ലോകസമൂഹത്തെ കീഴടക്കുന്ന നവയുഗ മാധ്യമങ്ങള്‍



വിഷ്ണുമംഗലം കുമാര്‍


പുതിയ കാലത്ത് അഴിമതി, അനീതി, രാഷ്ട്രീയം, ജാതി-മതം, വര്‍ഗ്ഗീയത, വിപ്ളവം, പ്രണയം, ലൈംഗികത തുടങ്ങിയവയെല്ലാം ഗൌരവമായും സത്യസന്ധമായും ചര്‍ച്ചചെയ്യപ്പെടുന്നത് ഒരുതരം വിഭ്രമാവസ്ഥ സൃഷ്ടിക്കുന്ന വാര്‍ത്താചാനലുകളിലോ പത്രാധിപത്യം പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട പത്രമാസികകളിലോ അല്ല. മറിച്ച് നവയുഗ സമാന്തര മാധ്യമമെന്നോ അദൃശ്യമാധ്യമമെന്നോ വിശേഷിപ്പിക്കാവുന്ന സോഷ്യല്‍ നെറ്റ്വര്‍ക്കുകളിലാണ്. അതില്‍ തന്നെ ഏറ്റവും ജനകീയമായി മാറിയിട്ടുള്ള ഫെയ്സ്ബുക്കിലാണ് ഏറെ പ്രതികരണങ്ങളും ചര്‍ച്ചകളുമുണ്ടാകുന്നത്.

 ലോകസമൂഹത്തെ കൂട്ടിയിണക്കുകയും
 പിടിച്ചുലക്കുകയും ചെയ്യുന്ന 
മാധ്യമവലയാണ് ഫേസ്ബുക്ക്.
വാര്‍ത്താചാനലുകളിലെ അലര്‍ച്ചകള്‍ക്കും പത്രങ്ങളിലെ വെണ്ടയ്ക്കാതലക്കെട്ടുകള്‍ക്കുമപ്പുറം സമൂഹത്തില്‍ സമാന്തരമായി സൌമ്യമായും ചിലപ്പോള്‍ ആര്‍ദ്രമായും, ഗൌരവമായും ചിലപ്പോള്‍ പൈങ്കിളിയായും  ആശയപ്രചാരണ പ്രക്രിയ നിരന്തരമായി നടക്കുന്നുണ്ട്. 

പ്രതികരണശേഷി നഷ്ടപ്പെട്ടിട്ടില്ലാത്ത, ജനാധിപത്യബോധവും വിവേകശേഷിയുമുള്ള അനീതിയെ സധൈര്യം ചോദ്യം ചെയ്യുകയും ചൂണ്ടിക്കാട്ടുകയും ചെയ്യുന്ന, കരുത്തും സാമൂഹിക പ്രതിബദ്ധതയുമുള്ള യുവതലമുറയുടെ മുഖം ഫെസ്ബുക്കില്‍ കാണാം. ധാരാളം മുതിര്‍ന്നവരും ഫെയ്സ്ബുക്കില്‍ ചേര്‍ന്ന് സജീവമായി പ്രതികരിക്കുന്നുണ്ട്. 
 
ഓര്‍ക്കൂട്ട്, ട്വിറ്റര്‍, ഗൂഗിള്‍ പ്ളസ് എന്നിവയെ മറികടന്നാണ് 
ജീവിതത്തിന്റെ വ്യത്യസ്ത തുറകളിലുള്ളവരെ ആകര്‍ഷിച്ച് ഫെയ്സ്ബുക്ക് മുന്നിലെത്തിയത്. അംഗമാകാനും സാന്നിധ്യം തെളിയിക്കാനും വളരെ എളുപ്പമാണ് 
എന്നതാണ് ഫെയ്സ്ബുക്കിന്റെ സവിശേഷത. 
നിയമപ്രകാരമുള്ള നിബന്ധനകള്‍ കടുത്തതാണെങ്കിലും മാനവിക സ്പര്‍ശവും പ്രായോഗികതയും ഈ സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റിനെ വ്യത്യസ്തമാക്കുന്നു. 
