങ്ങാവുന്നതിലധികമായിരുന്നു. --- പാവം--ഈ മദ്ധ്യവയസ്സിൽത്തന്നെ---ദുർബലഹൃ
ദയൻ--!

( എ പുറകിലേക് പോകുന്നു, ബി കടന്നുവരുന്നു

ബി :
അതെ അതുതന്നെ. തീർത്താൽ തീരാത്ത കടബാദ്ധ്യതകൾ,,, പലിശ, പണയം,  ഭീഷണി, കോടതി---, ജപ്തി ഒരു കുടും ബത്തെ തെരുവിലിറക്കി ഇയാൾ സ്വയം--
 (ബി പോകുന്നു, സി കടന്നുവരുന്നു.)
സി:
ഇയാളുടെ പക്കൽ എന്തെങ്കിലും ഉണ്ടായിരുന്നിരിക്കാം.പൊന്ന്‌, പണം, അതായിരിക്കുമോ കാരണം! അതല്ലെങ്കിൽ അറിയപ്പെടാത്ത കാരണത്താൽ ആർക്കെങ്കിലും വേണ്ടി ഒരു വാടകക്കൊലയാളി..

( സി പോകുന്നു, ഡി കടന്നുവരുന്നു)
ഡി:
പെറ്റുപെരുകുന്ന വാഹനങ്ങളിലൊന്നിൽ വീതി കൂറഞ്ഞ തെരുവിൽ ഒരു പക്ഷേ ആയിരിക്കാം അല്ലെങ്കിൽ തന്നെ പുരോഗതിയുടെ ഓരോ തിരിവിലും അപ്രതീക്ഷിതമായ അപകടങ്ങൾ പതിയിരി ക്കുന്നില്ലേ--! അതേതെങ്കിലുമാകാം--
( ഡി പോകുന്നു, രംഗം ഇരുളുന്നു.) 
(  വെളിച്ചം തെളിയുമ്പോൾ ആദ്യരംഗം പോലെ)  

സംവിധായകൻ: 
എല്ലാം ഞാൻ കേൾക്കുകയായിരുന്നു. കാണുകയായിരുന്നു. എന്നിട്ടും ഇതിന്റെ അന്ത്യം എനിക്ക്` എഴുതാനാവുന്നില്ല. കടന്നുപോയ ഈ നാലുപേരേയും വിളിച്ചിരുത്തി അഭിനയിച്ചു തീർത്ത ഈ നാടകത്തിന്റെ തുടക്കത്തിലേക്ക് ഓരോ രംഗവും പിന്നിട്ട്‌ --അതിന്ന്‍  ഇവൻ ഉണരണം. നാടകത്തിൽ ജീവിക്കുകയും ജീവിതത്തിൽ മരിക്കുകയും ചെയ്യുന്ന ഈ ലോകത്തിലേക്ക് ഞാൻ ഇവനെ വിളിച്ചുണർത്തട്ടെ---

എടാ ഗോപകുമാരാ, ഗോപാ---ഗോപാ- -വീണ്
ടും വീണ്ടും വിളിക്കുന്നു. --അനക്കമില്ല. ഓ--ഇത്‌ നാടകത്തിലെ പേരാണ്‌. ജീവിതത്തിലെ പേരൊന്ന്` വിളിച്ചുനോക്കട്ടെ. --- ധർമ്മദാസാ--ധർമ്മദാസാ --- (
അനക്കമില്ല) ഇവന്നെന്തുപറ്റി, ഉണരുന്നില്ലല്ലൊ, ഞാന്‍  പോകട്ടെ--
( കടന്നുപോയ നാലുപേരെ തിരക്കി)  ഈ നാടകത്തിന്റെ അന്ത്യം എഴുതി തീർക്കാൻ, കാരണം എനിക്ക്‌ വിശക്കുന്നു---

                                                                         ---- കർട്ടൻ -----