പുതിയ കാര്യങ്ങള്‍ പലതും ആദ്യം വെളിപ്പെടുത്തുന്നതും രാഷ്ട്രീയ സാമൂഹിക പ്രശ്നങ്ങളെപ്പറ്റിയുള്ള മൌലികമായ പ്രതികരണങ്ങളും ചര്‍ച്ചകളും പ്രത്യക്ഷപ്പെടുന്നതും ഫെയ്സ്ബുക്കിലാണ്.
ഒളിക്യാമറകള്‍ ഉപയോഗിച്ച് അതിസാഹസികമായി ചിത്രീകരിച്ചതെന്ന് അവകാശപ്പെട്ട് ചാനലുകള്‍ സംപ്രേഷണം ചെയ്യുന്ന "എക്സ്ക്ളൂസിവു''കളും പത്രങ്ങള്‍ അതീവപ്രാധാന്യവും പ്രചാരവും നല്‍കി പ്രസിദ്ധീകരിക്കുന്ന "അന്വേഷണാത്മക റിപ്പോര്‍ട്ടു''കളും, സിറ്റിസണ്‍ ജേര്‍ണ ലിസം ബാലാരിഷ്ടതകള്‍ പരിഹരിച്ച് മുന്നേറുന്ന, നടുക്കം കൊള്ളിക്കുന്ന വിവരങ്ങള്‍ അനു നിമിഷം വന്നുനിറയുന്ന ഫെയ്സ്ബുക്ക് ന്യൂസ് സ്റോറികള്‍ക്കും റിപ്പോര്‍ട്ടുകള്‍ക്കും  മുമ്പില്‍ എത്രയോ നിസ്സാരം. മാധ്യമരംഗത്ത്  തിളങ്ങുന്ന പല ചാനല്‍റിപ്പോര്‍ട്ടര്‍മാര്‍ക്കും  പത്രലേഖക ന്മാര്‍ക്കും സ്റോറികളും "എക്സ്ക്ളൂസീവു''കളും ഉണ്ടാക്കാനുള്ള സ്പാര്‍ക്ക് ലഭിക്കുന്നത് ഫെയ്സ് ബുക്ക്പോലുള്ള സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളില്‍ നിന്നാണെന്നുള്ളത് അവരൊക്കെ സമ്മതിച്ചുതരാന്‍ മടിക്കുമെങ്കിലും സത്യമാണ്. മത്സരവും അടവുകളും അത്യന്താധുനികതയുടെ മുഖ മുദ്രയണിയുന്ന പത്ര-ദൃശ്യമാധ്യമരംഗത്ത് കയ്യില്‍  കിട്ടുന്ന ചര്‍വ്വിതചര്‍വ്വണങ്ങള്‍പോലും തേച്ചു മിനുക്കി മസാല ചേര്‍ത്ത് എക്സ്ക്ളൂസീവ് ലെബലിട്ട്അവതരിപ്പിക്കുക, മറ്റെല്ലാവരേക്കാളും മുന്നിലാ ണെന്ന് വരുത്തിത്തീര്‍ക്കുക തുടങ്ങിയ  അഭ്യാസങ്ങളാണല്ലോ കണ്ടുവരുന്നത്. അതിനിടയില്‍  കട പ്പാടുകള്‍ക്കും പ്രതിബദ്ധതയ്ക്കും സത്യസന്ധതയ്ക്കുമൊക്കെ എവിടെ സ്ഥാനം....?

ജനകീയമായത് സെല്‍ഫോണിലൂടെ
വിവരങ്ങളും വാര്‍ത്തകളും മാത്രമല്ല, ലോകം കൈക്കുമ്പിളിലാക്കിയ ഫെയ്സ്ബുക്കിലാണ് അത്യപൂര്‍വ്വമായ ചിത്രങ്ങളും വിഡിയോ ക്ളിപ്പിങ്ങുകളും പ്രത്യക്ഷപ്പെടുത്തത്. 
ലോകത്തെമ്പാടുമായി അനേകലക്ഷം ആളുകള്‍ നേരിട്ടും ഗ്രൂപ്പുകളിലായും ഫെയ്സ്ബുക്കിലൂടെ പ്രതികരിക്കുന്നുണ്ട്. 
ലോകത്ത് എന്തു നടന്നാലും ആദ്യപ്രതികരണം നിമിഷങ്ങള്‍ക്കകം ഫെയ്ബുക്കില്‍ പ്രതിഫലിക്കും. 
ചിലപ്പോള്‍ അത് ദൃക്സാക്ഷി വിവരണമായിരിക്കാം. ചിലത് തെറ്റാവാം, വളച്ചൊടിക്കല്‍ ഉണ്ടാകാം. എന്നാല്‍ ഒട്ടുമിക്കതും ശരിയാണ് എന്നതാണ് ഫെയ്ബുക്കിന്റെ റേറ്റിങ്ങ് ഉയര്‍ത്തുന്നത്. 
എഡിറ്റു ചെയ്യാത്ത, സെന്‍സറിങ്ങിന് വിധേയമാകാത്ത ആശയപ്രചരണവും അഭിപ്രായ പ്രകടനവുമാണ് ഫെയ്സ്ബുക്കില്‍ ഉണ്ടാകുന്നത്.
 
തീപ്പൊരിയും പുഞ്ചിരിയും ആദ്യം പ്രകടമാക്കുന്നത് ഫെയ്സ്ബുക്കിലോ അതുപോലുള്ള ഇതര സോഷ്യല്‍ നെറ്റ്വര്‍ക്കുകളിലോ ആണ്. പിന്നീടാണ് അത് ചാനലുകളിലേക്കും പത്രങ്ങളിലേക്കും പടരുന്നത്. ഇരുപത്തിനാല് മണിക്കൂറും കണ്ണും കാതും തുറന്നിരിക്കുന്ന വാര്‍ത്താ ചാനലുകളേക്കാള്‍ എത്രയോ മുന്നിലാണ് ഇപ്പോഴും  ഫെയ്സ്ബുക്ക് പോലുള്ള സോഷ്യല്‍ നെറ്റ്വര്‍ക്കുകള്‍. നേരിന്റെ നേരിട്ടുള്ള കൈമാറലും പ്രചാരണവുമാണ് ഉണ്ടാകുന്നത്. ഓഫീസിലെയോ വീട്ടിലേയോ കംപ്യൂട്ട റുകളിലും കൊണ്ടുനടക്കാന്‍ ബുദ്ധിമുട്ടുള്ള ലാപ്ടോപ്പുകളിലുമായി ഒതുങ്ങിക്കിടന്നിരുന്ന ഫെയ്സ് ബുക്ക് മാധ്യമം അതിവിപുലമായത് സെല്‍ഫോണുകളില്‍ അവയുടെ സൌകര്യം ലഭിച്ചതോടെ യാണ്. ഇന്റര്‍നെറ്റിന്റെ അത്ഭുതലോകത്ത് രൂപം കൊണ്ട് ശക്തിയാര്‍ജ്ജിച്ച അതിരുകളില്ലാത്ത ഈ കൂട്ടായ്മ നമ്മുടെ രാജ്യത്തും ആഴത്തില്‍ വേരൂന്നിക്കഴിഞ്ഞു. ഫെയ്സ്ബുക്കിന്റെ ജനകീയത യ്ക്ക് മുമ്പില്‍ ട്വിറ്ററും ഗൂഗിള്‍ പ്ളസ്സുമെല്ലാം ആയുധം വെച്ച് കീഴടങ്ങി എന്നു പറയാം. ഫെയ്സ് ബുക്കിന് വിഹരിക്കാന്‍ സൌകര്യമൊരുക്കുന്ന ഗൂഗിളിന്റെ സ്വന്തം സോഷ്യല്‍ നെറ്റ്വര്‍ക്കാണ് ഗൂഗിള്‍പ്ളസ് എന്നതും മനസ്സിലാക്കേണ്ടതുണ്ട്. അഭിപ്രായസ്വാതന്ത്യ്രവും സ്വസ്ഥതയും സമാധാ നവും  ആഗ്രഹിക്കുന്ന, പ്രതികരണശേഷിയുള്ള യുവതലമുറയുടെ ഇഷ്ടമാധ്യമമാണ് ഫെയ്സ് ബുക്ക്. ചിലര്‍ക്ക് ഇതൊരു നേരമ്പോക്കും വിനോദോപാധിയും മാത്രമാണ്. മറ്റുചിലര്‍ക്ക് പ്രണയത്തിലും ലൈംഗികതയിലും യഥേഷ്ടം അഭിരമിക്കാനുള്ള എളുപ്പവഴിയും. സമൂഹത്തിലെ നല്ല പ്രവണതകള്‍ എന്ന പോലെ ചീത്ത പ്രവണതകളും ഫെയ്സ്ബുക്കില്‍ പ്രതിഫലിക്കുന്നത് സ്വാഭാവികം മാത്രം.
സൌഹൃദങ്ങളുടെ വീണ്ടെടുപ്പ്

ആശയസംവാദങ്ങള്‍ക്കും അഭിപ്രായപ്രകടനങ്ങള്‍ക്കും അപ്പുറം ബാല്യ-കൌമാരത്തിലെ സൌഹൃദങ്ങള്‍ വീണ്ടെടുത്ത് പരിപോഷിപ്പിക്കാനുള്ള ഉപാധിയായും സ്തുത്യര്‍ഹമായ മറ്റൊരു മഹത്തായ സാമൂഹികധര്‍മ്മം കൂടി ഫെയ്സ്ബുക്ക് നിര്‍വ്വഹിക്കുന്നുണ്ട്. മധ്യവയസ്ക്കര്‍ക്കും വാര്‍ദ്ധക്യത്തിലെത്തിയവര്‍ക്കും മാനസികമായും ബൌദ്ധികമായും യൌവ്വനത്തിലേക്ക് തിരിച്ചുപോകാനുള്ള സൌകര്യം ഫെയ്സ്ബുക്ക് ഒരുക്കുന്നുണ്ട്. 

അത്തരക്കാര്‍ക്ക് ഒരു തരത്തില്‍ നഷ്ടസ്വപ്നങ്ങളുടെയും മധുരാനുഭവങ്ങളുടെയും വീണ്ടെടുപ്പാണത്. 
 സ്ഥിതിസമത്വവും വ്യവസ്ഥിതിമാറ്റവും വിപ്ളവവുമൊക്കെ സ്വപ്നം കാണുന്നവര്‍ക്ക് തങ്ങളുടെ ആശയം ഏറ്റവും കുറഞ്ഞ ചിലവില്‍ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാന്‍ സോഷ്യല്‍ നെറ്റ്വര്‍ക്കുകളും  അതിനകത്ത് രൂപം കൊള്ളുന്ന ഗ്രൂപ്പുകളും സഹായിക്കുന്നു. എഴുത്തുകാര്‍ക്കും ചിത്രകാരന്മാര്‍ക്കും തങ്ങളുടെ സര്‍ഗ്ഗസൃഷ്ടികള്‍ വെളിച്ചം കാണിക്കാനും അനുകൂലമോ പ്രതികൂലമോ ആയ പ്രതികരണങ്ങള്‍ ഏറ്റുവാങ്ങാനും ഫെയ്സ്ബുക്കിലൂടെ സാധിക്കുന്നു.
പരിചയക്കാര്‍ക്ക് മാത്രമേ സൌഹൃദത്തിനുള്ള അപേക്ഷ നല്‍കാവൂ എന്ന് ഫെയ്സ്ബുക്ക് നിബന്ധനകള്‍ അനുശാസിക്കുന്നുണ്ടെങ്കിലും അവ മറികടക്കാന്‍ അതില്‍ തന്നെ ഉപായങ്ങളുണ്ട്. അതുകൊണ്ടുകൂടിയാണ് ഈ സോഷ്യല്‍ നെറ്റ്വര്‍ക്ക് പ്രചാരം നേടി ജനകീയമായിത്തീര്‍ന്നത്. ഫെയ്സ്ബുക്ക് നമ്മുടെ രാജ്യത്ത് സ്വാതന്ത്യ്രത്തോടെ ലഭ്യമായിട്ട് അധികം കാലമായില്ല. സെല്‍ഫോണ്‍ പോലെ, ഇന്റര്‍നെറ്റ് പോലെ വിവര സാങ്കേതിക വിദ്യയുടെ സോഷ്യല്‍ നെറ്റ്വര്‍ക്കിങ്ങ് സാധ്യത മറ്റൊരു വിപ്ളവത്തിനാണ് വിത്തിട്ടിരിക്കുന്നത്. 
കോളേജ് പഠനം കഴിഞ്ഞ് ഉദ്യോഗത്തിന്റെയും ബിസിനസ്സിന്റെയും മേഖലകളില്‍ പല നാടു കളിലായി ചിന്നിച്ചിതറികഴിയുന്ന നഗരയുവത്വം ഫെയ്സ്ബുക്കിലൂടെ പഴയ സ്ക്കൂള്‍ സഹപാഠി കളെയും സുഹൃത്തുകളെയും തേടിപ്പിടിക്കുകയും സൌഹൃദം പുതുക്കുകയും ചെയ്യുന്നു. സ്ക്കൂളിലെ പഴയ കൂട്ടുകാര്‍ എന്തുചെയ്യുന്നു എന്നറിയുന്നത് ആഹ്ളാദകരമായ അനുഭവമാണ്. നഗരത്തിരക്കില്‍ പഠനത്തിനും ഉദ്യോഗത്തിനും വേണ്ടിയുള്ള നെട്ടോട്ടത്തിനിടയില്‍ നഷ്ടപ്പെട്ടുപോയ അമൂല്യ സൌഹൃദങ്ങളാണ് ഫെയ്സ്ബുക്ക് അനായാസം വീണ്ടെടുത്തുനല്‍കുന്നത്. സഹപാഠികളുടെയും അടുത്ത സുഹൃത്തുക്കളുടെയും പ്രത്യേകം ഗ്രൂപ്പുകള്‍ രൂപീകരിക്കപ്പെടുന്നു. ജോലിത്തിരക്കിനിടയിലും യാത്രയോ പണച്ചെലവോ കൂടാതെ പരസ്പരം സംവദിക്കാനും സല്ലപിക്കാനും കഴിയുന്നു. തിരക്കു കളും ഉത്തരവാദിത്തങ്ങളും മാറ്റിവെച്ച് വല്ലപ്പോഴും ഒത്തുചേര്‍ന്ന്നേര്‍സൌഹൃദത്തിന്റെ അവാച്യമായ   ആനന്ദം അനുഭവവേദ്യമാക്കാനും ഗ്രൂപ്പ് അംഗങ്ങള്‍ ശ്രദ്ധിക്കാറുണ്ട്. ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നാണ് ഇവര്‍ ബാല്യകൌമാരം ചിലവഴിച്ച സ്ക്കൂള്‍ പരിസരത്തെത്തുന്നത്. നേര്‍കൂട്ടായ്മകളില്‍ പഴയ അദ്ധ്യാപകരെ ക്ഷണിക്കാനും അനുഭവങ്ങള്‍ പങ്കുവെക്കാനും ഫെയ്സ് ബുക്ക് ഗ്രൂപ്പുകള്‍ മറക്കാറില്ല.
പത്തുകൊല്ലം മുമ്പ് സ്വപ്നം കാണാന്‍ പോലും കഴിയാത്ത കാര്യമാണിത്. 
പഴയ സഹപാഠികളെയും ഗുരുനാഥന്മാരെയും മാത്രമല്ല സ്ക്കൂളിനടുത്തെ സ്റ്റേഷനറി കച്ചവടക്കാരനെയും കപ്പലണ്ടി വില്‍പനക്കാരനെയും ചായക്കടക്കാരനെയും നേര്‍കൂട്ടായ്മയിലേക്ക് എത്തിക്കുന്നവരുമുണ്ട്. ഈയ്യിടെയായി ഈ പ്രവണത രാജത്തിന്റെ പലഭാഗങ്ങളിലും- നാട്ടിന്‍ പുറങ്ങളില്‍ പോലും- നടന്നുവരുന്നുണ്ട്.
ലോകത്ത് എന്തുനടക്കുന്നു എന്ന് തിരിച്ചറിയാനും പ്രതികരിക്കാനും, ആ പ്രതികരണം കൂട്ടായ്മയുടെ കരുത്താക്കി മാറ്റാനും യുവതലമുറയ്ക്ക് ഫെയ്സ്ബുക്കിലൂടെ കഴിയുന്നു. അണ്ണാഹസാരെയെ ജന പ്രിയനാക്കിയതില്‍ ഈ നവയുഗസമാന്തരമാധ്യമത്തിനും ഗണ്യമായ പങ്കുണ്ട്. അതേ സമയം ലണ്ടന്‍ കലാപം പോലുള്ള ദുരന്തങ്ങള്‍ക്ക് പിന്നിലെ വില്ലനും ഫെയ്സ്ബുക്കും ട്വിറ്ററുമൊക്കെ യാണെന്ന യാഥാര്‍ത്ഥ്യവും തിരിച്ചറിയേണ്ടതുണ്ട്. ടുണീഷ്യയിലാരംഭിച്ച് അറബിരാജ്യങ്ങളെ പിടിച്ചു കുലുക്കിയ 'മുല്ലപ്പൂ വിപ്ളവ'ത്തിന്റെ പ്രധാന ചാലകശക്തിയും സോഷ്യല്‍ നെറ്റ്വര്‍ക്കുകളായിരുന്നു.

കള്ളനാണയങ്ങളെ തിരിച്ചറിയണം
അപരിചിതര്‍ ഫെയ്സ്ബുക്കിലൂടെ സൌഹൃദം തേടിയെത്തുമ്പോള്‍ അവരെ സ്വീകരിക്കണോ വേണ്ടയോ എന്നത് വിവേകത്തോടെ തീരുമാനിക്കേണ്ട കാര്യമാണ്. സൌഹൃദം  മുതലെടുത്ത് ദുരു പയോഗം ചെയ്യുന്ന 'ഫെയ്ക്കുകള്‍'  ഫെയ്സ്ബുക്കിലും ധാരാളമായി കടന്നുകൂടി ഈ അപൂര്‍വ്വ കൂട്ടായ്മകളങ്കപ്പെടുത്തുന്നുണ്ട്.സെക്സും പ്രണയവും സദാചാരത്തിന്റെ അതിരു ലംഘിച് ച്ചര്‍ച്ച ചെയ്യപ്പെടാറുണ്ട്. അശ്ളീല ചിത്രങ്ങള്‍ 'ടാഗ്' ചെയ്ത് ആയിരങ്ങളെ കാട്ടുന്നത് സ്ത്രീനാമകാരി കളായ ഫെയ്ക്കുകളാണ്. സമൂഹത്തിന് സംഭവിച്ച അപചയമാണ് ഫെയ്സ്ബുക്കിലും പ്രതിഫലി ക്കുന്നതെന്ന വാദം അപ്പടി തള്ളിക്കളയാനാവില്ല. നന്മയിലും സ്നേഹത്തിലും  അധിഷ്ഠിതമായ ഈ അസാധാരണ കൂട്ടായ്മയുടെ കരുത്തും സ്വാധീനവും ചോര്‍ത്തിക്കളയാന്‍ ഒരു വിഭാഗം ബോധ പൂര്‍വ്വം ശ്രമിക്കുന്നുണ്ട്.
കവികള്‍ക്കും കലാകാരന്മാര്‍ക്കും സിനിമാക്കാര്‍ക്കും ബിസിനസ്സുകാര്‍ക്കും മാധ്യമപ്രവര്‍ത്തര്‍ക്കും സാഹിത്യ നിരൂപകര്‍ക്കും വിശ്വാസികള്‍ക്കും നിഷേധികള്‍ക്കും എല്ലാം ഫെയ്സ്ബുക്കില്‍ ഗ്രൂപ്പു കളുണ്ട്.സുഹൃത്തുക്കളാവാനും ഗ്രൂപ്പുകളില്‍ കണ്ണികളാകാനും വലിയബുദ്ധി മുട്ടൊന്നുമില്ല. അനുവാദ ത്തോടെയാണ് ഫെയ്സ്ബുക്കില്‍ അംഗത്വം ലഭിക്കുന്നതെങ്കിലും അംഗങ്ങളുടെ അനുവാദ ത്തോടെയല്ല ഗ്രൂപ്പുകളില്‍ ചേര്‍ക്കപ്പെടുന്നത്. വേണ്ടാത്ത ഗ്രൂപ്പുകളില്‍ നിന്ന് തലയൂരാന്‍ പണി പ്പെടേണ്ടതുണ്ട്.

നിയന്ത്രണം വന്നാല്‍ പുതുവഴി
ജനാധിപത്യാവകാശങ്ങളും വിവരസാങ്കേതിക വിദ്യയുടെ വികാസവും 
കൈകോര്‍ക്കുമ്പോള്‍ സോഷ്യല്‍ നെറ്റ്വര്‍ക്ക് അംഗങ്ങള്‍ അനുഭവിക്കുന്നത് സ്വാതന്ത്യ്രത്തിന്റെയും സൌഹൃദ ത്തിന്റെയും അനിവര്‍ചനീയമായ ആനന്ദമാണ്. അതിശക്തമായ സമാന്തരമാധ്യമമായി ഫെയ്സ് ബുക്കും മറ്റും 
വളര്‍ന്ന് നിലയുറപ്പിച്ച സാഹചര്യത്തില്‍ മതം, രാഷ്ട്രീയം, വര്‍ഗ്ഗീയത തുടങ്ങിയ വിഷയങ്ങള്‍ സോഷ്യല്‍ നെറ്റ്വര്‍ക്കുകളില്‍ ചര്‍ച്ച ചെയ്യുന്നത് തടയാനുള്ള ശ്രമം നടന്നു വരുന്നുണ്ട്. ആഗോളവല്‍ക്കരണത്തിന്റെ കാലഘട്ടത്തില്‍ അത് സാധ്യമാകുമോ 
എന്ന് കണ്ടറിയണം. വരം ലഭിച്ച ഭസ്മാസുരനെപോലെയാണ് 
ഇന്റര്‍നെറ്റ്ലോക സമൂഹത്തെ കീഴട ക്കാന്‍ ശ്രമിക്കുന്നത്. 
അഭിപ്രായസ്വാതന്ത്ര്യം  നിഹനിക്കാനോ നിയന്ത്രിക്കാനോ
 ശ്രമിച്ചാല്‍ കൂടുതല്‍ സ്വാതന്ത്ര്യം  ലഭിക്കുന്ന പുതുവഴിത്താരകള്‍ കണ്ടെത്താനാണ് തലച്ചോറുകൊണ്ട് മാന്ത്രികവിദ്യ കാട്ടുന്ന യുവതലമുറ മുതിരുക.
 അനുനിമിഷം ടെക്നോളജി അപ്പ്ഡേറ്റ് ചെയ്ത് മുന്നേറുന്ന യുവതലമുറ 
ഇന്റര്‍നെറ്റിലൂടെ ഇനിയും പുതിയ കണ്ടെത്തലുകള്‍ നടത്തി 
ലോകത്തെ അമ്പരപ്പിക്കും. 
നവയുഗസമാന്തര മാധ്യമങ്ങള്‍ 
അനിവാര്യതയായി മാറുന്ന കാഴ്ചയാണ് നാം കാണുന്നത്.